സംരംഭം സമൂഹത്തിന്റെ അവശ്യഘടകം

സംരംഭം സമൂഹത്തിന്റെ അവശ്യഘടകം

ഉപഭോക്താക്കളുടെ കാഴ്ചപ്പാടുകള്‍ മാറ്റാന്‍ മനശാസ്ത്രപരമായി സമീപനം അവലംബിക്കണം

സംരംഭം തുടങ്ങുന്നതിനേക്കാള്‍ പ്രയാസം അത് മുമ്പോട്ടു കൊണ്ടു പോകാനാണ്. പലപ്പോഴും പണമുണ്ടെങ്കില്‍ ഒരു വ്യാപാരം തുടങ്ങാമെന്ന മനസ്ഥിതിയുമായി മുമ്പോട്ടു വരുന്നവര്‍ പരാജയപ്പെടുന്നത് കാണാം. സംരംഭകരാകാന്‍ ഇന്നു പ്രായ, ലിംഗഭേദമെന്യേ ആളുകള്‍ രംഗത്തു വരുന്നുണ്ട്. സ്വന്തമായി ബിസിനസ് ആരംഭിക്കാന്‍ വീട്ടമ്മമാര്‍ മുതല്‍ സ്‌കൂള്‍വിദ്യാര്‍ത്ഥികള്‍ വരെ ഇന്നു സന്നദ്ധരാകുന്നുണ്ട്. മൂലധനം ഉണ്ടെങ്കില്‍ ആര്‍ക്കും സംരംഭകരാകാമെന്നുള്ള ആത്മവിശ്വാസവും സ്വാതന്ത്ര്യവും എല്ലാവരിലും പകരുന്ന സാമൂഹിക സാഹചര്യം വന്നിരിക്കുന്നു. സാമ്പത്തിക സുരക്ഷിതത്വവും സ്വയംപര്യാപ്തതയും ആശിച്ചു തന്നെയാണ് മിക്കവരും സംരംഭകരാകാന്‍ ഇറങ്ങിത്തിരിക്കുന്നത്. സ്വാതന്ത്ര്യവും വഴക്കവും ആഗ്രഹിക്കുന്നവര്‍ സ്വന്തം നിലയ്ക്ക് സമ്പാദിക്കാനാഗ്രഹിക്കുന്നതില്‍ തെറ്റില്ല. ഒരു സംരംഭം തുടങ്ങുന്നതും വിജയകരമായി മുമ്പോട്ടു കൊണ്ടുപോകുന്നതും നല്‍കുന്ന സംതൃപ്തി ജോലിയോ പ്രൊഫഷനോ തരുന്ന പണസമ്പാദനത്തേക്കാള്‍ വലുതാണ്.

സംരംഭം ആരംഭിക്കുന്നതിന് അതിയായ ആഗ്രഹവും സമര്‍പ്പണവും ചാതുര്യവുമാണ് ആവശ്യം. എന്താണു നിങ്ങളുടെ താല്‍പര്യമെന്നു കണ്ടെത്തിയാല്‍ പിന്നെ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതില്‍ നിന്ന് ആര്‍ക്കും നിങ്ങളെ തടയാനാകില്ല. നിങ്ങള്‍ ലക്ഷ്യത്തില്‍ മനസ് അര്‍പ്പിച്ചു മുമ്പോട്ടു നീങ്ങുകയാണെങ്കില്‍ പിന്നെ കൈയില്‍ മതിയായ വിഭവങ്ങള്‍ ഇല്ലെങ്കില്‍പ്പോലും നിങ്ങളെ സഹായിക്കാന്‍ ബാക്കിയെല്ലാം വഴിയെ വന്നു ചേര്‍ന്നു കൊള്ളും. തുടങ്ങിവെക്കാന്‍ എളുപ്പമാണെങ്കിലും കണക്കുകൂട്ടലുകള്‍ തെറ്റിച്ചു നഷ്ടത്തിലേക്കു കൂപ്പു കുത്തുന്നവര്‍ തിരിച്ചു കര കയറാനാകാതെ കഷ്ടപ്പെടുന്നതും സംരംഭകരംഗത്തെ പതിവു കാഴ്ചകളാണ്. കൃത്യമായ പ്ലാനിംഗും ദീര്‍ഘവീക്ഷണമില്ലാത്ത പ്രവര്‍ത്തനങ്ങളും ധൂര്‍ത്തും മാത്രമല്ല, കാലെടുത്തു വെച്ച ശേഷം സങ്കീര്‍ണമാകുന്ന കെട്ടുപാടുകളും ഇതിനു കാരണമാകാറുണ്ട്. ആളുകള്‍ക്ക് സംരംഭകത്വത്തെപ്പറ്റി അവ്യക്തമായ കാഴ്ചപ്പാടാണ് ഉള്ളത്. ചെറിയ വിലക്കയറ്റം വരുത്തിയോ ചില തരം ഉല്‍പ്പന്നങ്ങള്‍ ശുപാര്‍ശ ചെയ്‌തോ ഉപഭോക്താക്കളെ മുതലെടുക്കുന്നതാണ് ബിസിനസ് എന്ന തെറ്റിദ്ധാരണയാണ് അവരില്‍ സാധാരണയായി കാണാറുള്ളത്. എന്നാല്‍ ഇതിനേക്കാളൊക്കെ വിശാലതാല്‍പര്യങ്ങളും ശ്രേഷ്ഠതയുമുള്ള സേവനമാണിത്.

