അല്‍ ആദില്‍, ഇത് ധനഞ്ജയ് കണ്ടെത്തിയ വിജയ മാതൃക

അല്‍ ആദില്‍, ഇത് ധനഞ്ജയ് കണ്ടെത്തിയ വിജയ മാതൃക

19 ആം വയസില്‍ കയ്യില്‍ 30 ദിര്‍ഹവുമായി പിതാവിനെ മസാല ബിസിനസില്‍ സഹായിക്കുന്നതിനായി ദുബായ് നഗരത്തില്‍ എത്തിയ യുവാവിന്റെ ഇന്നത്തെ ആസ്തി 5200 കോടി രൂപയാണ്. അല്‍ ആദില്‍ എന്ന് പേരിട്ട ഒറ്റമുറി പീടികയില്‍ ആരംഭിച്ച മസാലകച്ചവടം ഇന്ന് ആഗോളതലത്തില്‍ പടര്‍ന്നു പന്തലിച്ചു കഴിഞ്ഞു. ഭാവിയെ കുറിച്ചുള്ള വലിയ സ്വപ്നങ്ങള്‍ ഒന്നും കൂടാതെ മൂന്നര പതിറ്റാണ്ടുമുമ്പ് ദുബായ് നഗരത്തിലെത്തിയ ധനഞ്ജയ് ദത്താര്‍ എന്ന ആ യുവാവ് എന്നറിയപ്പെടുന്നത് മസാല കിംഗ് എന്ന പേരിലാണ്. ഒന്നുമില്ലായ്മയില്‍ നിന്നും ജീവിതം ആരംഭിച്ച്, ഫോബ്‌സ് പട്ടികയില്‍ വരെ ഇടം പിടിച്ച ഈ സംരംഭകന്റെ ജീവിതം യുവസംരംഭകര്‍ക്കാകമാനം വേറിട്ട മാതൃകയാവുകയാണ്…

2018 ഫെബ്രുവരി മാസം 13 ആം തീയതി മുംബൈ നാഗത്തെയാകമാനം ആവേശത്തിലാഴ്ത്തിക്കൊണ്ട് ഒരു പുസ്തകം പ്രകാശനം ചെയ്യപ്പെട്ടു.ബോളിവുഡ് താരം മാധുരി ദീക്ഷിത് പ്രകാശനം ചെയ്ത ‘ദി മസാല കിംഗ്’ എന്ന ആ ജീവചരിത്രത്തില്‍ വരച്ചിട്ടിരുന്നത് ഡോ.ധനഞ്ജയ് ദത്താര്‍ എന്ന പ്രതിഭാധനനായ സംരംഭകന്റെ ജീവിതമായിരുന്നു. പുസ്തക പ്രകാശനത്തിനായി എത്തിയവരെക്കൊണ്ട് നിറഞ്ഞ സദസ്സില്‍ ഭൂരിഭാഗവും യുവാക്കളും മാനേജ്‌മെന്റ് വിദ്യാര്‍ത്ഥികളും. ലോകമെന്തന്നറിയാതെ, ബിസിനസ് തന്ത്രങ്ങള്‍ അറിയാതെ 1984 ല്‍ ദുബായ് നഗരത്തില്‍ എത്തി രണ്ടുപതിറ്റാണ്ടിനുള്ളില്‍ ലോകത്തിന്റെ മസാല കിംഗ് എന്ന ഖ്യാതി സമ്പാദിച്ച ആ സംരംഭകന്റെ വിജയമന്ത്രം നേരിട്ടറിയുന്നതിനായി എത്തിച്ചേര്‍ന്നവരായിരുന്നു സദസ്സിലത്രയും.

”ചെയ്യുന്ന ഓരോ കാര്യത്തിലും കൃത്യത പാലിക്കുക, പരമാവധി ഡെഡിക്കേറ്റഡ് ആയി ബിസിനസ് ജീവിതത്തെയും വ്യക്തി ജീവിതത്തേയും സമീപിക്കുക. ഇതാണ് എന്റെ വിജയമന്ത്രം” നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി ധനഞ്ജയ് ദത്താര്‍ ഒരൊറ്റ വാചകത്തില്‍ പറഞ്ഞു നിര്‍ത്തിയത് ഒരായുസ്സിന്റെ മുഴുവന്‍ കഠിനാധ്വാനത്തിന്റെയും ദൃഢനിശ്ചയത്തിന്റെയും സമാനതകളില്ലാത്ത കഥയുടെ രത്‌നചുരുക്കമാണ്. സംരംഭകത്വത്തിലേക്ക് കടന്നുവരാന്‍ ആഗ്രഹിക്കുന്ന ഏതൊരു വ്യക്തിയും അറിഞ്ഞിരിക്കേണ്ട ഒന്നാണ് സുഗന്ധവ്യഞ്ജന മേഖലയില്‍ ധനഞ്ജയ് ദത്താര്‍ നേടിയ വിജയത്തിന്റെ ഇരട്ടി മധുരമുള്ള കഥ.

