മല്‍സ്യസമ്പത്തിനെ വിഴുങ്ങുന്ന വ്യവസായ ഇടനാഴികള്‍

മല്‍സ്യസമ്പത്തിനെ വിഴുങ്ങുന്ന വ്യവസായ ഇടനാഴികള്‍

ഗുജറാത്തിലെ വ്യാപാര ഇടനാഴികള്‍ മല്‍സ്യബന്ധനമേഖലയെ തകര്‍ക്കുകയും മല്‍സ്യത്തൊഴിലാളികളെ ഫാക്റ്ററിജീവനക്കാരാക്കി മാറ്റുകയും ചെയ്യുന്നു

രാജ്യത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ തീരപ്രദേശമാണു ഗുജറാത്ത്. 1,660 കിലോമീറ്ററിലാണ് സംസ്ഥാനത്തെ കടല്‍ത്തീരം നീണ്ടുപരന്നു കിടക്കുന്നത്. ഇവിടത്തെ 549 മല്‍സ്യബന്ധനഗ്രാമങ്ങളിലായി 30 ദശലക്ഷം ജനങ്ങള്‍ വസിക്കുന്നു. തീരദേശവാസികളില്‍ ഭൂരിഭാഗത്തിന്റെയും ഉപജീവനമാര്‍ഗമാണ് മല്‍സ്യബന്ധനം.
ഈ തീരപ്രദേശത്ത് 300 ലധികം മല്‍സ്യ ഇനങ്ങളുണ്ട്. ചെളിയും കണ്ടല്‍പ്രദേശങ്ങളും കടല്‍ച്ചെടികളും നിറഞ്ഞ മല്‍സ്യസമ്പത്തിന്് തികച്ചും അനുയോജ്യമായ ആവാസസ്ഥലമാണിത്. എന്നാല്‍, കഴിഞ്ഞ ദശകത്തില്‍ ഗുജറാത്തിന്റെ തീരപ്രദേശത്ത് നിരവധി വ്യവസായ ഇടനാഴികള്‍ സൃഷ്ടിക്കപ്പെട്ടു. പെട്രോകെമിക്കല്‍ യൂണിറ്റുകള്‍, എണ്ണശുദ്ധീകരണശാലകള്‍, താപവൈദ്യുത നിലയങ്ങള്‍, സിമന്റ്, റയോണ്‍ ഫാക്റ്ററികള്‍, കപ്പല്‍ പൊളിക്കല്‍ വ്യവസായ കേന്ദ്രങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുന്ന ഗുജറാത്ത് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്റെ (ജിഐഡിസി) ഏതാണ്ട് 60 ശതമാനം കടല്‍ത്തീരത്താണ്. ഇതു മല്‍സ്യങ്ങളുടെ ആവാസവ്യവസ്ഥയുടെ നിലനില്‍പ്പിന് ആഘാതം സൃഷ്ടിച്ചിട്ടുണ്ട്. ഗുജറാത്തിലെ തീരപ്രദേശം ഇപ്പോള്‍ മല്‍സ്യബന്ധനത്തിന് തീരെ അനുയോജ്യമല്ലാതായിരിക്കുന്നു. ചാകരകള്‍ പഴങ്കഥകളായി മാറി. ഉപജീവനമാര്‍ഗം നിലനിര്‍ത്താന്‍ മല്‍സ്യത്തൊഴിലാളികള്‍ക്ക് ആഴക്കടലിലേക്ക് പോകേണ്ടി വരുന്നു.