ഇംഗ്ലണ്ടിലെ കാന്റര്‍ബറി മെത്രാപ്പൊലീത്ത ജസ്റ്റിന്‍ വെബ്ലിയുടെ പ്രഭാഷണം ഈയിടെ വലിയ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. മാഞ്ചസ്റ്ററിലെ ട്രേഡ്‌സ് യൂണിയന്‍ കോണ്‍ഫറന്‍സില്‍ നടത്തിയ പ്രഭാഷണത്തിലെ
അദ്ദേഹത്തിന്റെ പ്രസ്താവനകളാണ് പത്രത്തലക്കെട്ടുകളായത്. സാധാരണ ഒരു വൈദികനില്‍ നിന്നുണ്ടായിട്ടില്ലാത്ത വിധം തൊഴിലാളിവര്‍ഗത്തിന് അനുകൂലവും മുതലാളിത്ത വിരുദ്ധവുമായ കാര്യങ്ങളാണ് അദ്ദേഹം പറഞ്ഞത്. തൊഴിലാളികളെ പിന്തുണച്ച അദ്ദേഹം കോര്‍പറേറ്റുകള്‍ക്കും ലാഭക്കൊതിയന്മാര്‍ക്കും സമ്പന്നര്‍ക്കും എതിരേ ശക്തമായി പ്രതികരിക്കുകയുണ്ടായി. ലാഭത്തിന്റെ ന്യായമായ വിഹിതം കരം അടയ്ക്കാത്ത ആമസോണിനെ പേരെടുത്തു വിമര്‍ശിച്ച അദ്ദേഹം സ്ഥിരം തൊഴില്‍ നഷ്ടപ്പെടുത്തുകയും കരാര്‍ ജോലിയെയും ഫ്രീലാന്‍സിംഗിനെയും പ്രോല്‍സാഹിപ്പിക്കുന്ന നവമുതലാളിത്തം മുമ്പോട്ടുവെക്കുന്ന തൊഴില്‍ വിപണിയെ പുരാതനതിന്മയുടെ പുനര്‍ജന്മമെന്നു വിളിക്കുകയും ചെയ്തു. ലാഭം മാത്രം നോക്കി അസമത്വം പുറപ്പെടുവിക്കുന്ന മുതലാളിത്തം തികച്ചും അധാര്‍മികമാണെന്നും അദ്ദേഹം വിലയിരുത്തി.

കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പ് മാത്രമല്ല, മറ്റു മതനേതാക്കന്മാരും സമാന ആശയവിനിമയം നടത്തിയിട്ടുണ്ട്. 2015 ല്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ മുതലാളിത്തത്തെയും പണത്തിനു പുറകെയുള്ള പരക്കംപാച്ചിലിനെയും തള്ളിപ്പറഞ്ഞു. സാമ്പത്തികമാന്ദ്യം ഉടലെടുത്ത 2008ല്‍ അന്നത്തെ കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പ് റോവന്‍ വില്ല്യംസ് മെുതലാളിത്തത്തെ വിമര്‍ശിച്ച് ലേഖനം എഴുതിയിരുന്നു. സംരംഭകത്വത്തെക്കുറിച്ചും ലാഭത്തെക്കുറിച്ചുമുള്ള ഇത്തരം നിഷേധാത്മകമായ വീക്ഷണങ്ങള്‍ വളരെ അസാധാരണമാണ്. ജേണല്‍ ഓഫ് പേഴ്‌സണാലിറ്റി ആന്റ് സോഷ്യല്‍ സൈക്കോളജിയില്‍ വന്ന ലേഖനത്തില്‍ ലാഭേച്ഛയോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ അധാര്‍മികമാണെന്നും സമൂഹത്തില്‍ അരാജകത്വം പടര്‍ത്തുമെന്നുമുള്ള മുന്‍വിധിയെക്കുറിച്ചു വ്യക്തമായി പ്രതിപാദിക്കുന്നു. അതേസമയം, ലാഭകരമായ സംരംഭങ്ങള്‍ മാനവികക്ഷേമത്തിന് വളരരെയധികം സംഭാവനകള്‍ നല്‍കിയിട്ടുണ്ടെന്ന വാസ്തവം കാണാതിരിക്കരുത്.

ഇത്തരം കാഴ്ചപ്പാടുകള്‍ക്കു പിന്നിലെന്താണെന്നും സംരംഭത്തിനും ലാഭമെടുക്കലിനുമെതിരേ വിരോധം ഉടലെടുക്കാനുള്ള കാരണമെന്തെന്നും വിശദമായി പരിശോധിക്കേണ്ടതുണ്ട്. ലാഭമുണ്ടാക്കാനുള്ള സംരംഭങ്ങളുടെ ശ്രമങ്ങളെയും ഫലപ്രാപ്തിക്കുള്ള ഇടപെടലുകളെയും സംബന്ധിച്ച ജനങ്ങളുടെ കാഴ്ചപ്പാടാണ് ഇതിനു കാരണമെന്നു മനസിലാക്കാനാകും. ഒന്നാമത്, സംരംഭങ്ങളെ സചേതനവ്യക്തിത്വമുള്ളവയായാണ് ആളുകള്‍ കാണുന്നത്. അതായത്, വ്യക്തികളെപ്പോലെ ജീവനും ശ്വാസവും ഉള്ള ജൈവിക വസ്തുവാണ് സംരംഭമെന്ന് അവര്‍ നിശ്ചയിക്കുന്നു. മനുഷ്യരെപ്പോലെ ചിന്തകളും വികാരങ്ങളും ഉദ്ദേശ്യലക്ഷ്യങ്ങളുമുള്ളവയാണ് സംരംഭമെന്ന പൊതുബോധമാണ് സമൂഹത്തിനുള്ളത്.

സംരംഭകനാകാന്‍ തീരുമാനിക്കുമ്പോള്‍ നാം ഒരു മാറ്റത്തിനു തയാറാകുകയാണ് ചെയ്യുന്നത്. സംരംഭകനാകുമ്പോള്‍ സമയക്കുറവ് അനുഭവപ്പെടാന്‍ തുടങ്ങും. ഉള്ള ജോലി ചെയ്യാന്‍ പോലും സമയം തികയാതെ വരും. പ്രധാനമായും സംരംഭത്തിന്റെ ഭരണം, കണക്കുകള്‍ നോക്കല്‍, സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യല്‍ എന്നിവയിലേക്ക് സംരംഭകര്‍ ഒതുങ്ങേണ്ടി വരുന്നു. സംരംഭകനാകുമ്പോള്‍ ഉണ്ടാകുന്ന ഏറ്റവും വലിയ ആശയക്കുഴപ്പം തങ്ങള്‍ നല്‍കുന്ന സേവനത്തിനും ഉല്‍പ്പന്നത്തിനും എന്തു പ്രതിഫലം ചുമത്തണമെന്നതായിരിക്കും. എങ്ങനെ സ്വന്തം വില നിര്‍ണയിക്കാമെന്ന് ഒരു പിടിയും കിട്ടില്ല, എളിയ നിലയില്‍ തുടങ്ങുന്ന സംരംഭങ്ങളാകുമ്പോള്‍ പ്രത്യേകിച്ചും.

