ദുബായ് പ്രോപ്പര്‍ട്ടി വിപണിയില്‍ ഉപഭോക്താക്കള്‍ക്കുള്ള വിശ്വാസം നഷ്ടപ്പെടുത്തരുതെന്ന് റെറ സിഇഒ

ദുബായ് പ്രോപ്പര്‍ട്ടി വിപണിയില്‍ ഉപഭോക്താക്കള്‍ക്കുള്ള വിശ്വാസം നഷ്ടപ്പെടുത്തരുതെന്ന് റെറ സിഇഒ

ഒരു അത്യാഡംബര കാര്‍ വാങ്ങുന്നതിനേക്കാള്‍ ചെലവ് കുറവ് കുറവും മൂല്യം കൂടുതലുമാണ് ദുബായില്‍ ഒരു പ്രോപ്പര്‍ട്ടി വാങ്ങുന്നത്: റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി ഏജന്‍സി തലവന്‍ മര്‍വന്‍ അഹമ്മദ് ബിന്‍ ഗലിറ്റ

ദുബായ്: ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന വാഗ്ദാനങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് ഡെവലപ്പര്‍മാരോട് ദുബായ് റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി ഏജന്‍സി(റെറ) തലവന്‍ മര്‍വന്‍ അഹമ്മദ് ബിന്‍ ഗലിറ്റ. ദുബായ് റിയല്‍റ്റി വിപണി ഉണ്ടാക്കിയെടുത്ത വിശ്വാസം നിലനിര്‍ത്തണമെന്നും അതിന് മങ്ങലേല്‍പ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

സിറ്റിസ്‌കേപ്പ് ഗ്ലോബല്‍ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു മര്‍വന്‍ അഹമ്മദ്. ദുബായ് ലാന്‍ഡ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഭാഗമായ റിയല്‍റ്റി റെഗുലേറ്ററാണ് റെറ. പദ്ധതികള്‍ പ്രഖ്യാപിക്കുമ്പോള്‍ നല്‍കുന്ന വാഗ്ദാനങ്ങളില്‍ വിള്ളല്‍ വീണാല്‍ നിക്ഷേപകരുടെ വിശ്വാസമാണ് നഷ്ടമാകുകയെന്നും അദ്ദേഹം സൂചിപ്പിച്ചു.

ദുബായ് പ്രോപ്പര്‍ട്ടി വിപണിയില്‍ ജനങ്ങള്‍ക്ക് വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതാണ് റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്കുള്ള എന്റെ സന്ദേശം: എപ്പോഴും നിങ്ങള്‍ നല്‍കിയ വാഗ്ദാനം പാലിക്കുക. കാരണം വിപണിയില്‍ വിശ്വാസം എന്ന ഘടകം നിലനില്‍ക്കുന്നുണ്ട്. ആ വിശ്വാസം നഷ്ടപ്പെടാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല-ഇന്റര്‍കോണ്ടിനന്റല്‍ ദുബായില്‍ വെച്ച് നടന്ന പരിപാടിക്കിടെ അദ്ദേഹം നയം വ്യക്തമാക്കി.

ഒരു സര്‍ക്കാര്‍ നിയന്ത്രണ സംവിധാനം എന്ന നിലയില്‍ തങ്ങള്‍ ഡെവലപ്പര്‍മാരെ നിരീക്ഷിക്കുന്നുണ്ടെന്നും എപ്പോഴും അവര്‍ പ്രഖ്യാപിക്കുന്ന വാഗ്ദാനങ്ങളോട് പ്രതിബദ്ധത പുലര്‍ത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒരു പ്രോപ്പര്‍ട്ടി വില്‍ക്കുമ്പോള്‍ നിക്ഷേപകര്‍ക്ക് റിയല്‍ എസ്റ്റേറ്റ് ഏജന്റുമാര്‍ അതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ നല്‍കണണെന്നും മര്‍വന്‍ അഹമ്മദ് ബിന്‍ ഗലിറ്റ വ്യക്തമാക്കി.

റിയല്‍ എസ്റ്റേറ്റ് ഏജന്റുമാരേ, നിങ്ങള്‍ നിക്ഷേപകര്‍ക്ക് ബോധവല്‍ക്കരണം നല്‍കുകയാണ് ചെയ്യേണ്ടത്-അദ്ദേഹം പറഞ്ഞു. നിക്ഷേപകര്‍ക്ക് വേണ്ട എല്ലാ വിവരങ്ങളും നല്‍കുക. അവര്‍ ആവശ്യപ്പെടുന്നതിനേക്കാളും കൂടുതല്‍ വിവരങ്ങള്‍ നല്‍കുക. നിങ്ങള്‍ ഒരു കണ്‍സള്‍ട്ടന്റ് കൂടിയാണ്. അല്ലാതെ എങ്ങനെയെങ്കിലും ഇടപാട് പൂര്‍ത്തിയാക്കണം എന്ന് വിചാരിക്കുന്ന വ്യക്തി മാത്രമാകരുത്. എന്നും നിലനില്‍ക്കേണ്ടതാണ് റിയല്‍റ്റി മാര്‍ക്കറ്റ്. ഒന്നോ രണ്ടോ ഡീല്‍ കഴിഞ്ഞാല്‍ അവസാനിക്കുന്നതല്ല അത്. ഒരു ഡീല്‍ നടത്തി അതിന്റെ കമ്മീഷനുമായി പറക്കാമെന്ന് വിചാരിക്കരുത്-റെറ മേധാവി പറഞ്ഞു.

