ജോലി ഉപേക്ഷിക്കാന്‍ കാണിച്ച ധൈര്യം ഈ സംരംഭകയുടെ വിജയം

ജോലി ഉപേക്ഷിക്കാന്‍ കാണിച്ച ധൈര്യം ഈ സംരംഭകയുടെ വിജയം

കൊച്ചിയിലെ ഫാഷന്‍ പ്രേമികളോട് അവര്‍ക്ക് ഏറെ ഇഷ്ടപ്പെട്ട ഫാഷന്‍ ഡെസ്റ്റിനേഷന്‍ ഏതൊക്കെയാണ് എന്ന് ചോദിച്ചാല്‍ പറയുന്ന പേരുകളില്‍ ഒന്ന് എക്‌സോട്ടിക്ക എന്നതാകും. ഇത്തരത്തില്‍ പറയാന്‍ ഉപഭോക്താക്കളെ പ്രാപ്തമാക്കിയത് ബൊട്ടീക്ക് നടത്തിപ്പില്‍ സുമി വിവേര എന്ന സംരംഭക സ്വീകരിച്ച വേറിട്ട സമീപനമാണ്. പൂനെയിലെ പ്രശസ്തമായ ആശുപത്രിയില്‍ ഉണ്ടായിരുന്ന ജോലി രാജി വച്ച് സംരംഭകത്വത്തിലേക്ക് ഇറങ്ങുവാന്‍ സുമിയെ പ്രേരിപ്പിച്ചത് സംരംഭകത്വത്തോടുള്ള അഭിനിവേശവും ഗാര്‍മെന്റ് ഇന്‍ഡസ്ട്രി തന്നെ ചതിക്കില്ല എന്ന വിശ്വാസവും മാത്രമാണ്. കേവലം 10000 രൂപ മുതല്‍മുടക്കില്‍ ആരംഭിച്ച സ്ഥാപനത്തില്‍ നിന്നും ഇപ്പോള്‍ പ്രതിവര്‍ഷം ഒരു ലക്ഷം രൂപയുടെ വരുമാനമാണ് ഈ യുവ സംരംഭക നേടുന്നത്

”അവസരങ്ങള്‍ ഇല്ല എന്ന് പറഞ്ഞു മനസ്സ് പിന്‍തിരുന്നിടത്തല്ല, അവസരങ്ങള്‍ കണ്ടെത്തുന്നിടത്താണ് ഒരു വ്യക്തിയുടെ വിജയം, ബിസിനസിലും അങ്ങനെ തന്നെ. ബിസിനസ് ചെയ്യാന്‍ ജന്മനാ ഒരു താല്‍പര്യം ഉള്ള വ്യക്തിയാണ് നിങ്ങള്‍ എങ്കില്‍ മറ്റുള്ളവരുടെ വാക്ക് കേട്ട് പിന്തിരിയരുത്, വൈറ്റ് കോളര്‍ ജോലി നേടിയാല്‍ നിങ്ങളുടെ ജീവിതം സെറ്റില്‍ ആകും എന്ന് കരുതി മനസില്ലാമനസോടെ ജോലിയില്‍ തുടരുകയും ചെയ്യരുത്. കാരണം, നിങ്ങള്‍ യഥാര്‍ത്ഥ പാഷനേറ്റ് ആണെങ്കില്‍ നിങ്ങളുടെ വിജയം ബിസിനസില്‍ തന്നെയായിരിക്കും” പറയുന്നത് കൊച്ചിയിലെ യുവ സംരംഭകര്‍ക്കിടയില്‍ ഏറെ പ്രശസ്തയായ സുമി വിവേരയാണ്. കൊച്ചി ഹൈക്കോര്‍ട്ട് ജംക്ഷനില്‍ ഉള്ള എക്‌സോട്ടിക്ക എന്ന ഗാര്‍മെന്റ് ഷോപ്പില്‍ ദിനംപ്രതി വര്‍ധിച്ചു വരുന്ന തിരക്ക് സുമിയുടെ ഈ വാക്കുകളെ സാധൂകരിക്കുന്നു.

