സര്‍ക്കാര്‍ സ്‌കൂളില്‍ സൗജന്യ ഉച്ചഭക്ഷണമൊരുക്കി ‘അക്ഷയപാത്ര’

സര്‍ക്കാര്‍ സ്‌കൂളില്‍ സൗജന്യ ഉച്ചഭക്ഷണമൊരുക്കി ‘അക്ഷയപാത്ര’

സര്‍ക്കാര്‍ സ്‌കൂളുകളിലും സര്‍ക്കാര്‍ സഹായം ലഭ്യമാകുന്ന സ്‌കൂളുകളിലും ഭക്ഷണം എത്തിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി 2000 ല്‍ ബെംഗളൂരു ആസ്ഥാനമായാണ് അക്ഷയപാത്രയുടെ തുടക്കം. കോര്‍പ്പറേറ്റുകളുടേയും വ്യക്തികളുടേയും സംഭാവനകളുടെ സഹായത്താല്‍ അഞ്ചോളം സ്‌കൂളുകളിലായി 1500 കുട്ടികള്‍ക്ക് ഭക്ഷണം നല്‍കിയ ആരംഭിച്ച പ്രസ്ഥാനം ഇന്ന് 12 സംസ്ഥാനങ്ങളിലായി ദിവസേന 17 ലക്ഷത്തോളം കുട്ടികള്‍ ഭക്ഷണം നല്‍കിവരുന്നു

 

വിദ്യാഭ്യാസവും വിശപ്പും തമ്മില്‍ ബന്ധമുണ്ടോ? അതെ എന്നാണ് ഉത്തരം. ദിവസേന വിശപ്പ് സഹിച്ച് മിക്ക കുട്ടികള്‍ക്കും പഠിക്കാനാകില്ല. പഠിത്തം അവസാനിപ്പിച്ച് ജോലി തേടിപ്പോകാനാകും രക്ഷിതാക്കളും കുട്ടികളും താല്‍പ്പര്യം കാണിക്കുക. സര്‍ക്കാര്‍ സ്‌കൂളുകളില്‍ ദിവസേന സൗജന്യ ഉച്ചഭക്ഷണം എത്തിച്ചുകൊണ്ടാണ് അക്ഷയപാത്ര ഫൗണ്ടേഷന്‍ എന്ന പേരിലുള്ള എന്‍ജിഒ കുട്ടികളുടെ വിദ്യാഭ്യാസത്തിന് പിന്തുണ നല്‍കുന്നത്. ഇന്ത്യയില്‍ ഒരു കുട്ടിക്കും വിശപ്പിന്റെ പേരില്‍ വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്ന സാഹചര്യം സൃഷ്ടിക്കാതിരിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ബെംഗളൂരു ആസ്ഥാനമായി ഈ സംഘടന പ്രവര്‍ത്തിക്കുന്നത്.

ഇന്ത്യയില്‍ നിലവില്‍ 12 സംസ്ഥാനങ്ങളിലായി 14,314 സ്‌കൂളുകളിലാണ് അക്ഷയപാത്ര ദിവസേന ഭക്ഷണം എത്തിക്കുന്നത്. ഏകദേശം 17 ലക്ഷം കുട്ടികള്‍ക്കാണ് സംഘടന ഉച്ചഭക്ഷണം നല്‍കി വരുന്നത്. സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കാനും പദ്ധതിയിടുന്നു. കുട്ടികളുടെ വിശപ്പ് മാറ്റാന്‍ മാത്രമല്ല, ഉച്ചഭക്ഷണം തയാറാക്കുന്നതിനും വിതരണത്തിനും മറ്റുമായി നിരവധി ആളുകള്‍ക്ക് തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിനും അവരെ സാമ്പത്തികപരമായും സാമൂഹ്യപരമായും ശക്തരാക്കുന്നതിനും ഇവര്‍ മുന്‍കൈയെടുക്കുന്നു.