വ്യവസായഇടനാഴികളിലെ സ്ഥാപനങ്ങളുടെ വര്‍ധന, തീരത്തെയും കടലിനെയും വ്യാപകമായി മലിനീകരിച്ചു കൊണ്ടിരിക്കുന്നു. വാപിയിലെയും അങ്കലേശ്വറിലുമുള്ള കെമിക്കല്‍ ഫാക്റ്ററികള്‍, വഡോദരയിലെ പെട്രോകെമിക്കല്‍സ്, സൗരാഷ്ട്രയിലെ റയോണ്‍, വൈദ്യുതനിലയങ്ങള്‍, കച്ചിലെ തുറമുഖംഎന്നവ ഉയര്‍ത്തുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ രൂക്ഷമാണെന്ന് പരിസ്ഥിതി പ്രവര്‍ത്തകന്‍ ഭാരത് പട്ടേല്‍ പറയുന്നു. വ്യാവസായിക മാലിന്യങ്ങള്‍ കടലില്‍ തള്ളുന്നതിന് സംസ്ഥാനസര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുകയാണ്. മലിന വെള്ളം ശുദ്ധീകരണ പ്ലാന്റുകള്‍ വഴി സംസ്‌കരിച്ച് വേണം പുറത്തുവിടാനെന്ന ചട്ടങ്ങള്‍ ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നാണ് വഡോദരയിലെ പരിസ്ഥിതി പ്രവര്‍ത്തകന്‍ രോഹിത് പ്രജാപതി പറയുന്നത്. ഉദാഹരണത്തിന് അങ്കലേശ്വര്‍, ജഗാഡിയ, പനോലി എന്നിവിടങ്ങളിലുള്ള ജിഐഡിസി വ്യവസായങ്ങള്‍ പുറത്തുവിടുന്ന മാലിന്യങ്ങള്‍ അന്തിമ ശുദ്ധീകരണപ്ലാന്റുകളില്‍ (എഫ്ഇപിടി) സംസ്‌കരിക്കുന്നില്ല. സംസ്ഥാനത്തെ വ്യാവസായിക മലിനീകരണത്തിന്റെ ദൂഷ്യങ്ങള്‍ ഏറ്റവും രൂക്ഷമായി ബാധിച്ചിട്ടുള്ള തെക്കന്‍ ഗുജറാത്തിലാണ് ഈ സ്ഥലങ്ങള്‍ സ്ഥിതി ചെയ്യുന്നത്. ജിഐഡിസിയുടെ കീഴിലുള്ള രാസവള, കീടനാശിനി ഫാക്റ്ററികളില്‍ ഭൂരിഭാഗവും ഇവിടെയാണു സ്ഥിതിചെയ്യുന്നത്.

ഈ വ്യവസായശാലകളെല്ലാം കൂടി ഉല്‍പ്പാദിപ്പിക്കുന്ന ശരാശരി കെമിക്കല്‍ ഓക്‌സിജന്‍ ഡിമാന്‍ഡ് (സിഒഡി) ലിറ്ററിന് 2,532 മില്ലീഗ്രാം ആയിരിക്കുമെന്നാണ് ജനുവരിയിലെ കണക്കുകള്‍ കാണിക്കുന്നത്. മാനദണ്ഡപ്രകാരം പരമാവധി അനുവദനീയമായത് ലിറ്ററിന് 1000 മില്ലീഗ്രാം ആണ്. മേഖലയിലെ ജിഐഡിസികള്‍ക്കായി സര്‍ക്കാര്‍ എഫ്ഇപിടികള്‍ സ്ഥാപിച്ചു നല്‍കി. എന്നാല്‍, ഇതു കൊണ്ട് 5,000- 6,000 സിഒഡി വരെ കൈകാര്യം ചെയ്യാന്‍ മാത്രമേ കഴിഞ്ഞുള്ളൂ. എന്നാല്‍ ഫാക്റ്ററികള്‍ ഒഴുക്കിവിട്ടത് 10,000 സിഒഡി മലിനജലമായിരുന്നു. മാത്രമല്ല, ഇവയെല്ലാം കൈകാര്യം ചെയ്യുന്നത് ഇന്‍ഡസ്ട്രിയല്‍ അസോസിയേഷനാണ്. അതുകൊണ്ട് എഫ്ഇപിടി ഫീഡുകള്‍ ശരിയായി ഉപയോഗിക്കുന്നുണ്ടോ എന്ന് പരിശോധന നടത്തി ഉറപ്പു വരുത്താനാകില്ലെന്ന് സൂറത്തിലെ പരിസ്ഥിതി പ്രവര്‍ത്തകന്‍ എംഎസ്എച്ച് ഷെയ്ഖ് പറയുന്നു. മാലിന്യം കടലിലേക്കു തള്ളുന്നതിന്റെ തിക്തഫലം പേറുന്നത് പാവപ്പെട്ട മല്‍സ്യത്തൊഴിലാളികളാണ്. തെക്കന്‍ ഗുജറാത്തിലെ തീരദേശഗ്രാമങ്ങളില്‍ ഒരുകാലത്ത് 80-90 ബോട്ടുകള്‍ ഉണ്ടായിരുന്നു. ഇന്ന് അതിന്റെ സ്ഥാനത്ത് പത്ത് എണ്ണം പോലും അവശേഷിക്കുന്നില്ല. മല്‍സ്യസമ്പത്തു കുറഞ്ഞതോടെ മല്‍സ്യത്തൊഴിലാളികള്‍ ഈ മേഖലയെ കൈയൊഴിഞ്ഞിരിക്കുകയാണ്. പലരും ഫാക്റ്ററികളില്‍ ദിവസക്കൂലിക്കു ജോലിചെയ്യുകയാണ്. ചന്തയില്‍ മല്‍സ്യവില്‍പ്പനയ്‌ക്കെത്തിയിരുന്ന സ്ത്രീകള്‍, ഇപ്പോള്‍ വീട്ടുജോലിക്കായി അയല്‍ പട്ടണങ്ങളിലേക്കു പോകുകയാണെന്നും അദ്ദേഹം പറയുന്നു.

ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയും അഴിമതിയുമാണ് പരിസ്ഥിതിവിരുദ്ധപ്രവര്‍ത്തനങ്ങളില്‍ ഫാക്റ്ററികള്‍ക്കു കൂട്ടുനില്‍ക്കുന്നതെന്ന് ആരോപിക്കപ്പെടുന്നു. സംസ്ഥാന, കേന്ദ്ര മലിനീകരണ നിയന്ത്രണബോര്‍ഡ് ഉദ്യോഗസ്ഥരെ വിലയ്‌ക്കെടുക്കാന്‍ കമ്പനികള്‍ക്കു കഴിയുന്നുവെന്ന് സൗരാഷ്ട്രയിലെ ഗിര്‍ സോംനാഥില്‍ നിന്നുള്ള പരിസ്ഥിതി പ്രവര്‍ത്തകന്‍ ഭഗവാന്‍ഭായി സോളങ്കി പറയുന്നു. എഫ്ഇപിടികള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനേക്കാള്‍ അവര്‍ക്ക് ലാഭം ഇതാണ്. സൗരാഷ്ട്ര ജില്ലയിലെ ഭാവ്‌നഗറിനും പോര്‍ബന്ദറിനുമിടയ്ക്കാണ് സംസ്ഥാനത്തെ സിമന്റ്, റയോണ്‍, കപ്പല്‍ പൊളിക്കല്‍ ഫാക്റ്ററികളെല്ലാം തന്നെ സ്ഥിതി ചെയ്യുന്നത്. രാജ്യത്തെ പ്രമുഖ കമ്പനികളായ ഇന്‍ഡ്യന്‍ റയോണ്‍സ് വെരാവലിലും ഗുജറാത്ത് ഹെവി കെമിക്കല്‍ ലിമിറ്റഡ് ജുനഡഗിലെ സൂത്രപാടയിലുമാണ് സ്ഥിതി ചെയ്യുന്നത്. ടാറ്റയുടെ സോഡ ആഷ് നിര്‍മാണയൂണിറ്റുകളും പ്രമുഖ സിമന്റ് ബ്രാന്‍ഡുകളായ അംബുജയും ആദിത്യ ബിര്‍ളയും ഇവിടം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്നു.