കഷ്ടതകള്‍ നിറഞ്ഞ ബാല്യം

ഏതൊരു സ്വയാര്‍ജ്ജിത കോടീശ്വരനും പറയാനുള്ളത് പോലെ കഷ്ടതകളും യാതനകളും നിറഞ്ഞ ഒരു ബാല്യത്തിന്റെ കഥതന്നെയാണ് ധനഞ്ജയ്ക്കും ഉണ്ടായിരുന്നത്. പിതാവ് മഹാദേവ് ദത്താറിനെ ചുറ്റിപ്പറ്റിയാണ് കുടുംബം നിലനിന്നിരുന്നത്. മഹാദേവ് ദത്താറിന് എയര്‍ ഫോഴ്‌സില്‍ ചെറിയൊരു ജോലിയാണുണ്ടായിരുന്നത്. മഹാദേവിന് ജോലിയില്‍ സ്ഥലം മാറ്റം ലഭിക്കുന്നതിന് അനുസരിച്ച് മകനെയും തന്റെ കൂടെ കൊണ്ട് പോകുക എന്നത് അസാധ്യമായിരുന്നു. അതിനാല്‍ മഹാരാഷ്ട്രയിലെ അകോല ജില്ലയിലെ ശീര്‍ഖെഡ് എന്ന ഗ്രാമത്തിലെ മുത്തശ്ശനും മുത്തശ്ശിയ്ക്കുമൊപ്പമായിരുന്നു ധനഞ്ജയ് ബാല്യം ചെലവഴിച്ചത്.

മകന് എയര്‍ഫോഴ്‌സിലായിരുന്നു ജോലി എങ്കിലും കൊച്ചുമകനെ സംരക്ഷിക്കുന്നതിനായി മകനില്‍ നിന്നും പണം വാങ്ങാന്‍ മുത്തശ്ശനും മുത്തശ്ശിയും തയ്യാറല്ലയിരുന്നു. അതിനാല്‍ തന്നെ കര്‍ഷകദമ്പതികളായ അവര്‍ നല്‍കുന്ന വളരെ ചുരുങ്ങിയ സൗകര്യങ്ങള്‍ക്കുള്ളില്‍ നിന്നാണ് ധനഞ്ജയ് വളര്‍ന്നത്. ദാരിദ്ര്യം അതിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തിയ ദിനങ്ങള്‍ ധാരാളമായിരുന്നു. പല ദിവസങ്ങളിലും പട്ടിണി കിടക്കേണ്ടി വന്നു. സ്‌കൂളില്‍ പോകാന്‍ ഷൂവില്ല, ചെരുപ്പില്ല, ആകെയുള്ളത് ഒരൊറ്റ ജോഡി യൂണിഫോം മാത്രം.

മകനുവേണ്ടി ജീവിക്കാനുള്ള ആഗ്രഹം കലശലായപ്പോള്‍ മഹാദേവ് ദത്താര്‍ എയര്‍ഫോഴ്‌സില്‍ നിന്നും റിട്ടയര്‍ ചെയ്തു. തുടര്‍ന്ന് ദുബായ് നഗരത്തില്‍ ഭാഗ്യം പരീക്ഷിക്കാനായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം. 1973 ല്‍ ദുബായിലെത്തിയ അദ്ദേഹത്തിനു ജബേല്‍ അലിയിലെ ഒരു സ്ഥാപനത്തില്‍ സ്റ്റോര്‍ കീപ്പറായി ജോലി ലഭിച്ചു.മസാലകള്‍ വില്‍ക്കുന്ന ഒരു കടയായിരുന്നു അത്. അവിടെ വച്ച് വ്യാപാരരീതികള്‍ പഠിച്ചു മനസിലാക്കാക്കിയ മഹാദേവ് കുറച്ചു വര്‍ഷങ്ങള്‍ക്ക് ശേഷം അല്‍ ആദില്‍ എന്ന പേരില്‍ സ്വന്തമായി ഒരു സ്റ്റോര്‍ തുടങ്ങി. ദുബായ് നഗരത്തിലെ ഇന്ത്യക്കാരെ ഉദ്ദേശിച്ച് തുടങ്ങിയ ആ സ്ഥാപനത്തില്‍ ഇന്ത്യന്‍ ഭക്ഷ്യവസ്തുക്കളാണ് വിറ്റിരുന്നത്.എന്നാല്‍ എന്തുകൊണ്ടോ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും സ്ഥാപനത്തിന് വേണ്ടത്ര ഉയര്‍ച്ചയുണ്ടായില്ല.

