പാരസ്ഥിതിക ഗവേഷണങ്ങളെയും ഇന്നൊവേഷനുകളെയും പ്രോല്‍സാഹിപ്പിക്കണം : പ്രധാനമന്ത്രി

പാരസ്ഥിതിക ഗവേഷണങ്ങളെയും ഇന്നൊവേഷനുകളെയും പ്രോല്‍സാഹിപ്പിക്കണം : പ്രധാനമന്ത്രി

ന്യൂഡെല്‍ഹി: പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് പൊതുജനങ്ങളില്‍ ബോധവല്‍ക്കരണം നടത്തേണ്ടതിന്റെയും പാരസ്ഥിതിക ഗവേഷണങ്ങളെയും ഇന്നൊവേഷനുകളെയും പ്രോല്‍സാഹിപ്പിക്കേണ്ടതിന്റെയും ആവശ്യകത ഊന്നിപറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. പരിസ്ഥിതിയുമായി ബന്ധപ്പെട്ട വിഷയങ്ങളെക്കുറിച്ച് ആളുകള്‍ കൂടുതല്‍ ചര്‍ച്ചചെയ്യേണ്ടതും ഏഴുതേണ്ടതുമുണ്ട്. അതേ സമയം തന്നെ ഈ മേഖലയിലെ ഗവേഷണങ്ങളെയും ഇന്നൊവേഷനുകളെയും പ്രോല്‍സാഹിപ്പിക്കേണ്ടതും ആവശ്യമാണ്. ആദിമ നദീതടസംസ്‌കാരത്തിന്റെ കാലം മുതല്‍ മനുഷ്യനും പ്രകൃതിയും തമ്മില്‍ പ്രത്യേകത ബന്ധമാണുള്ളത്- അദ്ദേഹം വ്യക്തമാക്കി. ദേശീയ ദിനപത്രങ്ങളില്‍ പ്രസിദ്ധീകരിച്ച കോളത്തിലാണ് പ്രധാനമന്ത്രിയുടെ അഭിപ്രായപ്രകടനം.

മനുഷ്യന്റെ ആവശ്യങ്ങളും അത്യാഹ്രവും തമ്മിലുള്ള സന്തുലനമില്ലായ്മ ആവാസവ്യവസ്ഥയില്‍ അസന്തുലിതാവസ്ഥ സൃഷ്ടിച്ചിരിക്കുകയാണ്. ലോകം മുഴുവനും ഇന്ന് കാലാവസ്ഥാമാറ്റത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുകയാണ്. ഇന്ത്യയില്‍ നിന്നു തന്നെ പല തവണ കാലാവസ്ഥാ നീതിക്കായുള്ള ആവശ്യമുയര്‍ന്നിരുന്നു. കാലാവസ്ഥാ വ്യതിയാനത്തിന്റെ തിക്തഫലങ്ങള്‍ ഏറ്റവുമധികം ബാധിക്കുന്ന സമൂഹത്തിലെ ദരിദ്രരും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുമായ വിഭാഗത്തിന്റെ അവകാശങ്ങളും താല്‍പ്പര്യങ്ങളും പരിരക്ഷിക്കുകയെന്നതാണ് കാലാവസ്ഥാ നീതി. രാജ്യാന്തര തലത്തില്‍ കാലാവസ്ഥാ വ്യതിയാനങ്ങള്‍ക്കെതിരെ കൈകോര്‍ക്കുന്നതില്‍ നമ്മുടെ രാജ്യം എന്നും മുന്‍പന്തിയിലുണ്ടായിരുന്നു. 2015 ല്‍ പാരീസില്‍ നടന്ന കോപ്-21 സമ്മേളനത്തില്‍ ഇന്ത്യ പ്രധാന പങ്കുവഹിച്ചിരുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

