കശ്മീരില്‍ നിന്നൊരു ബാറ്റ്‌വുമണ്‍

കശ്മീരില്‍ നിന്നൊരു ബാറ്റ്‌വുമണ്‍

ഇരുപത്തിയൊന്നാം വയസില്‍ ഒട്ടും പരിചിതമല്ലാതിരുന്ന മേഖലയിലെ ബിസിനസ് ഏറ്റെടുത്ത് വിജയത്തിലെത്തിച്ച സംരംഭകയാണ് കശ്മീരി സ്വദേശിനി റിഫാത് മസൂദി. മുമ്പ് കലാപത്തില്‍ തകര്‍ന്നടിഞ്ഞ സംരംഭത്തിന് പുത്തന്‍ ബിസിനസ് തന്ത്രങ്ങളിലൂടെ അവര്‍ പുതുശ്വാസം നല്‍കി.

ഇന്ത്യയിലെ അതിമനോഹരമായ സ്ഥലങ്ങളില്‍ ഒന്നാണ് കശ്മീര്‍. സൈന്യത്തിന്റെ ബൂട്ട് ശബ്ദവും വെടിയൊച്ചകളും സംഘര്‍ഷങ്ങളുമൊക്കെ മാറ്റിനിര്‍ത്തിയാല്‍ പൊതുവെ ശാന്തമായ അന്തരീക്ഷമാണിവിടെ. വ്യാപകമായ വ്യാവസായിക വിപ്ലവവും ബിസിനസ് ടൈക്കൂണുകളും തഴച്ചു വളരുന്ന പ്രദേശമല്ലെങ്കിലും കശ്മീരില്‍ ക്രിക്കറ്റ് ബാറ്റ് നിര്‍മാണ രംഗത്ത് ഒരു സ്ത്രീയുടെ കരസ്പര്‍ശം ഉണ്ട്. പൊതുവെ സ്ത്രീകള്‍ കടന്നു വരാന്‍ മടിക്കുന്ന ഈ മേഖലയില്‍ സ്വന്തം സാമ്രാജ്യം പണിതുയര്‍ത്തിയിരിക്കുകയാണ് റിഫാത് മസൂദി എന്ന നാല്‍പ്പതുകാരി. കശ്മീരിലെ നിര്‍വാര സ്വദേശിനിയാണിവര്‍.

ഏറെ വെല്ലുവിളികള്‍ അതിജീവിച്ചാണ് റിഫാത് ബിസിനസ് രംഗത്തേക്ക് നടന്നു കയറിയത്. 1970 ല്‍ ജമ്മു കശ്മീരില്‍ ഭര്‍ത്താവിന്റെ അച്ഛന്‍ തുടങ്ങിയ ബാറ്റ് നിര്‍മാണ യൂണിറ്റ് അവര്‍ ഏറ്റെടുത്ത് നടത്താന്‍ തീരുമാനിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ മരണശേഷം നാമാവശേഷമാകുമായിരുന്ന ആ സംരംഭത്തിന് അങ്ങനെ പുതു ശ്വാസം ലഭിച്ചു. അതോടെ കശ്മീരിലെ ആദ്യ ബാറ്റ് മേക്കര്‍ എന്ന പദവിയും റിഫാതിനെ തേടിയെത്തി.

