കര്‍ഷകര്‍ പറയുന്നു, പാലുല്‍പ്പന്നങ്ങളുടെ ജിഎസ്ടി നിരക്ക് കുറയ്ക്കണം

കര്‍ഷകര്‍ പറയുന്നു, പാലുല്‍പ്പന്നങ്ങളുടെ ജിഎസ്ടി നിരക്ക് കുറയ്ക്കണം

പൂനെ: നെയ്യിനും വെണ്ണയ്ക്കും മേലുള്ള ജിഎസ്ടി (ചരക്ക് സേവന നികുതി) നിരക്ക് ക്ഷീര വ്യവസായത്തെയും കര്‍ഷകരേയും ഒരുപോലെ ബാധിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ പ്രശ്‌നത്തിന് എത്രയും വേഗം പരിഹാരം കാണണമെന്ന ആവശ്യം ശക്തമാകുന്നു. 12 ശതമാനമാണ് ഈ രണ്ട് പാല്‍ അനുബന്ധ ഉല്‍പ്പന്നങ്ങള്‍ക്കും ചുമത്തിയിരിക്കുന്ന നികുതി. ക്ഷീര വ്യവസായ മേഖലയുടെ പ്രതിനിധികള്‍ നിര്‍ണായകമായ ഈ വിഷയത്തിലേക്ക് സര്‍ക്കാരിന്റെ അടിയന്തര ശ്രദ്ധ ക്ഷണിച്ചിട്ടുണ്ട്. ഉടന്‍ നിരക്ക് കുറച്ചില്ലെങ്കില്‍ മേഖലയുടെ തകര്‍ച്ചയ്ക്കു തന്നെ ഇത് കാരണമാകുമെന്നും ഇവര്‍ മുന്നറിയിപ്പു നല്‍കിയിരിക്കുകയാണ്.

ജിഎസ്ടി നിരക്ക് കുറയ്ക്കുകയെന്നത് പ്രായോഗികമായ കാര്യമാണെന്നായിരുന്നു എന്‍സിപി നേതാവ് ശരദ് പവാര്‍ വ്യവസായ പ്രതിനിധികളോട് പറഞ്ഞത്. വിഷയം ജിഎസ്ടി കൗണ്‍സിലിനു മുന്‍പാകെ എത്തിക്കാനും നിരക്ക് നാല്അഞ്ച് ശതമാനം എന്ന തലത്തിലേക്ക് കുറയ്ക്കണമെന്നും ക്ഷീര വ്യവസായ മേഖലയെ പ്രതിനിധീകരിക്കുന്നവര്‍ മഹാരാഷ്ട്ര സര്‍ക്കാരുമായി ചര്‍ച്ച നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

30,000 കോടി രൂപ മൂല്യമുള്ള ഒരു ലക്ഷം ടണ്‍ വെണ്ണയാണ് നിലവില്‍ മഹാരാഷ്ട്ര, ജുഗറാത്ത്, കര്‍ണാടക, തുടങ്ങിയ സംസ്ഥാനങ്ങളിലെ ക്ഷീരശാലകളുടെ കോള്‍ഡ് സ്‌റ്റോറേജില്‍ കെട്ടിക്കിടക്കുന്നതെന്ന് സൊനായ് ഗ്രൂപ്പ് ആന്‍ഡ് ഇന്‍ഡാപൂര്‍ ഡയറി ആന്‍ഡ് മില്‍ക്ക് പ്രൊഡക്റ്റ്‌സിന്റെ സിഎംഡി ദശ്‌രഥ് മനെ പറഞ്ഞു. 12 ശതമാനം ജിഎസ്ടി എന്ന ഉയര്‍ന്ന നിരക്കിനെ തുടര്‍ന്ന് കിലോയ്ക്ക് ശരാശരി 25 രൂപ എന്ന നിരക്കിലാണ് ആഭ്യന്തര വിപണിയില്‍ നെയ്യിന്റെ വില. ഇതോടെ വില്‍പ്പനയില്‍ വലിയ ഇടിവാണ് നേരിട്ടിരിക്കുന്നത്. രണ്ട് വര്‍ഷം മുമ്പ് വളരെ കൂടുതലായിരുന്നു ആവശ്യകത. നെയ്യ് ഇറക്കുമതി ചെയ്യേണ്ട സ്ഥിതി വരെ ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ എല്ലാം തകര്‍ന്നുഅദ്ദേഹം പറഞ്ഞു. പാലിന് നികുതി ഈടാക്കുന്നില്ല എന്നതിനാല്‍ത്തന്നെ നെയ്യിനെ വേര്‍തിരിച്ച് കാണേണ്ടതില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

നെയ്യിന്റെ ഉപഭോഗം കുറഞ്ഞിട്ടുണ്ടെന്നും ഉപഭോക്താക്കള്‍ ഭക്ഷ്യയോഗ്യമായ ബദല്‍ എണ്ണ ഉല്‍പ്പന്നങ്ങളിലേക്കും അനാരോഗ്യകരമായ ഭക്ഷ്യ രീതികളിലേക്കും മാറിക്കൊണ്ടിരിക്കുകയാണെന്നും ഗോവിന്ദ് മില്‍ക്ക് ആന്‍ഡ് മില്‍ക്ക് പ്രൊഡക്റ്റ്‌സിന്റെ മാനേജിംഗ് ഡയറക്റ്റര്‍ രാജീവ് മിത്ര പറഞ്ഞു. ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യ എണ്ണയ്ക്കുമേലുള്ള ജിഎസ്ടി അഞ്ച് ശതമാനവും തദ്ദേശീയമായി ഉല്‍പ്പാദിപ്പിക്കുന്ന നെയ്യിന്റെ ജിഎസ്ടി 12 ശതമാനവുമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Comments

comments

Categories: Business & Economy