ഇലക്ട്രിക് വാഗണ്‍ആര്‍ പരീക്ഷണമാരംഭിച്ചു

ഇലക്ട്രിക് വാഗണ്‍ആര്‍ പരീക്ഷണമാരംഭിച്ചു

അമ്പത് ഇവി പ്രോട്ടോടൈപ്പുകളുടെ പരീക്ഷണ ഓട്ടം ഫ്ലാഗ് ഓഫ് ചെയ്തു

ന്യൂഡെല്‍ഹി : മാരുതി സുസുകി വാഗണ്‍ആര്‍ അടിസ്ഥാനമാക്കി നിര്‍മ്മിക്കുന്ന ഇലക്ട്രിക് വാഹനത്തിന്റെ മാതൃകകള്‍ പരീക്ഷിച്ചുതുടങ്ങി. അമ്പത് ഇവി പ്രോട്ടോടൈപ്പുകളുടെ പരീക്ഷണ ഓട്ടം മാരുതി സുസുകി ഇന്ത്യ സീനിയര്‍ എക്‌സിക്യൂട്ടീവ് ഡയറക്റ്റര്‍ (എന്‍ജിനീയറിംഗ്) സിവി രാമന്‍ ഫഌഗ് ഓഫ് ചെയ്തു. 2020 ഓടെ ഇന്ത്യന്‍ വിപണിയില്‍ ഇലക്ട്രിക് വാഹനം അവതരിപ്പിക്കുകയാണ് മാരുതി സുസുകിയുടെ ലക്ഷ്യം. അമ്പത് ഇവി പ്രോട്ടോടൈപ്പുകളുടെ പരീക്ഷണ ഓട്ടം വൈകാതെ ആരംഭിക്കുമെന്ന് ന്യൂഡെല്‍ഹിയില്‍ നടന്ന മൂവ് ഗ്ലോബല്‍ മൊബിലിറ്റി ഉച്ചകോടിയില്‍ സുസുകി മോട്ടോര്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ഒസാമു സുസുകി പ്രഖ്യാപിച്ചിരുന്നു.

സുസുകി മോട്ടോര്‍ കോര്‍പ്പറേഷന്‍ ജപ്പാനിലാണ് ഇലക്ട്രിക് വാഹന പ്രോട്ടോടൈപ്പുകള്‍ വികസിപ്പിച്ചത്. മാരുതി സുസുകിയുടെ ഗുരുഗ്രാം പ്ലാന്റില്‍ നിര്‍മ്മിച്ചു. ഇതേ പ്ലാന്റില്‍നിന്നാണ് ഇവി പ്രോട്ടോടൈപ്പുകളുടെ പരീക്ഷണ ഓട്ടം ആരംഭിച്ചത്. വിവിധ റോഡുകളിലൂടെയും പ്രതലങ്ങളിലൂടെയും വ്യത്യസ്ത കാലാവസ്ഥയില്‍ വ്യാപകമായി ഓടുന്ന വാഹനങ്ങള്‍ വിലപ്പെട്ട വിവരങ്ങളും നിര്‍ദ്ദേശങ്ങളും സമ്മാനിക്കുമെന്ന് മാരുതി സുസുകി ഇന്ത്യ അറിയിച്ചു. ഇതനുസരിച്ച് ഇലക്ട്രിക് വാഹനത്തില്‍ വേണ്ട മാറ്റങ്ങള്‍ വരുത്തി മെച്ചപ്പെടുത്താന്‍ സാധിക്കും.

ഇന്ത്യയില്‍ പരീക്ഷണത്തിനുവേണ്ടി മാത്രമാണ് ഈ വാഹന മാതൃകകള്‍ നിര്‍മ്മിച്ചത്. ഇലക്ട്രിക് വാഹനം വിപണിയിലെത്തിക്കുന്നതോടെ മഹീന്ദ്ര ഇലക്ട്രിക്, ടാറ്റ മോട്ടോഴ്‌സ് എന്നിവരുടെ കൂട്ടത്തില്‍ മാരുതി സുസുകിയും അംഗമാകും. അടുത്ത തലമുറ സ്റ്റാന്‍ഡേഡ് വാഗണ്‍ആറിന്റെ പ്രവര്‍ത്തനങ്ങളിലാണ് ഇപ്പോള്‍ മാരുതി സുസുകി. അടുത്ത വര്‍ഷം തുടക്കത്തില്‍ പുതു തലമുറ വാഗണ്‍ആര്‍ അവതരിപ്പിച്ചേക്കും.

Comments

comments

Categories: Auto