പരിഷ്‌കാരങ്ങള്‍ ഏറ്റുവാങ്ങി ഡാറ്റ്‌സണ്‍ ഗോ, ഗോ പ്ലസ്

പരിഷ്‌കാരങ്ങള്‍ ഏറ്റുവാങ്ങി ഡാറ്റ്‌സണ്‍ ഗോ, ഗോ പ്ലസ്

യഥാക്രമം 3.29 ലക്ഷം, 3.83 ലക്ഷം രൂപ മുതലാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില

ന്യൂഡെല്‍ഹി : ഫേസ്‌ലിഫ്റ്റ് ചെയ്ത ഗോ ഹാച്ച്ബാക്ക്, ഗോ പ്ലസ് എംപിവി മോഡലുകള്‍ ഡാറ്റ്‌സണ്‍ ഇന്ത്യ പുറത്തിറക്കി. യഥാക്രമം 3.29 ലക്ഷം രൂപ, 3.83 ലക്ഷം രൂപ മുതല്‍ക്കാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില ആരംഭിക്കുന്നത്. ഇരു കാറുകളും ഡാറ്റ്‌സണ്‍ ഇന്ത്യ സമഗ്രമായി പരിഷ്‌കരിച്ചു. അകത്തും പുറത്തും മാറ്റങ്ങള്‍ വരുത്തിയതിനൊപ്പം കൂടുതല്‍ ഫീച്ചറുകള്‍ നല്‍കിയിരിക്കുന്നു. സുരക്ഷയും വര്‍ധിപ്പിച്ചു. വില വര്‍ധിപ്പിച്ചതോടെ ടാറ്റ ടിയാഗോ, മാരുതി സുസുകി സെലേറിയോ, പുതിയ ഹ്യുണ്ടായ് സാന്‍ട്രോ തുടങ്ങിയവയാണ് ഗോ ഹാച്ച്ബാക്കിന്റെ എതിരാളികള്‍.

ഗോ, ഗോ പ്ലസ് മോഡലുകള്‍ക്ക് ഇപ്പോള്‍ പുതിയ സ്റ്റൈലിംഗ് ലഭിച്ചിരിക്കുന്നു. റീപ്രൊഫൈല്‍ ചെയ്ത ഹെഡ്‌ലാംപുകള്‍, റീസ്റ്റൈല്‍ ചെയ്ത ഫ്രണ്ട് ബംപറുകള്‍ എന്നിവ കാറുകളില്‍ കാണാം. എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍ കുത്തനെ നല്‍കിയിരിക്കുന്നു. ഗ്രില്ലിലും അല്‍പ്പസ്വല്‍പ്പം മാറ്റങ്ങളുണ്ട്. 14 ഇഞ്ച് അലോയ് വീലുകള്‍, റിയര്‍ വാഷര്‍/വൈപ്പര്‍, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍ എന്നിവ ഇരു മോഡലുകളുടെയും ഉയര്‍ന്ന വേരിയന്റുകളില്‍ നല്‍കി.

പുറമേ മാത്രമല്ല, അകത്തും ഇരു കാറുകളും കാര്യമായ പരിഷ്‌കാരങ്ങള്‍ ഏറ്റുവാങ്ങിയിരിക്കുന്നു. ഡാഷ്‌ബോര്‍ഡ് ലേഔട്ടില്‍ മാറ്റം വരുത്തി. സെന്‍ട്രല്‍ വെന്റുകളുടെ രൂപകല്‍പ്പന പുതിയതാണ്. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ സഹിതം പുതിയ 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം ലഭിച്ചിരിക്കുന്നു. പരിഷ്‌കരിച്ച ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററില്‍ ഇപ്പോള്‍ അനലോഗ് ടാക്കോമീറ്റര്‍ നല്‍കി. പുതിയ ഡാഷ്‌ബോര്‍ഡിലെ ഗ്ലൗവ്‌ബോക്‌സിന് ശരിയായ ലിഡ് നല്‍കി. യോജിപ്പിച്ചുചേര്‍ത്തുവെച്ച ഫ്രണ്ട് സീറ്റുകള്‍ക്ക് പകരം ഇപ്പോള്‍ ഇന്‍ഡിവിജ്വല്‍ സീറ്റുകളാണ്. ഇലക്ട്രിക് മിറര്‍ അഡ്ജസ്റ്റ്, റിയര്‍ പവര്‍ വിന്‍ഡോകള്‍ എന്നിവയും പുതുമ തന്നെ.

വിപണി വിടുന്ന മോഡലുകള്‍ ഉപയോഗിക്കുന്ന അതേ 1.2 ലിറ്റര്‍, 3 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് പരിഷ്‌കരിച്ച ഗോ, ഗോ പ്ലസ് ഉപയോഗിക്കുന്നത്. 68 എച്ച്പി കരുത്ത് പുറപ്പെടുവിക്കുന്ന എന്‍ജിനുമായി 5 സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ ചേര്‍ത്തിരിക്കുന്നു. ഭാവിയില്‍ എഎംടി ഗിയര്‍ബോക്‌സ് നല്‍കിയേക്കാം. ഡാറ്റ്‌സണ്‍ ഗോയില്‍ കൂടുതല്‍ സുരക്ഷാ ഫീച്ചറുകള്‍ നല്‍കിയിട്ടുണ്ട്. ഡ്രൈവര്‍ എയര്‍ബാഗ്, എബിഎസ് എന്നിവ ഇപ്പോള്‍ സ്റ്റാന്‍ഡേഡാണ്. ഡ്രൈവര്‍ എയര്‍ബാഗ് നേരത്തെ ഓപ്ഷണല്‍ ആയിരുന്നു. ടോപ് സ്‌പെക് ട്രിമ്മുകളില്‍ പാസഞ്ചര്‍ സൈഡ് എയര്‍ബാഗ് ലഭിക്കും.

വേരിയന്റ് ഗോ ഗോ പ്ലസ്

ഡി 3.29 ലക്ഷം 3.83 ലക്ഷം

എ 3.99 ലക്ഷം 4.53 ലക്ഷം

എ(ഒ) 4.29 ലക്ഷം 5.05 ലക്ഷം

ടി 4.49 ലക്ഷം 5.30 ലക്ഷം

ടി(ഒ) 4.89 ലക്ഷം 5.69 ലക്ഷം

Comments

comments

Categories: Auto