അമേരിക്കന്‍ സ്വാധീനമില്ലാത്ത വിദേശനയം

അമേരിക്കന്‍ സ്വാധീനമില്ലാത്ത വിദേശനയം

വിദേശനയത്തിന്റെ കാര്യത്തില്‍ സ്വതന്ത്രമായ നിലപാടായിരിക്കും ഇന്ത്യ സ്വീകരിക്കുകയെന്നതിന് തെളിവാണ് റഷ്യയുമായുണ്ടാക്കിയ മിസൈല്‍ കരാര്‍. അമേരിക്കയുള്‍പ്പടെയുള്ള രാജ്യങ്ങള്‍ക്ക് അത് വ്യക്തമായ സന്ദേശം നല്‍കുന്നു

റഷ്യക്കെതിരെ യുഎസ് ചെലുത്തുന്ന ഉപരോധത്തിന് അനുസരിച്ച് ഇന്ത്യയും പ്രവര്‍ത്തിക്കണമെന്ന ധാരണ പൊളിച്ചടുക്കുന്നതായിരുന്നു മോദി-പുടിന്‍ കൂടിക്കാഴ്ച്ചയും എസ്-400 ട്രയംഫ് മിസൈല്‍ സംവിധാനം വാങ്ങാനുള്ള കരാറില്‍ ഇരുരാജ്യങ്ങളും ഒപ്പുവച്ചതും. യുഎസിന്റെ ഉപരോധ ഭീഷണി അവഗണിച്ചുകൊണ്ടാണ്് റഷ്യയില്‍ നിന്നും അത്യാധുനിക മിസൈല്‍ സംവിധാനം വാങ്ങാനുള്ള കരാറില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനും ഒപ്പുവച്ചത്. പ്രതിരോധരംഗത്ത് ഇന്ത്യയുടെ താല്‍പ്പര്യങ്ങള്‍ക്ക് അനുസരിച്ചുള്ള നിലപാടുമായി തന്നെയാകും നരേന്ദ്ര മോദി സര്‍ക്കാര്‍ മുന്നോട്ടു പോകുന്നതെന്ന ഉറച്ച സന്ദേശം നല്‍കുന്നു അത്.

ഇന്ത്യയും റഷ്യയും തമ്മിലുള്ള വാര്‍ഷിക ഉച്ചകോടിയുടെ ഭാഗമായിട്ടായിരുന്നു പുടിന്‍ ഇക്കഴിഞ്ഞയാഴ്ച്ച ന്യൂഡെല്‍ഹിയിലെത്തി ഇന്ത്യയുമായുള്ള കരാറില്‍ ഒപ്പുവെച്ചത്. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധത്തില്‍ മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഊഷ്മളതയുണ്ട് ഇപ്പോള്‍. അതുകൊണ്ടുതന്നെ അമേരിക്കയ്ക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങള്‍ ചെയ്യാന്‍ ഇന്ത്യ വിമുഖത കാട്ടിയേക്കും എന്ന തോന്നല്‍ ചില കോണുകളിലുണ്ടായിരുന്നു. എന്നാല്‍ അങ്ങനെയല്ല കാര്യങ്ങള്‍, ചില വിട്ടുവീഴ്ച്ചകള്‍ ഇന്ത്യയുടെ കാര്യത്തില്‍ അമേരിക്ക ചെയ്യുമെന്നാണ് സൂചനയെന്ന തരത്തിലുള്ള വിലയിരുത്തലുകളും വന്നു. ഇതിനനുസരിച്ചാണ് ഇപ്പോള്‍ കാര്യങ്ങള്‍ നീങ്ങുന്നതെന്നും വേണമെങ്കില്‍ കരുതാം.

റഷ്യയുടെ പക്കല്‍ നിന്ന് എസ്-400 മിസൈല്‍ വാങ്ങുന്നതിനെ ട്രംപ് ഭരണകൂടം ഒരിക്കലും പ്രോല്‍സാഹിപ്പിച്ചിരുന്നില്ല. വാങ്ങിയാല്‍ ഇന്ത്യക്ക് അത് ദോഷം ചെയ്യുമെന്ന രൂപേണ പരോക്ഷമായ പല ഭീഷണികള്‍ പുറപ്പെടുവിക്കുകയും ചെയ്തു. അമേരിക്കയുടെ എതിരാളികളില്‍ നിന്ന് ആയുധങ്ങള്‍ വാങ്ങുന്നവര്‍ക്കു മേല്‍ ഏര്‍പ്പെടുത്തുന്ന ഉപരോധം (സിഎഎടിഎസ്എ) ഇന്ത്യക്ക് മേലും വരുമെന്ന ഭീഷണി യുഎസിന്റെ ഭാഗത്തുനിന്നുണ്ടായിരുന്നു. അതിനെ തള്ളിയാണ് ഇന്ത്യ കരാറില്‍ ഒപ്പുവെച്ചിരിക്കുന്നത്.