പിതാവിനെ സാഹായിക്കാന്‍ ദുബായ് നഗരത്തിലേക്ക്

ഏറെ കഷ്ടപ്പെട്ടിട്ടും ബിസിനസ് പുരോഗമിക്കുന്നില്ല എന്ന് മനസിലാക്കിയ മഹാദേവ് ദത്താര്‍ മകന്‍ ധനഞ്ജയിനെ കൂടി ദുബായിലേക്ക് വിളിച്ചുവരുത്തി.1984 ല്‍ 30 ദിര്‍ഹത്തിന്റെ നീക്കിയിരുപ്പുമായി തന്റെ പത്തൊന്‍പതാം വയസ്സില്‍ ദുബായ് നഗരത്തില്‍ എത്തിയ ധനഞ്ജയിന്റെ മനസ്സില്‍ ബിസിനസില്‍ പിതാവിനെ സഹായിക്കുക എന്ന ഒരൊറ്റ ലക്ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ. തങ്ങളുടെ സ്ഥാപനത്തില്‍ എന്തുകൊണ്ട് കച്ചവടം കുറയുന്നു എന്ന് നിരീക്ഷിച്ചപ്പോള്‍ ധനഞ്ജയ് ഒരു കാര്യം മനസിലാക്കി. ധാരാളം സാധനങ്ങള്‍ സ്ഥാപനത്തിനുള്ളില്‍ കുത്തിനിറച്ച് വില്‍ക്കാന്‍ ശ്രമിച്ചാല്‍ വിലപ്പോകില്ല. മറിച്ച് ഓരോ ഉല്‍പന്നവും കണ്ടറിഞ്ഞു ഗുണങ്ങള്‍ മനസിലാക്കി വാങ്ങുവാനുള്ള സാഹചര്യം ഉപഭോക്താവിന് നല്‍കണം. പിന്നെ അധികം താമസിയാതെ സ്ഥാപനത്തെ ഒരു സൂപ്പര്‍ മാര്‍ക്കറ്റ് മാതൃകയിലേക്ക് ധനഞ്ജയ് മാറ്റി.

ധനഞ്ജയ് പരീക്ഷിച്ച പുതിയ മാതൃക വിജയം കണ്ടു. കൂടുതല്‍ ആളുകള്‍ അല്‍ ആദില്‍ എന്ന സ്ഥാപനത്തിന്റെ ഉപഭോക്താക്കളായി മാറി. ഉപഭോക്താക്കള്‍ക്ക് എന്താണ് ആവശ്യം എന്ന് ചോദിച്ചറിഞ്ഞു ഇന്ത്യന്‍ വിപണിയില്‍ നിന്നും അത് ദുബായിയില്‍ എത്തിക്കുന്നതില്‍ ധനഞ്ജയ് വിജയിച്ചു. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ധനഞ്ജയും പിതാവും ചേര്‍ന്ന് ദുബായ് നഗരത്തില്‍ തന്നെ രണ്ട് പുതിയ കടകള്‍ കൂടിത്തുറന്നു. പിന്നീട് ഓരോ വര്‍ഷവും ബിസിനസ് വികസിച്ചു വന്നു.

