ആഗോള ശതകോടീശ്വര വനിതകള്‍

ആഗോള ശതകോടീശ്വര വനിതകള്‍

പ്രമുഖ അമേരിക്കന്‍ ഇംഗ്ലീഷ് മാഗസിനായ ഫോബ്‌സ് അടുത്തിടെ പുറത്തിറക്കിയ ശതകോടീശ്വര പട്ടികയില്‍ വിവിധ രാജ്യങ്ങളില്‍ നിന്നും 256 വനിതകളാണ് കടന്നുകൂടിയത്. 174 ശതകോടീശ്വരകളുമായി ചൈനക്കാരാണ് പട്ടികയില്‍ മേല്‍ക്കൈ നേടിയെങ്കിലും മുന്‍നിര സ്ഥാനങ്ങള്‍ അമേരിക്ക സ്വന്തമാക്കി.

ലോകത്തിലെ അതിസമ്പന്നരുടെ പട്ടികയില്‍ പുരുഷന്‍മാര്‍ മാത്രമല്ല, സ്ത്രീകളും കടന്നു കൂടിയിട്ടുണ്ട്. കുടുംബ ബിസിനസുകളിലൂടെയും സ്വന്തം സംരംഭത്തിലൂടെയും കോടീശ്വര ക്ലബിലേക്ക് നടന്നു കയറുന്ന വനിതകളുടെ എണ്ണം അനുദിനം വര്‍ധിച്ചു വരികയാണെന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പ്രമുഖ സൗന്ദര്യവര്‍ധക ബ്രാന്‍ഡായ ലോറിയാല്‍ കോസ്‌മെറ്റിക് ഗ്രൂപ്പിന്റെ അവകാശി ലിലിയാനെ ബെറ്റന്‍കോര്‍ട്ട് മരണമടഞ്ഞപ്പോള്‍ അവര്‍ ബാക്കിവെച്ചത് 33 ബില്യണ്‍ യൂറോയുടെ ആസ്തിയാണ്. ലോകത്തിലെ ഏറ്റവും ധനികയായ വനിത എന്ന ബഹുമതിയാണ് അവര്‍ നേടിയിരുന്നത്. കഴിഞ്ഞ വര്‍ഷം ലിലിയാനെ മരണമടഞ്ഞതോടെ ആരാകും അടുത്തതായി ലോകത്തിലെ ഏറ്റവും ധനികയായ വനിത എന്ന പദവി അലങ്കരിക്കുന്നത് എന്ന കാത്തിരിപ്പിലായിരുന്നു ലോകം. പ്രമുഖ അമേരിക്കന്‍ ഇംഗ്ലീഷ് മാഗസിനായ ഫോബ്‌സ് അടുത്തിടെ പുറത്തിറക്കിയ ശതകോടീശ്വര പട്ടികയില്‍ 256 വനിതകളാണ് കടന്നുകൂടിയിരിക്കുന്നത്.

കോടീശ്വര പട്ടികയിലെ കണക്കുകള്‍ പരിശോധിച്ചാല്‍ ഏറ്റവും കൂടുതല്‍ പണക്കാരായ സ്ത്രീകള്‍ ചൈനയില്‍ നിന്നുള്ളവരാണെന്ന് മനസിലാക്കാനാകും. 174 പേരാണ് ചൈനയില്‍ നിന്നും പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നത്. റാങ്കിംഗ് പട്ടികയിലെ ആദ്യ അമ്പത് സ്ഥാനക്കാരിലും ചൈനയുടെ സാന്നിധ്യം ചെറുതല്ല. ലോകത്തിലെ ശതകോടീശ്വര പട്ടികയിലെ പ്രമുഖരും പ്രശസ്തരുമായ ആറു വനിതകളെ ഇവിടെ പരിചയപ്പെടാം.

