കെമിക്കല്‍ വ്യവസായം 304 ബില്യണ്‍ ഡോളര്‍ വളര്‍ച്ചയിലെത്തും: റിപ്പോര്‍ട്ട്

കെമിക്കല്‍ വ്യവസായം 304 ബില്യണ്‍ ഡോളര്‍ വളര്‍ച്ചയിലെത്തും: റിപ്പോര്‍ട്ട്

ന്യൂഡെല്‍ഹി: രാജ്യത്തെ കെമിക്കല്‍ വ്യവസായ മേഖല പ്രതിവര്‍ഷം ശരാശരി ഒന്‍പത് ശതമാനം വളര്‍ന്ന് 2025 സാമ്പത്തിക വര്‍ഷത്തോടെ 304 ബില്യണ്‍ യുഎസ് ഡോളറിലെത്തുമെന്ന് റിപ്പോര്‍ട്ട്. 2018 സാമ്പത്തിക വര്‍ഷത്തില്‍ 163 ബില്യണ്‍ യുഎസ് ഡോളറിലേക്കാണ് കെമിക്കല്‍ വ്യവസായ മേഖലയുടെ വളര്‍ച്ച രേഖപ്പെടുത്തിയിരിക്കുന്നത്.

സ്‌പെഷ്യാലിറ്റി കെമിക്കലുകള്‍, പെട്രോകെമിക്കലുകള്‍ എന്നിവ ഉള്‍പ്പടെയുള്ള ഉപഭോക്തൃ വിഭാഗങ്ങളില്‍ ആവശ്യകത വര്‍ധിക്കുന്നതിനാലാണ് ഈ വളര്‍ച്ച സാധ്യമാകുന്നതെന്ന് വ്യവസായ സംഘടനയായ ഫിക്കിയും ടാറ്റ സ്ട്രാറ്റജിക് ഗ്രൂപ്പും ചേര്‍ന്ന് സംയുക്തമായി പുറത്തിറക്കിയ ചെം സ്ട്രാറ്റജി റിപ്പോര്‍ട്ടില്‍ പറയുന്നു.

ഏഷ്യയില്‍ മൂന്നാം സ്ഥാനത്തും ആഗോളതലത്തില്‍ ആറാം സ്ഥാനത്തുമാണ് കെമിക്കല്‍ വ്യവസായത്തില്‍ ഇന്ത്യയുള്ളത്. യുഎസ്, ചൈന, ജര്‍മനി, ജപ്പാന്‍, കൊറിയ എന്നീ രാജ്യങ്ങളാണ് മുന്നില്‍ നില്‍ക്കുന്നത്. ആഭ്യന്തര കെമിക്കല്‍ മേഖലയില്‍ (രാസവളം ഒഴിച്ച്)2018 ല്‍ 1.3 ബില്യണ്‍ യുഎസ് ഡോളറിന്റെ നേരിട്ടുള്ള വിദേശ നിക്ഷേപമാണ് നടന്നത്. രാജ്യത്തേക്കുള്ള മൊത്തം എഫ്ഡിഐ ഒഴുക്കിന്റെ മൂന്ന് ശതമാനമാണിത്.

ഉപഭോഗം വര്‍ധിച്ചതിന്റെ അടിസ്ഥാനത്തിലാണ് ആഭ്യന്തര കെമിക്കല്‍ മേഖല വളര്‍ച്ച പ്രാപിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. മറ്റ് വികസ്വര രാജ്യങ്ങളിലേതിനെക്കാള്‍ ഇന്ത്യയില്‍ ഉപഭോഗം കുറവാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. നിക്ഷേപങ്ങള്‍ക്കായി ഇന്ത്യന്‍ കെമിക്കല്‍ കമ്പനികള്‍ കൂടുതലായി ആഗോളവിപണികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

Comments

comments

Categories: Business & Economy, Slider