പുടിന്‍-മോദി കൂട്ടുകെട്ടും ട്രംപിന്റെ നീരസവും

പുടിന്‍-മോദി കൂട്ടുകെട്ടും ട്രംപിന്റെ നീരസവും

റഷ്യന്‍ പ്രസിഡന്റ് വഌഡിമിര്‍ പുടിന്റെ ന്യൂഡെല്‍ഹി സന്ദര്‍ശനം ഇരു രാജ്യങ്ങളുടെയും മാത്രമല്ല, സമാധാനത്തിലേക്കുള്ള ലോകത്തിന്റെ പ്രയാണത്തിന്റെയും ഗതിയില്‍ നിര്‍ണായകമായി മാറിയിരിക്കുന്നു. ലോകത്തിതു വരെ കണ്ടെത്തിയിരിക്കുന്ന ഏറ്റവും കരുത്തേറിയ വ്യോമ പ്രതിരോധ സംവിധാനമായ ‘എസ് 400 ട്രയംഫ്’ ഇന്ത്യക്ക് നല്‍കാനുള്ള കരാറില്‍ പുടിന്‍ ഒപ്പിട്ടതോടെ പാകിസ്ഥാന്റെയും ചൈനയുടെയും ഏകപക്ഷീയമായ ഭീഷണികള്‍ക്കും പ്രകോപനങ്ങള്‍ക്കും നാം സമാധാനപരമായ പ്രതിരോധമാര്‍ഗം കണ്ടെത്തിയിരിക്കുന്നു. ഉപരോധം ഏര്‍പ്പെടുത്തുമെന്ന അമേരിക്കയുടെ മുന്നറിയിപ്പുകളെ അവഗണിച്ചാണ് പുതിയ പ്രതിരോധ സംവിധാനം വാങ്ങാനും ആണവ നിലയങ്ങള്‍ സ്ഥാപിക്കാനുമുള്ള കരാറില്‍ ഇന്ത്യ ഒപ്പിട്ടത്. രാജ്യ സുരക്ഷയുടെ കാര്യത്തില്‍ സ്ഥാപിത താല്‍പര്യങ്ങളും വിട്ടുവീഴ്ചകളും ഉണ്ടാവരുതെന്ന ജനങ്ങളുടെ ആഗ്രഹത്തിനുസരിച്ചാണ് ഇക്കാര്യത്തില്‍ സര്‍ക്കാരും നീങ്ങിയത്.

 

സത്യാനന്തര കാലത്ത,് ( Post Truth ) മൂന്ന് പ്രധാന രാഷ്ട്രങ്ങളുടെ നേതാക്കളാണ് നരേന്ദ്ര മോദി, ഡൊണാള്‍ഡ് ട്രംപ്, വഌഡിമര്‍ പുടിന്‍ എന്നിവര്‍. അതിതീവ്ര ദേശീയതയിലൂടെ വന്‍ ജനപ്രീതി നേടി അധികാരത്തില്‍ വന്ന ഇവര്‍ക്ക് പൊതുവായ ചില ശീലങ്ങളും ശരീര ശാസ്ത്രങ്ങളും ഒക്കെയുണ്ട്. അതുകൊണ്ട് തന്നെ മൂവരും തമ്മിലുള്ള ചില ചെയ്തികളില്‍ യാദൃശ്ചികമായോ അല്ലാതെയോ ഉള്ള ചില വിട്ടുവീഴ്ചകള്‍ക്കും അവര്‍ തയ്യാറുമാണ്.

