2 ബില്യണ്‍ ഫണ്ടുമായി സോഷ്യല്‍ ഫിനാന്‍സ്

2 ബില്യണ്‍ ഫണ്ടുമായി സോഷ്യല്‍ ഫിനാന്‍സ്

രണ്ട് ബില്യണ്‍ ഡോളര്‍ മൂല്യമുള്ള രണ്ട് ഫണ്ടുകള്‍ക്ക് ഇന്ത്യയില്‍ തുടക്കം കുറിച്ച് സാമൂഹ്യ ധനകാര്യ സേവന കമ്പനിയായ സോഷ്യല്‍ ഫിനാന്‍സ്. വിദ്യാഭ്യാസം, ആരോഗ്യം, ഹൗസിംഗ്, തുടങ്ങിയ മേഖലകളിലെ വിവിധ പദ്ധതികള്‍ക്കായി ധനസഹായം നല്‍കുന്നതിനു വേണ്ടിയാണ് ഫണ്ടെന്ന് സോഷ്യല്‍ ഫിനാന്‍സ് വ്യക്തമാക്കി. സ്വച്ഛ് ഭാരത്, സ്‌കില്‍ ഇന്ത്യ, മേക്ക് ഇന്‍ ഇന്ത്യ തുടങ്ങിയ മോദി സര്‍ക്കാരിന്റെ പദ്ധതികളുമായി ബന്ധപ്പെട്ട പ്രൊജക്റ്റുകളുടെ ധനപരമായ ആവശ്യകതകള്‍ നിറവേറ്റാനാണ് ഫണ്ട് ലക്ഷ്യമിടുന്നത്. ടാറ്റ കാപ്പിറ്റലിന്റെ മുന്‍ സിഒഒ ഗോവിന്ദ് ശങ്കരനാരായണനെ തങ്ങളുടെ ഇന്ത്യാ വിഭാഗം പ്രവര്‍ത്തനങ്ങളുടെ തലവനായി സോഷ്യല്‍ ഇംപാക്റ്റ് ഇന്‍വെസ്റ്റര്‍ നിയോഗിച്ചിട്ടുണ്ട്. ടാറ്റ ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനമായ ടാറ്റ ട്രസ്റ്റ്‌സ്, സോഷ്യല്‍ ഇംപാക്റ്റ് നെറ്റ്‌വര്‍ക്കിന്റെ ഒമിദ്‌യര്‍ നെറ്റ്‌വര്‍ക്ക് എന്നിവയാണ് സോഷ്യല്‍ ഫിനാന്‍സിന്റെ ഇന്ത്യന്‍ ഫണ്ടുകളെ പിന്തുണക്കുന്നത്. സോഷ്യല്‍ ഫിനാന്‍സ് ഇന്ത്യയില്‍ ലോഞ്ച് ചെയ്ത ഫണ്ടുകള്‍ രണ്ട് പ്രധാന ലക്ഷ്യങ്ങള്‍ നേടിയെടുക്കുമെന്ന് കമ്പനി വ്യക്തമാക്കി. ഒരു ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ആദ്യ ഫണ്ട് വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ നിക്ഷേപിക്കാനാണ് ഉപയോഗിക്കുക. പാഠനം മെച്ചപ്പെടുത്തുന്നതും വിദ്യാലയങ്ങളില്‍ പ്രവേശനം വര്‍ധിപ്പിക്കുന്നതും ഉള്‍പ്പടെയുള്ള പ്രവര്‍ത്തനങ്ങളാണ് പ്രധാനമായും ഇതുപയോഗിച്ച് നടത്തുക. ഒരു ബില്യണ്‍ ഡോളര്‍ തന്നെ മൂല്യമുള്ള രണ്ടാമത്തെ ഫണ്ട് ഉപയോഗിച്ച്, താങ്ങാവുന്ന നിരക്കിലുള്ള ഭവനങ്ങള്‍, കൃഷി, ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ തുടങ്ങിയ മേഖലകള്‍ക്ക് ധനസഹായം നല്‍കി സാമൂഹികമായ ഫലങ്ങള്‍ സൃഷ്ടിക്കുന്ന വായ്പാദാതാക്കള്‍ക്ക് ഇക്വറ്റി ഫണ്ടിംഗ് ഉറപ്പു വരുത്തുകയാണ് ചെയ്യുക.

Comments

comments

Categories: FK News