സിറ്റിയും വെര്‍ണയും പിന്നില്‍; സിയാസ് ബെസ്റ്റ് സെല്ലിംഗ് സെഡാന്‍

സിറ്റിയും വെര്‍ണയും പിന്നില്‍; സിയാസ് ബെസ്റ്റ് സെല്ലിംഗ് സെഡാന്‍

ഏപ്രില്‍-സെപ്റ്റംബര്‍ കാലയളവില്‍ 24,000 ലധികം യൂണിറ്റ് സിയാസ് വിറ്റു

ന്യൂഡെല്‍ഹി : 2018-19 സാമ്പത്തിക വര്‍ഷത്തെ ആദ്യ പകുതിയില്‍ ഇന്ത്യയിലെ ബെസ്റ്റ് സെല്ലിംഗ് കോംപാക്റ്റ് സെഡാന്‍ മാരുതി സുസുകി സിയാസ്. 2018 ഏപ്രില്‍-സെപ്റ്റംബര്‍ കാലയളവില്‍ 24,000 ലധികം യൂണിറ്റ് സിയാസ് വില്‍ക്കാന്‍ ഇന്ത്യയിലെ മുന്‍നിര കാര്‍ നിര്‍മ്മാതാക്കള്‍ക്ക് കഴിഞ്ഞു. നിലവില്‍ ഇന്ത്യയിലെ സെഡാന്‍ സെഗ്‌മെന്റില്‍ 28.8 ശതമാനമാണ് മാരുതി സുസുകിയുടെ വിപണി വിഹിതം.

സിയാസിന്റെ ആകെ വില്‍പ്പനയില്‍ 25.5 ശതമാനം സംഭാവന ചെയ്തത് ‘നെക്‌സ ബ്ലൂ’ കളര്‍ സിയാസാണ്. ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ മാരുതി സുസുകി സിയാസ് ഫേസ്‌ലിഫ്റ്റ് വിപണിയിലെത്തിച്ചിരുന്നു. ആദ്യ മാസം തന്നെ പതിനായിരം ബുക്കിംഗ് നേടിയാണ് പുതിയ സിയാസ് സെഡാന്‍ സെഗ്‌മെന്റിലെ തന്റെ ‘സ്വാധീനം’ വെളിപ്പെടുത്തിയത്.

ഹോണ്ട സിറ്റി, ടൊയോട്ട യാരിസ്, ഹ്യുണ്ടായ് വെര്‍ണ, ഫോക്‌സ്‌വാഗണ്‍ വെന്റോ, സ്‌കോഡ റാപ്പിഡ് തുടങ്ങിയവരാണ് സെഗ്‌മെന്റില്‍ മാരുതി സുസുകി സിയാസിന്റെ എതിരാളികള്‍. പുതിയ സിയാസ് പുറത്തിറങ്ങി മാസങ്ങള്‍ക്കുള്ളില്‍തന്നെ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചിരിക്കുകയാണ്.

കഴിഞ്ഞ ആറ് മാസത്തില്‍ പ്രതിമാസം ശരാശരി നാലായിരത്തിലധികം യൂണിറ്റ് സിയാസ് വില്‍ക്കാന്‍ മാരുതി സുസുകിക്ക് കഴിഞ്ഞു. ഹ്യുണ്ടായ് വെര്‍ണയാണ് രണ്ടാമത്തെ ബെസ്റ്റ് സെല്ലിംഗ് കോംപാക്റ്റ് സെഡാന്‍. പ്രതിമാസ ശരാശരി വില്‍പ്പന 3,600 യൂണിറ്റ്. ഹോണ്ട സിറ്റിയുടെ പ്രകടനം പ്രതിമാസം ശരാശരി 3000 യൂണിറ്റായിരുന്നു.

8.19 ലക്ഷം രൂപ മുതല്‍ 10.97 ലക്ഷം രൂപ വരെയാണ് 2018 മാരുതി സുസുകി സിയാസ് ഫേസ്‌ലിഫ്റ്റിന്റെ ഡെല്‍ഹി എക്‌സ് ഷോറൂം വില. 2014 ല്‍ വിപണിയില്‍ അവതരിപ്പിച്ചശേഷം ഇന്ത്യയില്‍ 2.34 ലക്ഷം യൂണിറ്റ് സിയാസ് വില്‍ക്കാന്‍ മാരുതി സുസുകിക്ക് സാധിച്ചു.

Comments

comments

Categories: Auto
Tags: Honda Ciaz