സ്വകാര്യ സുരക്ഷാ വ്യവസായത്തിന് ജിഎസ്ടിയുടെ തിരിച്ചടി

സ്വകാര്യ സുരക്ഷാ വ്യവസായത്തിന് ജിഎസ്ടിയുടെ തിരിച്ചടി

ചരക്ക് സേവന നികുതി നടപ്പാക്കി ഒരു വര്‍ഷം പിന്നിട്ട ശേഷവും നിരവധി മേഖലകളില്‍ കാര്യങ്ങള്‍ സ്ഥിരത കൈവരിച്ചിട്ടില്ല. സ്വകാര്യ സുരക്ഷാ ഏജന്‍സികളുടെ മേല്‍ ഏര്‍പ്പെടുത്തിയ 18 ശതമാനം നികുതി ലഘൂകരിച്ച് അഞ്ച് ശതമാനമാക്കണമെന്നാണ് മേഖല ശക്തമായി ഉന്നയിക്കുന്ന ആവശ്യം. സാമ്പത്തികമായി ഞെരുക്കം അനുഭവിക്കുകയാണെന്നും നികുതി കുറച്ചില്ലെങ്കില്‍ പിടിച്ചു നില്‍ക്കുക പ്രയാസമാകുമെന്നും സര്‍ക്കാരിനെ വ്യവസായികള്‍ അറിയിച്ചു കഴിഞ്ഞു. കൃഷിക്ക് ശേഷം രാജ്യത്തെ രണ്ടാമത്തെ വലിയ തൊഴില്‍ ദാതാക്കളായ മേഖലയുടെ ആവശ്യം അവഗണിക്കാന്‍ സര്‍ക്കാരിന് കഴിയില്ല.

വിക്രം സിംഗ്

 

ചരക്ക് സേവന നികുതി (ജിഎസ്ടി) നടപ്പിലാക്കിയ കേന്ദ്ര സര്‍ക്കാരിന്റെ നടപടിക്ക് വിവിധ വ്യാവസായിക മേഖലകളില്‍ നിന്ന് വലിയ പ്രശംസകളാണ് ലഭിച്ചത്. എന്നാല്‍ പുതിയ നികുതിക്രമം അതിദാരുണമായി ബാധിക്കപ്പെട്ട ചില മേഖലകളും ഉണ്ടെന്നത് കാണാതിരിക്കാനാവില്ല. സ്വകാര്യ സുരക്ഷാ ഏജന്‍സികളാണ് വലിയ തിരിച്ചടിയേറ്റ ഒരു മേഖല. മറ്റ് മേഖലകള്‍ക്ക് സുരക്ഷ ഉറപ്പു വരുത്തുന്ന ഈ മേഖല, പുതിയ നികുതി സമ്മര്‍ദത്തിനു കീഴില്‍ ഏറെ അസുരക്ഷിതവും അസ്ഥിരവുമായി കാണപ്പെട്ടു.

കണക്കുകള്‍ പരിശോധിച്ചാല്‍, സ്ത്രീകളും പുരുഷന്‍മാരുമുള്‍പ്പടെ ഏതാണ്ട് ഒന്‍പത് ദശലക്ഷം ആളുകള്‍ ഇന്ത്യയിലെ സ്വകാര്യ സുരക്ഷാ കമ്പനികളില്‍ (പിഎസ്‌ഐ) തൊഴിലെടുക്കുന്നുണ്ടെന്നു കാണാം. കൂടാതെ, 2022ഓടെ 3.1 ദശലക്ഷം പേര്‍ക്ക് കൂടി ജോലി നല്‍കാനുള്ള ശേഷി മേഖലക്കുണ്ട്. വളരെ ചെറിയ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന ചെറുകിട-ഇടത്തരം സെക്യൂരിറ്റി ഏജന്‍സികളാണ് മേഖലയില്‍ പ്രധാനമായും ഉള്ളതെന്നതിനാല്‍ തന്നെ വലിയ വിഭാഗം വരുന്ന ആളുകളുടെ ഉപജീവനമാര്‍ഗം അപകടത്തിലാണ്. ഇത്തരത്തിലുള്ള ചെറുകിട, ഇടത്തരം സംരംഭങ്ങളെ (എസ്എംഇ) സംബന്ധിച്ച് ജീവനക്കാര്‍ക്ക് പ്രതിമാസ ശമ്പളം വിതരണം ചെയ്യുന്നത് പോലും ഒരു വെല്ലുവിളിയാണ്. തങ്ങളുടെ മൊത്ത വരുമാനത്തിനുമേല്‍ 18 ശതമാനത്തോളമുള്ള നികുതി ഭാരം കൂടി വരുന്നത് അവരുടെ നിലനില്‍ക്കുന്ന അസ്ഥിരമായ സാമ്പത്തികാവസ്ഥയെ കൂടുതല്‍ വഷളാക്കും.

