നഗരങ്ങള്‍ നേരിടാന്‍ പോകുന്നത് വിനാശകരമായ വെള്ളപ്പൊക്കം

നഗരങ്ങള്‍ നേരിടാന്‍ പോകുന്നത് വിനാശകരമായ വെള്ളപ്പൊക്കം

ലോകത്തിലെ ഏറ്റവുമധികം ജനസംഖ്യയുള്ള ഭൂരിഭാഗം നഗരങ്ങളും ഭീഷണി നേരിടുകയാണ്. ആഗോളതാപനം സൃഷ്ടിക്കുന്ന കൊടുങ്കാറ്റും, വെള്ളപ്പൊക്കവുമാണു ഭാവിയില്‍ പല നഗരങ്ങളും അഭിമുഖീകരിക്കാന്‍ പോകുന്നത്. ആഗോളതാപന വര്‍ധന 1.5 ഡിഗ്രി സെല്‍ഷ്യസില്‍ പരിമിതപ്പെടുത്തിയില്ലെങ്കില്‍, സമുദ്രനിരപ്പ് 40 സെന്റിമീറ്റര്‍ വരെ ഉയരുമെന്നും, അങ്ങനെ സംഭവിച്ചാല്‍ തീരപ്രദേശങ്ങളില്‍ സ്ഥിതി ചെയ്യുന്ന പ്രധാന നഗരങ്ങള്‍ വെള്ളത്തില്‍ മുങ്ങിത്താഴാന്‍ സാധ്യതയുണ്ടെന്നും പുതിയ പഠനങ്ങള്‍ വിശദമാക്കുന്നു.

 

