ഇന്ത്യയില്‍ വീവര്‍ക്ക്‌സ് ലാബ്‌സ് ആരംഭിച്ചു

ഇന്ത്യയില്‍ വീവര്‍ക്ക്‌സ് ലാബ്‌സ് ആരംഭിച്ചു

ബെംഗളൂരു: യുഎസ് ആസ്ഥാനമായ കോവര്‍ക്കിംഗ് സ്‌പേസ് സേവനദാതാക്കളായ വീവര്‍ക്ക്‌സ് തങ്ങളുടെ പ്രാരംഭഘട്ട സ്റ്റാര്‍ട്ടപ്പ് സഹായപദ്ധതിയായ വീവര്‍ക്ക്‌സ് ലാബ്‌സ് ഇന്ത്യയില്‍ അവതരിപ്പിച്ചു. ഇന്ത്യയിലെ പ്രാരംഭഘട്ട സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നിക്ഷേപാവസരങ്ങളും ആഗോളതലത്തില്‍ നിന്നും മെന്റര്‍ഷിപ്പും നേടികൊണ്ട് ബിസിനസ് വികസനത്തിന് സഹായിക്കുന്നതാണ് പദ്ധതി. ഗുരുഗ്രാമിലെ വീവര്‍ക്ക്‌സ് കേന്ദ്രത്തില്‍ മൂന്നു നാലു മാസങ്ങള്‍ക്കു മുമ്പ് തന്നെ വീവര്‍ക്ക്‌സ് ലാബ്‌സ് പദ്ധതി പരീക്ഷണാര്‍ത്ഥം ആരംഭിച്ചിരുന്നതായും ഇവിടെ എട്ട് സ്റ്റാര്‍ട്ടപ്പുകള്‍ നിലവില്‍ പദ്ധതിയുടെ ഭാഗമായിട്ടുണ്ടെന്നും വീവര്‍ക്ക്‌സ് ലാബ്‌സ് സീനിയര്‍ വൈസ് പ്രസിഡന്റും ഗ്ലോബല്‍ തലവനുമായ റോയി അഡ്‌ലെര്‍ അറിയിച്ചു.

പ്രോഗ്രാമിനു കീഴില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രതിമാസ അംഗത്വത്തിനനുസരിച്ച് സബ്‌സിഡികള്‍, കമ്മ്യൂണിറ്റി ഇവന്റുകളില്‍ പങ്കെടുക്കാനുള്ള അവസരം, വീവര്‍ക്ക്‌സിന് സാന്നിധ്യമുള്ള വിപണികളിലേക്കുള്ള പ്രവേശം, പുതിയ നിക്ഷേപകരായും ഉപഭോക്താക്കളായും ബന്ധപ്പെടാനുള്ള അവസരം തുടങ്ങിയ ഗുണഫലങ്ങളും ലഭ്യമാകും. പദ്ധതിയിലേക്ക് തെരഞ്ഞെടുക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് എക്കൗണ്ടിംഗ്,മാര്‍ക്കറ്റിംഗ്, നിയമനം, നിക്ഷേപകരുമായുള്ള ബന്ധം എന്നിവയില്‍ പരിശാലനവും നല്‍കുന്നതാണ്. യുഎസ്, ചൈന, കൊറിയ, ബ്രസീല്‍, ഇസ്രയേല്‍ തുടങ്ങിയ രാജ്യങ്ങളിലെ കോവര്‍ക്കിംഗ് സ്‌പേസില്‍ വീവര്‍ക്ക് ലാബ്‌സ് പദ്ധതി നേരത്തെ അവതരിപ്പിച്ചിട്ടുണ്ട്. ആഗോളതലത്തില്‍ 1000 ഓളം സ്റ്റാര്‍ട്ടപ്പുകള്‍ വീവര്‍ക്ക്‌സ് ലാബ്‌സിന്റെ ഭാഗമാണ്.

