ഇന്ത്യന്‍ മൂലധന വിപണികളില്‍ നിന്നും എഫ്പിഐകള്‍ പിന്‍വലിച്ചത് 9,355 കോടി രൂപ

ഇന്ത്യന്‍ മൂലധന വിപണികളില്‍ നിന്നും എഫ്പിഐകള്‍ പിന്‍വലിച്ചത് 9,355 കോടി രൂപ

ന്യൂഡെല്‍ഹി: വിദേശ വിനിമയ വിപണിയില്‍ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യ തകര്‍ച്ച തുടരുന്ന സാഹചര്യത്തില്‍ വിദേശ നിക്ഷേപകര്‍ കൂട്ടത്തോടെ ആഭ്യന്തര മൂലധന വിപണികളില്‍ നിന്നും നിക്ഷേപം പിന്‍വലിക്കുന്നത് തുടരുകയാണ്. രൂപയുടെ മൂല്യ തകര്‍ച്ച, ക്രൂഡ് ഓയില്‍ വില വര്‍ധന എന്നിവ സംബന്ധിച്ച ആശങ്കകളെ തുടര്‍ന്ന് ഈ മാസം ഒന്നു മുതല്‍ അഞ്ച് വരെയുള്ള വ്യാപാര സെഷനുകളില്‍ 9,355 കോടി രൂപയുടെ നിക്ഷേപമാണ് വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ (എഫ്പിഐ) ഇന്ത്യന്‍ മൂലധന വിപണികളില്‍ നിന്നും പിന്‍വലിച്ചത്.

സെപ്റ്റംബറില്‍ ഓഹരികളില്‍ നിന്നും ഡെറ്റ് വിപണിയില്‍ നിന്നുമായി മൊത്തം 21,000 കോടി രൂപയുടെ അറ്റ പിന്‍വലിക്കലാണ് എഫ്പിഐകള്‍ നടത്തിയത്. ജൂലൈഓഗസ്റ്റ് കാലയളവില്‍ 7,400 കോടി രൂപയുടെ അറ്റ നിക്ഷേപം നടത്തിയ സ്ഥാനത്താണിത്. ഡെപ്പോസിറ്ററി ഡാറ്റ പ്രകാരം ഈ മാസം ഒന്നു മുതല്‍ അഞ്ച് വരെയുള്ള വ്യാപാര സെഷനുകളിലായി ഇന്ത്യന്‍ ഓഹരി വിപണികളില്‍ നിന്നും 7,094 കോടി രൂപയുടെ അറ്റ നിക്ഷേപമാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. 2,261 കോടി രൂപയുടെ അറ്റ പിന്‍വലിക്കലാണ് ഡെറ്റ് വിപണിയില്‍ നിന്നും ഇക്കാലയളവില്‍ നടത്തിയത്.

ഏതാനും മാസങ്ങള്‍ ഒഴിച്ചാല്‍ ഈ വര്‍ഷം മൊത്തത്തില്‍ ഒരു വിറ്റഴിക്കല്‍ പ്രവണതയാണ് എഫ്പിഐകള്‍ കാണിച്ചത്. ക്രൂഡ് ഓയില്‍ വില വര്‍ധനയും യുഎസ് ട്രഷറി നിക്ഷേപം വര്‍ധിച്ചതുമാണ് വിദേശ നിക്ഷേപകര്‍ കൂട്ടോത്തോടെ നിക്ഷേപം പിന്‍വലിക്കാനുണ്ടായ പ്രധാന കാരണങ്ങളെന്ന് ബജാജ് കാപ്പിറ്റലില്‍ നിന്നുള്ള ഇന്‍വെസ്റ്റ്‌മെന്റ് അനലിറ്റിക്‌സ് വിഭാഗം മേധാവി അലോക് അഗര്‍വാല പറഞ്ഞു. ഇന്ത്യയിലെ മാത്രം സ്ഥിതിയല്ല ഇത്, ആഗോള തലത്തില്‍ മറ്റ് വികസ്വര വിപണികളും ഇതേ പ്രതിസന്ധി നേരിടുന്നുണ്ട്. എന്നാല്‍, എണ്ണ ആവശ്യകതയുടെ ഭൂരിഭാഗവും ഇറക്കുമതിയിലൂടെ നിറവേറ്റുന്ന ഇന്ത്യയെ സംബന്ധിച്ചിടത്തോളം എണ്ണ വില വര്‍ധന ഉണ്ടാക്കുന്ന ആഘാതം തീര്‍ച്ചയായും വളരെ വലുതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഡോളര്‍ കരുത്താര്‍ജിച്ചതും ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് ഉയര്‍ത്തിയതും ട്രഷറി വരുമാനം ഉയര്‍ന്നതുമാണ് ഇന്ത്യയില്‍ നിന്നും വിദേശ നിക്ഷേപത്തിന്റെ പുറത്തേക്കുള്ള ഒഴുക്ക് കൂടാന്‍ കാരണമെന്ന് ഫണ്ട്‌സ് ഇന്ത്യ മ്യൂച്വല്‍ ഫണ്ട് റിസര്‍ച്ച് വിഭാഗം മേധാവി വിദ്യ ബാല പറഞ്ഞു. ഈ വര്‍ഷം ഇതുവരെ 20,000 കോടി രൂപയിലധികം നിക്ഷേപമാണ് എഫ്പിഐകള്‍ ഓഹരി വിപണികളില്‍ നിന്നും പിന്‍വലിച്ചത്. 50,000 കോടി രൂപയിലധികമാണ് എഫ്പിഐകള്‍ ഇക്കാലയളവില്‍ ഡെറ്റ് വിപണികളില്‍ നിന്നും പിന്‍വലിച്ചത്.

Comments

comments

Categories: Business & Economy