ആലീസ് വാള്‍ട്ടണ്‍

പ്രമുഖ അമേരിക്കന്‍ റീട്ടെയ്ല്‍ കോര്‍പ്പറേഷന്‍ കമ്പനിയുടെ ഉടമസ്ഥരായ സാം വാള്‍ട്ടണിന്റെയും ഹെലന്‍ വാള്‍ട്ടണിന്റെയും ഏക മകളാണ് ആലീസ് വാള്‍ട്ടണ്‍. ലിലിയാനെ ബെറ്റന്‍കോര്‍ട്ട് ജീവിച്ചിരുന്നപ്പോള്‍ ആഗോള ശതകോടീശ്വര പട്ടികയില്‍ പതിനാറാം സ്ഥാനത്തായിരുന്നു ആലീസ്. ഇന്ന് 46 ബില്യണ്‍ ഡോളര്‍ ആസ്തിയുമായി പട്ടികയിലെ ഏറ്റവും വലിയ പണക്കാരി എന്ന സ്ഥാനത്തെത്തിയിരിക്കുകയാണ് 69 വയസുള്ള ഈ അമേരിക്കക്കാരി. ലിലിയാനെ ബെറ്റന്‍കോര്‍ട്ടിന്റെ ഏക മകള്‍ ഫ്രാങ്കോയിസ് ബെറ്റന്‍കോര്‍ട്ട് മേയേഴ്‌സ് 42.2 ബില്യണ്‍ ഡോളര്‍ ആസ്തിയുമായി റണ്ണറപ്പായി.

ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമില്‍ പ്രമുഖരായ ആമസോണ്‍ കമ്പനിയുമായി കിടമത്സരം നടത്തുന്ന വാള്‍മാര്‍ട്ട്, ബസ്ഫീഡ് ഗ്രൂപ്പിന്റെ ഓണ്‍ലൈന്‍ ഭക്ഷ്യ ശൃംഖലയില്‍ പ്രശസ്തരായ ടേസ്റ്റിയുമായി ചേര്‍ന്ന് അടുത്തിടെ അടുക്കളയിലേക്ക് ആവശ്യമുള്ള ഉല്‍പ്പന്നങ്ങളുടെ പുതിയ നിരയ്ക്ക് തുടക്കമിട്ടിരുന്നു. ഇത് വരുമാനം കൂട്ടുന്നതില്‍ ഏറെ സഹായകമായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. ക്രിസറ്റല്‍ ബ്രിഡ്ജസ് മ്യൂസിയം ഓഫ് ആര്‍ട്ടിന്റെ സ്ഥാപക കൂടിയായ ആലീസ് ഡയറക്റ്റര്‍ ബോര്‍ഡ് മ്യൂസിയത്തിന്റെ ചെയര്‍പേഴ്‌സണ്‍ പദവിയും വഹിച്ചിരുന്നു. ട്രിനിറ്റി സര്‍കലാശാലയില്‍ നിന്നും ബിരുദം നേടിയ ഇവര്‍ ഓരോ മണിക്കൂറിലും ഏകദേശം 1.4 മില്യണ്‍ ഡോളര്‍ സമ്പാദിക്കുന്നതായാണ് റിപ്പോര്‍ട്ട്.