സംരംഭകനെന്ന നിലയില്‍ ഏതെങ്കിലും ഭാഗധേയം കൈകാര്യം ചെയ്യുക മാത്രമല്ല വേണ്ടത്, മറിച്ച് സംപൂര്‍ണ സംരംഭകനാകാന്‍ വേണ്ട സര്‍വഗുണങ്ങളും തികഞ്ഞ വ്യക്തിയാകാനാകണം ശ്രമിക്കേണ്ടത്. ബിസിനസ്‌വിജയം കൈവരിക്കാന്‍ വേണ്ട ഗുണങ്ങളെല്ലാം ഉണ്ടെങ്കില്‍പ്പോലും ചില വ്യക്തി സവിശേഷതകള്‍ പരിപോഷിപ്പിച്ചെടുക്കുന്നതിലൂടെയേ സംപൂര്‍ണ വ്യക്തിത്വം ആര്‍ജിക്കാനാകൂ. സംരംഭകവഴിയില്‍ സ്വയം പരിപൂര്‍ണനാകുന്ന മുറയ്ക്ക് അവസരങ്ങളുടെയും നേട്ടങ്ങളുടെയും പുതുലോകം നിങ്ങള്‍ക്കു മുമ്പില്‍ തുറന്നു വരും. വെല്ലുവിളിയും തടസങ്ങളും നിറഞ്ഞ സാഹചര്യങ്ങളില്‍ സംരംഭകനെ മുമ്പോട്ടു നയിക്കുന്നത് ആത്മവിശ്വാസമാണ്. പക്വമായ വ്യക്തിത്വം, സംരംഭകനില്‍ വിമര്‍ശനത്തിന്റെയും തിരസ്‌കാരത്തിന്റെയും ഘട്ടങ്ങളില്‍പ്പോലും അചഞ്ചലമായ ആത്മവിശ്വാസം സൃഷ്ടിക്കുന്നു. ഇത് എല്ലാം ഗുണപരമായെടുക്കാന്‍ സഹായിക്കുന്നു.

ജീവനക്കാരുടെ തെരഞ്ഞെടുപ്പിലാണ് സംരംഭകന്‍ പ്രാധാന്യം കൊടുക്കുന്നതെങ്കില്‍ ഒരു തൊഴിലാളി സര്‍വേ നടത്തുന്നതാണ് ഏറ്റവും ഉചിതം. കമ്പനിയില്‍ തുടരാന്‍ ജീവനക്കാരെ പ്രേരിപ്പിക്കുന്നതെന്തായിരിക്കും, ബിസിനസ് വിപുലീകരണം എങ്ങനെയായിരിക്കണമെന്നാണ് അവര്‍ ചിന്തിക്കുന്നത്, നിങ്ങള്‍ വ്യത്യസ്തമായി എന്തു ചെയ്യുന്നുവെന്നാണ് അവര്‍ വിശ്വസിക്കുന്നത് തുടങ്ങിയ ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരം നല്‍കാന്‍ സംരംഭകനാകണം. ജീവനക്കാരെ പ്രോല്‍സാഹിപ്പിക്കാനും അവരെ സന്തോഷവാന്മാരാക്കാനുമാണ് ഒരു സംരംഭകന്‍ ഈ അവസരം ഉപയോഗപ്പെടുത്തേണ്ടത്. പല കമ്പനികളും കൃത്യമായ ശമ്പളവര്‍ധനവും ആനുകൂല്യങ്ങളും കൊടുക്കാറില്ല. ജീവനക്കാരുടെ വളര്‍ച്ച തടയുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളും കുറവല്ല.

വ്യക്തികളുടെ മസ്തിഷ്‌ക പ്രതികരണരീതികള്‍ വേര്‍തിരിച്ചറിയാനാകില്ലെന്നു രക്തയോട്ടത്തിലെ വ്യതിയാനങ്ങള്‍ക്കനുസരിച്ച് തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കുന്ന റിസര്‍ച്ച് യൂസിംഗ് ഫംഗ്ഷണല്‍ മാഗ്‌നെറ്റിക് റിസോണന്‍സ് ഇമേജിംഗ് സ്‌കാനറുകള്‍ (എഫ്എംആര്‍ഐ) ഉപയോഗിച്ച് ഗവേഷണം നടത്തിയപ്പോള്‍ കണ്ടെത്താനായിട്ടുണ്ട്. മനുഷ്യപ്രകൃതി ഓരോരുത്തരുടെയും ചോദനയ്ക്കനുസൃതമായിരിക്കുമെന്നും ബിസിനസ്സ് പ്രവര്‍ത്തനങ്ങള്‍ തികച്ചും വ്യത്യസ്ത പ്രക്രിയകളുടെ ഫലമായിരിക്കുമെന്നും ഇത് വ്യക്തമാക്കുന്നു. കമ്പനികളെ വ്യക്തികളുടെ തുല്യനിലയില്‍ കാണുന്നതിനു പുറമെ, ഉപഭോക്താക്കള്‍ കമ്പനികളുമായി നടത്തുന്ന ഇടപാടുകളെല്ലാം സൗജന്യനിരക്കിലായിരിക്കണമെന്നും ആഗ്രഹിക്കുന്നു. കമ്പനികളെല്ലാം ലാഭമെടുക്കുന്ന സ്ഥാപനങ്ങളാണെന്നും, ഈ ലാഭം ഉപഭോക്താവിന്റെ ചെലവിലാണ് ഉണ്ടാക്കുന്നതെന്നുമുള്ള സങ്കല്‍പ്പത്തില്‍ നിന്നാണ് ഇത്തരമൊരു ആഗ്രഹം ഉടലെടുക്കുന്നത്.

