ഇന്‍ഷുറന്‍സ് ബ്രോക്കിംഗില്‍ നൂറ് ശതമാനം വിദേശനിക്ഷേപം പരിഗണനയില്‍

ഇന്‍ഷുറന്‍സ് ബ്രോക്കിംഗില്‍ നൂറ് ശതമാനം വിദേശനിക്ഷേപം പരിഗണനയില്‍

നിലവില്‍ ഇന്‍ഷുറന്‍സ് മേഖലയില്‍ ഓട്ടോമാറ്റിക് റൂട്ട് വഴി 49 ശതമാനം വിദേശനിക്ഷേപത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്

ന്യൂഡെല്‍ഹി: ഇന്‍ഷുറന്‍സ് ബ്രോക്കിംഗില്‍ നേരിട്ടുള്ള വിദേശ നിക്ഷേപ(എഫ്ഡിഐ)പരിധി നൂറ് ശതമാനമാക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണനയിലെന്ന് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച നിര്‍ദേശം ധനമന്ത്രാലയത്തിലെയും ഇന്‍ഡസ്ട്രിയല്‍ പോളിസി ആന്‍ഡ് പ്രൊമോഷന്‍ വകുപ്പി(ഡിഐപിപി)ലെയും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അവലോകനം ചെയ്യുകയാണെന്ന് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. ഇന്‍ഷുറന്‍സ് മേഖലയ്ക്ക് കൂടുതല്‍ പ്രോത്സാഹനം നല്‍കുന്നതും കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കുന്നതും ലക്ഷ്യമിട്ടാണ് സര്‍ക്കാരിന്റെ ഈ നീക്കം.
നിലവില്‍ ഇന്‍ഷുറന്‍സ് ബ്രോക്കിംഗ് കമ്പനികള്‍ ഉള്‍പ്പടെയുള്ള ഇന്‍ഷുറന്‍സ് മേഖലയില്‍ ഓട്ടോമാറ്റിക് റൂട്ട് വഴി 49 ശതമാനം വിദേശനിക്ഷേപത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. നേരത്തെയുണ്ടായിരുന്ന 26 ശതമാനം എന്ന പരിധിയില്‍ നിന്നുമാണ് 49 ശതമാനമാക്കി ഉയര്‍ത്തിയത്. ഇന്‍ഷുറന്‍സ് കമ്പനികളില്‍ നിന്നും വേര്‍തിരിച്ച് ഇന്‍ഷുറന്‍സ് ഇടനില സേവനങ്ങളിലെ വിദേശനിക്ഷേപ പരിധി വര്‍ധിപ്പിക്കേണ്ടതുണ്ടെന്നാണ് ഈ മേഖലയിലെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ ഡിഐപിപിയിലെയും സാമ്പത്തികകാര്യ വകുപ്പിലെയും ധനകാര്യ സേവന വകുപ്പിലെയും പ്രതിനിധികള്‍ പങ്കെടുക്കുന്ന ഒരു യോഗം ഉടനുണ്ടാകുമെന്നാണ് സൂചന. എന്നാല്‍ ഇന്‍ഷുറന്‍സ് മേഖലയില്‍ ഇതു സംബന്ധിച്ച് ആശയക്കുഴപ്പങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഇന്‍ഷറന്‍സ് ബ്രോക്കര്‍മാര്‍ നിലവിലെ എഫ്ഡിഐ നയമനുസരിച്ച് സാമ്പത്തിക ഇടനിലക്കാരാണെന്നും അതിനാല്‍ 100 ശതമാനം വിദേശ നിക്ഷേപം സാധ്യമാകേണ്ടതാണെന്നുമാണ് ചിലര്‍ വാദിക്കുന്നത്..
എന്നാല്‍ നിലവിലുള്ള ചില ബ്രോക്കര്‍മാരില്‍ നിന്നും ഇക്കാര്യത്തില്‍ എതിര്‍പ്പുകള്‍ ഉയര്‍ന്നിട്ടുണ്ട്. ഇവര്‍ 2003ല്‍ തന്നെ പ്രവര്‍ത്തനം ആരംഭിച്ചവരാണ്. വിദേശ നിക്ഷേപ പങ്കാളികള്‍ അവരെ മറികടക്കുവാന്‍ അവര്‍ ആഗ്രഹിക്കുന്നില്ല. വിദേശ നിക്ഷേപ പരിധി ഉയര്‍ത്തുന്നതില്‍ ഇന്‍ഷുറന്‍സ് ബ്രോക്കേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയും ആശങ്ക അറിയിച്ചിട്ടുണ്ട്. രണ്ട് കമ്പനികള്‍ മാത്രമാണ് ഇതുവരെ അവരുടെ വിദേശ ഓഹരി പങ്കാളിത്തം 49 ശതമാനമായി ഉയര്‍ത്തിയിട്ടുള്ളത്. അതിനാല്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ കൂടുതല്‍ പരിശോധന നടത്തണമെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. അസോചം- എപിഎഎസിന്റെ കണക്ക് പ്രകാരം ഇന്ത്യന്‍ ഇന്‍ഷുറന്‍സ് വ്യവസായ മേഖല 2019-20 വര്‍ഷക്കാലയളവില്‍ 280 ബില്യണ്‍ ഡോളര്‍ വളര്‍ച്ച കൈവരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Comments

comments

Categories: Business & Economy