സൗദി അറേബ്യ ഫുട്‌ബോൾ ഫെഡറേഷനിൽ ആദ്യമായി വനിതാ സാന്നിധ്യം

സൗദി അറേബ്യ ഫുട്‌ബോൾ ഫെഡറേഷനിൽ ആദ്യമായി വനിതാ സാന്നിധ്യം

അദ്വ അൽ ആരിഫി, റെഹം അൽ ഒനൈസാൻ എന്നിവരാണ് ഡയറക്റ്റർ ബോർഡിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വനിതകൾ

റിയാദ്: സൗദി അറേബ്യ ഫുട്‌ബോൾ ഫെഡറേഷനിൽ (എസ്എഎഫ്എഫ്) ആദ്യമായി വനിതാ അംഗങ്ങളെ ഉൾപ്പെടുത്തി. ചരിത്രത്തിൽ ഇതാദ്യമായാണ് രണ്ട് വനിതാ അംഗങ്ങളെ ഫെഡറേഷന്റെ ഡയറക്റ്റർ ബോർഡിലേക്ക് തെരഞ്ഞെടുത്തിരിക്കുന്നത്. ഇതോടൊപ്പം പുതിയ പ്രസിഡന്റിനെയും നിർദേശിച്ചിട്ടുണ്ട്.

അദ്വ അൽ ആരിഫി, റെഹം അൽ ഒനൈസാൻ എന്നിവരാണ് ഡയറക്റ്റർ ബോർഡിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വനിതകൾ. മുമ്പ് സാഫ് കമ്മിറ്റി അംഗമായിരുന്നു അദ്വ അൽ ആരിഫി. ഏഴംഗ സോഷ്യൽ റെസ്‌പോൺസിബിലിറ്റി കമ്മിറ്റി അംഗമായിരുന്ന ഇവർ ബിസിനസ് അഡിമിനിസ്‌ട്രേഷൻ ബിരുദധാരിയാണ്. സൗദി എന്റർടെയ്ൻമെന്റ് അതോറിറ്റിയിൽ കോർപ്പറേറ്റ് പെർഫോമൻസ് ആൻഡ് ഇനിഷ്യേറ്റിവ് മാനേജ്‌മെന്റ് സീനിയർ മാനേജർ ആയിരുന്നു റെഹം.

സൗദി വനിതകൾക്കിടയിൽ അതിവേഗം പ്രശസ്തമായിക്കൊണ്ടിരിക്കുന്ന കായികയിനമായി മാറിയിരിക്കുകയാണ് ഫുട്‌ബോൾ. പ്രത്യേകിച്ചും കഴിഞ്ഞ ജനുവരിയിൽ സ്ത്രീകൾക്ക് ആദ്യമായി ഫുട്‌ബോൾ സ്‌റ്റേഡിയങ്ങളിൽ പ്രവേശിക്കാൻ അനുമതി ലഭിച്ചതോടെ ഫുട്‌ബോളിന്റെ ആവേശം വനിതകളിലേക്കും എത്തിയിരിക്കുന്നു. വനിതകൾക്കും കൂടി പ്രവേശനം ലഭിച്ചതോടെ ഫുട്‌ബോൾ മൽസരങ്ങൾ രാജ്യത്ത് കൂടുതൽ കുടുംബ സൗഹൃദമായി എന്നതാണ് വാസ്തവം. കഴിഞ്ഞ ജനുവരിക്കുശേഷം പതിനായിരക്കണക്കിനാളുകളാണ് ഓരോ മൽസരവും കാണാനെത്തിയിരുന്നത്. സൽമാൻ രാജകുമാരന്റെ നേതൃത്വത്തിൽ രാജ്യത്ത് നടക്കുന്ന സാമൂഹ്യ പരിഷ്‌കരണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് സ്ത്രീകൾക്ക് പൊതു രംഗത്ത് വിവിധ മേഖലകളിൽ കൂടുതൽ പരിഗണന അനുവദിച്ചു വരുന്നത്.

സൗദി ഫുട്‌ബോൾ ടീം ലോകകപ്പിൽ മാറ്റുരച്ചിട്ടുണ്ടെങ്കിലും ആഗോള ഫുട്‌ബോൾ ഭരണ രംഗത്ത് സൗദിയുടെ സാന്നിധ്യം വളരെ ദുർബലമാണ്. ദേശീയ ടീമിന്റെയും ക്ലബുകളുടേയും ഫുട്‌ബോൾ മൽസരങ്ങൾ കാണുന്നതിനായി മുമ്പ് ടെലിവിഷനു മുന്നിൽ തടിച്ചു കൂടിയ കുടുംബത്തെ സ്റ്റേഡിയത്തിലേക്ക് എത്തിക്കാൻ ഇപ്പോൾ കഴിയുന്നുണ്ടെന്ന് അൽ അരിഫി പറഞ്ഞു. ഒരു കായികയിനം എന്നതിലുപരി ഫുട്‌ബോൾ ഇന്ന് ഒരു സാംസ്‌കാരിക പ്രവർത്തനത്തിന്റെ ഭാഗമായി മാറിയെന്നും അവർ കൂട്ടിച്ചേർത്തു.

സാഫിന്റെ പുതിയ പ്രസിഡന്റ് സ്ഥാനത്തേക്ക് നിയമിതനായിരിക്കുന്നത് ഖ്വാസി അൽഫാസ് ആണ്. സൗദി അറേബ്യൻ ഫുട്‌ബോളിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾ നടപ്പിലാക്കുമെന്നും ഫുട്‌ബോൾ കളിക്കാരുടെ എണ്ണം വർധിപ്പിക്കുന്നതോടൊപ്പം ആഗോള തലത്തിൽ സൗദി ഫുട്‌ബോളിന്റെ റാങ്ക് 40 ൽ എത്തിക്കാൻ ശ്രമിക്കുമെന്നും ഖ്വാസി അൽഫാസ് വിശദമാക്കി. നിലവിൽ ലോക റാങ്കിംഗിൽ 70ാം സ്ഥാനത്താണ് സൗദി അറേബ്യ. 2022ൽ ഫുട്‌ബോൾ ലോകകപ്പിന് ഖത്തർ ആതിഥേയത്വം വഹിക്കുന്ന സാഹചര്യത്തിൽ ഫുട്‌ബോൾ ഭരണ രംഗത്ത് കൂടുതൽ സാന്നിധ്യം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് സൗദിയുടെ പുതിയ നീക്കങ്ങൾ എന്നും വിലയിരുത്തപ്പെടുന്നുണ്ട്.

Comments

comments

Categories: Arabia, Slider