2025 ഓടെ വിനോദസഞ്ചാരികളുടെ എണ്ണം 25 ദശലക്ഷത്തില്‍ എത്തിക്കാന്‍ പദ്ധതി

2025 ഓടെ വിനോദസഞ്ചാരികളുടെ എണ്ണം 25 ദശലക്ഷത്തില്‍ എത്തിക്കാന്‍ പദ്ധതി

ലോകത്തില്‍ ഏറ്റവും കൂടുതല്‍ വിനോദസഞ്ചാരികളെത്തുന്ന നഗരമാക്കി ദുബായിയെ മാറ്റുകയാണ് പ്രധാന ലക്ഷ്യം

ദുബായ്: വിനോദസഞ്ചാര മേഖലയില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താന്‍ പുത്തന്‍ പദ്ധതികളൊരുക്കി ദുബായ്. 2025 ഓടുകൂടി സന്ദര്‍ശകരുടെ എണ്ണം 23-25 ദശലക്ഷത്തില്‍ എത്തിക്കാന്‍ ലക്ഷ്യമിട്ടുകൊണ്ടുള്ള ദുബായ് ടൂറിസം സ്ട്രാറ്റജിക്ക് ദുബായ് കിരീടാവകാശിയും ദുബായ് എക്‌സിക്യൂട്ടിവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷേഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം കഴിഞ്ഞ ദിവസം അംഗീകാരം നല്‍കി.

2025 ഓടുകൂടി ലോകത്തില്‍ ഏറ്റവും കൂടുതല്‍ വിനോദസഞ്ചാരികളെത്തുന്ന നഗരമാക്കി ദുബായിയെ മാറ്റുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. മാസ്റ്റര്‍ കാര്‍ഡിന്റെ വാര്‍ഷിക ഫലം അനുസരിച്ച് ബാങ്കോക്ക്, ലണ്ടന്‍, പാരീസ് എന്നീ നഗരങ്ങളാണ് നിലവില്‍ ദുബായിക്ക് മുന്നിലുള്ളത്. അതിനാല്‍ ഈ സ്ഥാനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി പുതിയ വികസന പദ്ധതികളും വിനോദസഞ്ചാര സംരംഭങ്ങളുമടക്കം പുതിയൊരു ടൂറിസം സ്ട്രാറ്റജി നടപ്പിലാക്കാനാണ് ഷേഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ലക്ഷ്യമിട്ടിരിക്കുന്നത്. ഈ വര്‍ഷം ആദ്യ ആറു മാസങ്ങള്‍ക്കുള്ളില്‍ ദുബായില്‍ എത്തിയ സന്ദര്‍ശകരുടെ എണ്ണത്തിലും റെക്കോഡ് വര്‍ധനവായിരുന്നു. 81 ലക്ഷം പേരാണ് ഈ കാലയളവില്‍ നഗരത്തിലെത്തിയത്. കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്നും വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ ആറ് ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്.

ആഗോള വിപണിയില്‍ ദുബായുടെ സ്ഥാനം മെച്ചപ്പെടുത്താന്‍ നഗരത്തിലെ ടൂറിസം അനുബന്ധ സ്ഥാപനങ്ങള്‍ പുതിയ ടൂറിസം സ്ട്രാറ്റജിക്ക് പിന്തുണയേകി പ്രവര്‍ത്തിക്കണമെന്നും ഷേഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ചൂണ്ടിക്കാട്ടി. ദുബായില്‍ മാത്രം എന്ന പേരില്‍ ദുബായ് സന്ദര്‍ശിക്കുന്നവര്‍ക്കായി പ്രത്യേക ടൂറിസം പാക്കേജ് ഒരുക്കുന്നത് അടക്കമുള്ള പദ്ധതികളാണ് അധികൃതര്‍ ആലോചിച്ചു വരുന്നത്. ബിസിനസ് കോണ്‍ഫറന്‍സുകള്‍, സമ്മേളനങ്ങള്‍, ശില്‍പ്പശാലകള്‍, പ്രദര്‍ശനങ്ങള്‍ എന്നിവ വഴി വിനോദസഞ്ചാര സാധ്യതകള്‍ വര്‍ധിപ്പിക്കുന്നതിനാവശ്യമായ പ്രചരണങ്ങള്‍ ഊര്‍ജിതമാക്കാനും പദ്ധതിയിടുന്നു. ഇതുവഴി ആഗോള വിനോദസഞ്ചാര മേഖലയില്‍ ശക്തമായ സ്വാധീനം ചെലുത്താനും സമഗ്ര വിനോദസഞ്ചാര നയം സൃഷ്ടിക്കാനും ആലോചിക്കുന്നുണ്ട്.

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി വലിയ തോതിലുള്ള വളര്‍ച്ചയാണ് വിനോദ സഞ്ചാര മേഖലയില്‍ ദുബായ് കരസ്ഥമാക്കിയത്. നഗരത്തെ മികച്ച സാമ്പത്തിക കേന്ദ്രങ്ങളിലൊന്നാക്കുന്നതിലും ഈ മേഖല വഹിക്കുന്ന പങ്ക് ചെറുതല്ല. വിവിധ റാങ്കിംഗ് സൂചികകളില്‍ മുന്‍ നിര സ്ഥാനം കൈയടക്കുന്നതിനും മേഖലയിലുണ്ടായ വളര്‍ച്ച സഹായകമായിട്ടുണ്ട്. മാസ്റ്റര്‍ കാര്‍ഡ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ആഗോള ടൂറിസ്റ്റ് നഗര സൂചികയിലും ദുബായ് മുന്‍ നിര സ്ഥാനത്ത് എത്തുകയുണ്ടായി. കഴിഞ്ഞ വര്‍ഷം വിദേശ സന്ദര്‍ശകര്‍ ഏറ്റവും കൂടുതല്‍ തുക ചെലവഴിച്ചതും ദുബായിലാണ്. 29.7 ബില്യണ്‍ ഡോളറാണ് വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ടൂറിസം മേഖലയില്‍ ദുബായിലാകെ ചെലവഴിച്ചത്. 162 നഗരങ്ങളെ ഉള്‍പ്പെടുത്തി തയാറാക്കിയ മാസ്റ്റര്‍ കാര്‍ഡിന്റെ ഗ്ലോബല്‍ ഡെസ്റ്റിനേഷന്‍ നഗര സൂചിക 2018 ല്‍, ദുബായിലെത്തുന്ന ഓരോ സന്ദര്‍ശകനും പ്രതിദിനം ചെലവഴിക്കുന്നത് 537 ഡോളറാണെന്നും വ്യക്തമാക്കിയിരിക്കുന്നു. തുടര്‍ച്ചയായി നാലാം വര്‍ഷവും ഏറ്റവും കൂടുതല്‍ ആളുകള്‍ സന്ദര്‍ശിക്കുന്ന നഗരങ്ങളുടെ നിരയില്‍ നാലാം സ്ഥാനം ദുബായ്ക്കാണ്. വിമാന സര്‍വീസുകളുടെ ഹബ്ബായി വികസിച്ചതും സന്ദര്‍ശകര്‍ക്കായി ആകര്‍ഷണീയ കേന്ദ്രങ്ങള്‍ ഒരുക്കിയതും വിനോദസഞ്ചാര മേഖലയില്‍ അനുദിനം വളരാന്‍ ദുബായിയെ സഹായിച്ചിട്ടുണ്ട്.

Comments

comments

Categories: Arabia