കേരള ബാങ്ക് രൂപീകരണത്തിന് ജില്ലാ സഹകരണ ബാങ്കുകളെ ലയിപ്പിക്കും

കേരള ബാങ്ക് രൂപീകരണത്തിന് ജില്ലാ സഹകരണ ബാങ്കുകളെ ലയിപ്പിക്കും

തിരുവനന്തപുരം: കേരള സഹകരണ ബാങ്ക് രൂപീകരിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സഹകരണ ബാങ്കിനെയും പതിനാല് ജില്ലാ സഹകരണ ബാങ്കുകളെയും ലയിപ്പിച്ച് ഹ്രസ്വകാല വായ്പാ സഹകരണ സംഘങ്ങളെ ത്രിതലത്തില്‍ നിന്നും ദ്വിതലത്തിലേക്ക് മാറ്റാന്‍ ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. റിസര്‍വ് ബാങ്ക് മുന്നോട്ടുവെച്ച നിബന്ധനകള്‍ക്ക് വിധേയമായാണ് ഈ മാറ്റം വരുത്തുക.

കുറ്റകൃത്യങ്ങളുടെ സ്വഭാവത്തിന്റെ അടിസ്ഥാനത്തില്‍ വിഭജിച്ചിരുന്ന ക്രൈംബ്രാഞ്ചിനെ റവന്യു ജില്ലാ അടിസ്ഥാനത്തില്‍ എസ്.പി.മാര്‍ക്ക് ചുമതല നല്‍കി പുനഃസംഘടിപ്പിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു.

തിരുവനന്തപുരം ജില്ലയിലെ തൈക്കാട് വില്ലേജില്‍ എക്‌സൈസ് ടവര്‍ സ്ഥാപിക്കുന്നതിന് 14.52 ആര്‍ സര്‍ക്കാര്‍ പുറമ്പോക്കു ഭൂമി ഉപയോഗിക്കുന്നതിന് എക്‌സൈസ് വകുപ്പിന് അനുമതി നല്‍കാന്‍ തീരുമാനിച്ചു.

വിക്രംസാരഭായി സ്‌പെയ്‌സ് സെന്ററിന് സ്‌പെയ്‌സ് സിസ്റ്റം കോംപ്ലക്‌സ് സ്ഥാപിക്കുന്നതിന് നോളജ് സിറ്റിയിലെ 3.94 ഏക്കര്‍ ഭൂമി ഏക്കറിന് ഒരു രൂപ നിരക്കില്‍ 90 വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കാന്‍ ടെക്‌നോപാര്‍ക്കിന് അനുമതി നല്‍കാന്‍ തീരുമാനിച്ചു. .

സംസ്ഥാനത്തെ റോഡ് ശൃംഗലകളിലൂടെ ഓപ്ടിക്കല്‍ ഫൈബര്‍ കേബിള്‍ ഇടുന്നതിന് ടെലികോം സേവനദാതാക്കള്‍ക്കും അടിസ്ഥാന സൗകര്യം ഒരുക്കുന്ന കമ്പനികള്‍ക്കും ഉപയോഗാനുമതി (റൈറ്റ് ഓഫ് വേ) നല്‍കുന്നതിന് കേരള സ്റ്റേറ്റ് ഐടി മിഷന്‍ ഒറ്റത്തവണയായി ഈടാക്കുന്ന തുക പൂര്‍ണ്ണമായും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വകയിരുത്താന്‍ തീരുമാനിച്ചു. ഇപ്പോള്‍ കിലോമീറ്ററിന് 75,000 രൂപ നിരക്കിലാണ് ഐടി മിഷന്‍ ഒറ്റത്തവണയായി തുക ഈടാക്കുന്നത്. നിലവില്‍ റോഡിന്റെ ചുമതലയുളള വകുപ്പിനാണ് തുക കൈമാറുന്നത്.

മലപ്പുറം ജില്ലയിലെ എടക്കര ആയുര്‍വേദ ഡിസ്‌പെന്‍സറി 30 കിടക്കയുളള ആശുപത്രിയായി ഉയര്‍ത്താന്‍ തീരുമാനിച്ചു. ഇതിനുവേണ്ടി 12 തസ്തികകള്‍ സൃഷ്ടിക്കും. അട്ടപ്പാടിയിലെ മുന്‍സിഫ് മജിസ്‌ട്രേറ്റ് കോടതിയില്‍ 22 തസ്തികകള്‍ സൃഷ്ടിക്കും.

കണ്ണൂര്‍ ജില്ലയിലെ മുണ്ടല്ലൂര്‍ ആയുര്‍വേദ ഡിസ്‌പെന്‍സറിയില്‍ ഒരു ഫാര്‍മസിസ്റ്റ് ഗ്രേഡ് 2 തസ്തിക സൃഷ്ടിക്കാന്‍ തീരുമാനിച്ചു.കയര്‍ഫെഡിലെ മാനേജീരിയല്‍ വിഭാഗം ജീവനക്കാരുടെ ശമ്പളവും മറ്റ് അലവന്‍സുകളും പരിഷ്‌കരിക്കാന്‍ തീരുമാനിച്ചു.

ആസൂത്രണ സാമ്പത്തികകാര്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. വിശ്വാസ മേത്തക്ക് ഹൗസിംഗ് വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ അധിക ചുമതല കൂടി നല്‍കാന്‍ തീരുമാനിച്ചു.

കായിക യുവജനകാര്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. എ. ജയതിലക്, തുറമുഖം, ഉദ്യോഗസ്ഥ ഭരണപരിഷ്‌കാരം എന്നീ വകുപ്പുകളുടെ അധിക ചുമതല കൂടി വഹിക്കും.വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ. ഇളങ്കോവന്‍ പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അധിക ചുമതല കൂടി വഹിക്കും.പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയെ പാര്‍ലമെന്ററികാര്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി മാറ്റി നിയമിച്ചു.

Comments

comments

Categories: Current Affairs, Slider