ഒരുപാട് ഉല്‍പന്നങ്ങളില്‍ ഒരേ സമയം ശ്രദ്ധപതിപ്പിക്കാതെ മസാലയുടെ വില്‍പനയില്‍ മാത്രമായി ശ്രദ്ധ പതിപ്പിച്ചത് ആദ്യകാലങ്ങളില്‍ അല്‍ ആദില്‍ എന്ന സ്ഥാപനത്തിന്റെ വളര്‍ച്ച എളുപ്പത്തിലാക്കി.വിദേശ ഇന്ത്യക്കാരുടെ അഭിരുചികള്‍ക്ക് മുകളില്‍ വന്‍ ബിസിനസ് സാധ്യത കണ്ടെത്തിയ ധനഞ്ജയ് യുഎഇയില്‍ പുതിയൊരു ബിസിനസ് സംസ്‌കാരം വളര്‍ത്തിയെടുക്കുകയായിരുന്നു. മകന്റെ മേല്‍നോട്ടത്തില്‍ ബിസിനസ് പുരോഗമിക്കുന്നുണ്ട് എന്ന് മനസിലാക്കിയ മഹാദേവ് ദത്താര്‍ പിന്നീട് വിശ്രമ ജീവിതം നയിക്കുന്നതിനായി മഹാരാഷ്ട്രയിലേക്ക് തിരിച്ചു പോയി. പിന്നീട് യുഎഇ കണ്ടത് ധനഞ്ജയ് ദത്താര്‍ എന്ന സംരംഭകന്റെ അടിയുറച്ച വളര്‍ച്ചയായിരുന്നു.

മസാലകളുടെ രാജാവായുള്ള വളര്‍ച്ച

മസാലകളില്‍ മാത്രം വില്‍പന കേന്ദ്രീകരിച്ചതോടെ വിപണി സാധ്യതകള്‍ വര്‍ധിച്ചു. ദുബായിക്ക് പുറത്ത് കുവൈറ്റ്, ബഹറിന്‍, സൗദി, ഒമാന്‍ ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലും ധനഞ്ജയ് ദത്താര്‍ അല്‍ ആദില്‍ ഗ്രൂപ്പിന്റെ സ്ഥാപനങ്ങള്‍ തുറന്നു. ഇന്ത്യയില്‍ നിന്നും ഉയര്‍ന്ന ഗുണനിലവാരമുള്ള സുഗന്ധവ്യഞ്ജനങ്ങള്‍ വാങ്ങി തങ്ങളുടെ പ്രൊഡക്ഷന്‍ യൂണിറ്റില്‍ വച്ച് വിവിധതരം മസാലകളാക്കി മാറ്റിയാണ് വിദേശത്തെ സ്റ്റോറുകളിലേക്ക് എത്തിച്ചിരുന്നത്. ഇത്രയും വലിയ രീതിയില്‍ സുഗന്ധവ്യഞ്ജനങ്ങളുടെ റീറ്റെയ്ല്‍ വില്‍പന നടത്തുന്ന മറ്റൊരു സ്ഥാപനം യുഎഇ രാജ്യങ്ങളില്‍ ഇല്ല എന്നത് അല്‍ ആദിലിന്റെ സാധ്യതകള്‍ വര്‍ധിപ്പിച്ചു.

പിന്നീട് മസാലകള്‍ക്ക് പുറമേ, ഇന്ത്യന്‍ വിപണിയില്‍ ലഭ്യമായ ചോളം, പയറുവര്‍ഗങ്ങള്‍, അരി, ഗോതമ്പ്, മറ്റ് ധാന്യങ്ങള്‍ എന്നിവയെല്ലാം അല്‍ ആദില്‍ സ്റ്റോറുകളില്‍ ലഭ്യമാക്കിത്തുടങ്ങി.പീകോക്ക് എന്ന ബ്രാന്‍ഡ് നെയിമിലാണ് മസാലകള്‍ വിപണിയില്‍ എത്തിക്കുന്നത്. ടിന്‍ ഫുഡ്, ബേബി ഫുഡ്, കോസ്‌മെറ്റിക്‌സ്, അച്ചാറുകള്‍, പപ്പടങ്ങള്‍ എന്ന് വേണ്ട ഒരു വ്യക്തിക്ക് ആവശ്യമുള്ള എല്ലാ വസ്തുക്കളും സ്വന്തം ബ്രാന്‍ഡില്‍ അല്‍ ആദില്‍ വിപണിയില്‍ എത്തിക്കുന്നു.