ജാക്വലിന്‍ മാഴ്‌സ്

പ്രമുഖ അമേരിക്കന്‍ കാന്‍ഡി നിര്‍മാണ കമ്പനിയും ആഗോള തലത്തില്‍ പെറ്റ് ഫുഡ് വിപണിയിലെ പ്രശസ്ത നിര്‍മാതാക്കളുമായ മാഴ്‌സ് കമ്പനിയുടെ അനന്തരാവകാശിയാണ് ജാക്വലിന്‍ മാഴ്‌സ്. 20 വര്‍ഷത്തോളം മാഴ്‌സ് കുടുംബത്തില്‍ ജോലി ചെയ്ത ഇവര്‍ 27 ബില്യണ്‍ ഡോളര്‍ ആസ്തിയോടെ ശതകോടീശ്വര പട്ടികയില്‍ പതിനേഴാം സ്ഥാനത്താണുള്ളത്. അമേരിക്കയിലെ വിര്‍ജിനിയ സ്വദേശിയായ അവര്‍ മാഴ്‌സിലെ ബോര്‍ഡ് അംഗ പദവിയില്‍ നിന്നും സ്ഥാനമൊഴിഞ്ഞ ശേഷം ലോകത്തിലെ പ്രമുഖ നിരയിലുള്ള നിരവധി സ്ഥാപനങ്ങളില്‍ ബോര്‍ഡ് അംഗമായി സേവനമനുഷ്ടിച്ചു വരികയാണ്. ജാക്വലിന്റെ മുത്തച്ഛനായ ഫ്രാങ്ക് സി മാഴ്‌സാണ് കമ്പനിക്ക് തുടക്കമിട്ടത്.

ലോറിന്‍ പവല്‍ ജോബ്‌സ്

എമേഴ്‌സണ്‍ കളക്ടീവ് സ്ഥാപകയായ ലോറിന്‍ പവല്‍ ജോബ്‌സ് ശതകോടീശ്വര റാങ്കിംഗ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണുള്ളത്. സാമൂഹ്യനീതി, പാരിസ്ഥിതിക സംരക്ഷണം, വിദ്യാഭ്യാസം എന്നിവയ്ക്കായി വാദിക്കുന്ന സ്ഥാപനമാണ് എമേഴ്‌സണ്‍ കളക്ടീവ്. മിടുക്കരായ പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസം തുടരുന്നതിന് ആവശ്യമായ സഹായം നല്‍കുന്ന കോളെജ് ടാക്ക് എന്ന സ്ഥാപനത്തിന്റെ സഹസംരംഭക കൂടിയാണിവര്‍. ആപ്പിള്‍ ഇന്‍കോര്‍പ്പറേഷന്റെ സഹസ്ഥാപകനായിരുന്ന സ്റ്റീവ് ജോബ്‌സിന്റെ ഭാര്യയാണിവര്‍. ലോറിന്‍ പവല്‍ ജോബ്‌സ് ആപ്പിളില്‍ 0.7 ശതമാനം ഷെയറും ഡിസ്‌നിയുടെ നാലുശതമാനം ഷെയറുകളും സ്വന്തമാക്കിയിട്ടുണ്ട്.

കേസ്റ്റി ബര്‍ത്തറേലി

ഗായികയും ഗാനരചയിതാവുമായ കേസ്റ്റി ബര്‍ത്തറേലി യുകെയിലെ ഏറ്റവും വലിയ പണക്കാരി എന്ന ലേബലില്‍ നിന്നുമാണ് ലോകത്തിലെ ശതകോടീശ്വര പട്ടികയിലേക്ക് ഇടം പിടിച്ചിരിക്കുന്നത്. അമേരിക്കയില്‍ നിന്നും യുകെയിലേക്ക് കുടിയേറി പാര്‍ത്ത ഇവര്‍ 1980 ല്‍ മിസ് യുകെ ആയും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ആഡംബര എസ്റ്റേറ്റുകള്‍ ലോകമെമ്പാടും സ്വന്തമാക്കുന്നതിലും ഇവര്‍ പ്രശസ്തി നേടിയിട്ടുണ്ട്. സ്വിറ്റ്‌സര്‍ലന്‍ഡിലെ ജീസെറ്റിഡിലുള്ള എട്ട് മില്യണ്‍ പൗണ്ടിന്റെ സ്‌കീ റിസോര്‍ട്ട്, ജനീവയിലെ 10 മില്യണ്‍ പൗണ്ടിന്റെ മാന്‍ഷന്‍, ലണ്ടനിലെ ബല്‍ഗ്രേവിയയിലുള്ള 10 മില്യണ്‍ പൗണ്ടിന്റെ എസ്റ്റേറ്റ് എന്നിവയെല്ലാം ഇവരുടെ ശേഖരത്തിലെ ഏതാനും ചില ആഡംബര എസ്‌റ്റേറ്റുകള്‍ മാത്രം. കേസ്റ്റിയുടെ നാല്‍പതാം ജന്മദിനത്തില്‍ ഭര്‍ത്താവും ബിസിനസ് ടൈക്കൂണുമായ എണസ്റ്റോ ബര്‍ത്തറേലി 100 മില്യണ്‍ പൗണ്ട് വിലയുള്ള യാട്ട് ഇവര്‍ക്ക് സമ്മാനിച്ചത് അക്കാലത്ത് ഏറെ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു.