മൈക്രോ ബയോളജിയില്‍ ബിരുദാനന്തര ബിരുദം നേടിയശേഷം പൂനെയിലെ ഒരു പ്രശസ്തമായ ആശുപത്രിയില്‍ ജോലി നോക്കിയിരുന്ന സുമിക്ക് മനസ്സില്‍ മുഴവന്‍ ബിസിനസ് എന്ന ചിന്തയായിരുന്നു. വിജയിച്ച എല്ലാ സംരംഭകരുടെ കഥയിലും എന്ന പോലെ തന്നെ മറ്റുള്ളവരുടെ കീഴില്‍ ഒരു തൊഴിലാളിയായി ജീവിക്കുന്നതിനേക്കാള്‍ കുറച്ചുപേര്‍ക്കെങ്കിലും ജോലി നല്‍കാന്‍ കഴിയുന്ന ഒരു സംരംഭകയാകണം എന്നതായിരുന്നു സുമിയുടെ ആഗ്രഹം. ആ ആഗ്രഹത്തിന്റെ വേരുപിടിച്ചാണ് എക്‌സോട്ടിക്ക എന്ന സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്റ്റര്‍ സ്ഥാനത്ത് സുമി വിവേര എത്തിയിരിക്കുന്നത്.

ബിസിനസ് എന്നാല്‍ എനിക്ക് വസ്ത്രങ്ങള്‍

ചെറുപ്പം മുതല്‍ക്ക് ബിസിനസിനെ പറ്റി ചിന്തിക്കുമ്പോഴെല്ലാം മനസിലേക്ക് വന്നിരുന്നത് ഒരു ബൊട്ടീക്കിന്റെയോ ഗവര്‍മെന്റ് യൂണിറ്റിന്റെയോ ഒക്കെ ചിത്രമായിരുന്നു എന്ന് സുമി പറയുന്നു. അതിനൊരു കാരണവും ഉണ്ട്. സുമിക്ക് അഞ്ചു വയസ്സുള്ളപ്പോഴാണ് അച്ഛന്‍ മരിക്കുന്നത്. ഭര്‍ത്താവിന്റെ മരണശേഷം മകളെ വളര്‍ത്തുന്നതിനായി സുമിയുടെ ‘അമ്മ ആശ്രയിച്ചത് ഒരു തയ്യല്‍ യൂണിറ്റിനെയായിരുന്നു. വീട്ടില്‍ വളരെ ചെറിയ രീതിയില്‍ ആരംഭിച്ച ആ തയ്യല്‍ യൂണിറ്റിന്റെ ചുവടുപിടിച്ചാണ് ‘അമ്മ സുമിയെ പഠിപ്പിച്ചതും മറ്റും. തയ്യല്‍ യൂണിറ്റിനൊപ്പം ചെറിയ രീതിയില്‍ വസ്ത്രങ്ങളുടെ കച്ചവടവും അമ്മ നടത്തിയിരുന്നു. ആ പരിചയത്തിന്റെ പിന്‍ബലത്തിലാണ് സുമി വസ്ത്രങ്ങളോടും തുണിത്തരങ്ങളോടും വളരെ വേഗത്തില്‍ അടുക്കുന്നത്.

2007 ല്‍ വിവാഹശേഷം ഭര്‍ത്താവിന്റെ വീട്ടില്‍ എത്തിയപ്പോഴും അവിടെയും ഇത് തന്നെ അവസ്ഥ. ഭര്‍ത്താവിന്റെ ‘അമ്മ സ്വന്തമായി ഒരു ടെക്‌സ്‌റ്റൈല്‍ ഷോപ്പ് നടത്തിയിരുന്നു. ചെറിയ രീതിയില്‍ നടത്തിയിരുന്ന ആ വസ്ത്രശാലയില്‍ സുമിക്കും ഏറെ താല്‍പര്യമായി. സമയം കിട്ടുമ്പോഴെല്ലാം ഭര്‍ത്താവിന്റെ അമ്മയോടൊപ്പം ചേര്‍ന്ന് പുതിയ തരം വസ്ത്രങ്ങളും മെറ്റിരിയലുകളും പര്‍ച്ചേസ് ചെയ്യുക സുമിയുടെ ശീലമായി മാറി. എന്നാല്‍ കുറച്ചു കാലം കഴിഞ്ഞപ്പോള്‍ ഭര്‍ത്താവിന്റെ ‘അമ്മ ബിസിനസില്‍ നിന്നും പിന്മാറുന്നതായി അറിയിച്ചു. അത്യാവശ്യം ഉപഭോക്താക്കളെ ലഭിച്ചിരുന്ന ആ സംരംഭം അടച്ചു പൂട്ടുന്നതിനേക്കാള്‍ നല്ലത് , അതൊരു വെല്ലുവിളിയും അവസരവുമായിക്കണ്ട് താന്‍ ആ സ്ഥാപനം നടത്തുന്നതാണ് എന്ന് സുമിക്ക് തോന്നി.

