അരാംകോ ഐപിഒ 2021ല്‍ നടന്നേക്കില്ലെന്ന് വിദഗ്ധര്‍

അരാംകോ ഐപിഒ 2021ല്‍ നടന്നേക്കില്ലെന്ന് വിദഗ്ധര്‍

കഴിഞ്ഞ ദിവസമാണ് അരാംകോ ഐപിഒ 2021ല്‍ നടക്കുമെന്ന് സൗദി കിരീടാവകാശി പറഞ്ഞത്. എന്നാല്‍ അത് ബുദ്ധിമുട്ടേറിയ കാര്യമാണെന്ന് വിലയിരുത്തല്‍

റിയാദ്: ലോകചരിത്രത്തിലെ ഏറ്റവും വലിയ പ്രഥമ ഓഹരി വില്‍പ്പന, ഏറ്റവും വലിയ കോര്‍പ്പറേറ്റ് ബോണ്ട് വില്‍പ്പന, എണ്ണ വ്യവസായരംഗത്ത് നടക്കുന്ന ഏറ്റവും വലിയ ലയനങ്ങളിലൊന്ന്…ഈ മൂന്ന് വന്‍ഡീലുകള്‍ക്കുള്ള ടൈംടേബിള്‍ രണ്ടര വര്‍ഷം. അതിനുള്ളില്‍ എല്ലാം നടക്കണം. വളരെ ശ്രമകരമായ ദൗത്യമാണ് സൗദി അറേബ്യയെ സംബന്ധിച്ചിടത്തോളം ഇതെന്നാണ് വിലയിരുത്തല്‍.

ലോകത്തെ ഏറ്റവും വലുതെന്ന് വിശേഷിപ്പിക്കപ്പെടുന്ന സൗദി അരാംകോയുടെ പ്രഥമ ഓഹരി വില്‍പ്പന (ഐപിഒ)യെ സംബന്ധിച്ച അനിശ്ചിതത്വങ്ങള്‍ക്ക് കഴിഞ്ഞ ദിവസമാണ് സൗദി കിരീടാവകാശി പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ വിരാമമിട്ടത്. ഐപിഒ 2020 അവസാനമോ 2021 തുടക്കത്തിലോ നടക്കുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. എന്നാല്‍ വിപണി വിദഗ്ധര്‍ പറയുന്നതനുസരിച്ച് സൗദി അരാംകോയുടെ ഐപിഒ 2021ല്‍ നടക്കുകയെന്നത് ബുദ്ധിമുട്ടേറിയ കാര്യമാണെന്നാണ്.

കാരണം ഏതൊരു മാനേജ്‌മെന്റ് ടീമിനെ സംബന്ധിച്ചിടത്തോളവും കടുത്ത പരീക്ഷണമായിരിക്കും അരാംകോയുമായി ബന്ധപ്പെട്ടുള്ള മുകളില്‍ പരാമര്‍ശിച്ച മൂന്ന് വന്‍ഡീലുകള്‍. സൗദിയിലെ ഏറ്റവും വലിയ പെട്രോകെമിക്കല്‍ കമ്പനിയായ സാബിക്കിനെ അരാംകോ 70 ബില്ല്യണ്‍ ഡോളര്‍ നല്‍കി ഏറ്റെടുക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഐപിഒക്ക് തയാറെടുക്കുന്നതോടൊപ്പം ഈ ഡീല്‍ പൂര്‍ത്തിയാക്കുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്നാണ് വിലയിരുത്തല്‍.

പ്രിന്‍സ് മുഹമ്മദ് തന്റെ നേതൃത്വഗുണങ്ങള്‍ പ്രകടമാക്കി തുടങ്ങിയതിന്റെ സൂചനകളാണ് അരാംകോ ഐപിഒയുടെ സമയപരിധി എങ്കിലും പുതിയ തീരുമാനം പ്രായോഗികമാണോ എന്നതാണ് പലരുടെയും സംശയം.