ഇന്ത്യയുടെ പ്രതിരോധ മേഖലയുടെ ശേഷി വര്‍ധിപ്പിക്കുന്ന അത്യാധുനിക മിസൈല്‍ സംവിധാനമാണ് എസ്-400. ഇതുമായി ബന്ധപ്പെട്ട് ഏകദേശം 5.43 ബില്യണ്‍ ഡോളറിന്റെ കരാറിലാണ് ഇരുരാജ്യങ്ങളും ഒപ്പുവെച്ചിരിക്കുന്നത്. അമേരിക്ക ഉള്‍പ്പടെ ലോകത്തെ ഏത് രാജ്യത്തിന്റെ പക്കലുള്ള പ്രതിരോധ സാങ്കേതികവിദ്യയെയും വെല്ലാന്‍ ശേഷിയുള്ള സംവിധാനമാണ് എസ്-400. എതിരാളികള്‍ അയക്കുന്ന ക്രൂസ് മിസൈലുകളെയും ബാലിസ്റ്റിക് മിസൈലുകളെയും എല്ലാം തകര്‍ത്തെറിയാന്‍ ശേഷിയുള്ളതാണ് എസ്-400.

പാക്കിസ്ഥാനോ, ചൈനയോ ഇന്ത്യക്കെതിരെ മിസൈല്‍ ആക്രമണങ്ങള്‍ നടത്തിയാല്‍ അവരുടെ രാജ്യത്തു തന്നെ വച്ച് അതിനെ തകര്‍ക്കാന്‍ എസ് 400 ട്രയംഫിന് സാധിക്കുമെന്നാണ് പ്രതിരോധ വിദഗ്ധര്‍ പറയുന്നത്. 400 കിലോമീറ്റര്‍ പരിധിയിലുള്ള ഏകദേശം 36ഓളം ലക്ഷ്യങ്ങളെ നശിപ്പിക്കാനും എസ്-400ന് ശേഷിയുണ്ട്. ഇന്ത്യക്കെതിരെ വരുന്ന ഹ്രസ്വ, മധ്യ ദൂര ബാലിസ്റ്റിക് മിസൈലുകളെ പ്രതിരോധിക്കാനും ഇതിന് സാധിക്കും. ഇതുകൊണ്ടെല്ലാം തന്നെ ഈ മിസൈല്‍ സംവിധാനം ഇന്ത്യക്ക് നല്‍കുന്ന ആത്മവിശ്വാസവും ധൈര്യവും വലുതാണ്, പ്രത്യേകിച്ചും ചൈനയും പാക്കിസ്ഥാനും മുമ്പെങ്ങുമില്ലാത്ത തരത്തില്‍ ഭീഷണി ഉയര്‍ത്തി നില്‍ക്കുന്ന നിലവിലെ സാഹചര്യത്തില്‍.

അതേസമയം ആഗോള ലോകക്രമത്തില്‍ വരുന്ന മാറ്റങ്ങളും ഈ പശ്ചാത്തലത്തില്‍ നോക്കിക്കാണേണ്ടതുണ്ട്. റഷ്യയും ചൈനയും തമ്മില്‍ ഇപ്പോള്‍ കൂടുതല്‍ അടുക്കുന്നുണ്ടെന്നതാണ് അതില്‍ ഏറ്റവും ശ്രദ്ധേയമായ കാര്യം. അമേരിക്കന്‍ വിരുദ്ധ അച്ചുതണ്ട് ശക്തി പ്രാപിച്ചു വരുമ്പോള്‍ അതില്‍ ഇന്ത്യ സ്വീകരിക്കേണ്ട നിലപാട് സങ്കീര്‍ണമായി മാറിയേക്കാന്‍ സാധ്യതയുണ്ടെന്ന് പലരും മുന്നറിയിപ്പ് നല്‍കുന്നു. ദീര്‍ഘകാലാടിസ്ഥാനത്തില്‍, പ്രത്യേകിച്ചും ചൈനയുടെ കുടില പദ്ധതികളുടെ പശ്ചാത്തലത്തില്‍ നോക്കുമ്പോള്‍ ഇന്ത്യയെ സംബന്ധിച്ച് കുറച്ച് ആശങ്ക സൃഷ്ടിക്കുന്നതാണ് റഷ്യ-ചൈന ബന്ധത്തിലെ ശക്തിപ്പെടല്‍. എങ്കിലും റഷ്യയുമായുള്ള ഇന്ത്യയുടെ ബന്ധത്തെ അത് ബാധിക്കാതെ നോക്കുന്നതിനാണ് ഇപ്പോള്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ ശ്രമിക്കുന്നത്. അതുതന്നെയാണ് തന്ത്രപരമായി രാജ്യത്തിന് ഗുണം ചെയ്യുന്ന നയതന്ത്രവും.

Comments

comments

Categories: Editorial, Slider

Related Articles