ടെലികോം മേഖലയുടെ വരുമാനത്തില്‍ ഇടിവ്; ലൈസന്‍സ്ഫീസും കുറഞ്ഞു

ടെലികോം മേഖലയുടെ വരുമാനത്തില്‍ ഇടിവ്; ലൈസന്‍സ്ഫീസും കുറഞ്ഞു

ഉപയോക്താക്കളില്‍ നിന്നുള്ള വരുമാനത്തില്‍ 2016നു ശേഷമുണ്ടായത് വന്‍ ഇടിവ്

ന്യൂഡെല്‍ഹി: ടെലികോം സേവന ദാതാക്കളില്‍ നിന്നും സര്‍ക്കാരിന് ലഭിക്കുന്ന ലൈസന്‍സ് ഫീസിലും മേഖലയുടെ മൊത്ത വരുമാനത്തിലും നടപ്പു സാമ്പത്തിക വര്‍ഷം ആദ്യ പാദത്തില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 10 ശതമാനം ഇടിവ് രേഖപ്പെടുത്തി. ഏപ്രില്‍-ജൂണ്‍ കാലയളവില്‍ മൊത്തവരുമാനം 58.401 കോടി രൂപയിലേക്ക് ചുരുങ്ങിയപ്പോള്‍ 2,929 കോടി രൂപയാണ് ലൈസന്‍സ് ഫീയായി കമ്പനികള്‍ സര്‍ക്കാരിന് നല്‍കിയതെന്ന് ടെലികോം അതോറിറ്റി ഓഫ് ഇന്ത്യ(ട്രായ്)യുടെ ഇന്ത്യന്‍ ടെലികോം പെര്‍ഫോമന്‍സ് ഇന്‍ഡിക്കേറ്റര്‍റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
കഴിഞ്ഞ പാദത്തില്‍ ടെലികോം സേവന മേഖലയിലെ മൊത്ത വരുമാനവും(ജിആര്‍), ക്രമീകൃത മൊത്ത വരുമാനവും(എജിആര്‍) യഥാക്രമം 58,401 കോടി, 36,552 കോടി രൂപ എന്നിങ്ങനെയായിരുന്നു. എജിആറില്‍ മുന്‍ വര്‍ഷം സമാന കാലയളവിനെ അപേക്ഷിച്ച് 8.11 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. മുന്‍പാദവുമായുള്ള താരതമ്യത്തില്‍ മൊത്തവരുമാനം 6.10 ശതമാനം താഴ്ന്നു. എന്നാല്‍ എജിആറില്‍ മുന്‍പാദത്തെ അപേക്ഷിച്ച് 2.40 ശതമാനം ഉയര്‍ച്ച പ്രകടമായിട്ടുണ്ട്. വാര്‍ഷികാടിസ്ഥാനത്തില്‍ എജിആറില്‍ ഉണ്ടായ കുറവാണ് ലൈസന്‍സ് ഫീസിലും പ്രതിഫലിച്ചത്.
ടെലികോം കമ്പനികള്‍ റീട്ടെയ്ല്‍ വരിക്കാര്‍ക്ക് നല്‍കുന്ന സേവനങ്ങളില്‍ നിന്നും ലഭിക്കുന്ന വരുമാനം(സാങ്കേതികമായി ‘ആക്‌സസ് സര്‍വീസ്’ എന്നു വിളിക്കുന്നു)14.95 ശതമാനം കുറഞ്ഞ് 25,585 കോടി രൂപയായി. ടെലികോം മേഖലയില്‍ മൊത്തം എജിആറിന്റെ 70 ശതമാനവും ആക്‌സസ് സര്‍വീസില്‍ നിന്നാണ് ലഭിക്കുന്നത്.
റിപ്പോര്‍ട്ടിലെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ പാദത്തില്‍ ആക്‌സസ് സര്‍വീസുകളിലെ മൊത്ത വരുമാനം, ലൈസന്‍സ് ഫീസ്, സ്‌പെക്ട്രം ഫീസ്, പാസ് ത്രൂ ചാര്‍ജ് എന്നിവയില്‍ യഥാക്രമം 9.07 ശതമാനം, 2,88 ശതമാനം, 2.21 ശതമാനം, 21.86 ശതമാനം എന്നിങ്ങനെ കുറവുണ്ടായി.
2016ലെ ഏപ്രില്‍-ജൂണ്‍ പാദത്തില്‍ മൊത്തം വരുമാനം 73,344.66 കോടി രൂപയും ക്രമീകൃത മൊത്ത വരുമാനം 53,383.55 കോടി രൂപയുമായിരുന്നു. അതിനുശേഷമാണ് ജിആറും, എജിആറും ഇത്രയും താഴ്ചയിലെത്തിയത്. ആ പാദത്തില്‍ സര്‍ക്കാര്‍ ശേഖരിച്ച ലൈസന്‍സ് ഫീസ് 4,314 കോടി രൂപയാണ്. 2016ല്‍ ഓരോ ഉപയോക്താവില്‍ നിന്നുമുള്ള ശരാശരി വരുമാനം(എആര്‍പിയു) 140.88 രൂപയായിരുന്നു. അതേസമയം, 2018 ഏപ്രില്‍-ജൂണ്‍ പാദത്തില്‍ ഇത് 73.34 രൂപ എന്ന നിലയിലായി. വാര്‍ഷികാടിസ്ഥാനത്തില്‍ 12 ശതമാനം ഇടിവാണ് ഇക്കാര്യത്തില്‍ ഉണ്ടായത്.

Comments

comments

Categories: Tech
Tags: telecom