ഐഎല്‍&എഫ്എസ് പ്രശ്‌ന പരിഹാരം അതി സങ്കീര്‍ണമെന്ന് കൊട്ടാക്

ഐഎല്‍&എഫ്എസ് പ്രശ്‌ന പരിഹാരം അതി സങ്കീര്‍ണമെന്ന് കൊട്ടാക്

അനുബന്ധ കമ്പനികള്‍ പ്രതീക്ഷിച്ചതിലും ഇരട്ടി; മാര്‍ച്ച് മാസം വരെയുള്ള ബാധ്യതകള്‍ ആദ്യം വീട്ടാന്‍ ശ്രമമെന്ന് പുതിയ ചെയര്‍മാന്‍

മുംബൈ: അടിസ്ഥാനസൗകര്യ വികസനത്തിന് വായ്പ നല്‍കുന്ന പ്രമുഖ ധനകാര്യ സ്ഥാപനമായ ഐഎല്‍ ആന്‍ഡ് എഫ്എസിലെ പ്രതിസന്ധി അനുമാനിച്ചിരുന്നതിലും ഏറെ സങ്കീര്‍ണമാണ് എന്ന സൂചനകള്‍ നല്‍കി ഗ്രൂപ്പ് ചെയര്‍മാന്‍ ഉദയ് കൊട്ടാക്. അനുബന്ധ കമ്പനികളുടെയും അസോസിയേറ്റുകളുടെയും എണ്ണം ഇരട്ടിച്ച് 348 ലേക്ക് എത്തിയ സാഹചര്യത്തിലാണ് ഇത്തരമൊരു വിലയിരുത്തല്‍. മിക്കവാറും സ്ഥാപനങ്ങള്‍ നഷ്ടത്തിലാണ്. കമ്പനിയുമായി ബന്ധപ്പെട്ട പ്രശ്‌നപരിഹാരം കൂടുതല്‍ നൂലാമാലകള്‍ നിറഞ്ഞതാകാനുള്ള സാധ്യതയിലേക്കാണ് നിലവിലെ സാഹചര്യം വിരല്‍ ചൂണ്ടുന്നത്. 91,000 കോടി രൂപ കടത്തിലായ കമ്പനിയെ, സത്യം കംപ്യൂട്ടേഴ്‌സിന്റെ മാതൃകയില്‍ തിങ്കളാഴ്ചയാണു കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുത്തത്. തുടര്‍ന്ന് ഉദയ് കൊട്ടാക്കിന്റെ നേതൃത്വത്തില്‍ പുതിയ ആറംഗ ബോര്‍ഡിനെ ഭരണ കാര്യങ്ങള്‍ക്ക് നിയമിക്കുകയായിരുന്നു. നോണ്‍ എക്‌സിക്യൂട്ടീവ് ചെയര്‍മാനായി നിയോഗിക്കപ്പെട്ട ഉദയ് കൊട്ടാക്കിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അഞ്ചു മണിക്കൂറോളം നീണ്ട ബോര്‍ഡ് യോഗത്തിനൊടുവിലാണ് പ്രതികരണം. പ്രശ്‌ന പരിഹാരത്തിന് കൂടുതല്‍ സമയമെടുക്കുമെന്ന സൂചനകളും ബോര്‍ഡ് നല്‍കുന്നു.

”യാഥാര്‍ത്ഥ്യവുമായും മുന്നോട്ടുള്ള വഴിയുമായും ബന്ധപ്പെട്ട ഒരു പ്രാരംഭ വിലയിരുത്തല്‍ മാത്രമേ ഞങ്ങള്‍ നടത്തിയിട്ടുള്ളു. എന്‍സിഎല്‍ടിയുടെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കാനും തിരിച്ചുവരവിനുള്ള പദ്ധതികള്‍ തയാറാക്കാനും ഞങ്ങള്‍ പതിവായി യോഗം ചേരും,” കൊട്ടാക് മാധ്യമങ്ങളോട് പറഞ്ഞു. 50 വിദേശ സ്ഥാപനങ്ങളുള്‍പ്പടെ 150 അനുബന്ധ കമ്പനികളുണ്ടെന്നായിരുന്നു കമ്പനി നേരത്തെ അവകാശപ്പെട്ടിരുന്നത്. ന്യൂന ആസ്തി കമ്പനികളാണ് ഇവയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഓഡിറ്റര്‍മാര്‍ മിക്ക അനുബന്ധ കമ്പനികളും പരിഗണിച്ചിരുന്നില്ല.

മാര്‍ച്ച് 2018 വരെയുള്ള ബാധ്യതകളാണ് നേരത്തെ കണക്കാക്കിയിരുന്നതെന്നും അത് വീട്ടുകയാണ് ആദ്യ ലക്ഷ്യമെന്നും കൊട്ടാക് വ്യക്തമാക്കി. കമ്പനി സമാഹരിച്ച എല്ലാ ധനസഹായങ്ങളും ബാധ്യതകളും തങ്ങള്‍ പരിശോധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. വെല്ലുവിളി തീര്‍ച്ചയായും വലുതാണെന്നും എന്നാല്‍ തേടാവുന്ന ബദല്‍ മാര്‍ഗങ്ങളെ കുറിച്ച് ബോധ്യമുണ്ടെന്നും കൊട്ടാക്ക് വിശദമാക്കി. കമ്പനിയുടേയും അനുബന്ധ കമ്പനികളുടെയും സംയുക്ത സംരംഭങ്ങളുടെയും അസോസിയേറ്റുകളുടെയും മൂല്യം സംരക്ഷിക്കാനും ബോര്‍ഡ് മീറ്റിംഗില്‍ തീരുമാനമായി.

കമ്പനിയുടെ എംഡിയും വൈസ് ചെയര്‍മാനുമായി വിനീത് നയ്യാരെ യോഗം നിയോഗിച്ചു. കമ്പനി ഡയറക്റ്ററായിരുന്ന നന്ദ്കിഷോറിനെ ഓഡിറ്റ് കമ്മറ്റി ചെയര്‍മാന്‍ സ്ഥാനത്തേക്ക് ഉയര്‍ത്തിയതിനൊപ്പം ജിഎന്‍ ബാജ്‌പേയെ ഷെയര്‍ഹോള്‍ഡേസ് റിലേഷന്‍ കമ്മറ്റിയുടെ തലവനായും നിയമിച്ചു.

Comments

comments

Categories: Business & Economy
Tags: IL and FS