ആര്‍ബിഐ റിപ്പോര്‍ട്ട് കേന്ദ്രം മുഖവിലയ്‌ക്കെടുക്കണം

ആര്‍ബിഐ റിപ്പോര്‍ട്ട് കേന്ദ്രം മുഖവിലയ്‌ക്കെടുക്കണം

രാജ്യത്തെ നിലവിലെ സാമ്പത്തിക സാഹചര്യങ്ങളില്‍ ജനങ്ങള്‍ക്ക് അത്ര തൃപ്തിയില്ലെന്ന ആര്‍ബിഐ റിപ്പോര്‍ട്ട് ശ്രദ്ധേയമാണ്. തെരഞ്ഞെടുപ്പിനെ നേരിടുന്ന കേന്ദ്ര സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം വളരെ പ്രാധാന്യമര്‍ഹിക്കുന്നു ഇത്

ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി തൊഴിലില്ലായ്മയാണെന്നാണ് കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി കിരണ്‍ റിജിജു പറഞ്ഞത്. യുവാക്കള്‍ ജനസംഖ്യയുടെ സിംഹഭാഗം കൈയാളുന്ന ഇന്ത്യ പോലൊരു രാജ്യത്ത് അവര്‍ക്ക് നൈപുണ്യപരിശീലനം നല്‍കിയില്ലെങ്കില്‍ അത് ഇന്ത്യയുടെ തകര്‍ച്ചയിലേക്ക് പോലും നയിക്കുമെന്ന സൂചനയും അദ്ദേഹം നല്‍കുകയുണ്ടായി.

രാജ്യത്ത് തൊഴിലില്ലായ്മയും വരുമാനം സംബന്ധിച്ച ആശങ്കകളും വര്‍ധിച്ചുവരുകയാണെന്ന് കാണിക്കുന്ന പല റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. കുതിക്കുന്ന സമ്പദ് വ്യവസ്ഥയെന്ന പട്ടം ആഘോഷിക്കപ്പെടുമ്പോള്‍ തന്നെ ഇത്തരം പഠനങ്ങള്‍ കൂടി നമ്മള്‍ ചര്‍ച്ച ചെയ്യേണ്ടതുണ്ട്.

ഇന്ത്യയിലെ പൊതുവിലുള്ള സാമ്പത്തിക സാഹചര്യങ്ങളില്‍ ജനങ്ങള്‍ക്ക് അത്ര തൃപ്തിയില്ലെന്നാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ കഴിഞ്ഞ ദിവസം പുറത്തുവിട്ട ഉപഭോക്തൃ ആത്മവിശ്വാസ സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നത്.

പലരും ചൂണ്ടിക്കാണിച്ചതുപോലെ തന്നെ ആവശ്യത്തിന് തൊഴില്‍ലഭ്യത രാജ്യത്തില്ലെന്നാണ് സര്‍വേയില്‍ പങ്കെടുത്ത ഉപഭോക്താക്കലിലേറെയും ചിന്തിക്കുന്നത്. രാജ്യത്ത് വിലക്കയറ്റം കൂടി ഉപഭോക്തൃ സാഹചര്യങ്ങള്‍ കൂടുതല്‍ മോശമാകുന്നുവെന്ന സൂചനകളും സര്‍വേ നല്‍കുന്നുണ്ട്. തൊഴില്‍ സാഹചര്യങ്ങള്‍ മോശമാണെന്ന് പറയുന്നവരുടെ എണ്ണം കൂടുന്നതായാണ് സര്‍വേയില്‍ ചൂണ്ടിക്കാണിക്കുന്നത്. ഇതും വെല്ലുവിളിയാണ്.

വിവിധ ആഗോള ഗവേഷണ സ്ഥാപനങ്ങള്‍ ഇന്ത്യയുടെ വളര്‍ച്ചാനിരക്കില്‍ ശുഭപ്രതീക്ഷ പ്രകടിപ്പിക്കുന്ന റിപ്പോര്‍ട്ടുകളെയും മുകളിലെ സര്‍വേയുടെ പശ്ചാത്തലത്തില്‍ കൂടി നോക്കിക്കാണണം. ഇന്നലെ പുറത്തുവന്ന അന്താരാഷ്ട്ര നാണ്യ നിധിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത് രാജ്യം 2018ല്‍ 7.3 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നാണ്. 2019ല്‍ ഇന്ത്യ 7.4 ശതമാനം വളര്‍ച്ച നേടുമെന്ന് പ്രതീക്ഷിക്കുന്നതായും ഐഎംഎഫിന്റെ പുതിയ വേള്‍ഡ് ഇക്കണോമിക് ഔട്ട്‌ലുക്ക് റിപ്പോര്‍ട്ടില്‍ പറയുന്നു.