ഭര്‍ത്താവിന്റെ ‘അമ്മ ഇക്കാര്യം നേരിട്ട് നിര്‍ദ്ദേശിക്കുക കൂടി ചെയ്തപ്പോള്‍ സുമിയുടെ ആത്മവിശ്വാസം വര്‍ധിച്ചു. അതോടെ മൈക്രോബയോളജിസ്റ്റ് എന്ന തന്റെ പ്രൊഫഷനോട് പൂര്‍ണമായതും ബൈ പറഞ്ഞുകൊണ്ട് സുമി മുഴുവന്‍ സമയ ബിസിനസില്‍ വ്യാപൃതയായി. എന്നാല്‍ തുടക്കത്തില്‍ തന്നെ വലിയൊരു നിക്ഷേപം നടത്തി ബാധ്യതകള്‍ ഉണ്ടാക്കിവയ്ക്കുക എന്നതായിരുന്നില്ല സുമിയുടെ രീതി. കേവലം 10000 രൂപയുടെ നിക്ഷേപമാണ് എക്‌സോട്ടിക്കക്ക് വേണ്ടി സുമി നടത്തിയത്. തുടക്കം ‘അമ്മ വിറ്റിരുന്ന തുണിത്തരങ്ങള്‍ക്കൊപ്പം ആഭരണങ്ങള്‍ വിറ്റുകൊണ്ടായിരുന്നു. പിന്നീട് ആഭരണങ്ങള്‍ ഒഴിവാക്കി വസ്ത്രങ്ങള്‍ക്ക് തന്നെ പൂര്‍ണ ശ്രദ്ധ നല്‍കി.

ഫേസ്ബുക്കിലൂടെ തുടക്കം

പെണ്‍കുട്ടികള്‍ ജീന്‍സിനൊപ്പം ഉപയോഗിക്കുന്ന മൂന്നോ നാലോ കൂര്‍ത്തകളുമായി 2007 ല്‍ ആയിരുന്നു തുടക്കം.അതും തികച്ചും ലളിതമായ രീതിയില്‍. വിവിധ ഷോപ്പുകളില്‍ കയറിയിറങ്ങി ആ സമയത്തെ ഏറ്റവും മികച്ച ഫാഷന് അനുഗുണമായ തുണികള്‍ തെരെഞ്ഞെടുത്തു. എന്നിട്ട് പരിചയത്തിലുള്ള ഒരു തയ്യല്‍ക്കടയില്‍ ചെന്ന് ചെയ്യേണ്ട ഡിസൈന്‍ പറഞ്ഞു കൊടുത്ത് തയ്ച്ചു വാങ്ങി. കുത്തകളില്‍ ലേറ്റസ്റ്റ് ട്രെന്‍ഡുകളാണ് സുമി പരീക്ഷിച്ചതത്രയും. തയ്ച്ചു കിട്ടിയ കുര്‍ത്തകളുടെ പലവിധ ഫോട്ടോകള്‍ എടുത്ത് അതിന്റെ വില സഹിതം ഫേസ്ബുക്കില്‍ ഇട്ടു. എല്ലാം ഒരു പരീക്ഷണമായിരുന്നു എങ്കിലും ആ പരീക്ഷണം പൂര്‍ണ വിജയമായിരുന്നു.വളരെ പെട്ടെന്ന് അവയ്‌ക്കെല്ലാം ആവശ്യക്കാരുണ്ടായി. അങ്ങനെയാണ് ഓണ്‍ലൈന്‍ ബിസിനസിന്റെ സാധ്യതകള്‍ സുമി മനസിലാക്കുന്നത്. പിന്നെ വൈകിയില്ല തന്റെ തട്ടകം ഓണ്‍ലൈന്‍ തന്നെയെന്ന് സുമി ഉറപ്പിച്ചു.