രാജ്യത്തെ കപ്പല്‍ പൊളിക്കല്‍ വ്യവസായത്തിന്റെ ആസ്ഥാനവും ഗുജറാത്ത് തീരമാണ്. ഭാവ് നഗറിലെ അളംഗിലാണ് ഏറ്റവും വലിയ കപ്പല്‍ പൊളിക്കല്‍ശാല സ്ഥാപിച്ചിട്ടുള്ളത്. വെരാവല്‍ റയോണ്‍സില്‍ നിന്ന് കടലിലേക്കു നീളുന്ന അഞ്ചു കിലോമീറ്റര്‍ പൈപ്പ് ലൈനിലൂടെയാണ് രാസമാലിന്യങ്ങള്‍ സംസ്‌കരിക്കാതെ കലിലേക്കൊഴുക്കുന്നത്. ഇതിനേക്കാള്‍ വഷളായ സാഹചര്യമാണ് സൂത്രപാടയിലേത്. ഗുജറാത്ത് ഹെവി കെമിക്കല്‍സില്‍ നിന്നു പുറന്തള്ളുന്ന മാലിന്യങ്ങള്‍ തൊട്ടടുത്ത പ്രദേശങ്ങളായ ഹിരാകൊത്ത്, ധംലജ്, മുള്‍ ദ്വാരക എന്നീ തീരങ്ങളെ ബാധിച്ചു. 10,000 ചെറുകിട മല്‍സ്യത്തൊഴിലാളികളാണ് സൂത്രപാടയില്‍ അധിവസിക്കുന്നത്. കടലിലേക്ക് യാനങ്ങളിറക്കാന്‍ സാധിക്കുന്ന സ്വാഭാവിക കടവ്, ബാര ഇവിടെ ഉണ്ടായിരുന്നു. മിലിന്യനിക്ഷേപം വര്‍ധിച്ചതോടെ അവ നശിച്ചിരിക്കുകയാണ്. തീരത്ത് മാലിന്യമടിയുന്നതു പതിവായതോടെ മല്‍സ്യങ്ങളുടെ ആവാസവ്യവസ്ഥയ്ക്കും നാശം സംഭവിച്ചുവെന്ന് സോളങ്കി പറയുന്നു.

വ്യവസായിക രാസമാലിന്യങ്ങള്‍ മാത്രമല്ല കടലിലേക്ക് ഒഴുക്കി വിടുന്നതെന്ന് കച്ച്, സൗരാഷ്ട്ര പ്രദേശങ്ങളിലെ മല്‍സ്യത്തൊഴിലാളി സമൂഹങ്ങള്‍ക്കിടയില്‍ സന്നദ്ധപ്രവര്‍ത്തനം നനടത്തുന്ന ഉസ്മാന്‍ ഗാനി ഷെരാസിയ ചൂണ്ടിക്കാട്ടുന്നു. മിക്ക തീരദേശ നഗരങ്ങളും നഗരമാലിന്യങ്ങള്‍ കടലില്‍ നിക്ഷേപിക്കുന്നുണ്ട്. 1980 കളുടെ അന്ത്യംവരെ, മത്സ്യബന്ധന യാനങ്ങള്‍ ഒറ്റ ദിവസം കൊണ്ട് മല്‍സ്യബന്ധനം പൂര്‍ത്തീകരിക്കുമായിരുന്നു. അതിരാവിലെ വള്ളങ്ങളും ബോട്ടുകളുമായി കടലിലേക്കിറങ്ങുന്ന മീന്‍പിടുത്തക്കാര്‍ മൂവന്തിയാകുമ്പോള്‍ തിരിച്ചുവരും. ഓരോരുത്തര്‍ക്കും ആവശ്യത്തിന് മീന്‍ ലഭ്യവുമായിരുന്നു. എന്നാല്‍, 1990 ആരംഭം മുതല്‍ തീരദേശത്തെ മല്‍സ്യത്തിന്റെ ലഭ്യത ബാധിക്കാന്‍ തുടങ്ങി. ഇക്കാലത്താണ് വ്യവസായശാലകള്‍ തീരത്തു പിടിമുറുക്കാന്‍ തുടങ്ങിയത്. തീരം വറുതിയിലായതോടെ മല്‍സ്യത്തൊഴിലാളികള്‍ ആഴക്കടലിലേക്കു കൂടുതല്‍ ഇറങ്ങാന്‍ തുടങ്ങി. ഒറ്റ ദിവസംകൊണ്ട് കൈനിറയെ മീനുമായി വന്നവര്‍ക്ക് രണ്ടു മുതല്‍ 10 ദിവസം വരെ പുറംകടലില്‍ കഴിയേണ്ടി വന്നു. ഇന്ന് 20 ദിവസം പുറംകടലില്‍ കാത്തുകെട്ടി കിടന്നാലും നല്ലൊരു കോളു കിട്ടുമെന്നതിന് യാതൊരു ഉറപ്പുമില്ലെന്ന് ശ്രീ പോര്‍ബന്ദര്‍ മച്ചിമര്‍ ബോട്ട് അസോസിയേഷന്‍ പ്രസിഡന്റ് ഭരത് മോഡി പറയുന്നു.