ബാറ്റ് നിര്‍മാണ സംരംഭത്തിന് പുതു ജീവന്‍

1980കളില്‍ നടന്ന സംഘര്‍ങ്ങളിലും കലാപങ്ങളിലും അകപ്പെട്ട് കശ്മീര്‍ താഴ്‌വരയിലെ ഒട്ടുമിക്ക സംരംഭങ്ങള്‍ക്കും മങ്ങലേല്‍ക്കുകയുണ്ടായി. ഈ ബിസിനസിന് 1999 ല്‍ റിഫാത് പുതുജിവന്‍ നല്‍കുകയായിരുന്നു. ഈ നീക്കത്തിന് പ്രചോദനമായതാകട്ടെ മുന്‍ പ്രധാനമന്ത്രിയായ അടല്‍ ബിഹാരി വാജ്‌പേയിയും. വാജ്‌പേയി പാക്കിസ്ഥാനിലേക്ക് നടത്തിയ ബസ് യാത്രയിലൂടെ താഴ്‌വരയില്‍ സമാധാനം പുനഃസ്ഥാപിക്കപ്പെട്ടു. കശ്മീരിലെ ഉല്‍പ്പന്നങ്ങള്‍ ദേശീയതലത്തില്‍ കൂടുതല്‍ ശ്രദ്ധയാകര്‍ഷിക്കുകയും ചെയ്തു. 99ല്‍ ബാറ്റ് നിര്‍മാണ ബിസിനസ് ഏറ്റെടുക്കുമ്പോള്‍ റിഫാതിന് വെറും 21 വയസ് മാത്രം.

സംരംഭക രംഗത്തേക്ക് ഒരു സ്ത്രീ കടന്നു വരുന്നത് അത്ര സര്‍വസാധാരണമല്ലാത്ത കാലത്ത് സ്വന്തം വീട്ടില്‍ നിന്നും നാട്ടില്‍ നിന്നുമുള്ള തുറിച്ചു നോട്ടങ്ങളും പ്രതിഷേധങ്ങളും മറികടന്നായിരുന്നു റിഫാത് മുന്നോട്ടു നീങ്ങിയത്. ഫുട്‌ബോള്‍ പരിശീലകനായിരുന്ന ഭര്‍ത്താവിന്റെ പിന്തുണ കൂടിയായപ്പോള്‍ അവര്‍ ആ ചെറുപ്രായത്തില്‍ തന്നെ സംരംഭക പാഠങ്ങള്‍ പയറ്റിത്തുടങ്ങി. 80 കളില്‍ തന്നെ അസ്ഥിവാരം ക്ഷയിച്ച സംരംഭത്തെ ഒന്നുമില്ലായ്മയില്‍ നിന്നും പടുത്തുയര്‍ത്തുക അത്ര എളുപ്പമായിരുന്നില്ലന്ന് റിഫാത് പറയുന്നു. ക്രിക്കറ്റ് ബാറ്റുകള്‍ വാങ്ങുന്ന കച്ചവടക്കാരെ തന്റെ നിര്‍മാണ യൂണിറ്റിലേക്ക് ആകര്‍ഷിക്കാനും മൊത്തക്കച്ചവടക്കാര്‍ക്ക് സൗജന്യ താമസസൗകര്യം ഉള്‍പ്പെടെയുള്ളവ നല്‍കിക്കൊണ്ടും അവര്‍ കച്ചവട തന്ത്രങ്ങള്‍ മെനഞ്ഞു.

റിഫാതിന്റെ ബിസിനസ് മോഡല്‍ വളരെ ലളിതമായിരുന്നു. പാംപോര്‍ മന്ദിയില്‍ നിന്നും ശേഖരിക്കുന്ന അസംസ്‌കൃത വസ്തുക്കള്‍ യൂണിറ്റിലെത്തിയാല്‍ ബാക്കിയുള്ള എല്ലാ ജോലികളിലും ഈ ബിസിനസ് വനിതയുടെ നേരിട്ടുള്ള നിരീക്ഷണത്തിലാണ് നടക്കുന്നത്. നിലവില്‍ അഞ്ച് ജോലിക്കാരാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. ഏറ്റെടുക്കുന്ന ഓര്‍ഡറിന്റെ കണക്ക് അനുസരിച്ച് ജോലിക്കാരുടെ എണ്ണവും അവര്‍ വര്‍ധിപ്പിക്കും. ക്രിക്കറ്റ് ബാറ്റുകളും ടെന്നീസ് ബാറ്റുകളും സീസണ്‍ ബാറ്റുകളും അടക്കം എല്ലാ വിഭാഗത്തില്‍ പെട്ട ബാറ്റുകളും ഈ നിര്‍മാണ യൂണിറ്റില്‍ പണിയുന്നുണ്ട്. സംരംഭം ഏറ്റെടുത്ത് പതിനെട്ടു വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ പഴയതിലും പ്രൗഢിയോടെ ബാറ്റ് നിര്‍മാണ വില്‍പ്പനയില്‍ തിളക്കമാര്‍ന്ന വിജയം വരിക്കാനും ഈ വനിതയ്ക്കായി.