ചാന്‍ ലിയാവ

ചൈനയിലെ ഏറ്റവും വലിയ പണക്കാരിയാണ് ചാന്‍ ലിയാവ. ചൈനയിലെ പ്രശസ്ത റിയല്‍ എസ്റ്റേറ്റ് കമ്പനിയും ബെയ്ജിംഗിലെ ഏറ്റവും വലിയ കോമേഴ്‌സ്യല്‍ ഡെവലപ്പര്‍ കമ്പനിയുമായ ഫുവ ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ സ്ഥാപകയാണിവര്‍. 410 കോടി രൂപ ആസ്തിയുമാണ് 77 കാരിയായ ചാന്‍ ലിയാവ ഫോബ്‌സിന്റെ ശതകോടീശ്വര പട്ടികയില്‍ സ്ഥാനം കൈയടക്കിയത്.

കെയ്‌ലി ജെന്നര്‍

ബിസിനസ് ലോകത്തെ വിപ്ലവകാരി എന്ന വിശേഷണമാണ് കെയ്‌ലി ജെന്നറിന് ഏറ്റവും യോജിക്കുന്നത്. 900 മില്യണ്‍ ഡോളര്‍ മുടക്കുമുതലില്‍ കെയ്‌ലി കോസ്‌മെറ്റിക്‌സ് എന്ന പേരില്‍ സ്വന്തമായി ഒരു കമ്പനിക്ക് തുടക്കമിടുമ്പോള്‍ കമ്പനിക്കു വേണ്ടി ജോലിക്കാരെയോ മൂലധനമോ അവര്‍ കരുതി വെച്ചിരുന്നില്ല. ഇരുപത്തിയൊന്നാം വയസിലായിരുന്നു കെയ്‌ലി തന്റെ സംരംഭത്തിന് തുടക്കമിട്ടത്. വിപണിയില്‍ അന്ന് ലഭ്യമായ കോസ്‌മെറ്റിക്‌സ് ഉല്‍പ്പന്നങ്ങളില്‍ നിന്നും വ്യത്യസ്തത പുലര്‍ത്തുന്ന കോസ്‌മെറ്റിക് ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കുകയായിരുന്നു ഈ ചെറുപ്പക്കാരിയുടെ ലക്ഷ്യം. രണ്ടു വര്‍ഷം മുമ്പ് തുടക്കമിട്ട കമ്പനി ചുരുങ്ങിയ കാലയളവിനുള്ളില്‍ ശരാശരി 630 മില്യണ്‍ ഡോളറിന്റെ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിച്ചു കഴിഞ്ഞു. സംരംഭക മേഖലയിലെ ഈ തുടക്കക്കാരി രണ്ടു വര്‍ഷത്തിനുള്ളില്‍ നൂറുകോടിയുടെ ആസ്തിയുമായി ശതകോടീശ്വര പട്ടികയില്‍ ഇടം നേടുകയും ചെയ്തു. മികച്ച സംരംഭക എന്നതിനു പുറമെ ടെലിവിഷന്‍ അവതാരിക, മോഡല്‍ എന്നീ നിലകളിലും കെയ്‌ലി പ്രശസ്തയാണ്.

Comments

comments

Categories: FK News, Slider

Related Articles