വാസ്തവത്തില്‍, 18 ശതമാനം ജിഎസ്ടി എന്നത് രാജ്യത്തെ ഭൂരിഭാഗം സ്വകാര്യ സുരക്ഷാ ഏജന്‍സികള്‍ക്കും സാമ്പത്തിക വിനിമയവുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. ഇതിന് പകരം, മൊത്ത വരുമാനത്തിന്‍ മേല്‍ അഞ്ച് ശതമാനം ജിഎസ്ടിയോ കമ്മീഷനില്‍ മാത്രം 18 ശതമാനം ജിഎസ്ടിയോ ആയിരിക്കും മേഖലയെ സംബന്ധിച്ചും അതില്‍ ജോലി ചെയ്യുന്നവരെ സംബന്ധിച്ചും കൂടുതല്‍ പ്രായോഗികം. എല്ലാ മാസവും 20ാം തീയതിക്കകം ജിഎസ്ടി അടക്കാന്‍ സെക്യൂരിറ്റി സ്ഥാപനങ്ങള്‍ ബാധ്യസ്ഥരാണ്. 60 മുതല്‍ 90 ദിവസത്തിനു ശേഷം ഇടപാടുകള്‍ ഇന്‍വോയ്‌സ് ക്ലിയര്‍ ചെയ്യുന്ന പ്രവണതയാണ് മേഖലയില്‍ സാധാരണയായി ഉള്ളത്. ഇപ്പോഴത്തെ അസന്തുലിതാവസ്ഥ കടുത്ത സാമ്പത്തിക പ്രതിസന്ധി തന്നെയാണ് സൃഷ്ടിക്കുന്നത്. കാര്‍ഷിക മേഖല കഴിഞ്ഞാല്‍ രാജ്യത്തെ രണ്ടാമത്തെ വലിയ തൊഴില്‍ദാതാവാണ് പിഎസ്‌ഐ. ബിസിനസ് അടച്ചുപൂട്ടുന്നത് ഒഴിവാക്കാന്‍ മിക്ക സുരക്ഷാ സ്ഥാപനങ്ങളും തങ്ങളുടെ ജീവനക്കാരുടെ എണ്ണം കുറക്കുന്നതിന് നിര്‍ബന്ധിതരായിരിക്കുന്നു.

ജിഎസ്ടി കമ്മീഷണര്‍ക്കും, ധനകാര്യ മന്ത്രാലയത്തിനും മുന്‍പില്‍ മേഖലയിലെ പ്രമുഖര്‍ ഇതിനോടകം തന്നെ തങ്ങളുടെ ആശങ്കകള്‍ അറിയിച്ചു കഴിഞ്ഞു. റെയ്ല്‍വേ മന്ത്രി പീയുഷ് ഗോയല്‍ ഉള്‍പ്പടെയുള്ള മന്ത്രിമാര്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും രേഖാമൂലമുള്ള നിവേദനങ്ങളും നല്‍കിയിട്ടുണ്ട്. എന്നാല്‍ സഹാനുഭൂതി നിറഞ്ഞ വാക്കുകള്‍ ഒഴിച്ച് ഇതുവരെ വ്യക്തമായ തീരുമാനങ്ങളൊന്നും കൈക്കൊണ്ടിട്ടില്ല. ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ ഈ സഹാനുഭൂതി ദശലക്ഷക്കണക്കിനു വരുന്ന ആളുകളുടെ ഉപജീവനത്തെയും അവരെ ആശ്രയിച്ചു ജീവിക്കുന്നവരുടെ ഭാവിയേയും ഒരിക്കലും സംരക്ഷിക്കില്ല. മേഖലക്ക് ദീര്‍ഘകാലം ഈ വലിയ നഷ്ടം സഹിക്കാനും സാധിക്കില്ല. സര്‍ക്കാരില്‍ നിന്ന് അനുകൂലമായ നീക്കമാണ് പ്രതീക്ഷിക്കുന്നത്. നിലവിലെ 18 ശതമാനം ജിഎസ്ടി അഞ്ച് ശതമാനമാക്കി കുറക്കുകയാണ് വേണ്ടത്.

