ആഭ്യന്തര എണ്ണ ഉല്‍പ്പാദനം 3.3% ശതമാനം കുറഞ്ഞു

ആഭ്യന്തര എണ്ണ ഉല്‍പ്പാദനം 3.3% ശതമാനം കുറഞ്ഞു

ഈ വര്‍ഷം എണ്ണ ആവശ്യകതയുടെ 83.2 ശതമാനവും നിറവേറ്റിയത് ഇറക്കുമതിയില്‍ നിന്നാണ്

ന്യൂഡെല്‍ഹി: ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള കാലയളവില്‍ ഇന്ത്യയുടെ എണ്ണ ഉല്‍പ്പാദനത്തില്‍ 3.3 ശതമാനം വാര്‍ഷിക ഇടിവ് നേരിട്ടതായി റിപ്പോര്‍ട്ട്. എണ്ണ ഇറക്കുമതി വര്‍ധിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ഏപ്രില്‍-ഓഗസ്റ്റ് കാലയളവില്‍ 35.7 മില്യണ്‍ മെട്രിക് ടണ്‍ എണ്ണയാണ് ഇന്ത്യയില്‍ ഉല്‍പ്പാദിപ്പിച്ചത്. ഈ വര്‍ഷം ഇത് 14.6 മില്യണ്‍ മെട്രിക് ടണ്ണായി ചുരുങ്ങി. രാജ്യത്തെ എണ്ണ ആവശ്യകതയുടെ 82.8 ശതമാനം എണ്ണയാണ് 2017 ഏപ്രില്‍-ഓഗസ്റ്റില്‍ ഇറക്കുമതി ചെയ്തത്. ഈ വര്‍ഷം എണ്ണ ആവശ്യകതയുടെ 83.2 ശതമാനവും നിറവേറ്റിയത് ഇറക്കുമതിയില്‍ നിന്നാണ്.
ഏഴ് വര്‍ഷത്തിലധികമായി ആഭ്യന്തര ക്രൂഡ് ഓയില്‍ ഉല്‍പ്പാദനത്തില്‍ ഇടിവ് തുടരുകയാണ്. പരമ്പരാഗത എണ്ണപ്പാടങ്ങളില്‍ നിന്നുള്ള ഉല്‍പ്പാദനം കുറയുന്നതും എണ്ണപ്പാടങ്ങള്‍ കൈകാര്യം ചെയ്യുന്നതിലെ നിലവാരക്കുറവും നയപരമായ പ്രശ്‌നങ്ങളുമാണ് ആഭ്യന്തര എണ്ണ ഉല്‍പ്പാദനം ഇടിയാനുള്ള പ്രധാന കാരണം. 2011-2012 മുതല്‍ ഇന്ത്യയുടെ എണ്ണ ഉല്‍പ്പാദനത്തില്‍ ഇടിവുണ്ടായിട്ടുണ്ട്. ഇത് രാജ്യത്തിന്റെ എണ്ണ ഇറക്കുമതി 75.6 ശതമാനത്തില്‍ നിന്നും 83.2 ശതമാനത്തിലേക്ക് ഉയരാന്‍ കാരണമായി.
എണ്ണ ഇറക്കുമതി പത്ത് ശതമാനം കുറയ്ക്കുകയെന്ന കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യത്തിന് നേര്‍ വിപരീതമായ പ്രവണതയാണ് നിലവില്‍ കാണാനാകുന്നത്. 2022ഓടെ ഇന്ധന ആവശ്യകതയുടെ 68 ശതമാനമായി എണ്ണ ഇറക്കുമതി കുറയ്ക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം 88 ബില്യണ്‍ ഡോളറാണ് ക്രൂഡ് ഇറക്കുമതിക്കായി ഇന്ത്യ ചെലവഴിച്ചത്. നടപ്പു വര്‍ഷം ഏപ്രില്‍-ഓഗസ്റ്റില്‍ മാത്രം 49 ബില്യണ്‍ ഡോളറിന്റെ ക്രൂഡ് ഇറക്കുമതിയാണ് രാജ്യം നടത്തിയത്. രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില വര്‍ധിച്ചതാണ് ഇന്ത്യയുടെ എണ്ണ ഇറക്കുമതി ചെലവ് കൂടാനുള്ള കാരണം. രൂപയുടെ മൂല്യ തകര്‍ച്ചയും ഇന്ത്യന്‍ എണ്ണ കമ്പനികളെ നിരാശരാക്കുന്നുണ്ട്. നിലവിലെ ചരിത്രത്തിലെ തന്നെ താഴ്ന്ന നിലവാരമായ 74ലാണ് ഡോളറിനെതിരെ രൂപ വ്യാപാരം നടത്തുന്നത്.
എണ്ണ ഇറക്കുമതി പത്ത് ശതമാനം കുറയ്ക്കുക എന്ന പ്രഖ്യാപിത ലക്ഷ്യം സാധ്യമാക്കുന്നതിന് നിരവധി നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ചിരുന്നു. പുതിയ ലൈസന്‍സിംഗ് പോളിസി, പുതിയ എണ്ണപ്പാടങ്ങളുടെ ലേലം, ജൈവ ഇന്ധന ഉല്‍പ്പാദനത്തിന് സാമ്പത്തിക ആനുകൂല്യങ്ങള്‍ തുടങ്ങി നിരവധി പ്രഖ്യാപനങ്ങള്‍ സര്‍ക്കാര്‍ നടത്തിയിരുന്നു. എന്നാല്‍, തദ്ദേശീയ തലത്തില്‍ ക്രൂഡ് ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനും ഹ്രസ്വകാലാടിസ്ഥാനത്തില്‍ ഇറക്കുമതി കുറയ്ക്കുന്നതിനും ഈ നടപടികള്‍ അപര്യാപ്തമാണെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്.

Comments

comments

Categories: FK News