പ്രതിവര്‍ഷം ശരാശരി ഒരു പുതിയ സ്റ്റോര്‍ എങ്കിലും തുടങ്ങണം എന്ന ലക്ഷ്യത്തിലായിരുന്നു ധനഞ്ജയ് തന്റെ ബിസിനസ് വിഭാവനം ചെയ്തിരുന്നത്. ലക്ഷ്യത്തിലേക്കെത്തുന്നതിനായി ഏതറ്റം വരെയും ബുദ്ധിമുട്ടാന്‍ ധനഞ്ജയ് തയ്യാറായിരുന്നു. അതിന്റെ ഫലമായി വളരെ ചെറിയ സമയത്തിനുള്ളില്‍ തന്നെ തന്റെ ബ്രാന്‍ഡ് സ്ഥാപിച്ചെടുക്കാന്‍ അദ്ദേഹത്തിനായി. നിലവില്‍ ഇന്ത്യയിലും യുഎഇയിലുമായി 39 സ്റ്റോറുകളാണ് അല്‍ ആദില്‍ ഗ്രൂപ്പിന് കീഴില്‍ ഉള്ളത്. സ്ഥാപനം 987 പേര്‍ക്ക് തൊഴില്‍ നല്‍കിവരുന്നു.5200 കോടി രൂപയുടെ ആസ്തിയാണ് ഇപ്പോള്‍ സ്ഥാപനത്തിനുള്ളത്.

സ്ഥാപനം വളര്‍ച്ച പ്രാപിച്ചതോടെ ഓണ്‍ലൈന്‍ വിപണിയിലും അല്‍ ആദില്‍ സ്റ്റോര്‍ ഇടം പിടിച്ചു. മസാലകളുടെ ഓണ്‍ലൈന്‍ വിപണത്തിലൂടെ മികച്ച ഒരു മാതൃകയാണ് ധനഞ്ജയ് സൃഷ്ടിച്ചിരിക്കുന്നത്. യുഎസ്,യുകെ,കാനഡ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ഉപഭോക്താക്കള്‍ വരെ ഓണ്‍ലൈന്‍ വിപണിയില്‍ സജീവമാണ്. ഇന്ത്യയുടെ മസാലരുചികള്‍ ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും എത്തിക്കാന്‍ കഴിഞ്ഞ ചാരിതാര്‍ഥ്യമാണ് ഇപ്പോള്‍ ഈ സംരംഭകനുള്ളത്. ബിസിനസില്‍ മൂന്നരപ്പതിറ്റാണ്ട് പിന്നിട്ടു എങ്കിലും ഇനിയും ഏറെക്കാര്യങ്ങള്‍ പഠിക്കാനുണ്ട് എന്നും ഏറെ ദൂരം മുന്നോട്ട് പോകാനുണ്ട് എന്നും ഈ സംരംഭകന്‍ പറയുന്നു.

പിതാവാണ് റോള്‍ മോഡല്‍

ബിസിനസില്‍ ആരാണ് റോള്‍ മോഡല്‍ എന്ന ചോദ്യത്തിന് ധനഞ്ജയ് ദത്താറിന്റെ മുന്നില്‍ ഒരു ഉത്തരമേയുള്ളൂ, സ്വന്തം പിതാവ് തന്നെ. ബിസിനസില്‍ ഏറ്റവും അത്യാവശ്യമായി വേണ്ടത് കൃത്യതയാണ്. കണക്കിലും ചെയ്യുന്ന കാര്യങ്ങളിലും ആ കൃത്യത പാലിക്കാനാകണം.പഠിക്കുമ്പോള്‍ കണക്കിന് പിന്നോക്കമായിരുന്നെങ്കിലും പിതാവിന്റെ കര്‍ശനമായ ശിക്ഷണത്തില്‍ ലഭിച്ച അച്ചടക്കബോധം ധനഞ്ജയിന് ബിസിനസില്‍ വലിയ തുണയായി. മാത്രമല്ല, സ്ഥാപനത്തിലും തൊഴിലാളികള്‍ക്കിടയിലും അദ്ദേഹം നടപ്പിലാക്കിയ അച്ചടക്കം പിതാവില്‍ നിന്നും പിന്തുടര്‍ന്ന മാതൃകയാണ്. കൃത്യമായി കട തുറക്കുക, വേണ്ടത്ര സ്റ്റോക്ക് സൂക്ഷിക്കുക, ഉപഭോക്താക്കളോട് നല്ല രീതിയില്‍ പെരുമാറുക, അവരുടെ ആവശ്യങ്ങള്‍ കണ്ടറിയുക, സ്ഥാപനത്തിന് തുല്യമായ സ്ഥാപനം തൊഴിലാളികള്‍ക്കും നല്‍കുക തുടങ്ങിയ ശീലങ്ങള്‍ അദ്ദേഹത്തില്‍ നിന്നും പഠിച്ചതാണ്.