ലണ്ടന്‍, ജക്കാര്‍ത്ത, ഷാങ്ഹായ്, ഹൂസ്റ്റണ്‍ തുടങ്ങിയ മുങ്ങിക്കൊണ്ടിരിക്കുന്ന ആഗോളനഗരങ്ങളില്‍, ആഗോളതാപനത്തിന്റെ ഫലമായി കൊടുങ്കാറ്റ്, വെള്ളപ്പൊക്കം തുടങ്ങിയ പ്രകൃതി ദുരന്തങ്ങള്‍ ആവര്‍ത്തിക്കാനുള്ള സാധ്യത വര്‍ധിച്ചിരിക്കുകയാണെന്ന് ലണ്ടന്‍ ആസ്ഥാനമായ ക്രിസ്റ്റ്യന്‍ എയ്ഡിന്റെ കാലാവസ്ഥ ശാസ്ത്രത്തെ കുറിച്ചു വ്യാഴാഴ്ച (ഒക്ടോബര്‍ നാല്) പുറത്തിറക്കിയ പുതിയ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. സമുദ്രനിരപ്പ് ഉയരുന്നത് നിരവധി നഗരങ്ങള്‍ക്കു ഭീഷണിയാകുന്നുണ്ട്. ഇത്തരം ഭീഷണി വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. ഇതിനുള്ള കാരണം ഒരു പരിധി വരെ നഗരത്തിലെ വികസനം ആസൂത്രണം ചെയ്യുന്നവര്‍ക്കു സംഭവിക്കുന്ന പാളിച്ചകളാണെന്നും ക്രിസ്റ്റ്യന്‍ എയ്ഡ് എന്ന സംഘടന തയാറാക്കിയ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. ലോകത്തിലെ ചില നഗരങ്ങള്‍ ഇപ്പോള്‍ തന്നെ താണു പോയിരിക്കുന്നു. ഉദാഹരണത്തിന്, കെട്ടിടങ്ങളുടെ ഭാരം കാരണം ഷാങ്ഹായ് നഗരം താഴ്ന്നു കൊണ്ടിരിക്കുകയാണ്. ഇതിനിടെയാണ് ആഗോളതാപനത്തിന്റെ ഫലമായി സമുദ്രനിരപ്പ് ഉയരുന്നത്. ഇത്തരം സാഹചര്യം കാര്യങ്ങളെ കൂടുതല്‍ മോശമാക്കുകയാണു ചെയ്യുന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു. ആഗോളതാപന വര്‍ധന 1.5 ഡിഗ്രി സെല്‍ഷ്യസില്‍ പരിമിതപ്പെടുത്തിയില്ലെങ്കില്‍, സമുദ്രനിരപ്പ് 40 സെന്റിമീറ്റര്‍ വരെ ഉയരുമെന്നും, അങ്ങനെ സംഭവിച്ചാല്‍ തീരപ്രദേശങ്ങളിലെ പ്രധാന നഗരങ്ങള്‍ വെള്ളത്തില്‍ മുങ്ങിത്താഴാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ട് വിശദമാക്കുന്നു.
ഇന്തൊനേഷ്യയുടെ തലസ്ഥാന നഗരമായ ജക്കാര്‍ത്ത ഓരോ വര്‍ഷവും 25 സെന്റിമീറ്റര്‍ മുങ്ങിത്താഴ്ന്നു കൊണ്ടിരിക്കുകയാണ്. മറ്റ് പ്രമുഖ നഗരങ്ങളായ ബാങ്കോങ്, ഹൂസ്റ്റണ്‍, ഹാങ്ഹായ് എന്നിവയും പതിറ്റാണ്ടുകള്‍ക്കുള്ളില്‍ മുങ്ങാനുള്ള സാധ്യത വര്‍ധിച്ചിരിക്കുകയാണ്. മോശം ആസൂത്രണം, ശക്തമായ കാറ്റ്, വേലിയേറ്റങ്ങള്‍ എന്നിവയാണ് ഈ നഗരങ്ങള്‍ക്കു ഭീഷണിയാവുന്നത്. വെള്ളപ്പൊക്കം അടക്കമുള്ള ഭീഷണി നേരിടുന്ന നഗരങ്ങളായ ബാങ്കോങ്, ലാഗോസ്, മനില, ധാക്ക, ഷാങ്ഹായ്, ഹൂസ്റ്റണ്‍, ലണ്ടന്‍ എന്നിവിടങ്ങളില്‍ ഏകദേശം 100 ദശലക്ഷം പേര്‍ താമസിക്കുന്നുണ്ട്. ഈ നഗരങ്ങള്‍ക്കു ഭീഷണി സൃഷ്ടിക്കുന്ന കാരണങ്ങളില്‍ ഭൂരിഭാഗവും മനുഷ്യനിര്‍മിതമാണ്.13 നദികള്‍ സംഗമിക്കുന്ന സ്ഥലമാണ് ഇന്തോനേഷ്യയുടെ തലസ്ഥാനമായ ജക്കാര്‍ത്ത. ഈ നഗരത്തില്‍ 10 ദശലക്ഷത്തിലധികം പേര്‍ താമസിക്കുന്നുണ്ട്. ഇവിടെയുള്ള ജനസംഖ്യയിലെ പകുതി പേര്‍ക്കും പൈപ്പ് ജലം ലഭ്യമല്ല. കാരണം ഭൂഗര്‍ഭജലം ചോര്‍ത്തിയെടുക്കാനായി അനധികൃത കിണര്‍ കുഴിച്ചിരിക്കുകയാണ്. അനധികൃത കിണര്‍ കുഴിക്കുന്നതും, ഭൂഗര്‍ഭജലം ചോര്‍ത്തുന്നതും മണ്ണില്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ കാരണമാകും. ഇന്ന് നഗരങ്ങളിലെ ഭൂരിഭാഗം പ്രദേശങ്ങളും കീലിടുകയോ, കോണ്‍ക്രീറ്റ് ചെയ്യുകയോ ചെയ്തിട്ടുണ്ട്. അതുകൊണ്ടു തന്നെ മഴവെള്ളം ഭൂമിയിലേക്ക് ഇറങ്ങാറുമില്ല. ഒരുവശത്ത് മഴവെള്ളം ഭൂമിയിലേക്ക് ഇറങ്ങാതെ വരുന്നു. മറുവശത്താകട്ടെ, ഭൂഗര്‍ഭജലം, കുഴല്‍ കിണറിലൂടെ ചൂഷണം ചെയ്യുകയും ചെയ്യുന്നു. ഈ സാഹചര്യമാണു ശുദ്ധജല ദൗര്‍ലഭ്യത്തിനു കാരണമാകുന്നത്. ജക്കാര്‍ത്തയില്‍ സംഭവിച്ചതും ഇതാണ്. മറ്റൊരു നഗരമായ ഹൂസ്റ്റണില്‍, വര്‍ധിച്ചുവരുന്ന ജനസംഖ്യയ്ക്കു കുടിവെള്ളം ലഭ്യമാക്കാന്‍ നടത്തിയ ശ്രമം, ആ നഗരത്തെ മുങ്ങിത്താഴുന്നതിലേക്കാണു നയിച്ചത്. ലോകത്തിലെ ഏറ്റവും വലിയ നഗരങ്ങളില്‍ ഭൂരിഭാഗവും നിര്‍മിച്ചിരിക്കുന്നത് തീരപ്രദേശങ്ങളിലോ, പ്രധാന നദികള്‍ക്കു സമീപമോ ആണ്. സമുദ്രനിരപ്പ് ഉയരുന്നതു പോലുള്ള, അല്ലെങ്കില്‍ കാറ്റിനു ശേഷമുള്ള തിരമാല അടക്കമുള്ള അപകടങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരുന്ന സാഹചര്യമാണ് ഇതിലൂടെ സംജാതമാകുന്നതെന്നും പഠനം വ്യക്തമാക്കുന്നു.

