സൈനിക സഹകരണ കരാറില്‍ ഇന്ത്യയും കസാഖിസ്ഥാനും ധാരണ

സൈനിക സഹകരണ കരാറില്‍ ഇന്ത്യയും കസാഖിസ്ഥാനും ധാരണ

ന്യൂഡെല്‍ഹി: സൈനിക-പ്രതിരോധ മേഖലകളില്‍ പരസ്പരം സഹകരിക്കാന്‍ ഇന്ത്യയും കസാഖിസ്ഥാനും ധാരണയായി. പ്രതിരോധ ഉല്‍പ്പാദനം പോലുള്ള മേഖലകളില്‍ സഹകരണം ശക്തമാക്കാനാണ് രാഷ്ട്രങ്ങള്‍ തമ്മില്‍ കരാറായത്. മധ്യ-ഏഷ്യന്‍ രാജ്യങ്ങളില്‍ നടത്തിയ ത്രിദിന സന്ദര്‍ശനത്തിനിടെ കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി നിര്‍മല സീതാരാമന്‍ കസാഖിസ്ഥാന്‍ പ്രതിരോധ മന്ത്രി നുര്‍ലന്‍ യെര്‍മെക്ബായേവുമായി കൂടിക്കാഴ്ച നടത്തിയപ്പോഴാണ് സൈനിക സഹകരണം വിപുലപ്പെടുത്താനുള്ള കരാറില്‍ ഒപ്പുവെച്ചതെന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രസ്താവനയിലൂടെ അറിയിച്ചു.
ഈ മാസം രണ്ടാം തീയതിയാണ് നിര്‍മലാ സീതാരാമന്‍ കസാഖിസ്ഥാനില്‍ എത്തിയത്. സന്ദര്‍ശനത്തിനിടെ കസാഖിസ്ഥാന്‍ പ്രതിരോധ-എയ്‌റോസ്‌പേസ് വ്യവസായ വകുപ്പ് മന്ത്രി ബീബട് അറ്റംകുലോവുമായും നിര്‍മല സീതാരാമന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രതിരോധ മേഖലയിലെ ഉല്‍പ്പാദനം സംബന്ധിച്ച പ്രശ്‌നങ്ങളും ഇരുവരും ചര്‍ച്ച ചെയ്തു. ഇന്ത്യയും കസാഖിസ്ഥാനും ഒരുമിച്ച് നില്‍ക്കുമ്പോഴുള്ള കരുത്തിന്റെയും പ്രതിരോധ രംഗത്ത് രാജ്യങ്ങള്‍ക്കുള്ള അനുഭവ സമ്പത്തിന്റെയും അടിസ്ഥാനത്തില്‍ മേഖലയില്‍ സംയുക്തമായി ഉല്‍പ്പാദനം നടത്തുന്നതിനുള്ള സാധ്യതകളെ കുറിച്ചും മന്ത്രിമാര്‍ ചര്‍ച്ച ചെയ്തു.
അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ നടക്കുന്ന എയ്‌റോ ഇന്ത്യ ഫെസ്റ്റില്‍ പങ്കെടുക്കുന്നതിന് ബീബട് അറ്റംകുലോവിനെ നിര്‍മല സീതാരാമന്‍ ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്. കസാഖിസ്ഥാന്‍ വിദേശകാര്യ മന്ത്രി കൈരത് അബ്ദ്‌രാഖ്മാനോവുമായും നിര്‍മല സീതാരാമന്‍ ചര്‍ച്ച നടത്തിയതായി സര്‍ക്കാര്‍ അറിയിച്ചു.
2009 മുതല്‍ തന്ത്രപരമായ മേഖലകളില്‍ സഹകരിച്ച് പ്രവര്‍ത്തിക്കുന്ന രാജ്യങ്ങളാണ് ഇന്ത്യയും കസാഖിസ്ഥാനും. 2017 ജനുവരിയില്‍ പ്രതിരോധ മേഖലയിലെ സഹകരണവുമായി ബന്ധപ്പെട്ട കരാര്‍ ഇരുരാജ്യങ്ങളും പുതുക്കിയിരുന്നു. സൈനികമേഖലയിലെ സാങ്കേതികവിദ്യ, സൈനിക വിദ്യാഭ്യാസവും പരിശീലനവും, സംയുക്ത സൈനിക അഭ്യാസങ്ങള്‍ എന്നീ മേഖലകളിലാണ് ഇന്ത്യയും കസാഖിസ്ഥാനും തമ്മില്‍ പ്രതിരോധ സഹകരണമുള്ളത്.

Comments

comments

Categories: FK News