ഈ വര്‍ഷം മാര്‍ച്ചില്‍ ന്യൂഡെല്‍ഹിയില്‍ വിവിധ രാജ്യങ്ങളെ ഒത്തൊരുമിച്ചുകൊണ്ട് ഇന്റര്‍നാഷണല്‍ സോളാര്‍ അലയന്‍സിന് രൂപം നല്‍കുകയുണ്ടായി. സൗരോര്‍ജ ലഭ്യതയുള്ള രാജ്യങ്ങളിലെ മലിനീകരണ വിമുക്തവും പുനരുപയോഗപ്രദവുമായ ഈ ഊര്‍ജ ഉറവിടത്തിന്റെ ഉയര്‍ന്ന സാധ്യത പ്രയോജനപ്പെടുത്തുകയാണ് സഖ്യത്തിന്റെ ലക്ഷ്യം. കഴിഞ്ഞ നാലു വര്‍ഷമായി ഊര്‍ജ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് പുതിയ പുനരുപയോഗ ഊര്‍ജ സ്രോതസുകള്‍ കണ്ടെത്താന്‍ ഇന്ത്യ ശ്രമിച്ചുവരികയാണ്. ഉജാല യോജന പോലെ ഈ മേഖലയില്‍ സുലഭവും മിതമായ ചെലവിലുമുള്ള മാതൃകകളാണ് രാജ്യത്തിനാവശ്യം. ഉജാല യോജനയ്ക്കു കീഴില്‍ രാജ്യത്ത് 31 കോടിയോളം എല്‍ഇഡി ബള്‍ബുകള്‍ വിതരണം ചെയ്തിട്ടുണ്ട്. വൈദ്യുതി ചെലവും കാര്‍ബണ്‍ വികിരണവും കുറയ്ക്കുന്നതിനായി എല്‍ഇഡി ബള്‍ബുകളും ചാര്‍ജും കുറച്ചിട്ടുണ്ട്. പാചകവാതക കണക്ഷനുകള്‍ നല്‍കുന്ന ഉജ്വല യോജനയ്ക്കു കീഴില്‍ ശ്വസനസംബന്ധിയായ രോഗങ്ങള്‍ക്ക് കാരണമാകുന്ന ഇന്ത്യയിലെ കെട്ടിടങ്ങള്‍ക്കുള്ളിലെ അനാരോഗ്യപരമായ കുക്കിംഗ് രീതികള്‍ മൂലമുണ്ടാകുന്ന അന്തരീക്ഷ മലിനീകരണം കാര്യമായി കുറയ്ക്കാന്‍ കഴിഞ്ഞതായും പ്രധാനമന്ത്രി അവകാശപ്പെട്ടു. സ്ത്രീകള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും മികച്ചതും വൃത്തിയുള്ളതുമായ ജീവിതം സമ്മാനിക്കുന്ന അഞ്ച് കോടി ഉജ്വല കണക്ഷനുകളാണ് ഇന്നു വരെ നല്‍കിയിട്ടുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി.