റഷ്യ, ഇറാന്‍, ഉത്തര കൊറിയ എന്നീ രാജ്യങ്ങളില്‍ നിന്ന് ആയുധങ്ങള്‍ വാങ്ങുന്ന രാജ്യങ്ങളെ ഉപരോധിക്കാനുള്ള അമേരിക്കന്‍ നിയമം (കാറ്റ്‌സ) ഇന്ത്യ-റഷ്യ ആയുധ ഇടപാടില്‍ ബാധകമാവാതെ വന്നതും അതുകൊണ്ടാണ്. റഷ്യന്‍ പ്രസിഡന്റ് പുടിന്റെ ഡെല്‍ഹി സന്ദര്‍ശനം കേവലം 22 മണിക്കൂര്‍ മാത്രമാണ് നീണ്ടു നിന്നത്. എട്ട് ഉഭയകക്ഷി കരാറുകളുമായി പുടിന്‍-മോദി കൂടിക്കാഴ്ച്ച അവസാനിച്ചത്. അതില്‍ പ്രധാനമായിരുന്നു റഷ്യയില്‍ നിന്ന് 40,000 കോടി രൂപക്ക് എസ്-400 മിസൈല്‍ വാങ്ങുന്നതിനുള്ള കരാര്‍. 2020 ഓടെ ഇന്ത്യക്ക് റഷ്യന്‍ നിര്‍മിതമായ ഈ മിസൈലുകള്‍ ലഭിക്കുന്നതോടെ യുദ്ധ വിമാനങ്ങള്‍, മിസൈലുകള്‍, ശബ്ദാതീത വേഗത്തില്‍ സഞ്ചരിക്കുന്ന വിമാനങ്ങള്‍ എന്നിവയെയെല്ലാം 380 കിലോമീറ്റര്‍ അകലത്തില്‍ വെച്ച് വരെ തകര്‍ക്കുന്നതിനുള്ള സാങ്കേതിക വിദ്യയാണ് കൈവരിക.

ഒക്‌റ്റോബര്‍ അഞ്ചിന് ഡെല്‍ഹിയിലുള്ള ഹെദരാബാദ് ഹൗസില്‍ വച്ചായിരുന്നു ചരിത്ര പ്രാധാന്യമുള്ള പുടിന്‍-മോദി കൂടിക്കാഴ്ച. 300 ലക്ഷ്യ സ്ഥാനങ്ങള്‍ ഒരേസമയം നിര്‍ണയിക്കാനും 36 ശത്രു ലക്ഷ്യ സ്ഥാനങ്ങളെ ഒരേസമയത്ത് ആക്രമിക്കാനും കഴിവുള്ള എസ്-400 മിസൈലുകള്‍ക്ക് റഡാറുകളെ വെട്ടിച്ച് പറക്കാന്‍ കഴിവുള്ള അമേരിക്കന്‍ എഫ്-43 വിമാനങ്ങളെ വരെ കണ്ടെത്താന്‍ സാധിക്കും എന്നറിയുമ്പോഴാണ് ഈ ആയുധക്കച്ചവടത്തിലൂടെ ഇന്ത്യ എന്ത് നേട്ടം കൈവരിച്ചു എന്ന് മനസിലാവുക.

ഇതോടൊപ്പം മറ്റ് സുപ്രധാന മേഖലകളിലും റഷ്യയുടെ സഹകരണം നാം ഉറപ്പാക്കി. നാഗ്പൂര്‍-സെക്കന്തരാബാദ് റെയ്ല്‍ പാത നവീകരണത്തിനായി റഷ്യന്‍ സാങ്കേതിക സഹായം ലഭിക്കും. ഇന്ത്യയില്‍ പുതിയതായി 12 ആണവ നിലയങ്ങള്‍ സ്ഥാപിക്കാനും വേണ്ട സഹകരണം ഉണ്ടാവുമെന്ന് പുടിന്റെ പ്രഖ്യാപനത്തിലുണ്ട്. ഇന്ത്യയിലെ മിക്ക ആണവ നിലയങ്ങളും റഷ്യന്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മിച്ച് പ്രവര്‍ത്തിപ്പിക്കുന്നവയാണ്. താരാപ്പൂര്‍, കല്‍പ്പാക്കം, അടുത്തിടെ കമ്മീഷന്‍ ചെയ്ത കൂടംകുളം ഇവയെല്ലാം റഷ്യന്‍ നിര്‍മിതികളാണ്. കൂടംകുളം ആണവ നിലയത്തിലെ അഞ്ചും ആറും ഘട്ടങ്ങള്‍ കൂടി പൂര്‍ത്തീകരിക്കുന്നതോടെ ദക്ഷിണേന്ത്യ ഊര്‍ജ സ്വാശ്രയത്വം നേടും. മനുഷ്യനെ ബഹിരാകാശത്തെത്തിക്കാന്‍ ഇന്ത്യ ആവിഷ്‌കരിച്ചിരിക്കുന്ന ഗഗന്‍യാന്‍ പദ്ധതിക്കും റഷ്യന്‍ പിന്തുണയുണ്ട്. ലോകത്ത് ആദ്യമായി ബഹിരാകാശത്ത് മനുഷ്യനെ എത്തിച്ചതും പഴയ റഷ്യയാണ്; യൂറി ഗഗാറിനിലൂടെ.

