മുന്തിരി കൃഷിയില്‍ റെക്കോര്‍ഡ് ഉല്‍പ്പാദനം പ്രതീക്ഷിച്ച് കര്‍ഷകര്‍

മുന്തിരി കൃഷിയില്‍ റെക്കോര്‍ഡ് ഉല്‍പ്പാദനം പ്രതീക്ഷിച്ച് കര്‍ഷകര്‍

യൂറോപ്യന്‍ യൂണിയന്റെ കര്‍ശന നിര്‍ദേശങ്ങള്‍ക്കനുസരിച്ചാണ് ഇത്തവണ ഇന്ത്യന്‍ കര്‍ഷകര്‍ മുന്തിരി ഉല്‍പ്പാദിപ്പിക്കുന്നത്

പൂനെ: മഹാരാഷ്ട്രയില്‍ ആദ്യ സീസണിലെ മുന്തിരി വിളവെടുപ്പ് ആരംഭിച്ചു. രാജ്യത്ത് ഏറ്റവും കൂടുതല്‍ മുന്തിരികള്‍ ഉല്‍പ്പാദിപ്പിക്കുന്നതും കയറ്റുമതി ചെയ്യുന്നതുമായ സംസ്ഥാനമാണ് മഹാരാഷ്ട്ര. അനുകൂലമായ കാലവസ്ഥയായതിനാല്‍ ഈ വര്‍ഷം രാജ്യത്തെ മുന്തിരി ഉല്‍പ്പാദനവും കയറ്റുമതിയും റെക്കോഡ് ഉയരത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ വര്‍ഷം ഏറ്റവും കൂടുതല്‍ വിളവെടുപ്പ് നടത്താമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഇന്ത്യയിലെ ഏറ്റവും വലിയ മുന്തിരി കയറ്റുമതി കമ്പനിയായ സഹ്യാദ്രി ഫാമിന്റെ സിഇഒ വിലാസ് ഷിന്‍ഡെ പറഞ്ഞു.
നവംബര്‍ മാസം മുതലാണ് ആഭ്യന്തര വിപണികളിലേക്ക് മുന്തിരി വില്‍പ്പനയ്ക്കായി എത്തുക. ജനുവരിയോടെയാണ് മുന്തിരി വില്‍പ്പന ഉയര്‍ന്ന നിലയിലെത്തുക. എങ്കിലും ഇന്ത്യയുടെ വൈന്‍ തലസ്ഥാനമായ നാസിക്കില്‍ നേരത്തെ തന്നെ മുന്തിരിയുടെ വിളവെടുപ്പ് തുടങ്ങിയിട്ടുണ്ട്. ചില വടക്കന്‍ സംസ്ഥാനങ്ങളിലേക്കും ബംഗ്ലാദേശിലേക്കുമാണ് ഇവിടെ നിന്നും മുന്തിരി കയറ്റുമതി ചെയ്യുന്നത്.
വിളകളുടെ ആരോഗ്യത്തെ സംബന്ധിച്ച യൂറോപ്യന്‍ യൂണിയന്റെ കര്‍ശന നിര്‍ദേശങ്ങള്‍ക്കനുസരിച്ചാണ് ഇത്തവണ ഇന്ത്യന്‍ കര്‍ഷകര്‍ മുന്തിരി ഉല്‍പ്പാദിപ്പിക്കുന്നത്. കയറ്റുമതിക്കെതിരായ നടപടികളോ കാലാവസ്ഥാ മാറ്റമോ ഇല്ലെങ്കില്‍ കഴിഞ്ഞ വര്‍ഷത്തെ കയറ്റുമതിയേക്കാള്‍ ഈ വര്‍ഷം കൂടുതല്‍ മുന്തിരി കയറ്റുമതി ചെയ്യാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഗ്രേപ്പ് എക്‌സ്‌പോര്‍ട്ടേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ പ്രസിഡന്റ് ജഗന്നാഥ് ഖാപ്രെ പറഞ്ഞു.
മഹീന്ദ്ര അഗ്രിബിസിനസ്, ഫ്രെഷ്‌ട്രോപ്പ് ഫ്രൂട്ട്‌സ് എന്നിവയാണ് മുന്തിരി കയറ്റുമതി ചെയ്യുന്ന മറ്റ് പ്രധാന കമ്പനികള്‍. 2017-18 വര്‍ഷത്തില്‍ യൂറോപ്യന്‍ യൂണിയനിലേക്ക് ഇന്ത്യയില്‍ നിന്നും 92,286 ടണ്‍ മുന്തിരിയാണ് കയറ്റുമതി ചെയ്തത്. 2016-17ല്‍ ഇത് 1,01,789 ടണ്‍ ആയിരുന്നു.

Comments

comments

Categories: Current Affairs