വസ്ത്രങ്ങളുടെ ഓണ്‍ലൈന്‍ വിപണി സാധ്യതകള്‍ മനസിലാക്കിയ സുമി സമാനമായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന ചില സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ചു. അതിനു ശേഷം ഫേസ്ബുക്കിനെ മുഖ്യ മാധ്യമാക്കി നിലനിര്‍ത്തിക്കൊണ്ട് തന്റെ സ്ഥാപനം ആരംഭിച്ചു.ഒരു പുതിയ കുര്‍ത്തയോ വസ്ത്രമോ വിപണിയില്‍ ഇറക്കും മുന്‍പ് ഒരു പ്രിവ്യൂ പോസ്റ്റ് ഇടും. അതിനു ശേഷം അതു കഴിഞ്ഞ് ആ ഉല്‍പന്നം വരുമ്പോള്‍ വിശദാംശങ്ങളും കൂടുതല്‍ ഫോട്ടോകളും പോസ്റ്റ് ചെയ്യും. ആവശ്യക്കാര്‍ക്ക് ബന്ധപ്പെടാന്‍ ഫോണ്‍ നമ്പറും നല്‍കി. വിചാരിച്ചതിലും വേഗത്തിലാണ് സുമിയുടെ സംരംഭം വിജയം കണ്ടത്.

യുവാക്കള്‍ക്കു ഇഷ്ടപ്പെടുന്ന രീതിയില്‍ ലേറ്റസ്റ്റ് ഫാഷനോട് അടുത്തുനില്‍ക്കുന്ന വസ്ത്രങ്ങള്‍ കണ്ടെത്തുന്നതില്‍ സുമി വിവേര പ്രത്യേകം ശ്രദ്ധിച്ചു. അത് തന്നെയായിരുന്നു ആ ഓണ്‍ലൈന്‍ ബൊട്ടീക്കിന്റെ വിജയവും.ഉപഭോക്താക്കളുടെ ഭാഗത്തു നിന്ന് അന്വേഷണങ്ങള്‍ വരുന്ന മുറയ്ക്ക് സൈസ് ചാര്‍ട്ട് അയച്ചു കൊടുക്കുകയാണ് ആദ്യം ചെയ്യുന്നത്. അതു കൃത്യമാക്കി ഓര്‍ഡറുകള്‍ സ്വീകരിക്കുന്നു. പണം അക്കൗണ്ടിലേക്ക് എത്തിയാല്‍ ഉടന്‍ കൊറിയറിലൂടെ ഉല്‍പന്നം അയച്ചു കൊടുക്കും.

ഇന്ത്യക്കകത്ത് നിന്നും പുറത്തു നിന്നും ഒരു പോലെ വസ്ത്രങ്ങള്‍ക്ക് ആവശ്യക്കാര്‍ എത്തിയതോടെ എക്‌സോട്ടിക്ക എന്ന ബ്രാന്‍ഡ് കൂടുതല്‍ ഉയരങ്ങളിലേക്ക് പറന്നു. കുര്‍ത്തകളും ചുരിദാര്‍ മെറ്റിരിയലുകളും മാത്രം വിറ്റിരുന്ന സ്ഥാനത്ത്, കുട്ടിയുടുപ്പുകളും വിവാഹവസ്ത്രങ്ങളും വരെ സ്ഥാനം പിടിച്ചു. വളരെ വേഗത്തിലായിരുന്നു പിന്നീടുള്ള വളര്‍ച്ച. ഓണ്‍ലൈന്‍ വിപണിയില്‍ തനത് മാതൃക സൃഷ്ടിക്കുന്നതില്‍ സുമി വിജയിച്ചു. ആദ്യം തന്റെ കസ്റ്റമര്‍ ആയി വന്ന പല വനിതകളും പിന്നീട് ഓണ്‍ലൈന്‍ വസ്ത്രവിപണിയില്‍ സംരംഭം ആരംഭിച്ചു എന്ന് സുമി ഏറെ അഭിമാനത്തോടെ പറയുന്നു.

