ആധിപത്യം നേടാന്‍ 2018 ഹോണ്ട സിആര്‍-വി

ആധിപത്യം നേടാന്‍ 2018 ഹോണ്ട സിആര്‍-വി

ഡെല്‍ഹി എക്‌സ് ഷോറൂം വില 28.15 ലക്ഷം രൂപ മുതല്‍

ന്യൂഡെല്‍ഹി : അഞ്ചാം തലമുറ ഹോണ്ട സിആര്‍-വി ഇന്ത്യയില്‍ അവതരിപ്പിച്ചു. 28.15 ലക്ഷം രൂപ മുതലാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. നേരത്തെ പെട്രോള്‍ എന്‍ജിനുകളില്‍ മാത്രമാണ് സിആര്‍-വി ലഭിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ ഡീസല്‍ എന്‍ജിന്‍ വേര്‍ഷനിലും ലഭിക്കും. ഇന്ത്യയില്‍ ഇതാദ്യമായാണ് സിആര്‍-വിയുടെ ഡീസല്‍ എന്‍ജിന്‍ വേരിയന്റ് ലഭിക്കുന്നത്. ഡീസല്‍ 2 വീല്‍ ഡ്രൈവ് വേരിയന്റിന് 30.65 ലക്ഷം രൂപയും ഡീസല്‍ ഓള്‍ വീല്‍ ഡ്രൈവ് മോഡലിന് (ടോപ് സ്‌പെക് ഫുള്ളി ലോഡഡ്) 32.75 ലക്ഷം രൂപയുമാണ് എക്‌സ് ഷോറൂം വില. ഡീസല്‍ എന്‍ജിന്‍ വേരിയന്റ് 7 സീറ്ററാണെന്നത് മറ്റൊരു പ്രത്യേകതയാണ്. പെട്രോള്‍ എന്‍ജിന്‍ മോഡല്‍ അഞ്ച് സീറ്റുകള്‍കൊണ്ട് തൃപ്തിപ്പെട്ടു.

പുതിയ ഡിസൈന്‍, സ്റ്റൈലിംഗ് എന്നിവ 2018 ഹോണ്ട സിആര്‍-വി എസ്‌യുവിയില്‍ കാണാം. ക്രോമിയം അലങ്കാരം, പുതിയ ഗ്രില്‍, ഷാര്‍പ്പ് എല്‍ഇഡി ഹെഡ്‌ലാംപുകള്‍ എന്നിവ പുതുമകളാണ്. ആംഗുലര്‍ ടെയ്ല്‍ലാംപുകള്‍, പുതിയ ബംപര്‍, ബൂട്ട് ഡിസൈന്‍ എന്നിവയാണ് പിന്‍വശത്തെ വിശേഷങ്ങള്‍. 2018 ഹോണ്ട സിആര്‍-വി അല്‍പ്പം ‘വളര്‍ന്നിരിക്കുന്നു’. എസ്‌യുവിയുടെ നീളം 47 മില്ലി മീറ്ററും വീല്‍ബേസ് 40 മില്ലി മീറ്ററുമായാണ് വര്‍ധിച്ചത്. കാബിനില്‍ മധ്യ നിരയില്‍ കൂടുതല്‍ സ്ഥലസൗകര്യം ലഭിക്കാന്‍ ഇത് സഹായിക്കും. പ്രീമിയം എസ്‌യുവി സെഗ്‌മെന്റില്‍ സ്‌കോഡ കോഡിയാക്ക്, ഫോക്‌സ്‌വാഗണ്‍ ടിഗ്വാന്‍, ഫോഡ് എന്‍ഡവര്‍, ടൊയോട്ട ഫോര്‍ച്യൂണര്‍ എന്നിവയാണ് ഓള്‍-ന്യൂ ഹോണ്ട സിആര്‍-വിയുടെ എതിരാളികള്‍. ഇവര്‍ ഉയര്‍ത്തുന്ന മല്‍സരം ശക്തമായി നേരിടുന്നതിന് ഹോണ്ട സിആര്‍-വി ഇത്തവണ കൂടുതല്‍ തയ്യാറായിരിക്കുന്നു.

