പ്ലഗ്-ഇന്‍ ഹൈബ്രിഡ് ജീപ്പ് റെനഗേഡ് നിര്‍മ്മിക്കും

പ്ലഗ്-ഇന്‍ ഹൈബ്രിഡ് ജീപ്പ് റെനഗേഡ് നിര്‍മ്മിക്കും

2020 ല്‍ ആഗോള അരങ്ങേറ്റം നടത്തും

ആംസ്റ്റര്‍ഡാം (നെതര്‍ലാന്‍ഡ്‌സ്) : ജീപ്പ് റെനഗേഡ് എസ്‌യുവിയുടെ പ്ലഗ്-ഇന്‍ ഹൈബ്രിഡ് വേര്‍ഷന്‍ നിര്‍മ്മിക്കുന്നതിന് തയ്യാറെടുപ്പുകള്‍ തുടങ്ങിയതായി ഫിയറ്റ് ക്രൈസ്‌ലര്‍ ഓട്ടോമൊബീല്‍സ് (എഫ്‌സിഎ). ഹൈബ്രിഡ്, ഇലക്ട്രിക് വാഹനങ്ങളെ ആശ്ലേഷിക്കാന്‍ ജീപ്പിന്റെ മാതൃ കമ്പനിയായ എഫ്‌സിഎ നേരത്തെ തീരുമാനിച്ചിരുന്നു. എഫ്‌സിഎയുടെ ഹൈബ്രിഡ്, ഇവി ദൗത്യത്തെ ജീപ്പ് എസ്‌യുവികളായിരിക്കും മുന്നില്‍നിന്ന് നയിക്കുന്നത്.

ഇന്ത്യന്‍ വിപണിയിലേക്കായി പുതിയ എസ്‌യുവി നിര്‍മ്മിക്കുമെന്ന് ഈ വര്‍ഷം ജൂണില്‍ എഫ്‌സിഎ വ്യക്തമാക്കിയിരുന്നു. ഇലക്ട്രിക്, ഹൈബ്രിഡ് കാറുകള്‍ക്കും എസ്‌യുവികള്‍ക്കുമായി അഞ്ച് വര്‍ഷത്തിനുള്ളില്‍ 10.3 ബില്യണ്‍ യുഎസ് ഡോളറിന്റെ നിക്ഷേപം നടത്തുമെന്നും അന്ന് പ്രഖ്യാപിക്കുകയുണ്ടായി. 2021 ഓടെ യൂറോപ്യന്‍ വിപണിയില്‍നിന്ന് ഡീസല്‍ എന്‍ജിനുകള്‍ ഒഴിവാക്കാനാണ് ജീപ്പിന്റെയും ഫിയറ്റിന്റെയും തീരുമാനം.

ജീപ്പ് റെനഗേഡ് പ്ലഗ്-ഇന്‍ ഹൈബ്രിഡ് 2020 ല്‍ ആഗോള അരങ്ങേറ്റം നടത്തും. ഇറ്റലിയിലെ മെല്‍ഫി മാനുഫാക്ച്ചറിംഗ് പ്ലാന്റിലായിരിക്കും ഉല്‍പ്പാദനം. സ്റ്റാന്‍ഡേഡ് വേര്‍ഷന്‍ ജീപ്പ് റെനഗേഡ്, ഫിയറ്റ് 500എക്‌സ് ക്രോസ്ഓവര്‍ എന്നിവ നിര്‍മ്മിക്കുന്നത് ഈ പ്ലാന്റിലാണ്.

പുതിയ എന്‍ജിന്‍ വികസിപ്പിക്കുന്നതിന് 200 ദശലക്ഷം യൂറോ ചെലവഴിക്കാനാണ് എഫ്‌സിഎ തയ്യാറായിരിക്കുന്നത്. 30 വ്യത്യസ്ത കാറുകള്‍ക്കും എസ്‌യുവികള്‍ക്കുമായി പന്ത്രണ്ട് ഇലക്ട്രിക് പ്രൊപല്‍ഷന്‍ സിസ്റ്റങ്ങളാണ് എഫ്‌സിഎയുടെ പദ്ധതി. ബാറ്ററി ഇലക്ട്രിക് വാഹനങ്ങള്‍, പ്ലഗ്-ഇന്‍ ഹൈബ്രിഡ് വാഹനങ്ങള്‍, ഫുള്‍ ഹൈബ്രിഡ് വാഹനങ്ങള്‍ എന്നിവ ഇതിലുള്‍പ്പെടും.

Comments

comments

Categories: Auto