2010-2013 കാലഘട്ടത്തില്‍ കച്ച് തീരത്ത് ടാറ്റ, അദാനി, ഒപിജി വൈദ്യുതിനിലയങ്ങള്‍ ഉയര്‍ന്നു. മുന്ദ്രയിലെ അദാനി വൈദ്യുതിനിലയമാണ് തീരത്തോട് ഏറ്റവും അടുത്തു കിടക്കുന്നത്. ചെമ്മീന്‍ ധാരാളമായി കിട്ടുമായിരുന്ന ഈ മേഖലയില്‍ 2009 മുതല്‍ ഇവയുടെ അഭാവം രൂക്ഷമായി. കച്ചിലെ മോധ്വ തീരം വലിയ കടല്‍ക്കൊഞ്ചുകള്‍ക്ക് സുപ്രസിദ്ധിയാര്‍ജിച്ചിരുന്നു. മുമ്പ് ഈ പ്രദേശത്തു നിന്ന് ഒറ്റ ട്രിപ്പില്‍ 25 കിലോഗ്രാം കൊഞ്ച് ലഭിക്കുമായിരുന്നുവെന്ന് മല്‍സ്യത്തൊഴിലാളികള്‍ പറയുന്നു. ഇന്ന് ഈ സ്ഥാനത്ത് ഒരു കിലോ പോലും കിട്ടുന്നില്ല. മുന്ദ്ര പദ്ധതിപ്രദേശത്ത് പരിസ്ഥിതിനാശം വരുത്തിയതിന്റെ പ്രധാന ഉത്തരവാദി അദാനി പോര്‍ട്ടാണെന്ന് ഷെരാസിയ ആരോപിക്കുന്നു. പദ്ധതിക്കായി പരിസ്ഥിതി ലോലപ്രദേശത്തു വ്യാപകമായി കണ്ടല്‍ച്ചെടികള്‍ വെട്ടി നിരത്തിയതും ചെറു തോടുകള്‍ മൂടിയും പ്രാദേശികസംതുലനാവസ്ഥ അവര്‍ തകര്‍ത്തു. ഇതിനുള്ള ശിക്ഷയായി അദാനി പോര്‍ട്‌സ് ലിമിറ്റഡ് 200 കോടി രൂപ പിഴയൊടുക്കണമെന്ന് യുപിഎ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. തുക പ്രദേശത്തിന്റെ പുനരുത്ഥാനത്തിനായി ഉപയോഗിക്കണമെന്നായിരുന്നു ധാരണ എന്നാല്‍ 2016 ല്‍ പരിസ്ഥിതി മന്ത്രാലയം ഈ ഉത്തരവ് പിന്‍വലിച്ചു.

