5ജി പരീക്ഷണം ആരംഭിക്കുന്നു; ക്ഷണം ലഭിച്ചെന്ന് ഹ്വാവേ

5ജി പരീക്ഷണം ആരംഭിക്കുന്നു; ക്ഷണം ലഭിച്ചെന്ന് ഹ്വാവേ

നോക്കിയ, സാംസംഗ്, എറിക്‌സണ്‍, സിസ്‌കോ, എന്‍ഇസി എന്നീ കമ്പനികള്‍ക്കും ക്ഷണം; പരീക്ഷണങ്ങള്‍ക്കായി 100 മെഗാ ഹെര്‍ട്‌സ് സ്‌പെക്ട്രം അനുവദിക്കാനാണ് സര്‍ക്കാരിന്റെ ഉദ്ദേശം

ന്യൂഡെല്‍ഹി: രാജ്യത്ത് 5ജി സാങ്കേതിക വിദ്യയുടെ പരീക്ഷണം ആരംഭിക്കാനുള്ള നീക്കങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ വേഗം കൂട്ടുന്നു. പരീക്ഷണത്തിന്റെ ഭാഗമാകാന്‍ വിവിധ മൊബീല്‍ സാങ്കേതിക കമ്പനികളെ സര്‍ക്കാര്‍ ക്ഷണിച്ചു. നോക്കിയ, സാംസംഗ്, എറിക്‌സണ്‍, സിസ്‌കോ, എന്‍ഇസി എന്നീ കമ്പനികള്‍ക്ക് പുറമെ സര്‍ക്കാരിന്റെ ക്ഷണം ലഭിച്ചതായി ചൈനീസ് ടെലികോം ഉപകരണ നിര്‍മാതാക്കളായ ഹ്വാവേയും സ്ഥിരീകരിച്ചു. 2020 ഓടെ 5ജി സേവനങ്ങള്‍ നടപ്പാക്കാന്‍ ലക്ഷ്യമിട്ട്് അതിവേഗം പരീക്ഷണങ്ങളാരംഭിക്കാനാണ് നീക്കം. സര്‍ക്കാരിന്റെ ക്ഷണം സ്വീകരിച്ച് പ്രൊപ്പോസല്‍ നല്‍കിയെന്നും ടെലികോം മന്ത്രാലയത്തില്‍ നിന്നുള്ള മറുപടിക്കായി കാത്തിരിക്കുകയാണെന്നും ഹ്വാവേ ഇന്ത്യ സിഇഒ ജേയ് ചെന്‍ പറഞ്ഞു. ‘സെപ്റ്റംബര്‍ 27 ന് ആണ് ഇത് സംബന്ധിച്ച് കേന്ദ്ര ടെലികോം മന്ത്രാലയത്തില്‍ നിന്ന് ഔദ്യോഗിക ക്ഷണം ലഭിച്ചത്. ഞങ്ങള്‍ പ്രൊപ്പോസല്‍ സമര്‍പ്പിച്ച് കഴിഞ്ഞു. 5ജി മേഖലകളും പരീക്ഷണവും തീരുമാനിക്കാന്‍ ഒരു സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നാണ് മന്ത്രാലയം ഞങ്ങളെ അറിയിച്ചത്. പരീക്ഷണങ്ങള്‍ക്കായി 100 മെഗാ ഹെര്‍ട്‌സ് സ്‌പെക്ട്രം അനുവദിക്കാനാണ് സര്‍ക്കാരിന്റെ ഉദ്ദേശം,” ചെന്‍ വിശദീകരിച്ചു. ഡെല്‍ഹിയിലും മറ്റൊരു നഗരത്തിലും പരീക്ഷണാര്‍ത്ഥം സേവനങ്ങള്‍ നല്‍കാനുള്ള താല്‍പ്പര്യമാണ് ഹ്വാവെ പ്രകടിപ്പിച്ചിരിക്കുന്നത്. സംസ്ഥാന സര്‍്ക്കാരുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനും താല്‍പര്യമുണ്ടെന്ന് ഹ്വാവെ ഇന്ത്യ മേധാവി വ്യക്തമാക്കി.

ഭാരതി എയര്‍ടെല്ലുമായി ചേര്‍ന്ന് 5ജി സാങ്കേതിക വിദ്യയുടെ പരീക്ഷണങ്ങള്‍ ഹ്വാവെ ഈ വര്‍ഷമാദ്യം നടത്തിയിരുന്നു. 3.5 ജിഗാഹെര്‍ട്‌സ് ബാന്‍ഡില്‍ മൂന്ന് ജിപിപിഎസ് ഇന്റര്‍നെറ്റ് വേഗത കൈവരിക്കാന്‍ ആയിരുന്നു. ഇന്ത്യയില്‍ ഭാവി മുന്നില്‍ കണ്ടുള്ള നിക്ഷേപങ്ങള്‍ നടത്താന്‍ അതിയായ താല്‍പ്പര്യമാണ് കമ്പനിക്കുള്ളതെന്ന് ഹ്വാവെ വ്യക്തമാക്കുന്നു. ‘അടുത്ത അഞ്ച് വര്‍ഷത്തില്‍ സാമ്പത്തിക വളര്‍ച്ചയില്‍ ഏറ്റവും ദ്രുതഗതിയിലുള്ള പുരോഗതി കൈവരിക്കുന്ന രാജ്യമായാണ് ഇന്ത്യയെ ഞാന്‍ കാണുന്നത്. കാര്യങ്ങള്‍ ശരിയായ രീതിയിലാണ് മുന്നോട്ട് പോകുന്നത്. ടെലികോം വ്യവസായ മേഖലയിലും അവസരങ്ങളും പ്രതീക്ഷകളും നിറയും. എല്ലാത്തിനെയും 5ജി മാറ്റി മറിക്കും,’ ജേയ് ചെന്‍ അഭിപ്രായപ്പെട്ടു.