പാരസ്ഥിതിക മേഖലയിലെ നൈപുണ്യ വികസനം ലക്ഷ്യമിട്ട് ഗ്രീന്‍ സ്‌കില്‍ ഡെവലപ്‌മെന്റ് പ്രോഗ്രാം പോലുള്ള പല പദ്ധതികളും ഇന്ത്യ ആരംഭിച്ചിട്ടുണ്ട്. 2021 ആകുന്നതോടെ പരിസ്ഥിതി. വനം, വന്യജീവി, കാലാവസ്ഥ വ്യതിയാനം തുടങ്ങിയ മേഖലകളിലായി ഏഴു ദശലക്ഷം യുവജനങ്ങള്‍ക്ക് നൈപുണ്യ വികസനം നല്‍കാനാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പ്രോഗ്രാം പരിസ്ഥിതി മേഖലയില്‍ ധാരാളം വിദഗ്ധ്യ തൊഴിലവസരങ്ങളും സംരംഭകത്വ അവസരങ്ങളും സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് 130 കോടിയോളം ജനങ്ങള്‍ പരിസ്ഥിതി വൃത്തിയുള്ളതും ഹരിതാഭവുമായി നിലനിര്‍ത്തുന്നതിന് സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. സ്വച്ഛ് ഭാരത് അഭിയാനു കീഴില്‍ രാജ്യത്തെ 85 ദശലക്ഷം വീടുകളിലാണ് ആദ്യമായി ശൗചാലയ സൗകര്യം ഇരുക്കിയത്. ഇത് 400 ദശലക്ഷം പൗരന്‍മാര്‍ക്ക് പ്രയോജനകരമായി. പരിസ്ഥിതി മലിനീകരണം കുറക്കുന്നതില്‍ ഇത്തരം പദ്ധതികള്‍ വലിയ പങ്കു വഹിക്കുന്നുണ്ടെന്ന് നരേന്ദ്രമോദി അഭിപ്രായപ്പെട്ടു. നദികള്‍ വൃത്തിയാക്കുന്നതിനുള്ള വേഗതയാര്‍ന്ന ശ്രമത്തിലാണ് ഇപ്പോള്‍ ഇന്ത്യ. രാജ്യത്തിന്റെ പുണ്യനദിയായ ഗംഗ പല ഭാഗത്തും മലിനീകരിക്കപ്പെട്ടിട്ടുണ്ട്. ശരിയായ മാലിന്യസംസ്‌കരണം വഴി ഗംഗയെ ശുദ്ധമാക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച നമാമി ഗംഗ മിഷന്‍ ഇതിനുദാഹരണമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

യുഎന്നിന്റെ ചാമ്പ്യന്‍സ് ഓഫ് എര്‍ത്ത് പുരസ്‌കാരം നേടിയ ഇന്ത്യാക്കാരെ അഭിനന്ദിച്ച പ്രധാനമന്ത്രി പുരസ്‌കാരം ഒരു വ്യക്തിക്കു മാത്രമല്ല ഇന്ത്യയുടെ സംസ്‌കാരത്തിനും മൂല്യത്തിനും ലഭിച്ച അംഗീകാരമാണെന്ന് കൂട്ടിച്ചേര്‍ത്തു. കാലാവസ്ഥാ വ്യതിയാനത്തിനെതിരെയുള്ള ഇന്ത്യയുടെ സജീവമായ പ്രവര്‍ത്തനങ്ങളെ യുഎന്‍ അഭിനന്ദിച്ചത് ചൂണ്ടിക്കാട്ടിയ അദ്ദേഹം ഇത് എല്ലാ ഇന്ത്യക്കാര്‍ക്കും അഭിമാനകരമായ മുഹൂര്‍ത്തമാണെന്ന് അഭിപ്രായപ്പെട്ടു. നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിക്കു പരിസ്ഥിതിയെക്കുറിച്ചും പിന്തുടരേണ്ട ജീവിതശൈലിയെക്കുറിച്ചും വ്യക്തമായ ധാരണയുണ്ടായിരുന്നു. ഗാന്ധിജി അവലംബിച്ച വിശ്വാസപ്രമാണം ഇന്നത്തെ തലമുറയ്ക്കു മുന്‍പിലുണ്ട്. ഇത് പിന്തുടര്‍ന്നാല്‍ ഭാവി തലമുറയെ വൃത്തിയുള്ള ഒരു ലോകത്തിലേയ്ക്ക് നമ്മുക്ക് സ്വാഗതം ചെയ്യാനാകും. പ്രകൃതിവിഭവങ്ങള്‍ സുസ്ഥിരമായ ഉപയോഗിക്കുകയാണെങ്കില്‍ ഭൂമിയില്‍ വിഭവങ്ങള്‍ക്ക് കുറവുവരില്ല- അദ്ദേഹം അഭിപ്രായപ്പെട്ടു.

http://www.newsonair.com/Main-News-Details.aspx?id=353569

https://www.moneycontrol.com/news/india/vital-to-encourage-research-on-subjects-related-to-environment-pm-narendra-modi-3012891.html

Comments

comments

Categories: FK News
Tags: Innovation