പ്രജാപതി നേതൃത്വം വഹിക്കുന്ന പരിസ്ഥിതിസംഘടന, പര്യാവരണ്‍ സുരക്ഷാ സമിതി, വ്യവസായങ്ങള്‍ക്ക് നല്‍കിയ പാരിസ്ഥിതിക അനുമതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഒരു പൊതുതാല്‍പ്പര്യ ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. ഇതിന്റെ വെളിച്ചത്തില്‍ വ്യവസായ യൂണിറ്റുകളോട് മാലിന്യ സംസ്‌കരണ പ്ലാന്റുകള്‍ പൂര്‍ണ്ണമായി പ്രവര്‍ത്തിപ്പിക്കണമെന്നാവശ്യപ്പെട്ട് നോട്ടീസ് പുറപ്പെടുവിക്കാന്‍ സംസ്ഥാനമലിനീകരണനിയന്ത്രണ ബോര്‍ഡുകളോട് 2017 ഫെബ്രുവരിയില്‍ സുപ്രീംകോടതി ഉത്തരവിട്ടു. മൂന്നു മാസത്തിനകം പ്ലാന്റുകള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തനസജ്ജമാക്കണമെന്നായിരുന്നു ഉത്തരവ്. ഒരു വര്‍ഷം കഴിഞ്ഞിട്ടും കോടതിയുത്തരവ് പാലിക്കാന്‍ ഒരു നടപടിയും കൊക്കൊണ്ടിട്ടില്ലെന്നു പ്രജാപതി വ്യക്തമാക്കുന്നു. ഇതു സംബന്ധിച്ച് ഒരു ചോദ്യാവലി ഇന്ത്യന്‍ റയോണ്‍സ്, അദാനി പവര്‍, ടാറ്റാ പവര്‍ എന്നിവര്‍ക്ക് അയച്ചിട്ടുണ്ട്. ഇതേവരെ അവര്‍ പ്രതികരിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഗുജറാത്തിലെ മല്‍സ്യത്തൊഴിലാളികളുടെ ഉപജീവനമാര്‍ഗം അടഞ്ഞു തുടങ്ങിയിരിക്കുന്നു. മല്‍സ്യലഭ്യത കുറയുന്നതിനനുസരിച്ച് ഉള്‍ക്കടലിലേക്കു പോകാന്‍ അവര്‍ നിര്‍ബന്ധിതരാകും.

ഒരു കാലത്ത് പോര്‍ബന്ദര്‍, കച്ച് തീരങ്ങളില്‍ നിന്നു ധാരാളമായി കിട്ടിയിരുന്ന വൈവിധ്യമാര്‍ന്ന മല്‍സ്യസമ്പത്ത് ഇന്ന് അപ്രത്യക്ഷമായിരിക്കുന്നു. കൊഞ്ച്, വെള്ള ആവോലി, ആരല്‍, ദാര, സുര്‍മയി, ചാപ്രി, പാല്‍വ, വരറ തുടങ്ങിയ കിലോയ്ക്ക് 300-1500 രൂപ വരെ വിലയുണ്ടായിരുന്ന മല്‍സ്യങ്ങള്‍ക്കാണ് വംശനാശം സംഭവിച്ചിരിക്കുന്നത്. 1990-2000 കാലഘട്ടത്തില്‍ ഗുജറാത്ത് തീരത്തുണ്ടായ മലിനീകരണത്തിന്റെ ഫലമായാണ് ഇവ വേരറ്റുപോയതെന്ന് ഭരത് മോഡി പറയുന്നു. എംഎസ്എച്ച് ഷെയ്ഖിന്റെ അഭിപ്രായത്തില്‍ ഏകദേശം മൂന്നുമുതല്‍ അഞ്ചു നോട്ടിക്കല്‍ മൈലിനകത്തു നിന്ന് മല്‍സ്യത്തൊഴിലാളികള്‍ക്ക് മുമ്പ് ഭേദപ്പെട്ട കൊയ്ത്ത് കിട്ടുമായിരുന്നുവെങ്കില്‍ ഇന്ന് 15- 20 നോട്ടിക്കല്‍ മൈല്‍ ഉള്ളിലോട്ടു പോയാലും ഒരുറപ്പുമില്ല. പലപ്പോഴും പാക് അതിര്‍ത്തി കടക്കേണ്ടി വരുന്നതും അവിടെ പിടിയിലാകുകയും ചെയ്യുന്നതൊക്കെ ഇതു കാരണമാണ്. 1990 മുതല്‍, മീന്‍പിടുത്തക്കാര്‍ മത്സ്യബന്ധനത്തിനായി അന്താരാഷ്ട്ര സമുദ്രാതിര്‍ത്തി കടന്ന് പാക്കിസ്ഥാനിലേക്കും ഇറാനിലേക്കും കടക്കാന്‍ തുടങ്ങിയിരുന്നെന്ന് ശ്രീ പോര്‍ബന്ദര്‍ മാച്ചിമര്‍ ബോട്ട് അസോസിയേഷന്റെ മുന്‍ പ്രസിഡന്റ് ജീവന്‍ ജംഗി സമ്മതിക്കുന്നു. ഒരു മല്‍സ്യബന്ധനബോട്ടിനു കുറഞ്ഞത് 50,000 രൂപ വരും. വായ്പ എടുത്താണ് പലരും വള്ളമിറക്കുന്നത്. ഒരു തവണ ബോട്ട് കടലിലിറക്കാന്‍ ഒന്നര ലക്ഷം രൂപയോളം ചെലവാകുന്നുണ്ട്. മല്‍സ്യത്തൊഴിലാളികള്‍, മൂപ്പന്‍, ഐസ്, ഡീസല്‍ എന്നിവ ഉള്‍പ്പെടെയാണിത്. എന്നിട്ടും ബോട്ട് ഉടമയ്ക്ക് ലാഭം കിട്ടാന്‍ മതിയായ മല്‍സ്യം ലഭിക്കുമെന്നതിന് ഒരുറപ്പുമില്ല. പലപ്പോഴും ഒരു മുടക്കിയ തുക പോലും തിരികെ ലഭിക്കാറില്ല. അതു കൊണ്ടാണ് അപകടസാധ്യത അവഗണിച്ചും ബോട്ടുകള്‍ പാക് സമുദ്രാതിര്‍ത്തി ലംഘിക്കാന്‍ തുനിയുന്നതെന്ന് പട്ടേല്‍ പറയുന്നു.