2ജി, 3ജി, 4ജി സാങ്കേതിക മുന്നേറ്റങ്ങളുടെ തുടക്കത്തില്‍ പിന്നോട്ടു നിന്നതിന്റെ കോട്ടം 5ജിയില്‍ അനുഭവിക്കാന്‍ ഇന്ത്യക്ക് താല്‍പര്യമില്ലെന്നാണ് സര്‍ക്കാരിന്റെ ചടുലമായ നീക്കങ്ങള്‍ സൂചിപ്പിക്കുന്നത്. മറ്റ് വികസിത ലോക രാജ്യങ്ങളോടൊപ്പം തന്നെ 5ജി സാങ്കേതികതയുടെ ഗുണഫലങ്ങള്‍ ജനങ്ങള്‍ക്കും സംരംഭകര്‍ക്കും എത്തിക്കാനാണ് ലക്ഷ്യം. 8,644 മെഗാ ഹെര്‍ട്‌സ് സ്‌പെക്ട്രം ഇതിനായി ലേലം ചെയ്യാനാണ് ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്) ശുപാര്‍ശ ചെ്തിരിക്കുന്നത്. 4.9 ലക്ഷം കോടി രൂപയായിരിക്കും അടിസ്ഥാന വില. 3,300-3,600 ബാന്‍ഡിലുള്ള 20 മെഗാഹെര്‍ട്‌സ് സ്‌പെക്ട്രമായിരിക്കും ഇന്ത്യ ലേലം ചെയ്യുക. മെഗാഹെര്‍ട്‌സിന്റെ വില 492 കോടി രൂപ. വിലക്കൂടുതലാണെന്ന പരിമിതി ഇതിനുണ്ട്. സമാനമായ ബാന്‍ഡിന് ദക്ഷിണ കൊറിയയില്‍ 131 കോടി രൂപ മാത്രമാണ് ചെലവാകുക. വരും ദിവസങ്ങളില്‍ അന്താരാഷ്ട്ര 5ജി സമ്മേളനങ്ങളടക്കം സംഘടിപ്പിച്ച് സര്‍ക്കാര്‍ നീക്കത്തിന് വേഗം കൂട്ടും. അടിസ്ഥാന സൗകര്യ വികസനത്തിന് 1,600 കോടി രൂപ ചെലവിടാനാണ് ഇത് സംബന്ധിച്ച് രൂപീകരിച്ച സമിതി ശുപാര്‍ശ ചെയ്തിരിക്കുന്നത്.

5ജി സാങ്കേതിക വിദ്യ നടപ്പാക്കാന്‍ ലോക രാജ്യങ്ങളെല്ലാം അരയും തലയും മുറുക്കി രംഗത്തുണ്ടെങ്കിലും ചൈനയാണ് മുന്നിട്ട് നില്‍ക്കുന്നത്. 3,300-3,400, 3,400-3,600, 4,800-5,000 ഫ്രീക്വന്‍സികളിലുള്ള സ്‌പെക്ട്രം ബാന്‍ഡുകള്‍ ചൈന ഇതിനായി അനുവദിച്ചു കഴിഞ്ഞു. ജപ്പാനില്‍ 3,700, 4,500 മെഗാ ഹെര്‍ട്്‌സും 28 ജിഗാഹെര്‍ട്‌സുമാവും ബാര്‍ഡുകള്‍. അയര്‍ലന്റ്, ചെക്ക് റിപ്പബഌക്, യുകെ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളും സ്‌പെക്ട്രം ലേലം നടത്തിക്കഴിഞ്ഞു. ഈ മാസം ഓസ്‌ട്രേലിയയിലെ 5ജി സ്‌പെക്ട്രം ലേലം നടക്കാനിരിക്കുകയാണ്. അമേരിക്കയിലെ ഹൂസ്റ്റണില്‍ ഈ മാസമാദ്യം ലോകത്തെ ആദ്യ വാണിജ്യ 5ജി സര്‍വീസിന് ടെലികോം വമ്പനായ വേരിസോണ്‍ കമ്യൂണിക്കേഷന്‍ തുടക്കമിട്ടിരുന്നു.

Comments

comments

Categories: Tech
Tags: 5G, huawei