വെള്ളപ്പൊക്കത്തെ അതിജീവിക്കാന്‍ ബാങ്കോങ് പാര്‍ക്ക് നിര്‍മിക്കുന്നു

ബാങ്കോങില്‍ മുന്‍വര്‍ഷങ്ങളില്‍ പെയ്ത കനത്ത മഴയെ തുടര്‍ന്നു നഗരനിരത്തുകളില്‍ വെള്ളക്കെട്ട് രൂപപ്പെടുന്നതും, ഡ്രെയ്‌നേജ് സംവിധാനങ്ങള്‍ തകരാറിലാകുന്നതും, വീടുകള്‍ ജലത്തില്‍ മുങ്ങുന്നതും പതിവ് സംഭവമായിരിക്കുകയാണ്. പ്രതിവര്‍ഷം ഒരു സെന്റിമീറ്റര്‍ എന്ന കണക്കേ മുങ്ങിക്കൊണ്ടിരിക്കുന്ന നഗരമായ ബാങ്കോങ്, 2030-ാടെ സമുദ്രനിരപ്പിനും താഴെയെത്തുമെന്നാണു കണക്കാക്കപ്പെടുന്നത്. ഇപ്പോള്‍ ബാങ്കോങ് സമുദ്രനിരപ്പിന് അഞ്ച് അടി (1.5 മീറ്റര്‍) മുകളിലാണ്. ഭാവിയില്‍ ഉണ്ടായേക്കാവുന്ന വെള്ളപ്പൊക്കത്തെ തടയുന്നതിനായി, നഗരസഭ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ അധികാരികള്‍ വിപുലമായൊരു വാട്ടര്‍ മാനേജ്‌മെന്റ് പ്ലാന്‍ തയാറാക്കിയിരിക്കുകയാണ്. പദ്ധതിപ്രകാരം, ചുലാലോങ്കോണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിര്‍മിച്ചിരിക്കുന്ന സെന്റിനറി പാര്‍ക്കില്‍ (Chulalongkorn University Centenary Park) മഴവെള്ളം സംഭരിക്കാനുള്ള സംവിധാനം തയാറാക്കിയിരിക്കുകയാണ്. 11 ഏക്കറിലാണു പദ്ധതി പ്രദേശം. സിയു പാര്‍ക്ക് (CU Park) എന്ന ചുരുക്കപ്പേരിലാണ് ഇത് അറിയപ്പെടുന്നത്. 2017-ല്‍ സെന്‍ട്രല്‍ ബാങ്കോങിനു സമീപം 700 ദശലക്ഷം ഡോളര്‍ ചെലവഴിച്ചാണു പാര്‍ക്ക് നിര്‍മിച്ചത്. ചുലാലോങ്കോണ്‍ യൂണിവേഴ്‌സിറ്റിയുടെ 100-ാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇവിടെ പാര്‍ക്ക് സ്ഥാപിക്കാന്‍ തീരുമാനിച്ചത്. യൂണിവേഴ്‌സിറ്റിയുടെ സ്ഥാപക ദിനമായ മാര്‍ച്ച് 26ന് (2017-ല്‍) തന്നെ പാര്‍ക്ക് തുറന്നു. ലാന്‍ഡ് പ്രോസസ്(Landprocess) എന്ന സ്ഥാപനമാണു പാര്‍ക്ക് ഡിസൈന്‍ ചെയ്തത്. മരങ്ങള്‍ക്കും പുല്ലിനുമിടയില്‍ മറഞ്ഞിരിക്കുന്നു എന്നതാണ് ഈ പാര്‍ക്കിന്റെ ഒരു സവിശേഷത. മില്യന്‍ ഗാലണ്‍ വെള്ളം ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള ഭൂഗര്‍ഭ സംഭരണികളും, കുളങ്ങളുമുണ്ട്. അടുത്ത വര്‍ഷം ബാങ്കോങിലുള്ള തമാസാറ്റ് യൂണിവേഴ്‌സിറ്റിയില്‍ ഇതുപോലൊരു പാര്‍ക്ക് 36 ഏക്കറില്‍ നിര്‍മിക്കാനും തീരുമാനിച്ചിരിക്കുകയാണ്.

Comments

comments

Categories: Slider, World
Tags: Flood