”ഏറെ മത്സരമുള്ള ഒരു വിപണിയാണ് ഇത്. ഫാഷന്‍ ഇന്‍ഡസ്ട്രിയിലെ മാറ്റങ്ങള്‍ക്കും ആളുകളുടെ അഭിരുചികള്‍ക്കും ഒത്ത് നിലനിന്നാല്‍ മാത്രമേ സംരംഭം വിജയിപ്പിച്ചെടുക്കാന്‍ സാധിക്കുകയുള്ളൂ. അതിനാല്‍ ഒരു ദിവസത്തിന്റെ മുക്കാല്‍ ഭാഗവും ഞാന്‍ എക്‌സോട്ടിക്കക്ക് ഒപ്പമാണ് ചെലവിടുന്നത്. എന്റെ ഓരോ ഉപഭോക്താക്കളും എന്നെ സംബന്ധിച്ചിടത്തോളം പ്രീമിയം ഉപഭോക്താക്കള്‍ തന്നെയാണ്” സുമിയുടെ വാക്കുകളില്‍ ഒരു സംരംഭകയുടെ നിശ്ചദാര്‍ഢ്യം കാണാം.

ഓണ്‍ലൈനില്‍ നിന്നും ഓഫ്‌ലൈനിലേക്ക്

ഓണ്‍ലൈന്‍ വിപണിയില്‍ തന്റേതായ ഐഡന്റിറ്റി ഉണ്ടാക്കാന്‍ കഴിഞ്ഞതോടെ, നിരവധി സ്ഥിരം ഉപഭോക്താക്കളെ എക്‌സോട്ടിക്കക്ക് ലഭിച്ചു. അത്തരത്തില്‍ വര്‍ധിച്ച ആത്മവിശ്വാസത്തിന്റെ പിന്‍ബലത്തിലാണ് ഓണ്‍ലൈനില്‍ നിന്നും ഓഫ്‌ലൈന്‍ വിപണിയിലേക്ക് ചുവടുമാറാന്‍ സുമി തീരുമാനിച്ചത്. എറണാകുളം ഹൈക്കോര്‍ട്ട് ജംക്ഷനില്‍ ആരംഭിച്ച എക്‌സോട്ടിക്കയുടെ എക്‌സ്‌ക്ലൂസീവ് ഷോറൂമില്‍ നവജാത ശിശുക്കളുടെ വസ്ത്രങ്ങള്‍ മുതല്‍ വൃദ്ധരുടെ വസ്ത്രങ്ങള്‍ വരെ എല്ലാം ലഭ്യമാണ്. ആയിരക്കണക്കിന് കുര്‍ത്തകളുടെ ശേഖരം എക്‌സോട്ടിക്കയുടെ പ്രത്യേകതയാണ്. വിവാഹ വസ്ത്രങ്ങളുടെ കമനീയ ശേഖരവും ഇതോടനുബന്ധിച്ച് സുമി ഒരുക്കിയിരിക്കുന്നു.

”നാം ഉപഭോക്താക്കള്‍ക്ക് എന്ത് നല്‍കുന്നു എന്നതും എങ്ങനെ നല്‍കുന്നു എന്നതും ഒരു പോലെ പ്രധാനമാണ്. ഗുണമേന്മയുടെ കാര്യത്തില്‍ വിട്ടു വീഴ്ച ചെയ്ത് വിലക്കുറവില്‍ വസ്ത്രങ്ങള്‍ നല്‍കിയാല്‍ ഒരു പക്ഷേ നമുക്ക് ഉപഭോക്താക്കളെ ലഭിച്ചേക്കും. എന്നാല്‍ ഇവര്‍ സ്ഥിരം ഉപഭോക്താക്കളാവില്ല. ഒരു സ്ഥാപനത്തിന്റെ വിജയത്തിന് അനിവാര്യം സ്ഥിരം ഉപഭോക്താക്കളുടെ സാന്നിധ്യമാണ്. എക്‌സോട്ടിക്കയുടെ വിജയരഹസ്യവും അത് തന്നെയാണ്” സുമി പറയുന്നു.