എല്ലാവര്‍ക്കും ഭക്ഷണം

സര്‍ക്കാര്‍ സ്‌കൂളുകളിലും സര്‍ക്കാര്‍ സഹായം ലഭ്യമാകുന്ന സ്‌കൂളുകളിലും ഭക്ഷണം എത്തിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി 2000 ല്‍ ബെംഗളൂരു ആസ്ഥാനമായാണ് അക്ഷയപാത്രയുടെ തുടക്കം. കോര്‍പ്പറേറ്റുകളുടേയും വ്യക്തികളുടേയും സംഭാവനകളുടെ സഹായത്താല്‍ അഞ്ചോളം സ്‌കൂളുകളിലായി 1500 കുട്ടികള്‍ക്ക് ഭക്ഷണം നല്‍കിയ ആരംഭിച്ച പ്രസ്ഥാനം ഇന്ന് 12 സംസ്ഥാനങ്ങളിലായി 14,314 സ്‌കൂളുകളില്‍ ദിവസേന 17 ലക്ഷത്തോളം കുട്ടികളുടെ വിശപ്പിനാണ് പരിഹാരം കാണുന്നത്. കഴിഞ്ഞ പതിനേഴ് വര്‍ഷമായി ഈ ഉച്ചഭക്ഷണ പദ്ധതിക്ക് യാതൊരുവിധ തടസവും വരുത്തിയിട്ടില്ല എന്നതും അക്ഷയപാത്രയുടെ പ്രത്യേക സവിശേഷതയാണ്.

2016 ല്‍ 2 ബില്യണ്‍ കുട്ടികള്‍ക്ക് ഭക്ഷണം നല്‍കുന്ന സംഘടനയായി പേരെടുത്ത പ്രസ്ഥാനം 2020 ഓടെ അഞ്ച് ദശലക്ഷം സ്‌കൂളുകളില്‍ സൗജന്യമായി ഉച്ചഭക്ഷണം എത്തിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. 2003ല്‍ പൊതു സ്വകാര്യ-പങ്കാളിത്തത്തോടെ പ്രവര്‍ത്തിക്കുന്ന ആദ്യ എന്‍ജിഒ എന്ന ഖ്യാദി നേടിയ സംഘടന കര്‍ണാടകത്തിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഉച്ചഭക്ഷണം ലഭ്യമാക്കുന്നതിനായി കരാറില്‍ ഒപ്പുവെച്ചിരുന്നു.

കേന്ദ്രീകൃത, വികേന്ദ്രീകൃത മാതൃകയിലുള്ള പാചകപ്പുരകള്‍

ഭക്ഷണസാധനങ്ങള്‍ ശേഖരിക്കുന്ന തയാറാക്കുന്നതും അവയുടെ വിതരണ പ്രവര്‍ത്തനങ്ങളും നടക്കുന്നത് അക്ഷയപാത്രയുടെ കേന്ദ്രീകൃത പാചകപ്പുരകളിലാണ്. ഇവിടെ ഭക്ഷണം ശേഖരിച്ചു വെക്കുന്ന വലിയ പാത്രങ്ങള്‍ മുതല്‍ ട്രോളികള്‍, ദാല്‍-സാമ്പാര്‍ ടാങ്കുകള്‍, കട്ടിംഗ് ബോര്‍ഡ്, കത്തി എന്നിവയെല്ലാം ഉണ്ടായിരിക്കും. ഏകദേശം നാലു മണിക്കൂറിനുള്ളില്‍ ഒരു ലക്ഷത്തില്‍ പരം കുട്ടികള്‍ക്കുള്ള ഭക്ഷണം ഇവിടെ തയാറാക്കപ്പെടുന്നു. ശരിയായ വൃത്തി കാത്തു സൂക്ഷിക്കുന്നതിനായി ജോലിക്കാര്‍ ഭക്ഷണവുമായി നേരിട്ട് സ്പര്‍ശിക്കാത്ത വിധത്തില്‍ യന്ത്രവല്‍കൃത ക്രമീകരണമാണെന്നും അക്ഷയപാത്രയുടെ ചെയര്‍മാനായ മധു പണ്ഡിത് ദാസ പറയുന്നു. മനുഷിക പ്രയത്‌നം ഒഴിവാക്കി യന്ത്രവല്‍കൃത രീതിയിലൂടെയാണ് റൊട്ടി നിര്‍മാണവും നടക്കുന്നത്. 1200 ഗോതമ്പില്‍ വെറും ഒരു മണിക്കൂറിനുള്ളില്‍ 40,000 റോട്ടികളാണ് ഇതുവഴി നിര്‍മിക്കപ്പെടുന്നത്.