ഇന്ത്യ ഏറ്റവും വലിയ സ്റ്റാര്‍ട്ടപ്പ് രാജ്യങ്ങളിലൊന്നാണെന്നും രാജ്യത്ത് നടപ്പിലാക്കുന്ന വീവര്‍ക്ക്‌സ് ലാബ്‌സ് പ്രോഗ്രാം സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഇന്‍ക്യുബേഷനും ആക്‌സിലറേഷനും നല്‍കികൊണ്ട് വിവിധ തലങ്ങളിലുള്ള വികസനം ഉറപ്പാക്കുമെന്നും റോയി അഡ്‌ലെര്‍ പറഞ്ഞു. ആഗോളതലത്തിലെ 2.68 ലക്ഷം അംഗങ്ങളുടെ പിന്തുണയോടു കൂടി ഇതിനെ തനതായ ഇക്വിറ്റി അധിഷ്ഠിതമല്ലാത്ത സ്റ്റാര്‍ട്ടപ്പ് പ്രോഗ്രാമാക്കി മാറ്റാന്‍ കഴിയുമെന്ന് വിശ്വാസമുണ്ടെന്നും ഇത് ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളെ അവരുടെ യാത്രയെ പിന്തുണയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വീവര്‍ക്ക്‌സിന് ഇന്ത്യയില്‍ ഗുരുഗ്രാം, മുംബൈ, ബെംഗളൂരു എന്നിവിടങ്ങളിലായി 11 കോവര്‍ക്കിംഗ് സ്‌പേസും 12,000 അംഗങ്ങളുമാണുള്ളത്. ഈവര്‍ഷം അവസാനത്തോടെ രാജ്യത്ത് 20 കോവര്‍ക്കിംഗ് സ്‌പേസുകള്‍ ആരംഭിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ ഇന്ത്യയിലെ പ്രശ്‌നങ്ങള്‍ മാത്രമല്ല ആഗോളതലത്തിലെ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ ശ്രമിക്കുന്നവരാണ്. ഇവര്‍ വലിയ മെട്രോകളും ജയ്പ്പൂര്‍, ഇന്‍ഡോര്‍ തുടങ്ങിയ ചെറിയ നഗരങ്ങളും ആസ്ഥാനമായി പ്രവര്‍ത്തിക്കുന്നവരാണ്. വീവര്‍ക്ക്‌സ് ലാബ്‌സ് ക്രമേണ ഇവര്‍ക്കും ലഭ്യമാക്കികൊണ്ട് ആവാസവ്യവസ്ഥയുമായി ബന്ധിപ്പിക്കാനും ബിസിനസ് വളര്‍ച്ചയ്ക്ക സഹായിക്കാനുമാണ് പദ്ധതി- റോയി അഡ്‌ലെര്‍ കൂട്ടിച്ചേര്‍ത്തു.

സംരംഭകര്‍, വെഞ്ച്വര്‍ കാപ്പിറ്റലിസ്റ്റുകള്‍, കോര്‍പ്പറേറ്റ് ലീഡര്‍മാര്‍ എന്നിവരടങ്ങിയ ഇന്ത്യയിലെ വീവര്‍ക്ക്‌സ് ലാബ്‌സിന്റെ ഉപദേശക സമിതിയായിരിക്കും പ്രോഗ്രാമിന് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നത്. ഹര്‍ഷ് കുമാര്‍ (ലൈറ്റ്‌സ്പീഡ് വെഞ്ച്വേഴ്‌സ്), ജിതു വീര്‍വാനി (എംബസി ഗ്രൂപ്പ്), മോഹിത് തുക്രാല്‍ (വിവ്‌തേര), രഘുനന്ദന്‍ ജി (ടാക്‌സിഫോര്‍ഷുവര്‍), രാഹുല്‍ ഖന്ന (ട്രിഫെക്റ്റ കാപ്പിറ്റല്‍), രോഹിത് ഭട്ട് (ഐരാവത് കാപ്പിറ്റല്‍), സഞ്ജയ് നാഥ് (ബ്ലൂം വെഞ്ച്വേഴ്‌സ്), ശാലിനി പ്രകാശ് (500 സ്റ്റാര്‍ട്ടപ്പ്‌സ്) തുടങ്ങിയവരാണ് ഉപദേശക സമിതി അംഗങ്ങള്‍.

Comments

comments

Categories: Business & Economy
Tags: We work