സമ്പൂര്‍ണ ഗതാഗത സേവനങ്ങളൊരുക്കാന്‍ യുബര്‍

സമ്പൂര്‍ണ ഗതാഗത സേവനങ്ങളൊരുക്കാന്‍ യുബര്‍

ഇന്ത്യയിലെ ടെക് ശേഷി വര്‍ധിപ്പിക്കുന്നു

ന്യൂഡെല്‍ഹി: യുഎസ് കാബ് സേവനദാതാക്കളായ യുബര്‍ പോയിന്റ് ടു പോയിന്റെ കാര്‍ കമ്പനി എന്ന നിലയില്‍ നിന്ന് സമ്പൂര്‍ണ ഗതാഗതസേവനദാതാക്കള്‍ എന്ന നിലയിലേക്ക് മാറാന്‍ പദ്ധതിയിടുന്നതായി യുബറിന്റെ ഇന്ത്യ, ദക്ഷിണേഷ്യന്‍ ബിസിനസിന്റെ പുതിയ പ്രസിഡന്റ് പ്രദീപ് പരമേശ്വരന്‍. ഇതിന്റെ ഭാഗമായി സൈക്കിള്‍, ജലഗതാഗത സേവനങ്ങള്‍ ആരംഭിക്കാന്‍ യുബര്‍ ആലോചിക്കുന്നുണ്ട്. ഇപ്പോള്‍ ചില നഗരങ്ങളില്‍ മാത്രം പരീക്ഷിക്കുന്ന എക്‌സ്പ്രസ് പൂള്‍ ആശയം ഏതാനും മാസങ്ങള്‍ക്കകം ഔദ്യോഗികമായി ആരംഭിക്കുമെന്ന് പ്രദീപ് പരമേശ്വരന്‍ അറിയിച്ചു. ഡ്രൈവര്‍മാര്‍ക്കായി കുറഞ്ഞ ഇന്റര്‍നെറ്റ് സൗകര്യമുള്ള സ്ഥലങ്ങളിലും ഉപയോഗിക്കാവുന്നതും വിവിധ ഭാഷകള്‍ കൈകാര്യം ചെയ്യാനും കഴിയുന്നതാണ് പുതിയ ആപ്പ് യുബര്‍ പുറത്തിറക്കിയിരുന്നു.

ദക്ഷിണ്യേയിലെ തങ്ങളുടെ കാബ്, ഫുഡ് സേവനങ്ങളുടെ 27.5 ശതമാനം ഓഹരികള്‍ സിംഗപ്പൂര്‍ കാബ് സേവന കമ്പനിയായ ഗ്രാബിന് വിറ്റതിനുശേഷം ഇന്ത്യന്‍ വിപണിക്കു നല്‍കുന്ന ശ്രദ്ധ യുബര്‍ വര്‍ധിപ്പിച്ചതായിട്ടാണ്് വിലയിരുത്തല്‍. ഇന്ത്യ യുബറിന്റെ പ്രധാന വിപണികളിലൊന്നാണെന്ന് അഭിപ്രായപ്പെട്ട പ്രദീപ് പരമേശ്വരന്‍ യുഎസ് കഴിഞ്ഞാല്‍ കമ്പനിക്ക് ടെക്‌നോളജി മേഖലയില്‍ ഏറ്റവും കൂടുതല്‍ സാന്നിധ്യമുള്ള നഗരം ഇന്ത്യയാണെന്നും വ്യക്തമാക്കി. ഒലയില്‍ നിന്നും കടുത്ത മത്സരം നേരിടുന്ന ഇന്ത്യന്‍ വിപണിയില്‍ കൂടുതല്‍ ആധിപത്യം നേടുന്നതിനായി ഹൈദരാബാദിലെയും ബെംഗളൂരുവിലെയും ടെക്‌നോളജി ടീമിനെ ശക്തമാക്കാന്‍ കമ്പനി തയാറെടുക്കുന്നുണ്ട്. യുബറിന്റെ മുന്‍ ഗ്ലോബല്‍ ഹ്യൂമണ്‍ റിസോഴ്‌സ് തലവന്‍ ലിയാനെ ഹോണ്‍സിയാകും (Liane Hornsey) ഇന്ത്യയിലെ രണ്ടു സെന്റുകളിലേക്കും സീനിയര്‍ എന്‍ജിനീയര്‍മാരെയും ഉല്‍പ്പന്ന വിദഗ്ധരെയും നിയമിക്കുന്ന ഇടപാടിന് നേതൃത്വം നല്‍കുയെന്നാണ് അറിയുന്നത്. നേരത്തെ ഇന്ത്യയിലെ ഓപ്പറേഷന്‍സ് ടീമിനെ 15 ല്‍ നിന്ന് 75 ആക്കി യുബര്‍ ഉയര്‍ത്തിയിരുന്നു.

യുബര്‍ അടുത്തിടെ തങ്ങളുടെ ഏരിയല്‍ ടാക്‌സി സേവനമായ യുബര്‍ എലിവേറ്റ് ഇന്ത്യയില്‍ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. 2023 ഓടെ മുംബൈ, ഡെല്‍ഹി, ബെംഗളൂരു നഗരങ്ങളിലാകും സേവനം ആരംഭിക്കുക. ഇലക്ട്രിക് വാഹനങ്ങളെ കൂടുതലായി ഉപയോഗപ്പെടുത്താനും കമ്പനി ആലോചിക്കുന്നുണ്ടെന്നും മള്‍ട്ടി ട്രാന്‍സ്‌പോര്‍ട്ടേഷന്‍ മാതൃക യാഥാര്‍ത്ഥ്യമാക്കുന്നതിനായി സര്‍ക്കാരുമായി സഹകരിക്കുന്നതിന് ചര്‍ച്ചകള്‍ നടന്നു വരികയാണെന്നും പ്രദീപ് പരമേശ്വരന്‍ വ്യക്തമാക്കി.

ഇന്ത്യന്‍ വിപണിയില്‍ സിഇഒ ദര ഖൊസ്രോഷാഹിയുടെ അഭിപ്രായാനുസരണം സംസ്‌കാരം, വൈവിധ്യം പോലുള്ള ഘടകങ്ങള്‍ കണക്കിലെടുത്തുകൊണ്ടുള്ള പ്രാദേശികവല്‍ക്കരണത്തിനാണ് കമ്പനി പ്രാധാന്യം നല്‍കുന്നത്. യുബര്‍ നിലവില്‍ ഇന്ത്യയില്‍ 31 നഗരങ്ങളിലാണ് സേവനം നല്‍കുന്നത്. രാജ്യത്ത് മികച്ച വളര്‍ച്ച പിന്തുടരുന്ന യുബര്‍ അടുത്തിടെ യുബര്‍ ഇന്ത്യയില്‍ ഒരു ബില്യണ്‍ ട്രിപ്പുകളെ നേട്ടം കൈവരിച്ചിരുന്നു. ബംഗ്ലാദേശിലും ശ്രീലങ്കയിലും മൂന്നു നഗരങ്ങളിലും കമ്പനിക്ക് സാന്നിധ്യമുണ്ട്. ഈ വിപണികളിലെയും സാന്നിധ്യം വര്‍ധിപ്പിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

Comments

comments

Categories: FK News
Tags: Uber