ഇന്ത്യന്‍ ടീമിന്റെ കരസ്പര്‍ശമേല്‍ക്കാന്‍ കാതോര്‍ത്ത്

ബാറ്റ് നിര്‍മാണത്തിന് സാധാരണയായി ഉപയോഗിക്കുന്ന കശ്മീരി വില്ലോ തടയിലാണ് റിഫാതിന്റെയും ബാറ്റ് നിര്‍മാണം. തുടക്കത്തില്‍ സംരംഭത്തോട് എതിര്‍പ്പ് പ്രകടിപ്പിച്ചവരില്‍ പലരും ഇന്ന് റിഫാതിനെ പിന്തുണയ്ക്കുന്നു. കശ്മീരി ജനതയുടെ നിലനില്‍പ്പിന് ടൂറിസം മേഖലയോടൊപ്പം ഇത്തരം സംരംഭങ്ങളും മുന്നോട്ടു വരേണ്ടതിന്റെ ആവശ്യകത അവരും മനസിലാക്കി കഴിഞ്ഞിരിക്കുന്നു. മറ്റു ബാറ്റ് നിര്‍മാതാക്കളെ പോലെതന്നെ റിഫാതിന്റെ ബിസിനസും കശ്മീരിലാകെ വ്യാപിച്ചിട്ടുണ്ട്, പാംപോറിലും അനന്ദനാഗിലും ശ്രീനഗറിലുമെല്ലാം സംരംഭത്തിന് വേരുകളുണ്ട് എന്നിരുന്നാലും മേഖലയിലെ ഭീമന്‍മാരോട് കിടമല്‍സരത്തിനൊന്നും അവരില്ല. ചെറുതെങ്കിലും തന്റെ സംരംഭത്തോട് തികഞ്ഞ വിശ്വാസ്യത പുലര്‍ത്തുന്ന ഒരു പറ്റം ഉപഭോക്താക്കളാണ് ഈ സംരംഭത്തിന്റെ വിജയത്തിന് കാരണമെന്നും അവര്‍ പറയുന്നു.

രാജ്യത്ത് ഏറെ ആരാധകരുള്ളതും പ്രശസ്തവുമായ കായികയിനമാണ് ക്രിക്കറ്റ്. മേഖലയില്‍ നിരവധി ബ്രാന്‍ഡഡ് നിരകളും അധീശത്വം സ്ഥാപിച്ചിട്ടുണ്ട്. എന്നിരുന്നാലും പ്രതിവര്‍ഷം 1500 ബാറ്റുകള്‍ റിഫാതിന്റെ നിര്‍മാണ യൂണിറ്റില്‍ നിന്നും വിപണിയില്‍ എത്തുന്നുണ്ട്. തികഞ്ഞ ഇന്ത്യന്‍ ക്രിക്കറ്റ് ആരാധിക കൂടിയായ റിഫാതിന് തന്റെ നിര്‍മാണ യൂണിറ്റില്‍ നിന്നുള്ള ബാറ്റ് ഉപയോഗിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് കളിക്കുന്നത് കാണുകയെന്നതാണ് ഏറ്റവും വലിയ ആഗ്രഹം. മസൂദി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ലേബലില്‍ പുറത്തിറക്കുന്ന ബാറ്റുകളുടെ ഗുണമേന്‍മ അറിഞ്ഞും അനുഭവിച്ചും ജനങ്ങള്‍ക്കിടയില്‍ ഡിമാന്‍ഡും ഏറി വരുന്നുണ്ട്.

Comments

comments

Categories: Top Stories