ടൂറിസത്തില്‍ വലിയ ലക്ഷ്യങ്ങളുമായി ദുബായ്

ടൂറിസത്തില്‍ വലിയ ലക്ഷ്യങ്ങളുമായി ദുബായ്

2025 ആകുമ്പോഴേക്കും 25 ദശലക്ഷം വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനാണ് ദുബായ് പദ്ധതിയിടുന്നത്

ദുബായ്: പുതിയ ടൂറിസം സ്ട്രാറ്റജി സ്വീകരിക്കാന്‍ ഒരുങ്ങുകയാണ് ദുബായ്. 2025 ആകുമ്പോഴേക്കും 25 ദശലക്ഷം ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്ന തരത്തിലുള്ള തന്ത്രങ്ങളായിരിക്കും ദുബായ് ആവിഷ്‌കരിക്കുകയെന്നാണ് ദുബായ് കിരീടാവകാശിയും എക്‌സിക്യൂട്ടിവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷേഖ് ഹംദന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.

ഈ വര്‍ഷത്തെ ആദ്യ ആറ് മാസങ്ങളില്‍ ദുബായ് നഗരം സ്വീകരിച്ചത് 8.10 ദശലക്ഷം വിനോദ സഞ്ചാരികളെയെന്ന് കണക്കുകള്‍. ദുബായുടെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ടൂറിസം ആന്‍ഡ് കൊമേഴ്‌സ് മാര്‍ക്കറ്റിംഗ് ആണ് പുതിയ കണക്കുകള്‍ പുറത്തുവിട്ടത്. എമിറേറ്റിന്റെ ടൂറിസം മേഖലയുടെ മൂല്യം 29.6 ബില്ല്യണ്‍ ഡോളറായി ഉയരുകയും ചെയ്തു.

ഇന്ത്യയില്‍ നിന്ന് തന്നെയാണ് ദുബായ് നഗരം കാണാന്‍ കൂടുതല്‍ ടൂറിസ്റ്റുകള്‍ എത്തുന്നത്. രണ്ടാം സ്ഥാനം സൗദി അറേബ്യക്കും മൂന്നാം സ്ഥാനം ബ്രിട്ടനുമാണ്. മുന്‍ വര്‍ഷം ഇതേ കാലയളവിലും ഇന്ത്യ തന്നെയായിരുന്നു ദാബായ് ടൂറിസത്തിന്റെ മുഖ്യ സോഴ്‌സ് വിപണിയായി നിലകൊണ്ടിരുന്നത്. 2018ലെ ആദ്യ ആറ് മാസങ്ങളില്‍ ഇന്ത്യയില്‍ നിന്ന് ദുബായിലേക്കെത്തിയ വിനോദസഞ്ചാരികളുടെ എണ്ണം ഒരു ദശലക്ഷം കടന്നതായാണ് കണക്കുകള്‍ പറയുന്നത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് മൂന്ന് ശതമാനമാണ് ഇന്ത്യന്‍ സഞ്ചാരികളുടെ എണ്ണത്തിലെ വര്‍ധന.

2022 ആകുമ്പോഴേക്കും ദുബായിലെത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണം 21-23 മില്ല്യണ്‍ ആകുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. ടൂറിസം വിപണിയില്‍ ദുബായ് എക്‌സ്‌പോ 2020 വഴിത്തിരിവാകുമെന്ന് പ്രതീക്ഷിക്കുന്നവരും കൂടുതലാണ്.

Comments

comments

Categories: Arabia