ഐഎല്‍&എഫ്എസിന്റെ അഞ്ച് അനുബന്ധ കമ്പനികള്‍ക്കെതിരെ അന്വേഷണം

ഐഎല്‍&എഫ്എസിന്റെ അഞ്ച് അനുബന്ധ കമ്പനികള്‍ക്കെതിരെ അന്വേഷണം

സംശയ നിഴലില്‍: ഐഎല്‍&എഫ്എസ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ നെറ്റ്‌വര്‍ക്ക്‌സ് ലിമിറ്റഡ്, ഐഎല്‍&എഫ്എസ് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ഐഎല്‍&എഫ്എസ് എനര്‍ജി ഡെവലപ്‌മെന്റ്, ഐഎല്‍&എഫ്എസ് തമിഴ്‌നാട് പവര്‍, ഐഎല്‍&എഫ്എസ് എന്‍ജിനീയറിംഗ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍

ന്യൂഡെല്‍ഹി: അടിസ്ഥാന സൗകര്യ വികസന മേഖലയിലെ അതികായരായിരുന്ന ഇന്‍ഫ്രാസ്ട്രക്ചര്‍ ലീസിംഗ് ആന്‍ഡ് ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ (ഐഎല്‍&എഫ്എസ്) അഞ്ച് സ്ഥാപനങ്ങളെ, സൂക്ഷ്മ പരിശോധനക്ക് വിധേയരാക്കി സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (എസ്എഫ്‌ഐഒ).
കുറ്റകരമായ ഫണ്ട് വകമാറ്റലിന്റെയും ദുര്‍ഭരണത്തിന്റെയും പേരിലാണ് നടപടി. ഐഎല്‍&എഫ്എസ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ നെറ്റ്‌വര്‍ക്ക്‌സ് ലിമിറ്റഡ്, ഐഎല്‍&എഫ്എസ് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ഐഎല്‍&എഫ്എസ് എനര്‍ജി ഡെവലപ്‌മെന്റ്, ഐഎല്‍&എഫ്എസ് തമിഴ്‌നാട് പവര്‍, ഐഎല്‍&എഫ്എസ് എന്‍ജിനീയറിംഗ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ എന്നീ സ്ഥാപനങ്ങള്‍ക്കെതിരെയാണ് അന്വേഷണം.

350ല്‍ അധികം അനുബന്ധ കമ്പനികളുള്ള ഐഎല്‍ ആന്‍ഡ് എഫ് എസിന്റെ വരുമാനത്തിന്റെ പകുതിയില്‍ കൂടുതലും സംഭാവന ചെയ്യുന്നത് ഈ അഞ്ച് കമ്പനികളും ചേര്‍ന്നാണ്. 30,000 കോടി രൂപ മൂല്യം വരുന്ന ഫണ്ട് പല പദ്ധതികളില്‍ നിന്നായി ഈ സ്ഥാപനങ്ങള്‍ വകമാറ്റിയതിന് തെളിവുകളുണ്ടെന്ന് വിഷയവുമായി ബന്ധപ്പെട്ട രണ്ട് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ”ഗ്രൂപ്പിലെ മറ്റ് അനുബന്ധ കമ്പനികളുടെ മാനേജ്‌മെന്റുകളും ഗൂഢാലോചനയില്‍ പങ്കാളികളായിരുന്നുവെന്ന് വ്യക്തമാണ്,” ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഈ മാസമവസാനത്തോടെ അന്വേഷണ ഏജന്‍സി പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് കരുതുന്നത്. ചില പദ്ധതികളില്‍ ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയമായ ഇടപെടലുകള്‍ നടന്നിട്ടുണ്ടോ എന്നും അന്വേഷണ സംഘം പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഐഎല്‍&എഫ്എസിന്റെ ഉന്നത തല മാനേജ്‌മെന്റിനെയും ബോര്‍ഡിലെ സ്വതന്ത്ര ഡയറക്റ്റര്‍മാരെയും ചോദ്യം ചെയ്യലിന് വിധേയരാക്കുമെന്ന് മറ്റൊരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. കമ്പനി മേധാവി രവി പാര്‍ത്ഥസാരഥിയെ അടുത്തുതന്നെ ചോദ്യം ചെയ്യാന്‍ സാധ്യതയുണ്ടെന്നും ഇവര്‍ പറഞ്ഞു.

കോര്‍പ്പറേറ്റ് മന്ത്രാലയത്തിന്റെ 2017-2018 വര്‍ഷത്തെ കണക്കുകള്‍ പ്രകാരം 169 കമ്പനികളാണ് ഐഎല്‍&എഫ്എസിനു കീഴിലുള്ളത്. അനുബന്ധ കമ്പനികളുടെ എണ്ണം 348 ആണെന്ന് സര്‍ക്കാര്‍ നിയമിച്ച ഉദയ് കൊട്ടാക് തലവനായുള്ള ബോര്‍ഡ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. വസ്തുതകള്‍ തിരിച്ചറിയാന്‍ കമ്പനിയുടെ സ്വതന്ത്ര ഡയറക്റ്റര്‍മാര്‍ക്ക് സാധിക്കാതിരുന്നതിനെ കുറിച്ചും അന്വേഷിക്കാനാണ് തീരുമാനം. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേജ് എക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ (ഐസിഎഐ) വിഷയം സ്വമേധയാ പരിശോധിക്കുകയും വിശദീകരണം ആവശ്യപ്പെട്ടുകൊണ്ട് ഐഎല്‍&ഫ്എസിന്റെ ഓഡിറ്റര്‍മാര്‍ക്ക് നിയമപ്രകാരം നോട്ടീസ് അയക്കുകയും ചെയ്തിട്ടുണ്ട്.

Comments

comments

Categories: FK News
Tags: IL and FS

Related Articles