ഫിക്കിയും മാനേജ്‌മെന്റ് കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ബിഡിഒയും നടത്തിയ സംയുക്ത പഠന പ്രകാരം, സംഘടിത പിഎസ്‌ഐ മേഖല പ്രതിവര്‍ഷം 20 ശതമാനത്തോളം വളരുന്നുണ്ട്. 2022ഓടെ മേഖലയുടെ മൂല്യം 1.5 ലക്ഷം കോടിയിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ആഭ്യന്തര സുരക്ഷയില്‍ സര്‍ക്കാര്‍ സംവിധാനത്തെ സഹായിക്കുന്നതും ഗ്രാമങ്ങളില്‍ നിന്ന് നഗരങ്ങളിലേക്ക് കുടിയേറിയവര്‍ക്കും, സര്‍വീസില്‍ നിന്ന് വിരമിച്ച ആളുകള്‍ക്കും തൊഴില്‍ നല്‍കുന്നതുമായ മേഖലക്ക് അതീവ പ്രാധാന്യം തന്നെയാണ് ഉള്ളത്. അതുകൊണ്ടു തന്നെ 18 ശതമാനം ജിഎസ്ടി ചുമത്താനുള്ള സര്‍ക്കാര്‍ തീരുമാനം യുക്തിരഹിതമാണെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.

എന്നു മാത്രമല്ല, തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചു വരുന്ന ഇന്നത്തെ കാലത്ത്, നിരുല്‍സാഹപ്പെടുത്തുന്ന നയങ്ങളേക്കാള്‍, മേഖലയെ അഭിവൃദ്ധിപ്പെടുത്താന്‍ അഭികാമ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണം. പിഎസ്‌ഐ ഒരു തൊഴിലാളി കേന്ദ്രീകൃത മേഖലയാണെന്നതിനാലും ശമ്പള വിതരണത്തിനാണ് ഏറ്റവും കൂടുതല്‍ ചെലവ് ഇവിടെ വേണ്ടത് എന്നതിനാലും നിലവിലെ നികുതി നിരക്ക് പരിഷ്‌കരിക്കേണ്ടതുണ്ട്. അതുകൊണ്ടുതന്നെ, ജിഎസ്ടി നിരക്കുകള്‍ കുറക്കുകയോ സേവന ദാതാക്കളില്‍ നിന്ന് സേവന ഉപയോക്താക്കളിലേക്ക് നികുതി ബാധ്യത മാറ്റുകയോ ചെയ്യണം. 15,000 എംഎസ്എംഇകളെയും ദശലക്ഷക്കണക്കിന് ഗാര്‍ഡ്മാരെയും തങ്ങളുടെ തൊഴില്‍ സംരക്ഷിക്കാന്‍ ഈ നീക്കം സഹായിക്കും.

(സെന്‍ട്രല്‍ അസോസിയേഷന്‍ ഓഫ് പ്രൈവറ്റ് സെക്യൂരിറ്റി ഇന്‍ഡസ്ട്രിയുടെ ചെയര്‍മാനാണ് ലേഖകന്‍)
കടപ്പാട്: ഐഎഎന്‍എസ്

Comments

comments

Categories: FK Special, Slider
Tags: GST