അതിനുള്ള സജ്ജീകരണങ്ങള്‍ സൗദിക്കുണ്ടോ. സൗദി സര്‍ക്കാര്‍ ഇതിനായി തയാറെടുത്തിട്ടുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. ഇതുപോലൊരു ദൗത്യം സൗദി ഇതുവരെ പൂര്‍ത്തിയാക്കിയിട്ടുമില്ല-ഒരു പ്രമുഖ ബാങ്കിംഗ് വിദഗ്ധരന്‍ പ്രതികരിച്ചു.

ബ്ലൂംബര്‍ഗിന് നല്‍കിയ അഭിമുഖത്തിലാണ് ഐപിഒയെ സംബന്ധിച്ച സംശയങ്ങള്‍ക്ക് പ്രിന്‍സ് മുഹമ്മദ് മറുപടി നല്‍കിയത്. തന്റെ സാമ്പത്തിക-സാമൂഹ്യ പരിഷ്‌കരണ പദ്ധതിയായ വിഷന്‍ 2030യുടെ പ്രധാന ഭാഗമായിരിക്കും അരാംകോ ഐപിഒയെന്നു കൂടിയായിരുന്നു അദ്ദേഹം അഭിമുഖത്തിലൂടെ നല്‍കിയ സന്ദേശം.

ഈ വര്‍ഷം അവാസനിക്കുന്നതിന് മുമ്പ് തന്നെ സാബിക്കിനെ ഏറ്റെടുക്കാനുള്ള തീരുമാനം അരാംകോ ഔദ്യോഗികമായി പ്രഖ്യാപിക്കും. സൗദിയുടെ സോവറിന്‍ വെല്‍ത്ത് ഫണ്ടിന്റെ പക്കലുള്ള സാബിക്കിന്റെ 70 ശതമാനം ഓഹരിയായിരിക്കും അരാംകോ വാങ്ങുക.

2019ലെ ആദ്യപകുതി തീരും മുമ്പ് തന്നെ സാബിക്ക് ഓഹരികള്‍ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ നിയമപരമായ നടപടിക്രമങ്ങളും അരാംകോ പൂര്‍ത്തിയാക്കേണ്ടതുണ്ടെന്നാണ് വിപണി വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. അതിനുശേഷം ഏറ്റെടുക്കലിന് ആവശ്യമായ തുക ബോണ്ട് വിപണിയില്‍ നിന്ന് സമാഹരിക്കുകയാണ് അരാംകോയുടെ ദൗത്യം. 2020 തുടങ്ങുന്നതിന് മുമ്പ് തന്നെ സാബിക്കുമായി ബന്ധപ്പെട്ട കരാറിന്റെ എല്ലാ വശങ്ങളും പൂര്‍ത്തിയാക്കിയാല്‍ മാത്രമേ സൗദി അരാംകോയ്ക്ക് ഐപിഒയ്ക്കായുള്ള തയാറെടുപ്പുകള്‍ നടത്താന്‍ സാധിക്കുകയുള്ളൂ.

അരാംകോയുടെ അഞ്ച് ശതമാനം ഓഹരി വിറ്റ് 100 ബില്ല്യണ്‍ സമാഹരിക്കാനാണ് സൗദി സര്‍ക്കാര്‍ പദ്ധതിയിടുന്നത്. ഏകദേശം രണ്ട് ട്രില്ല്യണ്‍ ഡോളറായിരിക്കും ഐപിഒയോടു കൂടി അരാംകോയുടെ വിപണി മൂല്യം എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സൗദി സോവറിന്‍ വെല്‍ത്ത് ഫണ്ടിന്റെ സാമ്പത്തിക വൈവിധ്യവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്കായി ഐപിഒയിലൂടെ ലഭിക്കുന്ന നിക്ഷേപത്തിന്റെ കുറച്ച് ഭാഗം സൗദി ഉപയോഗപ്പെടുത്തിയേക്കും.

Comments

comments

Categories: Arabia
Tags: Aramco