മേല്‍പ്പറഞ്ഞ മുന്‍വിധിക്കൊപ്പം ലാഭകരമായ സ്ഥാപനങ്ങളെ അവിശ്വാസ്യതയോടെ നോക്കിക്കാണുന്ന സമീപനവും ഉപഭോക്താക്കള്‍ക്കുണ്ട്. ഇവിടെയാണ് ലാഭമെടുക്കല്‍ പ്രശ്‌നമാകുന്നത്. സ്ഥാപനങ്ങളെ വ്യക്തികളായി സങ്കല്‍പ്പിക്കുന്നതിനാല്‍ ലാഭംകൊയ്യല്‍ ഒരുതരം ചൂഷണമായി പരിഗണിക്കപ്പെടുന്നു. ഉപഭോക്താക്കളെ മുതലെടുക്കാനുള്ള മനഃപൂര്‍വ്വമായ ഒരു ശ്രമമാണിതെന്ന ധാരണ വളരുന്നു. അത് വ്യക്തികള്‍ക്കിടയില്‍ പാലിക്കേണ്ടി വരുന്ന പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമായും അധാര്‍മികപ്രവൃത്തിയുമായി ചിത്രീകരിക്കപ്പെടുന്നു. മറ്റൊരാളുടെ ചെലവില്‍ പ്രയോജനമുണ്ടാക്കുന്നതിലുള്ള ധാര്‍മികരോഷം ഇവിടെ സംരംഭത്തിനെതിരേ ഉടലെടുക്കാനുള്ള കാരണമാകുന്നു. ബിസിനസിന്റെ വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങളെ വില വര്‍ദ്ധനവ്, ഉപഭോക്താക്കള്‍ക്കു നല്‍കുന്ന വിലക്കിഴിവ്, ഉല്‍പ്പന്ന ശുപാര്‍ശകള്‍, പരസ്യങ്ങള്‍ എന്നിവയുടെ വെളിച്ചത്തില്‍ വ്യാഖ്യാനിക്കാം. ഒരു കമ്പനിയില്‍ നിന്ന് ആളുകള്‍ ഉല്‍പ്പന്നങ്ങളും സേവനങ്ങളും വാങ്ങാതിരിക്കുകയും അങ്ങനെ ലാഭം ഉണ്ടാകാതിരിക്കുകയും ചെയ്താല്‍ ലാഭം ഉണ്ടാക്കാനുള്ള കമ്പനിയുടെ ശ്രമങ്ങള്‍ പ്രതികൂലമായ പ്രതികരണങ്ങള്‍ക്ക് ഇടയാകാറുണ്ട്.

പലപ്പോഴും ലാഭക്കൊതി സംബന്ധിച്ച സ്ഥാപനത്തെക്കുറിച്ചുള്ള പ്രതിച്ഛായ അവരുടെ സെയില്‍സ് ജീവനക്കാരോടു പോലുമുള്ള ഉപഭോക്തൃ കാഴ്ചപ്പാടില്‍ പ്രതിഫലിക്കുന്നുവെന്നതാണു വാസ്തവം.
ഉദാഹരണമായി, ഒരു സെയില്‍സ്മാന്‍ വിലകുറഞ്ഞ ബദല്‍ ഉല്‍പ്പന്നങ്ങള്‍ എടുത്തു കാണിക്കുമ്പോള്‍ പോലും, ഉപഭോക്താക്കള്‍ തങ്ങളെ കബളിപ്പിക്കുകയാണോ എന്നു സംശയിക്കുന്നു. തന്റെ ചെലവില്‍ കമ്പനിക്കു ലാഭമുണ്ടാക്കാനാണ് ജീവനക്കാരന്‍ ശ്രമിക്കുകയെന്ന മുന്‍വിധിയാണ് ഇതിനു കാരണം.
കമ്പനികള്‍ക്ക് എങ്ങനെയാണ് ഇത്തരം പ്രതികരണങ്ങള്‍ ഇല്ലാതാക്കാനാകുകയെന്ന് സാധിക്കുകയെന്ന് അറിയില്ല.