2018 മോഡല്‍ സിആര്‍-വിയിലൂടെ ഹോണ്ടയുടെ പുതു തലമുറ 1.6 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ (1597 സിസി, 4 സിലിണ്ടര്‍, ഐ-ഡിടെക്) ഇന്ത്യയില്‍ അരങ്ങേറ്റം കുറിച്ചു. ഇന്ത്യന്‍ വിപണിയിലേക്കായി ഈ മോട്ടോര്‍ ഡീട്യൂണ്‍ ചെയ്തിരിക്കുന്നു. 4,000 ആര്‍പിഎമ്മില്‍ 118 ബിഎച്ച്പി കരുത്തും 2,000 ആര്‍പിഎമ്മില്‍ 300 എന്‍എം പരമാവധി ടോര്‍ക്കുമാണ് ഉല്‍പ്പാദിപ്പിക്കുന്നത്. 9 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി എന്‍ജിന്‍ ചേര്‍ത്തുവെച്ചു.

പുതിയ സിആര്‍-വിയിലെ പെട്രോള്‍ എന്‍ജിന്‍ 2.0 ലിറ്റര്‍, 4 സിലിണ്ടര്‍ യൂണിറ്റാണ് (1997 സിസി, ഐ-വിടെക്). ഈ എന്‍ജിന്‍ 6,500 ആര്‍പിഎമ്മില്‍ 151 ബിഎച്ച്പി കരുത്തും 4,300 ആര്‍പിഎമ്മില്‍ 189 എന്‍എം പരമാവധി ടോര്‍ക്കും പുറത്തെടുക്കും. 6 സ്പീഡ് സിവിടിയാണ് ട്രാന്‍സ്മിഷന്‍. ഫ്രണ്ട് വീല്‍ ഡ്രൈവ് ഓണ്‍ലി വാഹനമാണ് പെട്രോള്‍ സിആര്‍-വി. മൂന്നാം നിര സീറ്റുകളും ലഭിച്ചില്ല. ഡീസല്‍ എന്‍ജിന്‍ മോഡലിന് ഓപ്ഷനായി ഓള്‍ വീല്‍ ഡ്രൈവ് ഉണ്ടായിരിക്കും. എന്നാല്‍ പെട്രോള്‍ എന്‍ജിന്‍ മോഡലിന് ഫ്രണ്ട് വീല്‍ ഡ്രൈവ് മാത്രമാണ് ലഭിക്കുന്നത്.

അകത്തും പുറത്തുമായി മുമ്പത്തേക്കാള്‍ പ്രീമിയം ഫീല്‍ തരികയാണ് പുതു തലമുറ ഹോണ്ട സിആര്‍-വി. എല്‍ഇഡി ഹെഡ്‌ലൈറ്റുകള്‍, എല്‍ഇഡി ഫോഗ് ലാംപുകള്‍, ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സ് എന്നിവ സവിശേഷതകളാണ്. മസ്‌കുലര്‍ ഡിസൈന്‍, വലിയ 18 ഇഞ്ച് വീലുകള്‍ എന്നിവ എസ്‌യുവിയുടെ ഗാംഭീര്യം വര്‍ധിപ്പിക്കുന്നു. പെട്രോള്‍, ഡീസല്‍ വേരിയന്റുകളിലെ അലോയ് വീലുകളുടെ ഡിസൈന്‍ വ്യത്യസ്തമാണ്. ഇന്റീരിയറില്‍ കൂടുതല്‍ പ്രീമിയം ഫിനിഷ് കാണാം. സെന്റര്‍ കണ്‍സോളില്‍ പുതിയ 7 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം നല്‍കിയിരിക്കുന്നു. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ എന്നിവയോടൊപ്പം മറ്റ് കണക്റ്റിവിറ്റി ഓപ്ഷനുകളും ഉണ്ടായിരിക്കും.

ഇബിഡി സഹിതം എബിഎസ്, ബ്രേക്ക് അസിസ്റ്റ്, വെഹിക്കിള്‍ സ്റ്റബിലിറ്റി അസിസ്റ്റ്, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, ആറ് എയര്‍ബാഗുകള്‍, ഐസോഫിക്‌സ് ചൈല്‍ഡ് മൗണ്ടുകള്‍, സീറ്റ്‌ബെല്‍റ്റ് പ്രീ-ടെന്‍ഷനറുകള്‍, ഡ്രൈവര്‍ അറ്റന്‍ഷന്‍ മോണിറ്റര്‍ എന്നീ സുരക്ഷാ ഫീച്ചറുകള്‍ സ്റ്റാന്‍ഡേഡായി നല്‍കിയിരിക്കുന്നു. ആസിയാന്‍ എന്‍ക്യാപ് ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ റേറ്റിംഗ് ലഭിച്ച വാഹനമാണ് ഹോണ്ട സിആര്‍-വി. മനസ്സമാധാനത്തോടെ യാത്ര ചെയ്യാം.

Comments

comments

Categories: Auto