തൊഴിലാളികള്‍ക്കൊപ്പം ഇന്ത്യയിലെ നിരവധി കര്‍ഷകരും അല്‍ ആദില്‍ ഗ്രൂപ്പിന്റെ ഭാഗമായി ജീവിതമാര്‍ഗം കണ്ടെത്തുന്നു. പ്രതിദിനം 350 ടണ്ണിലേറെ മസാലകളും പലചരക്ക് സാധനങ്ങളുമായി ഇന്ത്യയില്‍ നിന്നും യുഎഇയിലേക്ക് കയറ്റിയയക്കപ്പെടുന്നത്. ദുബായ് നഗരത്തില്‍ മാത്രമായി സ്ഥാപനത്തിന് 18 സ്റ്റോറുകളാണുള്ളത്. 8000 ല്‍ പരം ഉല്‍പന്നങ്ങളാണ് ഈ സ്റ്റോറുകള്‍ വഴി ഇദ്ദേഹം വില്‍പനക്ക് എത്തിച്ചിരിക്കുന്നത്.

ബിസിനസും പഠനവും ഒപ്പത്തിനൊപ്പം കൊണ്ടുപോയി വിജയം നേടിയ വ്യക്തിയാണ് ധനഞ്ജയ് ദത്താര്‍. ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ ഡോക്റ്ററേറ്റ് ഉള്ള ഇദ്ദേഹം തന്റെ ബിസിനസ് സാമ്രാജ്യത്തെ സ്വന്തം മക്കള്‍ക്ക് തുല്യമായാണ് കാണുന്നത്. മക്കളുടെ കാര്യത്തില്‍ ആലോചിക്കാതെ തീരുമാനങ്ങള്‍ എടുക്കില്ല എന്ന പോലെ ബിസിനസിന്റെ കാര്യത്തിലും എടുത്തുചാടി തീരുമാനങ്ങള്‍ എടുക്കുന്ന സ്വഭാവം ധനഞ്ജയ് ദത്താര്‍ എന്ന സംരംഭകനില്ല. യോഗയും പ്രാര്‍ത്ഥനയും ഇപ്പോഴും ജീവിതചര്യയുടെ ഭാഗമായി നിലനിര്‍ത്തുന്നതാണ് തന്റെ വിജയത്തിനാധാരം എന്ന് ധനഞ്ജയ് പറയുന്നു.ജീവിതത്തിലും പ്രൊഫഷനിലും ഈ എളിമ കാത്തു സംരക്ഷിക്കുന്നതിന്റെ കൂടി ഭാഗമായാണ് ഫോബ്‌സ് മാസികയുടെ 2018 ലെ മിഡില്‍ ഈസ്റ്റിലെ മികച്ച 30 ഇന്ത്യന്‍ സംരംഭകരുടെ പട്ടികയില്‍ ധനഞ്ജയ് ദത്താര്‍ ഇടം പിടിച്ചത്.

ബിസിനസിലേക്ക് കടന്നുവരാന്‍ ആത്മാര്‍ത്ഥമായി ശ്രമിക്കുന്നവരോട് മസാല കിംഗിന് ഒന്ന് മാത്രമേ പറയാനുള്ളൂ, ”ബിസിനസില്‍ കഴിവതും സ്വാതന്ത്ര്യനായി നില്‍ക്കാന്‍ ശ്രമിക്കുക. അങ്ങനെയാകുമ്പോള്‍ എടുക്കുന്ന തീരുമാനങ്ങള്‍ക്ക് തെളിമയുണ്ടാകും. തെറ്റ് പറ്റിയാലും തിരുത്താനായി നാം തന്നെ അവസരങ്ങള്‍ കണ്ടെത്തും. നമ്മുടെ വിജയം നമ്മുടേത് മാത്രമായിരിക്കട്ടെ.എന്നാല്‍ മറ്റ് വിജയമാതൃകകള്‍ പഠിക്കാനും പിന്തുടരാനും വിമുഖത കാണിക്കേണ്ടതില്ല” അദ്ദേഹത്തിന്റെ വാക്കുകളില്‍ ഒരു വിജയിച്ച സംരംഭകന്റെ നിശ്ചദാര്‍ഢ്യം നമുക്ക് കാണാം.

Comments

comments

Categories: FK Special
Tags: Al Adhin