ഡാറ്റ ബില്ലിനെതിരെ കേന്ദ്ര സര്‍ക്കാരിന് വ്യവസായ സംഘടനകളുടെ കത്ത് 

ഡാറ്റ ബില്ലിനെതിരെ കേന്ദ്ര സര്‍ക്കാരിന് വ്യവസായ സംഘടനകളുടെ കത്ത് 

ഡാറ്റ ഇന്ത്യയില്‍ സൂക്ഷിക്കുന്നതോടെ ചെലവ് 30-60 ശതമാനം വരെ വര്‍ധിക്കുമെന്നും ഡാറ്റ സുരക്ഷ ഉറപ്പാക്കാനാവില്ലെന്നും കമ്പനികള്‍; നിര്‍ബന്ധിത പ്രാദേശികവല്‍ക്കരണം പാടില്ല

ന്യൂഡെല്‍ഹി: ഇന്ത്യയുടെ കരട്  ഡാറ്റ സംരക്ഷണ ബില്ലില്‍ പ്രതിപാദിച്ചിട്ടുള്ള ഏതാനും വ്യവസ്ഥകളുടെ പ്രത്യാഘാതങ്ങള്‍ക്കു മേല്‍ ആശങ്കയറിച്ച് ലോകത്തിലെ വമ്പന്‍ സാങ്കേതിക കോര്‍പറേഷനുകളെ പ്രതിനിധീകരിക്കുന്ന വ്യാവസായിക സംഘടനകള്‍ കേന്ദ്ര സര്‍ക്കാരിന് കത്തെഴുതി. പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്ന നിര്‍ദിഷ്ട ബില്ലില്‍ ഇന്ത്യന്‍ ഉപഭോക്താക്കളുടെ ഡാറ്റ രാജ്യത്തിനകത്തു തന്നെ സെര്‍വറുകളില്‍ സൂക്ഷിക്കണമെന്ന് നിര്‍ദേശിക്കുന്നുണ്ട്. ഇത് ആഗോള സാങ്കേതിക കമ്പനികള്‍ക്ക് ഇന്ത്യയില്‍ ബിസിനസ് ചെയ്യാനുള്ള ശേഷിയെ ദോഷകരമായി ബാധിക്കുന്ന തരത്തിലുള്ള വ്യവസ്ഥയാണെന്നാണ് കമ്പനികള്‍ വ്യക്തമാക്കുന്നത്. ചെലവ് 30-60 ശതമാനം വരെ വര്‍ധിക്കുമെന്നും ഡാറ്റ സുരക്ഷ ഉറപ്പാക്കാനാവില്ലെന്നും പത്തോളം സംഘടനകള്‍ മുന്നറിയിപ്പ് നല്‍കുന്നു.
നിര്‍ബന്ധിത പ്രാദേശികവല്‍ക്കരണം കരട് ബില്ലില്‍ നിന്ന് ഒഴിവാക്കണമെന്നാണ് ഐടി മന്ത്രി രവിശങ്കര്‍ പ്രസാദിനെ അഭിസംബോധന ചെയ്തുകൊണ്ടെഴുതിയ കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. യുണൈറ്റഡ് സ്റ്റേറ്റ് ചേംബര്‍ ഓഫ് കൊമേഴ്‌സ്, യുണൈറ്റഡ് സ്റ്റേറ്റ്‌സ്-ഇന്ത്യ ബിസിനസ് കൗണ്‍സില്‍ (യുഎസ്‌ഐബിസി), ജപ്പാന്‍ ഇലക്ട്രോണിക്‌സ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍, ഡിജിറ്റല്‍ യൂറോപ്പ് തുടങ്ങിയ സംഘടനകള്‍ കത്തില്‍ ഒപ്പുവച്ചിട്ടുണ്ട്. ആഗോള സാങ്കേതിക ഭീമന്‍മാരായ ആപ്പിള്‍, മൈക്രോസോഫ്റ്റ്, ഗൂഗിള്‍, കാനണ്‍, നോക്കിയ, ഫുജിസു, യുബര്‍ എന്നിവ ഈ സംഘടനകളില്‍ അംഗങ്ങളാണ്.
അതിര്‍ത്തി കടന്നുള്ള ഡാറ്റ കൈമാറ്റങ്ങള്‍ക്കായി നിയമപരമായ നിബന്ധനകളോടെയുള്ള ഒരു ഡാറ്റ പ്രൈവസി നിയമത്തിലൂടെ ശക്തമായ സ്വകാര്യതാ സംരക്ഷണ മാര്‍ഗങ്ങള്‍ ഇന്ത്യ വികസിപ്പിക്കുകയാണെങ്കില്‍ ഡാറ്റ പ്രാദേശികവല്‍ക്കരിക്കേണ്ടതിന്റെ ആവശ്യമില്ലെന്ന് കത്തില്‍ പറയുന്നു. ‘സ്റ്റാന്‍ഡേഡ് കോണ്‍ട്രാക്ച്വല്‍ ക്ലോസ്’ പോലെ ആഗോളതലത്തില്‍ അംഗീകരിക്കപ്പെടുന്ന കൈമാറ്റ സംവിധാനം ആയിരിക്കണം ഇതിനു വേണ്ടി ആവിഷ്‌കരിക്കേണ്ടത്. ഇന്ത്യയില്‍ ആഴത്തില്‍ നിക്ഷേപമിറക്കിയ വിവിധ ആഗോള കമ്പനികള്‍ക്ക് രാജ്യത്തിന്റെ അതിര്‍ത്തിക്കപ്പുറത്തേക്കുള്ള ഡാറ്റയുടെ ഭാവിയിലെ സ്വതന്ത്രമായ ഒഴുക്കില്‍ വലിയ താല്‍പ്പര്യമുണ്ടെന്നും സംഘടനകള്‍ ചൂണ്ടിക്കാട്ടി.
ജസ്റ്റിസ് ശ്രീകൃഷ്ണ കമ്മറ്റി ജൂലൈയില്‍ സമര്‍പ്പിച്ച നിര്‍ദിഷ്ട കരട് ബില്‍ പ്രകാരം, എല്ലാ വ്യക്തിഗത ഡാറ്റയുടെയും ഒരു കോപ്പി ഇന്ത്യയില്‍ സൂക്ഷിക്കണം. സുപ്രധാന വ്യക്തിഗത ഡാറ്റ എന്ന് സര്‍ക്കാര്‍ വ്യാഖ്യാനിച്ചിട്ടുള്ളവ ഇന്ത്യയില്‍ത്തന്നെ സംരക്ഷിക്കേണ്ടതാണ്. ഈ പ്രത്യേക നിര്‍ദേശമാണ് കൂടുതല്‍ വിമര്‍ശനങ്ങള്‍ക്ക് വിധേയമായത്. കരടു ബില്ലിന്‍മേല്‍ പൊതു അഭിപ്രായം തേടിയിരിക്കുകയാണ് നിലവില്‍ കേന്ദ്ര സര്‍ക്കാര്‍. പ്രതികരണങ്ങള്‍ അറിയിക്കാനുള്ള അവസാന തീയതി ഒക്‌റ്റോബര്‍ 10 വരെ നീട്ടിയിട്ടുണ്ട്. പേമെന്റ്‌സ് കമ്പനികള്‍ക്ക് വിഷയത്തില്‍ ആക്ഷേപങ്ങള്‍ അറിയിക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഒക്‌റ്റോബര്‍ 15 വരെയും സമയം അനുവദിച്ചിട്ടുണ്ട്.

Comments

comments

Categories: FK News
Tags: Data bill