വനിതാസംരംഭകര്‍ക്ക് ഉചിതം ഓണ്‍ലൈന്‍ വിപണി

നവ മാധ്യമങ്ങളിലൂടെ നന്നായി മാര്‍ക്കറ്റ് ചെയ്യാനുള്ള കഴിവുണ്ട് എങ്കില്‍ വനിതാ സംരംഭകര്‍ക്ക് വന്‍ സാധ്യതകളാണ് ഓണ്‍ലൈന്‍ വിപണി നല്‍കുന്നത് എന്നാണ് സുമിയുടെ പക്ഷം. ”മുഴുവന്‍ സമയം നാം കടയില്‍ നില്‍ക്കേണ്ട കാര്യമില്ല, സ്റ്റാഫുകളെ ആവശ്യമില്ല, കട നടത്തുന്നതിന്റെ കെട്ടിട വാടക, വൈദ്യുതി തുടങ്ങിയ ചെലവുകള്‍ എല്ലാം ഒഴിവാകും. ഓണ്‍ലൈന്‍ വിപണിയാകുമ്പോള്‍ ഓര്‍ഡര്‍ ലഭിച്ച ഉല്‍പന്നം കൃത്യമായി കൊറിയര്‍ ചെയ്യുന്നതില്‍ മാത്രം ശ്രദ്ധിച്ചാല്‍ മതി. ഓണ്‍ലൈന്‍ വിപണിക്ക് അതിര്‍ത്തികള്‍ ഇല്ലാത്തതിനാല്‍ പ്രാദേശികമായ പ്രശ്‌നങ്ങളോ സാമ്പത്തിക മാന്ദ്യമോ ബാധിക്കുന്നില്ല. ഉദാഹരണമായി പറഞ്ഞാല്‍ പ്രളയകാലത്ത് പല സ്ഥാപനങ്ങളും അടച്ചിടേണ്ടി വന്നപ്പോഴും ഓണ്‍ലൈനില്‍ എനിക്ക് വസ്ത്രങ്ങളുടെ ഓര്‍ഡറുകള്‍ ലഭിച്ചു കൊണ്ടിരിന്നു. ദിവസവും ശരാശരി 20 ഓര്‍ഡര്‍ എങ്കിലും ഓണ്‍ലൈന്‍ വഴി എക്‌സോട്ടിക്കക്ക് ലഭിക്കുന്നുണ്ട്. അതെ സമയം ഓഫ്‌ലൈനില്‍ ഒരു സ്ഥാപനം വിജയിപ്പിക്കുക എന്നത് ഒരു ഫിസിക്കല്‍ ചലഞ്ച് കൂടിയാണ്. നമുക്ക് വ്യക്തിപരമായി പല പ്രശ്‌നങ്ങളും ഉണ്ടായേക്കാം എന്നാല്‍ അതൊന്നും ഉപഭോക്താക്കളുടെ മുന്‍പില്‍ കാണിക്കാന്‍ കഴിയില്ല. നമ്മള്‍ പരമാവധി ഊര്‍ജ്ജസ്വലരായി നിന്നാല്‍ മാത്രമേ ഉപഭോക്താക്കള്‍ക്കും ഷോപ്പിംഗില്‍ താല്‍പര്യം ഉണ്ടാകൂ” സുമി പറയുന്നു.

ഇന്ത്യയ്ക്ക് പുറത്തുള്ളവര്‍ക്ക് 20 ദിവസം വരെ ഡെലിവറി സമയം എടുക്കും.ഇതിനായി കൊറിയര്‍ ചാര്‍ജ് ഉപഭോക്താവില്‍ നിന്നും ഈടാക്കും. ഉല്‍പന്നം കയ്യിലെത്തുമ്പോള്‍ ഏതെങ്കിലും വിധത്തില്‍ ഇഷ്ടക്കേടു തോന്നുന്നവര്‍ക്ക് സാധനം തിരിച്ചയയ്ക്കാം. ഇപ്പോള്‍ എക്‌സോട്ടിക്കയില്‍ റീട്ടെയ്ല്‍, ഹോള്‍സെയില്‍ വില്‍പനകളുണ്ട്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ബൊട്ടീക്കുകളിലേക്ക് എക്‌സോട്ടിക്കയില്‍ നിന്നും വസ്ത്രങ്ങള്‍ വിറ്റഴിക്കുന്നു. സ്ഥാപനത്തോട് ചേര്‍ന്ന് 11 പേരടങ്ങുന്ന ഒരു സ്റ്റിച്ചിംഗ് യൂണിറ്റും സുമി നടത്തുന്നുണ്ട്. കസ്റ്റമൈസ്ഡ് വസ്ത്രങ്ങള്‍ ആവശ്യമുള്ളവര്‍ക്കായാണ് ഇത്തരത്തില്‍ ഒരു സേവനം തയ്യാറാക്കിയിരിക്കുന്നത്. പ്രതിമാസം ഒരുലക്ഷം രൂപക്ക് മുകളില്‍ മാസാവരുമാനമാണ് എക്‌സോട്ടിക്കയിലൂടെ സുമി നേടുന്നത്.

Comments

comments

Categories: Slider, Top Stories
Tags: entrepreneur