ഇന്ധന വിതരണം മുടങ്ങുമെന്ന് എയര്‍ ഇന്ത്യക്ക് എണ്ണകമ്പനികളുടെ ഭീഷണി

ഇന്ധന വിതരണം മുടങ്ങുമെന്ന് എയര്‍ ഇന്ത്യക്ക് എണ്ണകമ്പനികളുടെ ഭീഷണി

ന്യൂഡെല്‍ഹി: എയര്‍ ഇന്ത്യക്കുമേല്‍ സമ്മര്‍ദം ചെലുത്തി ഇന്ത്യന്‍ ഓയില്‍ മാര്‍ക്കറ്റിംഗ് കമ്പനികള്‍. മുടങ്ങിക്കിടക്കുന്ന കുടിശ്ശിക അടച്ചുതീര്‍ത്തില്ലെങ്കില്‍ ഇന്ധന വിതരണം നിര്‍ത്തുമെന്നാണ് എണ്ണ കമ്പനികളുടെ ഭീഷണി. എട്ട് വിമാനത്താവളങ്ങളിലേക്കുള്ള ഇന്ധന വിതരണം മുടങ്ങുമെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ തിങ്കളാഴ്ച എയര്‍ ഇന്ത്യക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍, എയര്‍ ഇന്ത്യ ഒരു ബില്യണ്‍ രൂപയുടെ കുടിശ്ശിക അടച്ചതിനാല്‍ ഐഒസി വിതരണം നിര്‍ത്തിയിട്ടില്ല.
പ്രതിദിനം ഏകദേശം 220-230 മില്യണ്‍ രൂപയുടെ ഇന്ധനമാണ് എയര്‍ ഇന്ത്യ ഗ്രൂപ്പ് കമ്പനികള്‍ വാങ്ങുന്നത്. ഇന്ധന വില വര്‍ധിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ കുറച്ച് ആഴ്ചകളായി എയര്‍ ഇന്ത്യയുടെ പ്രതിദിന ഇന്ധന ചെലവ് വര്‍ധിച്ചിട്ടുണ്ട്. ഏകദേശം ഒരു ബില്യണ്‍ രൂപയുടെ കുടിശ്ശിക കമ്പനി അടച്ചതായും നിലവില്‍ കുടിശ്ശികയില്‍ വീഴ്ച വരുത്തിയിട്ടില്ലെന്നും കമ്പനി വൃത്തങ്ങള്‍ പ്രസ്താവനയിലൂടെ അറിയിച്ചു.
എയര്‍ ഇന്ത്യയുടെ വിമാന നിരക്കുകളില്‍ വര്‍ധനയുണ്ടായിട്ടുണ്ട്. പതിവുതെറ്റിക്കാതെ കുടിശ്ശിക അടയ്ക്കുന്നതിനുള്ള പണം കണ്ടെത്താന്‍ ഇതുവഴി കമ്പനിക്ക് കഴിയും. ഇന്ധന വിതരണത്തില്‍ യാതൊരു തടസവും വന്നിട്ടില്ലെന്നും കമ്പനിയുടെ പ്രവര്‍ത്തനം സാധാരണ രീതിയില്‍ മുന്നോട്ടുപോകുന്നതായും എയര്‍ ഇന്ത്യ അറിയിച്ചു.
എയര്‍ ഇന്ത്യയെ കടബാധ്യതയില്‍ നിന്ന് രക്ഷിക്കുന്നതിന് ഒരു പ്രത്യകോദ്യേശ കമ്പനി രൂപീകരിക്കുന്നതടക്കമുള്ള നടപടികളെ കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. നേരത്തേ എയര്‍ ഇന്ത്യയുടെ ഭൂരിപക്ഷ ഓഹരികള്‍ വിറ്റഴിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമം പരാജയപ്പെട്ടിരുന്നു.

Comments

comments

Categories: FK News
Tags: Air India