2025 ഓടെ ഉഭയകക്ഷി വ്യാപാരം 3,000 കോടി ഡോളറായി ഉയര്‍ത്തുന്നതിലൂടെ അമേരിക്കയില്‍ നിന്നുള്ള ഇറക്കുമതി ചുങ്ക ഭീതി റഷ്യ നികത്തുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. കൃഷി, വിനോദ സഞ്ചാരം, ചെറുകിട വ്യവസായങ്ങള്‍, സാമ്പത്തിക വികസനം എന്നീ മേഖലകളിലും കരാറുകളായി എന്നതാണ് പുടിന്റെ ഇന്ത്യാ സന്ദര്‍ശനത്തിന്റെ ബാക്കി പത്രം.

ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി നിര്‍ത്തണമെന്ന അമേരിക്കന്‍ തിട്ടൂരം അക്ഷരംപ്രതി നിറവേറ്റിയ മോദി സര്‍ക്കാര്‍ എന്നാല്‍ റഷ്യയുമായുള്ള ഇടപാടുകള്‍ രാജ്യ സുരക്ഷയെ മുന്‍നിര്‍ത്തി കരുത്തോടെ മുന്‍പോട്ട് കൊണ്ട് പോകുകയാണ്. ഈയിടെ നടന്ന ടു പ്ലസ് ടു ചര്‍ച്ചയില്‍ അമേരിക്കയുമായ കോംകോസ (COMCASA) കരാറില്‍ ഒപ്പിട്ടതോടെ യുഎസ് നിരീക്ഷണത്തിലാണ് ഇപ്പോള്‍ ഇന്ത്യ. 2002 ല്‍ ഒപ്പിട്ട ജിഎസ്ഒഎംഐഎയും 2016 ല്‍ എത്തിച്ചേര്‍ന്ന എല്‍ഇഎംഒഎയും ഇനി ബാക്കിയുള്ള ബിഇസിഎ കരാറും പൂര്‍ത്തിയായാല്‍ ഇന്ത്യ പൂര്‍ണമായും നാറ്റോ (NATO) അംഗമാകുന്നതിന് തുല്യമാവും. അതുകൊണ്ടൊക്കെ തന്നെയാവണം മോദി-പുടിന്‍ ഉടമ്പടികളെ കുറിച്ച് ട്രംപ് തന്ത്രപരമായ മൗനം പാലിക്കുന്നതും.

പാക്കിസ്ഥാന്‍ ഇതിനകം തന്നെ അമേരിക്കയില്‍ നിന്ന് അത്യാധുനിക എഫ്-16 യുദ്ധവിമാനങ്ങളും ചൈനീസ് നിര്‍മിത ജെ-17 വിമാനങ്ങളും സ്വായത്തമാക്കിയിരിക്കുകയാണ്. ചൈനയ്ക്കാകട്ടെ 1,700 യുദ്ധ വിമാനങ്ങളുടെ കരുത്ത് ഇപ്പോള്‍ തന്നെയുണ്ട്. ഇക്കാരണത്താല്‍ കൂടിയാണ് സമയം പാഴാക്കാതെ മോദി ഇന്ത്യന്‍ പ്രതിരോധരംഗത്തെ ഏറ്റവും വലിയ ഇടപാടുകളില്‍ ഒപ്പുവച്ചതും. ദക്ഷിണേന്ത്യയിലെ ആയുധപന്തയം അമേരിക്കക്കും റഷ്യക്കും ഒരു പോലെ ഇഷ്ടവിഷയവുമാണ്. ആണവ ശക്തികളായ ഇന്ത്യയും പാക്കിസ്ഥാനും പിന്നെ ചൈനയും ആയുധ സംഭരണ മല്‍സരം കാഴ്ച്ച വെക്കുന്നതും പ്രതിരോധ ബജറ്റ് കൂട്ടുന്നതും പാശ്ചാത്യ ശക്തികളുടെ വരുമാനംവര്‍ധിപ്പിക്കുന്ന കാര്യം കൂടിയാണ്. അതുകൊണ്ട് തന്നെ ഒരു ഉപരോധം പുതിയതായി അമേരിക്ക ഏര്‍പ്പടുത്തുമെന്ന് തോന്നുന്നില്ല.

Comments

comments

Categories: FK Special, Slider
Tags: Putin-Modi