തീര്‍ച്ചയായും ഷോപ്പിംഗ് ഒരു ഉപഭോക്തൃ തീരുമാനമാണ്. ഉപഭോക്താക്കളുടെ താല്‍പ്പര്യത്തിനെതിരായി തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ ഒരു കമ്പനിക്കും നിര്‍ബന്ധിക്കാനാകില്ലല്ലോ. ഉപഭോക്താക്കള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നുവെന്നു വിശ്വസിക്കപ്പെടുന്ന ഉല്‍പ്പന്നങ്ങള്‍ അവര്‍ക്കെത്തിച്ചു കൊടുക്കുന്ന ചുമതലയാണ് സംരംഭകര്‍ക്കുള്ളത്. അവര്‍ അത് ഇഷ്ടപ്പെട്ടു വാങ്ങുമെന്ന് ഉറപ്പില്ലെന്നോര്‍ക്കണം. എങ്കിലും സംരംഭകര്‍ ലഭ്യമാക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് നമ്മുടെ ജീവിതത്തില്‍ മൂല്യമുണ്ട്. ആത്യന്തികമായി, കമ്പനികകളുടെ താല്‍പര്യം ലാഭം ഉണ്ടാക്കുക എന്നതാണ്. അല്ലാതെ പുണ്യം കിട്ടാനല്ല. അപ്പോള്‍ പരസ്പരാവശ്യത്തിനായി നിലനില്‍ക്കുന്ന സാമൂഹികബന്ധം തന്നെയാണ് കച്ചവട- ഉപഭോക്തൃബന്ധം.

ബ്ലര്‍ബ്
ആളുകള്‍ക്ക് സംരംഭകത്വത്തെപ്പറ്റി അവ്യക്തമായ കാഴ്ചപ്പാടാണ് ഉള്ളത്. ചെറിയ വിലക്കയറ്റം വരുത്തിയോ ചില തരം ഉല്‍പ്പന്നങ്ങള്‍ ശുപാര്‍ശ ചെയ്‌തോ ഉപഭോക്താക്കളെ മുതലെടുക്കുന്നതാണ് ബിസിനസ് എന്ന തെറ്റിദ്ധാരണയാണ് അവരില്‍ സാധാരണയായി കാണാറുള്ളത്

2015 ല്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ മുതലാളിത്തത്തെയും പണത്തിനു പുറകെയുള്ള പരക്കംപാച്ചിലിനെയും തള്ളിപ്പറഞ്ഞു. സാമ്പത്തികമാന്ദ്യം ഉടലെടുത്ത 2008ല്‍ അന്നത്തെ കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പ് റോവന്‍ വില്ല്യംസ് മെുതലാളിത്തത്തെ വിമര്‍ശിച്ച് ലേഖനം എഴുതിയിരുന്നു

കമ്പനികളെ വ്യക്തികളുടെ തുല്യനിലയില്‍ കാണുന്നതിനു പുറമെ, ഉപഭോക്താക്കള്‍ കമ്പനികളുമായി നടത്തുന്ന ഇടപാടുകളെല്ലാം സൗജന്യനിരക്കിലായിരിക്കണമെന്നും ആഗ്രഹിക്കുന്നു. കമ്പനികളെല്ലാം ലാഭമെടുക്കുന്ന സ്ഥാപനങ്ങളാണെന്നും, ഈ ലാഭം ഉപഭോക്താവിന്റെ ചെലവിലാണ് ഉണ്ടാക്കുന്നതെന്നുമുള്ള സങ്കല്‍പ്പത്തില്‍ നിന്നാണ് ഇത്തരമൊരു ആഗ്രഹം ഉടലെടുക്കുന്നത്‌

Comments

comments

Categories: FK News