രാജസ്ഥാനിലെ ബാരന്‍, ഒഡിഷയിലെ നയാഗര്‍ എന്നിവിടങ്ങളിലാണ് വികേന്ദ്രീകൃത മാതൃകയിലുള്ള പാചകപ്പുരകള്‍ വഴി അക്ഷയപാത്ര ഭക്ഷണം എത്തിക്കുന്നത്. സ്വയം സഹായ സംഘടനയുടെ സഹായത്തോടെയാണ് ഇവിടെ ഭക്ഷണം തയാറാക്കുന്നത്. കൃത്യമായ മാര്‍ഗനിര്‍ദേശങ്ങളിലൂടെയും മേല്‍നോട്ടത്തിലൂടെയും സ്ത്രീകളെ ഇവിടെ ജോലിക്കാരായി നിയമിച്ചിട്ടുണ്ട്. സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്ന ഏറ്റവും കുറവ് വേതനമായ 5600 രൂപയാണ് ഇവര്‍ക്ക് പ്രതിമാസം നല്‍കി വരുന്നത്.

ഭക്ഷ്യ സുരക്ഷാ മാനേജ്‌മെന്റ് സംവിധാനം നിര്‍ദേശിച്ചിരിക്കുന്ന എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടുള്ള പ്രവര്‍ത്തനമാണ് അക്ഷയപാത്ര നടപ്പിലാക്കി വരുന്നത്. ഭക്ഷണം തയാറാക്കിയ ശേഷം സ്റ്റെയ്ന്‍ലെസ് സ്റ്റീല്‍ കണ്ടെയ്‌നറുകളിലാക്കുന്ന ഭക്ഷണം പ്രത്യേകം തയാറാക്കിയ വാഹനങ്ങളില്‍ നിര്‍ദിഷ്ട സ്‌കൂളില്‍ വിതരണം ചെയ്യും. 40 കിലോമീറ്റര്‍ ദൂരപരിധിയിലുള്ള സ്‌കൂളുകളില്‍ വരെ ചൂടോടെ ഭക്ഷണം എത്തിക്കാന്‍ കഴിയുന്ന സംവിധാനമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

അക്ഷയപാത്രയുടെ ഭക്ഷണ വിതരണ വാനുകള്‍ ജിപിഎസ് സംവിധാനം ഘടിപ്പിച്ചിട്ടുള്ളവയാണ്. ഭക്ഷണം തയാറാക്കുന്നതിന്റെയും വിതരണത്തിന്റെ ഓരോ ഘട്ടങ്ങളും കൃത്യമായി നീരക്ഷിക്കാനുള്ള സംവിധാനവും നടപ്പിലാക്കിയിട്ടുണ്ട്. കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് ഉച്ചഭക്ഷണ പദ്ധതി വികസിപ്പിക്കുന്നതിന്റെ ഭാഗമായി അവിടങ്ങളില്‍ ഭക്ഷണപ്പുരകള്‍ സ്ഥാപിക്കുന്നതിനായുള്ള തയാറെടുപ്പിലാണിപ്പോള്‍ അക്ഷയപാത്ര.

Comments

comments

Categories: Top Stories