നിക്ഷേപകരെ സംരക്ഷിക്കും

നിക്ഷേപകരെ സംരക്ഷിക്കുകയെന്നതാണ് റെറയുടെ ഉത്തരവാദിത്തമെന്ന് ഗലിറ്റ പറഞ്ഞു. ദുബായിലെ പ്രോപ്പര്‍ട്ടി വിപണിയില്‍ നിക്ഷേപിക്കാമെന്നുള്ള ആത്മവിശ്വാസം നല്‍കുന്നതിനും പോസിറ്റീവ് അന്തരീക്ഷം സൃഷ്ടിച്ചെടുക്കുന്നതിനും നിക്ഷേപകരുടെ വിശ്വാസം നിലനിര്‍ത്തേണ്ടത് അനിവാര്യമാണ്.

ഓഫ്പ്ലാന്‍ വില്‍പ്പനകളില്‍ നിക്ഷേപകരുടെ പണം നഷ്ടപ്പെടാതെ കാക്കുകയെന്നത് സര്‍ക്കാര്‍ എന്ന നിലയില്‍ ഞങ്ങളുടെ ഉത്തരവാദിത്തം കൂടിയാണ്. വിപണിയിലെ സാഹചര്യങ്ങള്‍ക്കനുസരിച്ചാണ് നിയമങ്ങളിലും നിയന്ത്രണങ്ങളിലും ഞങ്ങള്‍ മാറ്റം വരുത്തുന്നത്-അദ്ദേഹം വ്യക്തമാക്കി.

ദുബായ് പ്രോപ്പര്‍ട്ടി വിപണി വളരെ നല്ല അവസ്ഥയിലാണെന്നും അത് ഇനിയും മുന്നേറ്റം തുടരുമെന്നും അദ്ദേഹം ഗലിറ്റ പറഞ്ഞു. യുഎഇയുടെ പുതിയ ബജറ്റ് സാമ്പത്തിക രംഗത്തിന് ഉത്തേജനം നല്‍കുമെന്നും റെറ സിഇഒ വ്യക്തമാക്കി. ദുബായ് പ്രോപ്പര്‍ട്ടി മാര്‍ക്കറ്റിലേക്ക് എത്തുന്ന പുതിയ നിക്ഷേപകരുടെ എണ്ണം കൂടുന്നതും അദ്ദേഹം പരാമര്‍ശിച്ചു.

ലാന്‍ഡ് ഡിപ്പാര്‍ട്ട്‌മെന്റ് നല്‍കുന്ന കണക്കുകള്‍ അനുസരിച്ച് കഴിഞ്ഞ എട്ട് മാസത്തിനിടെ ദുബായ് പ്രോപ്പര്‍ട്ടി വിപണിയില്‍ പുതിയ 9,500 നിക്ഷേപകരെത്തി. ദുബായ് വിപണിയില്‍ അവര്‍ക്കുള്ള വിശ്വാസമാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്ന് റെറ മേധാവി പറഞ്ഞു. പേമെന്റ് പ്ലാനുകള്‍ കണക്കിലെടുത്താല്‍ ഒരു ആഡംബര കാര്‍ വാങ്ങുന്നതിനെക്കാളും മെച്ചമാണ് ദുബായില്‍ ഒരു പ്രോപ്പര്‍ട്ടി വാങ്ങുന്നത്. ആസ്തി മാനദണ്ഡം വെച്ച് നോക്കിയാല്‍ കാറിനെക്കാള്‍ മൂല്യവത്താകുന്നതും പ്രോപ്പര്‍ട്ടി തന്നെ-അദ്ദേഹം പറഞ്ഞു.

ആകര്‍ഷക വിപണി

  • ദുബായ് പ്രോപ്പര്‍ട്ടി വിപണി ആകര്‍ഷകമെന്ന് റെറ തലവന്‍
  • നിക്ഷേപകര്‍ക്ക് വിപണിയിലുള്ള വിശ്വാസത്തില്‍ ഇടിവ് വരരുതെന്നും മര്‍വന്‍ അഹമ്മദ് ബിന്‍ ഗലിറ്റ
  • പുതിയ ബജറ്റ് റിയല്‍റ്റി മേഖലയ്ക്ക് കുതിപ്പേകുന്നതിന് സഹായിക്കും
  • നിക്ഷേപകരുടെ വിശ്വാസം സംരക്ഷിക്കുകയാണ് റെറയുടെ ഉത്തരവാദിത്തം
  • എങ്ങനെയെങ്കിലും ഇടപാട് നടത്തി കമ്മീഷന്‍ വാങ്ങി പോകാമെന്ന് ധരിക്കുന്നവരാകരുത് റിയല്‍റ്റി ഏജന്റുമാരെന്നും റെറയുടെ മേധാവി

Comments

comments

Categories: Arabia