കറന്റ് എക്കൗണ്ട് കമ്മി കുറയ്ക്കാന്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കും: അരുണ്‍ ജയ്റ്റ്‌ലി

കറന്റ് എക്കൗണ്ട് കമ്മി കുറയ്ക്കാന്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കും: അരുണ്‍ ജയ്റ്റ്‌ലി

ന്യൂഡെല്‍ഹി: രാജ്യത്തിന്റെ കറന്റ് എക്കൗണ്ട് കമ്മി (സിഎഡി) കുറയ്ക്കുന്നതിന് സര്‍ക്കാര്‍ ശ്രമങ്ങള്‍ നടത്തുന്നതായി കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. ഇതിനായി കൂടുതല്‍ നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ കൈക്കൊള്ളുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.

വായ്പയെടുക്കുന്നതില്‍ 70,000 കോടി രൂപയുടെ കുറവ് വരുത്തി, മസാല ബോണ്ടുകള്‍ കൈവശം വയ്ക്കുന്നവര്‍ക്കുള്ള നികുതി കുറച്ചു, എണ്ണ കമ്പനികള്‍ക്ക് 10 ബില്യണ്‍ ഡോളര്‍ വരെ മൂല്യം വരുന്ന ബോണ്ടുകള്‍ വാങ്ങുന്നതിന് അനുമതി നല്‍കി തുടങ്ങിയവ ഉള്‍പ്പടെയുള്ള നടപടികള്‍ സര്‍ക്കാര്‍ ഇതിനകം സ്വീകരിച്ചിട്ടുണ്ട്. സാഹചര്യങ്ങള്‍ക്കനുസരിച്ച് കൂടുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഹിന്ദുസ്ഥാന്‍ ടൈംസ് സംഘടിപ്പിച്ച ലീഡര്‍ഷിപ്പ് സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ജയ്റ്റ്‌ലി.

സിഎഡി എന്ന പ്രതിബന്ധം തരണം ചെയ്യുവാനും പണമൊഴുക്കിനെ ശക്തിപ്പെടുത്താനും സര്‍ക്കാര്‍ തയാറാണ്. കറന്റ് എക്കൗണ്ട് കമ്മി ആഗോള എണ്ണവിലയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നതാണ്. ആഗോള തലത്തില്‍ എണ്ണ വില കഴിഞ്ഞ നാല് വര്‍ഷത്തെ ഉയര്‍ന്ന നിലവാരത്തിലാണ്. അതിന്റെ ഭാഗമായി ചില പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വന്നേക്കാമെന്നും ജയ്റ്റ്‌ലി ചൂണ്ടിക്കാണിച്ചു.

ആഭ്യന്തര തലത്തില്‍ സാമ്പത്തിക സംവിധാനങ്ങളില്‍ ഏകീകരണ നടപടികള്‍ കൈക്കൊള്ളേണ്ടതുണ്ട്. ബാഹ്യ ആഘാതങ്ങളെ ചെറുക്കാന്‍ ഇതു സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. രൂപയുടെ മൂല്യം കുറയുന്നത് സംബന്ധിച്ച് ആശങ്കകള്‍ സൃഷ്ടിക്കുന്നത് വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെയും സാമ്പത്തിക വിദഗ്ധരുടെയും വ്യത്യസ്തങ്ങളായ അഭിപ്രായങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ചയില്‍ അരുണ്‍ ജയ്റ്റ്‌ലി ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ഇപ്പോള്‍ നിലനില്‍ക്കുന്ന സാഹചര്യം ഹ്രസ്വകാലത്തേക്കുള്ളതാണെന്നും അനിശ്ചിതമായി തുടരുകയില്ലെന്നും അദ്ദേഹം പറഞ്ഞു.

”രാജ്യത്തെ സാമ്പത്തിക വളര്‍ച്ചയില്‍ പുരോഗതി ഉണ്ടായിട്ടുണ്ട്. അടുത്ത 1020 വര്‍ഷക്കാലയളവില്‍ ഇന്ത്യ ഉയര്‍ന്ന വളര്‍ച്ചാ നിരക്ക് നിലനിര്‍ത്തും” അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്ഷണികമായ സാഹചര്യങ്ങളെ( എണ്ണ, ഡോളര്‍) മാറ്റിനിര്‍ത്തിയാല്‍ ഇന്ത്യ 7.5 ശതമാനം വളര്‍ച്ചാനിരക്ക് രേഖപ്പെടുത്തിയിട്ടുണ്ട്. നിലവിലെ ആഗോള സാഹചര്യവുമായി താരതമ്യപ്പെടുത്തിയാല്‍ ഇത് ലോകത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന നിരക്കാണെന്നും ജയ്റ്റ്‌ലി ചൂണ്ടിക്കാട്ടി.

Comments

comments

Tags: Arun Jaitley