ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ ഡിസംബര്‍ 26 ന് തുടങ്ങും

ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ ഡിസംബര്‍ 26 ന് തുടങ്ങും

30 ദിവസം നീളുന്ന മേള ജനുവരി 26 ന് സമാപിക്കും

ദുബായ്: ലോകജനതയാകെ ആഘോഷമാക്കി മാറ്റുന്ന ഇത്തവണത്തെ ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന് ഡിസംബര്‍ 26 ന് തിരശീല ഉയരും. ലോകത്തിന്റെ നാനാകോണില്‍ നിന്നുമുള്ള കച്ചവടക്കാരെ ആകര്‍ഷിക്കുന്ന 30 ദിവസം നീളുന്ന ഫെസ്റ്റിവല്‍ മാമാങ്കം ജനുവരി 26 ന് സമാപിക്കുമെന്ന് ദുബായ് ഫെസ്റ്റിവല്‍ ആന്‍ഡ് റീട്ടെയ്ല്‍ എസ്റ്റാബ്ലിഷ്‌മെന്റ് അറിയിച്ചു. ഷോപ്പിംഗിനു പുറമെ വിനോദ പരിപാടികള്‍, വൈവിധ്യമാര്‍ന്ന സമ്മാനപദ്ധതികള്‍ എന്നിവയെല്ലാം 24ാം മത് എഡിഷന്‍ ഫെസ്റ്റിവലില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ടൂറിസം ആന്‍ഡ് കൊമേഴ്‌സ് മാര്‍ക്കറ്റിംഗിന്റെ ഔദ്യോഗിക എജന്‍സിയായ ദുബായ് ഫെസ്റ്റിവല്‍ ആന്‍ഡ് റീട്ടെയ്ല്‍ എസ്റ്റാബ്ലിഷ്‌മെന്റ് (ഡിഎഫ്ആര്‍ഇ) ആണ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. മികച്ച വിനോദസഞ്ചാര കേന്ദ്രമെന്ന നിലയില്‍ ദുബായിയുടെ സ്ഥാനം ഉയര്‍ത്താനും സന്ദര്‍ശകര്‍ക്ക് മികച്ച ഷോപ്പിംഗ് അനുഭവം നല്‍കാനും പൊതു, സ്വകാര്യ മേഖലകളുടെ സഹായത്തോടെ മികച്ച സജ്ജീകരണങ്ങളാണ് ഇത്തവണ ഒരുക്കുന്നതെന്ന് ഡിഎഫ്ആര്‍ഇ സിഇഒ അഹമ്മദ് അല്‍ ഖാജ പറഞ്ഞു.

ദുബായിലെ റിട്ടെയ്ല്‍ മേഖലയുടെ നെടും തൂണുകളിലൊന്നായ ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലില്‍, ആഗോലതലത്തില്‍ പ്രമുഖ നിരയിലുള്ള ബ്രാന്‍ഡുകള്‍ ആകര്‍ഷകമായ സമ്മാനപദ്ധതികളും വന്‍ വിലക്കുറവും പ്രഖ്യാപിക്കുന്നുണ്ട്. ആഡംബര കാറുകളും സ്വര്‍ണവും കൈനിറയെ പണവും മറ്റ് വിലപിടിപ്പുള്ള സമ്മാനങ്ങളുമായി മെഗാ റാഫിള്‍സ് നറുക്കെടുപ്പുകളും നടക്കുമെന്ന് അധികൃതര്‍ അറിയിച്ചു. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള കലാകാരന്‍മാര്‍ ഒരുക്കുന്ന സാംസ്‌കാരിക പരിപാടികളും കാര്‍ണിവലുകളും മറ്റ് വിനോദ പരിപാടികളും മേളയുടെ തിളക്കം വര്‍ധിപ്പിക്കും. കുട്ടികള്‍ക്കു മാത്രമായി വിവിധ പരിപാടികളും ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലില്‍ അണിനിരത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഫെസ്റ്റിവലിന് സര്‍ക്കാരും സ്വകാര്യ കമ്പനികളും നല്‍കിയ പിന്തുണ മറക്കാനാവാത്തതാണെന്നും ഈ സഹകരണം 24ാമത് എഡിഷനിലും പ്രതീക്ഷിക്കുന്നുവെന്നും അഹമ്മദ് അല്‍ ഖാജ കൂട്ടിച്ചേര്‍ത്തു.

വില്‍പ്പനയിലും സന്ദര്‍ശകരുടെ എണ്ണത്തിലും റെക്കോര്‍ഡ് നേട്ടം കൈവരിച്ചാണ് കഴിഞ്ഞ വര്‍ഷം ദുബായ് ഫെസ്റ്റിവല്‍ മാമാങ്കത്തിന് തിരശീല വീണത്. ഭാഗ്യ നറുക്കെടുപ്പുകളിലും മറ്റും ലക്ഷാധിപതികളായവരില്‍ ഏറെപ്പേരും ഇന്ത്യാക്കാരാണെന്നതാണ് എടുത്തു പറയേണ്ട മറ്റൊരു സവിശേഷത. ഷോപ്പിംഗ് മാളുകളും ഗ്ലോബല്‍ വില്ലേജുകളുമായിരുന്നു കഴിഞ്ഞ എഡിഷന്റെ മുഖ്യ ആകര്‍ഷണം.

Comments

comments

Categories: Arabia