സമുദ്രാതിര്‍ത്തി ലംഘിക്കുമ്പോള്‍ പിടിക്കപ്പെടുന്ന ബോട്ടുകള്‍ തിരിച്ചു കിട്ടാറില്ല. മത്സ്യത്തൊഴിലാളികളെ മാത്രം ചിലപ്പോള്‍ വിട്ടയച്ചേക്കും. നിലവില്‍ 1,024 ബോട്ടുകളാണ് പാക്കിസ്ഥാനില്‍ ഉള്ളത്. ഇതില്‍ 800 എണ്ണം പോര്‍ബന്ദര്‍ സ്വദേശികളുടെ ഉടമസ്ഥതയിലുള്ളതാണ്. 2014 ല്‍ 56 ബോട്ടുകള്‍ പാകിസ്ഥാന്‍ തിരികെ നല്‍കിയത് എല്ലാ യന്ത്രഭാഗങ്ങളും നീക്കം ചെയ്ത ശേഷമാണ്. കടം വാങ്ങി ബോട്ടിറക്കുന്ന ഉടമയ്ക്ക് ഇതുണ്ടചാക്കുന്ന നഷ്ടം വളരെ വലുതാണ്. അവന് മുതല്‍ കിട്ടുന്നുമില്ല കടം തിരിച്ചടയ്‌ക്കേണ്ടിയും വരുന്നു. ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ സംഭവിക്കുന്ന അപകടങ്ങള്‍ക്കു മാത്രമാണ് ഇന്‍ഷ്വറന്‍സ് കമ്പനികള്‍ നഷ്ടപരിഹാരം നല്‍കുകയെന്നതിനാല്‍ പാക് അതിര്‍ത്തി കടക്കുന്നവയ്ക്ക് പരിരക്ഷ കിട്ടില്ല. നഷ്ടത്തില്‍ നിന്ന് ഒരിക്കലും കരകയറാനാകാത്ത ബോട്ട് ഉടമകള്‍ വായ്പ അടച്ചുതീര്‍ക്കാന്‍ ഫാക്റ്ററിത്തൊഴിലാളികളായി മാറേണ്ടി വരുന്ന ദഃസ്ഥിയിുമുണ്ടെന്ന് പട്ടേല്‍ കൂട്ടിച്ചേര്‍ക്കുന്നു.

Comments

comments

Categories: FK Special
Tags: fish farming