ടെലികോം മേഖലയില്‍ 41 ദശലക്ഷം വരിക്കാര്‍ കുറഞ്ഞു

ടെലികോം മേഖലയില്‍ 41 ദശലക്ഷം വരിക്കാര്‍ കുറഞ്ഞു

സിം കാര്‍ഡുകള്‍ ഇറക്കുന്നത് അവസാനിപ്പിച്ച് കമ്പനികള്‍ ഡാറ്റ സേവനത്തിന് പ്രാമുഖ്യം നല്‍കണമെന്ന് നിര്‍ദേശം

ന്യൂഡെല്‍ഹി: രാജ്യത്തെ ടെലികോം മേഖലയില്‍ പുതിയ ഉപഭോക്താക്കളുടെ എണ്ണം കുറയുന്നെന്ന് റിപ്പോര്‍ട്ട്. ജിയോയുടെ കടന്നുവരവോടെ സൃഷ്ടിക്കപ്പെട്ട കോളിളക്കത്തിനും ഉപഭോക്താക്കളെ പിടിച്ചെടുക്കാനുള്ള മത്സരത്തിനും ഇടിവുണ്ടായെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 2017 ലെ ആദ്യപാദം മുതല്‍ തുടര്‍ച്ചയായ അഞ്ച് പാദങ്ങളില്‍ വയര്‍ലെസ് കണക്ഷനുകളുടെ എണ്ണത്തില്‍ ഗണ്യമായ ഇടിവാണുണ്ടായിരിക്കുന്നത്. ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ (ട്രായ്) ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം രാജ്യത്തെ ടെലികോം സാന്ദ്രത 88 ശതമാനമാണ്. ഈ മേഖലയിലെ വരിക്കാരുടെ വളര്‍ച്ച ഏതാണ്ട് അതിന്റെ അവസാനത്തിലെത്തി നില്‍ക്കുകയാണ്. ഓരോ കണക്ഷനുകളും ഓരോ ഉപഭോക്താക്കളായാണ് ട്രായ് പരിഗണിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനകം 41 ദശലക്ഷം കണക്ഷനുകള്‍ ഇല്ലാതായെന്നാണ് ഇതനുസരിച്ച് വ്യക്തമാകുന്നത്.

കഴിഞ്ഞ വര്‍ഷം ഏപ്രില്‍ ജൂണ്‍ പാദത്തില്‍ 1,187 ദശലക്ഷം വയര്‍ലെസ് കണക്ഷനുകളുണ്ടായിരുന്നത് ഈ വര്‍ഷത്തെ സമാന പാദമായപ്പോഴേക്കും 1,146 ദശലക്ഷമായി കുറഞ്ഞിട്ടുണ്ടെന്നാണ് ഡാറ്റ വ്യക്തമാക്കുന്നത്.
റിലയന്‍സ് ജിയോയുടെ കടന്നുവരവോടെ എയര്‍സെല്‍, റിലയന്‍സ് കമ്മ്യൂണിക്കേഷന്‍ ലിമിറ്റഡ് തുടങ്ങി ചെറുകിട ഓപ്പറേറ്റര്‍മാര്‍ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കേണ്ടി വന്നിരുന്നു. അതേസമയം ടാറ്റാ ടെലെ സര്‍വീസസ്, ടെലിനോര്‍ എന്നിവയെ ഭാരതി എയര്‍ടെല്‍ ഏറ്റെടുക്കുകയും വോഡഫോണ്‍ ഇന്ത്യയും ഐഡിയയും ലയിക്കുകയും ചെയ്തതും ജിയോയുടെ വരവോടെയാണ്.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ രാജ്യത്തെ മൊബീല്‍ കണക്ഷനുകളുടെ എണ്ണം 873.36 മില്യണില്‍ നിന്ന് 1.14 ബില്യണായി വര്‍ധിച്ചിരുന്നു. വളര്‍ച്ച മുരടിക്കുന്ന സാഹചര്യത്തില്‍ സിം കാര്‍ഡുകള്‍ വിപണിയിലേക്ക് ഇറക്കി വിടുന്നത് വര്‍ധിപ്പിക്കുന്നതിന് പകരം ഡാറ്റ ഉപയോഗം വര്‍ധിപ്പിക്കാന്‍ കമ്പനികള്‍ ശ്രദ്ധകേന്ദ്രീകരിക്കേണ്ടി വരുമെന്ന് മേഖലയിലെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കുറഞ്ഞ നിരക്കിലുള്ള ഡാറ്റയും സൗജന്യ കോളുകളുമാണ് ജിയോയിലേക്ക് ഉപഭോക്താക്കളെ ആകര്‍ഷിക്കാനുള്ള പ്രധാന കാരണം. ഇതോടെ ഡാറ്റ ഉപയോഗത്തില്‍ വന്‍ കുതിച്ചുകയറ്റമാണുണ്ടായത്. ഏപ്രില്‍- ജൂണ്‍ മാസങ്ങളിലെ കണക്കുകള്‍ പ്രകാരം ജിയോ ഉപഭോക്താക്കളുടെ പ്രതിമാസ ശരാശരി ഡാറ്റാ ഉപയോഗം 10.6 ജിബി ആണ്. തൊട്ടു പിറകിലുള്ള ഭാരതി എയര്‍ടെലിന്റേത് 7.8 ജിബിയാണ്.

Comments

comments

Categories: Tech