ഉപയോക്താക്കളുടെ ഡാറ്റയില്‍ മൂന്നാം കക്ഷി ആപ്പുകള്‍ക്ക് ഗൂഗിളിന്റെ നിയന്ത്രണം

ഉപയോക്താക്കളുടെ ഡാറ്റയില്‍ മൂന്നാം കക്ഷി ആപ്പുകള്‍ക്ക് ഗൂഗിളിന്റെ നിയന്ത്രണം

ന്യൂഡെല്‍ഹി: ഉപയോക്താക്കളുടെ കോള്‍ വിവരങ്ങളും സന്ദേശങ്ങളും മറ്റ് ടെക്‌സ്റ്റുകളും ഉള്‍പ്പടെയുള്ള ഡാറ്റാ മൂന്നാം കക്ഷി മൊബീല്‍ ആപ്ലിക്കേഷനുകള്‍ക്ക്(തേര്‍ഡ് പാര്‍ട്ടി ആപ്പുകള്‍) ലഭ്യമാക്കുന്നതില്‍ നിയന്ത്രണം കൊണ്ടുവരാന്‍ ഗൂഗിളിന്റെ തീരുമാനം. ഇ-കൊമേഴ്‌സ് കമ്പനികള്‍, ഫിന്‍ടെക് പ്ലാറ്റ്‌ഫോമുകള്‍, മറ്റ് സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവയ്ക്ക് ഗൂഗിളിന്റെ ഈ തീരുമാനം തിരിച്ചടിയാവുകയാണ്. ഡെവലപ്പര്‍മാര്‍ക്ക് തടസ്സമില്ലാത്ത ഒരു ഇക്കോസിസ്റ്റമാണ് ഇതുവഴി നഷ്ടപ്പെടാന്‍ പോകുന്നത്.

ഉപഭോക്താവിന്റെ ക്രെഡിറ്റ് സ്‌കോറുകള്‍ നിര്‍ണയിക്കാന്‍ ഇത്തരം ഡാറ്റകളെ ആശ്രയിക്കുന്ന വായ്പാ വിതരണ, സാമ്പത്തിക സേവന കമ്പനികളെ ഈ നീക്കം നേരിട്ട് ബാധിക്കും. കസ്റ്റമര്‍ പ്രൊഫൈലുകള്‍ നിര്‍മിക്കാനായി ഇത്തരം വിവരങ്ങള്‍ ശേഖരിക്കുന്ന ഇ-കൊമേഴ്‌സ് കമ്പനികള്‍ക്കും ഗൂഗിളിന്റെ ഈ തീരുമാനം തലവേദന സൃഷ്ടിക്കും.

ഉപഭോക്തൃ സ്വഭാവം, സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗ രീതികള്‍ എന്നിവ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കാന്‍ നിരവധി സ്റ്റാര്‍ട്ടപ്പുകള്‍ ശ്രമിക്കുന്ന ഘട്ടത്തിലാണ് ഗൂഗിളിന്റെ ഈ തീരുമാനം വരുന്നത്്. അതേസമയം, തേര്‍ഡ് പാര്‍ട്ടി ആപ്പുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുക എന്നത് ഗൂഗിളില്‍ നിന്നുള്ള ധീരമായ തീരുമാനമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. വന്‍കിട ഓണ്‍ലൈന്‍ കമ്പനികളായ ഫഌപ്കാര്‍ട്ട്, പേടിഎം തുടങ്ങിയവ മുതല്‍ ചെറുകിട കമ്പനികളെ വരെ ഈ തീരുമാനം ബാധിക്കും.

ഗൂഗിളിന്റെ ഈ തീരുമാനത്തില്‍ പ്രതികരണവുമായി പേടിഎം രംഗത്തെത്തി. തങ്ങള്‍ പ്ലേസ്റ്റോറിലെ വൈറ്റ്‌ലിസ്റ്റിന്റെ ഭാഗമാണ്. യൂണിഫൈഡ് പേമെന്റ്‌സ് ഇന്റര്‍ഫെയ്‌സ്(യുപിഐ) പന്തുണയോടെ പ്രവര്‍ത്തിക്കുന്ന ആപ്ലിക്കേഷനാണ് തങ്ങളുടേത്. കമ്പനിക്ക് ഉപയോക്താക്കളുടെ എസ്എംസ് ആക്‌സസ് ചെയ്യാനുള്ള സൗകര്യമുണ്ട്. എന്നാല്‍ ഉപയോക്താക്കളുടെ കോള്‍ വിവരങ്ങളോ, മറ്റോ ഉപയോഗിക്കുന്നില്ലെന്നും അത് കമ്പനിയുടെ പ്രവര്‍ത്തനത്തിന് ആവശ്യമില്ലെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.

ആപ്പിന്റെ പ്രവര്‍ത്തനത്തിന് ആവശ്യമില്ലാത്ത കാര്യങ്ങല്‍ക്ക് വേണ്ടി ഉപയോക്താക്കളുടെ വിവരങ്ങള്‍ അനുമതിയില്ലാതെ ഉപയോഗിക്കുന്ന തേര്‍ഡ് പാര്‍ട്ടി ആപ്പുകളെ നിയന്ത്രിക്കുക എന്നതാണ് ഈ തീരുമാനത്തിന് ലക്ഷ്യമെന്ന് ഗൂഗിള്‍ പറയുന്നു. ഇത് ഉപയോക്താക്കള്‍ക്ക് നിര്‍ബന്ധിത എസ്എംഎസുകള്‍ നല്‍കുന്നതിന് തടയിടുകയും ചെയ്‌തേക്കാം. ആവശ്യമില്ലാത്ത ആപ്പ് അപ്‌ലോഡുകള്‍ നിയന്ത്രിക്കാനും തീരുമാനം വഴി സാധിച്ചേക്കാം. ഉപയോക്താക്കളുടെ വിവരങ്ങള്‍ ആപ്പിലൂടെ ചോരുന്നുവെന്ന പരാതി ലഭിച്ചതിനെ തുടര്‍ന്ന് പ്ലേസ്റ്റോറില്‍ നിന്നും പതഞ്ജലിയുടെ കിംഭോആപ്പ് പിന്‍വലിച്ചത് ഇതിനുദാഹരണമാണ്.

Comments

comments

Categories: Tech