കുട്ടികളിലെ ആസ്ത്മ രോഗം ഭാവിയില്‍ പൊണ്ണത്തടിക്ക് കാരണമാകും

കുട്ടികളിലെ ആസ്ത്മ രോഗം ഭാവിയില്‍ പൊണ്ണത്തടിക്ക് കാരണമാകും

ചെറുപ്പത്തില്‍ ആസ്ത്മ രോഗം ബാധിച്ചിരുന്ന 66 ശതമാനം പേര്‍ക്കും ഭാവിയില്‍ പൊണ്ണത്തടി ഉണ്ടായതായി പഠനം തെളിയിക്കുന്നു

കുട്ടികളില്‍ ചെറുപ്പകാലത്തുണ്ടാകുന്ന ആസ്ത്മ രോഗം ഭാവിയില്‍ അവരെ പൊണ്ണത്തടിയുള്ളവരാക്കുമെന്ന് പുതിയ പഠനം. അമേരിക്കയിലെ സതേണ്‍ കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ഒരു സംഘം ഗവേഷകരാണ് ഈ പഠനത്തിന് നേതൃത്വം നല്‍കിയത്.

ചെറുപ്പത്തില്‍ ആസ്ത്മ രോഗം ബാധിച്ചിരുന്ന 66 ശതമാനം പേര്‍ക്കും ഭാവിയില്‍ പൊണ്ണത്തടി ഉണ്ടായതായി പഠനം തെളിയിക്കുന്നുണ്ട്. പൊണ്ണത്തടി കൂടാതെ ഇക്കൂട്ടരില്‍ പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം എന്നിവയും കണ്ടെത്തിയിട്ടുണ്ട്. ആസ്ത്മ രോഗം ബാധിച്ച കുട്ടികള്‍ കളികളില്‍ നിന്നും മറ്റ് ശാരീരിക, കായിക പ്രവര്‍ത്തനങ്ങളില്‍ നിന്നും വിട്ടു നില്‍ക്കുന്നതാവാം പൊണ്ണത്തടിക്ക് കാരണമാക്കുന്നതെന്ന് പഠനത്തില്‍ പങ്കെടുത്ത യുഎസ്‌സി പ്രിവന്റീവ് മെഡിസിന്‍ പ്രൊഫസര്‍ ലിഡ ചാറ്റ്‌സി വ്യക്തമാക്കി. ശാരീരിക പ്രവര്‍ത്തനങ്ങള്‍ കുറയുന്നത് കുട്ടികളില്‍ കൊഴുപ്പ് അടിഞ്ഞുകൂടാന്‍ ഇടയാക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഒന്‍പതോളം രാജ്യങ്ങളില്‍ നിന്നുള്ള 21,130 കുട്ടികളിലാണ് ഇതു സംബന്ധിച്ച് പഠനം നടത്തിയതെന്ന് യുറോപ്യന്‍ റെസ്പിറേറ്ററി ജേണലില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ആസ്ത്മ രോഗം മൂലം ചികില്‍സയ്ക്കു വിധേയമായ കുട്ടികളിലാണ് കൂടുതലായും പൊണ്ണത്തടി കണ്ടെത്തിയിട്ടുള്ളത്. അന്തരീക്ഷ മലിനീകരണം, പാരമ്പര്യം തുടങ്ങിയ പല കാരണങ്ങള്‍ കൊണ്ടാണ് കുട്ടികളില്‍ ആസ്ത്മ രോഗം സാധാരണഗതിയില്‍ ഉണ്ടാകാറുള്ളത്. ഈ രോഗവും പൊണ്ണത്തടിയും തമ്മില്‍ ബന്ധമുണ്ടെന്നു കണ്ടെത്തിയതോടെ ഇതു തടയാനും ഫലപ്രദമായ ചികില്‍സയ്ക്കുമുള്ള പഠനത്തിന് ഗവേഷക ലോകം തയാറെടുക്കുകയാണിപ്പോള്‍.

Comments

comments

Categories: Health
Tags: obesity