‘യുഎഇ റിട്ടയര്‍മെന്റ് വിസ ആരോഗ്യരംഗത്തിന് ഗുണകരം’

‘യുഎഇ റിട്ടയര്‍മെന്റ് വിസ ആരോഗ്യരംഗത്തിന് ഗുണകരം’

55 വയസ്സ് കഴിഞ്ഞ പ്രവാസികള്‍ക്ക് റിട്ടയര്‍മെന്റിന് ശേഷവും അഞ്ച് വര്‍ഷത്തെ വിസ അനുവദിക്കാനുള്ള യുഎഇ സര്‍ക്കാരിന്റെ തീരുമാനം ആരോഗ്യരംഗത്തിനും കുതിപ്പേകുമെന്ന് ഡോ. ആസാദ് മൂപ്പന്‍

ദുബായ്: അടുത്തിടെ യുഎഇ സര്‍ക്കാര്‍ കൈക്കൊണ്ട പ്രവാസി വിസ പരിഷ്‌കരണം ആരോഗ്യ മേഖലയ്ക്കും ഗുണം ചെയ്യുമെന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ ഡോ. ആസാദ് മൂപ്പന്‍.

ജോലിയില്‍ നിന്ന് വിരമിച്ച, 55 വയസ്സ് പിന്നിട്ട പ്രവാസികള്‍ക്ക് അഞ്ച് വര്‍ഷത്തെ വിസ അനുവദിക്കാനാണ് സെപ്റ്റംബറില്‍ സര്‍ക്കാര്‍ തീരുമാനമെടുത്തത്. 2019 മുതല്‍ ഈ നിയമം പ്രാബല്യത്തില്‍ വരുമെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. വിരമിച്ചതിനു ശേഷവും അഞ്ചു വര്‍ഷത്തോളം ഈ വിസയിലൂടെ യുഎഇയില്‍ തുടരാന്‍ പ്രവാസികള്‍ക്ക് സാധിക്കുമെന്നതാണ് പ്രത്യേകത.

നിലവില്‍ യുഎഇയിലെ നല്ലൊരു ശതമാനം നിവാസികളും 25നും 55നും ഇടയില്‍ പ്രായമുള്ളവരാണെന്നും ആസാദ് മൂപ്പന്‍ പറഞ്ഞു. 60 വയസ്് കഴിയുമ്പോള്‍ ആരോഗ്യകരമായ ആവശ്യങ്ങള്‍ നിരവധി പേര്‍ക്ക് വരും. അത് ഹെല്‍ത്ത്‌കെയര്‍ മേഖലയ്ക്ക് ഗുണകരമായി മാറുമെന്നാണ് വിലയിരുത്തല്‍.

ജീവിതത്തിന്റെ അവസാന 10 വര്‍ഷത്തിലാണ് ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം കൂടുതല്‍ മെഡിക്കല്‍ ചെലവുകള്‍ വരുന്നത്. അതുകൊണ്ടുതന്നെ പ്രായം ചെന്നവരുടെ ആരോഗ്യകരമായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്ന സംരംഭങ്ങള്‍ക്ക് സാധ്യത കൂടുതലുമാണ്.

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷേഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പ്രഖ്യാപിച്ച വിസ പരിഷ്‌കരണ തീരുമാനം പ്രോപ്പര്‍ട്ടി വിപണിക്കും മികച്ച രീതിയില്‍ ഗുണം ചെയ്യുമെന്ന് നേരത്തെ വിലയിരുത്തല്‍ വന്നിരുന്നു. 50 വയസ്സ് കഴിഞ്ഞുള്ളവരുടെ പ്രോപ്പര്‍ട്ടി ഇടപാടുകളില്‍ 40 ശതമാനത്തോളമാണ് ഇടിവ് സംഭവിച്ചിരിക്കുന്നത്. ഈ അവസ്ഥയില്‍ നിന്ന് മാറി വിപണിക്ക് ഉണര്‍വേകാന്‍ വിസ ഇളവുകള്‍ കാരണമാകുമെന്നാണ് റിയല്‍റ്റി ഗവേഷണ സ്ഥാപനമായ പ്രോപ്പര്‍ട്ടി ഫൈന്‍ഡറിന്റെ പുതയി റിപ്പോര്‍ട്ടില്‍ പറയുന്നത്.

55 വയസിനു ശേഷം വിരമിക്കുന്ന പ്രവാസികള്‍ക്ക് നല്‍കുന്ന വിസ പുതുക്കുന്നതിന് ചില നിബന്ധനകളും ഭരണകൂടം മുന്നോട്ടുവെച്ചിട്ടുണ്ട്. 20 ലക്ഷം ദിര്‍ഹത്തിന്റെ ഭൂ നിക്ഷേപം, 10 ലക്ഷം ദിര്‍ഹത്തില്‍ കുറയാത്ത ബാങ്ക് സേവിംഗ്‌സ്, പ്രതിമാസം 20000 ദിര്‍ഹത്തിന്റെ വരുമാനം…ഇതില്‍ ഏതെങ്കിലും ഉള്ളവര്‍ക്കെ ദീര്‍ഘകാല വിസ ലഭിക്കൂവെന്നാണ് റിപ്പോര്‍ട്ടുകള്‍.

പ്രവാസി തൊഴിലാളികളെ തൊഴില്‍ പെര്‍മിറ്റിന്റെ കാലാവധി കഴിഞ്ഞാല്‍ രാജ്യത്ത് തങ്ങാന്‍ യുഎഇ ഭരണകൂടം അനുവദിക്കാറില്ല. അതുകൊണ്ടുതന്നെ പുതിയ പരിഷ്‌കരണം പരക്കെ സ്വാഗതം ചെയ്യപ്പെടുന്നുണ്ട്.

Comments

comments

Categories: Arabia