നോട്ട് അസാധുവാക്കല്‍, ചരക്കുസേവനനികുതി തുടങ്ങിയ സാമ്പത്തിക പരിഷ്‌കരണങ്ങളുടെ താല്‍ക്കാലിക ആഘാതത്തില്‍ നിന്ന് സമ്പദ് വ്യവസ്ഥ മുക്തമായി വരുന്നതിന്റെ സൂചനകളാണ് ഇന്ത്യയുടെ പുതിയ വളര്‍ച്ചാ കണക്കുകള്‍ എന്നാണ് ഒരു വിഭാഗം സാമ്പത്തിക വിദഗ്ധര്‍ വാദിക്കുന്നത്. അതില്‍ കാര്യവും കാര്യമില്ലായ്മയും ഉണ്ടാകാം. അതേസമയം ജനങ്ങളില്‍ ഉണ്ടാകുന്ന അസംതൃപ്തി സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കരുത്.

പുതിയൊരു പ്രതീക്ഷ എപ്പോഴും സാധാരണക്കാരില്‍ ജനിപ്പിക്കാന്‍ സാധിക്കുന്ന തരത്തില്‍ സമ്പദ് വ്യവസ്ഥയുടെ ദിശ നിശ്ചയിക്കാന്‍ നയരൂപകര്‍ത്താക്കള്‍ക്ക് സാധിക്കണം.

വേഗത്തില്‍ കുതിക്കുന്ന സമ്പദ് വ്യവസ്ഥയെന്ന് ആഗോള സ്ഥാപനങ്ങള്‍ വിലയിരുത്തുമ്പോഴും സ്വന്തം രാജ്യത്തെ ജനങ്ങളില്‍ ആത്മവിശ്വാസം ജനിപ്പിക്കുക എന്നതും പരമപ്രധാനമാണ്. ഒരു വര്‍ഷം കഴിയുമ്പോഴേക്കും രാജ്യത്തെ സാമ്പത്തിക സാഹചര്യങ്ങളില്‍ മെച്ചപ്പെടല്‍ ഉണ്ടാകുമെന്നാണ് ആര്‍ബിഐ സര്‍വേയില്‍ പങ്കെടുത്ത നല്ലൊരു ശതമാനം പേര്‍ പറയുന്നത്. ലേകത്തെ ഏറ്റവും വലിയ മൂന്നാമത്തെ സമ്പദ് വ്യവസ്ഥയായി രാജ്യത്തെ മാറ്റാനാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ പദ്ധതിയിടുന്നത്. അതിനുവേണ്ടിയുള്ള വികസന കര്‍മ പദ്ധതികളുടെ ഫലങ്ങള്‍ എല്ലാ തലങ്ങളിലും എത്തുന്നുവെന്ന് ഉറപ്പ് വരുത്താനുള്ള സംവിധാനങ്ങള്‍ കൂടി ഉണ്ടാകേണ്ടതുണ്ട്. എങ്കില്‍ മാത്രമേ ജിഡിപി അധിഷ്ഠിത വികസന കുതിപ്പുകള്‍ അര്‍ത്ഥവത്താകൂ.

രാജ്യത്തെ സമ്പദ് വ്യവസ്ഥയില്‍ ഉപഭോക്താക്കള്‍ക്ക് ആത്മവിശ്വാസമില്ലെങ്കില്‍ അവരുടെ ചെലവിടലിലും അത് പ്രതിഫലിക്കുമെന്നത് ഓര്‍ക്കേണ്ടതുണ്ട്. വിപണിയിലേക്കുള്ള പണമൊഴുക്കിനേയും അത് നേരിയ തോതില്‍ ബാധിച്ചേക്കും. അതുകൊണ്ടുതന്നെ ഈ സര്‍വേയെ ഗൗരവത്തില്‍ പരിഗണിക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ തയാറാകണം. ഒപ്പം മാറുന്ന ലോകത്തിന് അനുസൃതമായ തൊഴില്‍ സൃഷ്ടിക്കല്‍ പ്രക്രിയയ്ക്ക് മുന്‍ഗണന നല്‍കുകയും വേണം.

Comments

comments

Categories: Editorial, Slider