ചരിത്രവിധികള്‍ സമ്മാനിച്ച് പടിയിറക്കം

ചരിത്രവിധികള്‍ സമ്മാനിച്ച് പടിയിറക്കം

ഇന്ത്യയുടെ 45ാമത് ചീഫ് ജസ്റ്റിസ് പദവിയില്‍ നിന്നും ദീപക് മിശ്ര പടിയിറങ്ങയത് സംഭവബഹുലമായ 13 മാസങ്ങള്‍ ഇന്ത്യയ്ക്ക് നല്‍കിയാണ്. മാനുഷിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച്, ലിംഗഭേദമില്ലാതെ കാലോചിതമായ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട വിധിപകര്‍പ്പുകളിലാണ് അദ്ദേഹത്തിന്റെ കൈയൊപ്പ് പതിഞ്ഞത്. മതപരമായ വിശ്വാസങ്ങളുടെ പേരിലും ലിംഗസമത്വത്തിന്റെ പേരിലും മിശ്ര അടുത്തിടെ പുറപ്പെടുവിച്ച വിധികളിലെ വിവാദങ്ങള്‍ ഇനിയും കെട്ടടങ്ങിയിട്ടില്ലെങ്കിലും ഭാവിതലമുറയ്ക്ക് എന്നും ഓര്‍ത്തിരിക്കാന്‍ ഒരുപിടി ചരിത്രവിധികള്‍ അദ്ദേഹത്തിന് നല്‍കാനായി

 

ഇന്ത്യയുടെ പരമോന്നത നീതിപീഠത്തിന്റെ തലപ്പത്തിരുന്ന് സുപ്രധാന വിധികള്‍ സമ്മാനിച്ചാണ് ദീപക് മിശ്ര പടിയിറങ്ങിയത്. രാജ്യം എക്കാലവും സ്മരിക്കുന്ന ഒരു പിടി സംഭവ ബഹുലമായ വിധികള്‍. വിവാദങ്ങള്‍ക്കും സമ്മര്‍ദങ്ങള്‍ക്കുമിടയിലും മാനുഷിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച്, ലിംഗഭേദമില്ലാതെ കാലോചിതമായ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടു നടത്തിയ വിധികളാണ് കഴിഞ്ഞ പതിമൂന്ന് മാസങ്ങള്‍ക്കിടയില്‍ നമുക്ക് കാണാനായത്. ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയിലെ നീണ്ട യുഗം അവസാനിപ്പിച്ച് അദ്ദേഹം വിരമിച്ചപ്പോഴും, മതപരമായ വിശ്വാസങ്ങളുടെ പേരിലും ലിംഗസമത്വത്തിന്റെ പേരിലും മിശ്ര അടുത്തിടെ പുറപ്പെടുവിച്ച വിധികളില്‍ വിവാദങ്ങള്‍ ആളിക്കത്തിക്കൊണ്ടിരിക്കുകയാണ്.

കഴിഞ്ഞ ഒക്‌റ്റോബര്‍ രണ്ടിന് ഇന്ത്യയുടെ 45ാമത് ചീഫ് ജസ്റ്റിസ് പദവിയില്‍ നിന്നാണ് ദിപക് മിശ്ര പടിയിറങ്ങിയത്. പ്രതിഷേധ പ്രകടനങ്ങള്‍ക്കും സമരങ്ങള്‍ക്കും ഇടയില്‍ പൊതുമുതല്‍ നശിപ്പിക്കുന്നത് തടയുന്നതിനായി മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചുകൊണ്ട് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിന്റെ അവസാന ദിനത്തിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി. മാനുഷിക മൂല്യങ്ങള്‍ക്കും ദേശീയതയ്ക്കും മുന്‍നിര സ്ഥാനം നല്‍കിയ അദ്ദേഹത്തെ എന്നും വിവാദങ്ങളും പിന്തുടര്‍ന്നിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം.

24ാം വയസില്‍ വക്കീല്‍ കുപ്പായം

1953 ഒക്‌റ്റോബര്‍ 3ന് ഒഡീഷയിലെ കട്ടക്കില്‍ ജനിച്ച ദീപക് മിശ്ര, മധുസൂധന്‍ ലോ കോളെജില്‍ നിന്നും ബിരുദം നേടിയ ശേഷം 1977 ഫെബ്രുവരി 14ന് ബാര്‍ കൗണ്‍സിലില്‍ എന്റോള്‍ ചെയ്തു. തുടര്‍ന്ന് ഒഡീഷ ഹൈക്കോടതിയിലും സര്‍വീസ് ട്രിബ്യൂണലുകളിലും പരിശീലനം നേടി. ഒഡീഷ ഹൈക്കോടതിയില്‍ പ്രാക്റ്റീസ് ചെയ്തുകൊണ്ടിരിക്കെ 1996ല്‍ അവിടെത്തന്നെ അഡീഷണല്‍ ജഡ്ജിയായി സ്ഥാനമേറ്റു. പിന്നീട് 1997ല്‍ മധ്യപ്രദേശ് ഹൈക്കോടതിയില്‍ സ്ഥിരം ജഡ്ജിയായി നിയമിതനായി. 2009ല്‍ പാറ്റ്‌ന ഹൈക്കോടതിയിലും 2010 ല്‍ ഡെല്‍ഹി ഹൈക്കോടതിയിലും ചീഫ് ജസ്റ്റിസായി. 2011 ഒക്‌റ്റോബര്‍ 10ന് സുപ്രീംകോടതി ജഡ്ജിയായ അദ്ദേഹം ഏഴു വര്‍ഷത്തോളം ഈ പദവിയില്‍ തുടര്‍ന്ന ശേഷമാണ് 2017 ഓഗസ്റ്റ് 28ന് ഇന്ത്യയുടെ ചീഫ് ജസ്റ്റിസായി സ്ഥാനമേല്‍ക്കുന്നത്. ചീഫ് ജസ്റ്റിസ് ആയിരുന്ന ജെ എസ് കേഹര്‍ വിരമിച്ച ഒഴിവില്‍ ദീപക് മിശ്ര ആ പദവി ഏറ്റെടുത്തു.

ചരിത്ര വിധികളിലൂടെ വിവാദങ്ങളുടെ തോഴന്‍

പുരോഗമനപരമായ ഒരു കൂട്ടം വിധി പ്രസ്താവനകളാണ് ദീപക് മിശ്രയെ കൂടുതല്‍ ശ്രദ്ധേയനാക്കിയത്. എക്കാലവും സാധാരണ ജനത പോലും ഓര്‍ത്തു വെക്കുന്ന ചരിത്ര വിധികള്‍. വ്യക്തി സ്വാതന്ത്ര്യത്തിനും ലിംഗസമത്വത്തിനും പ്രത്യേക ഊന്നല്‍ നല്‍കിയ അദ്ദേഹം കാലോചിത മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടുള്ള തീരുമാനങ്ങളാണ് തന്റെ വിധികളിലോരോന്നിലും പ്രകടിപ്പിച്ചതെന്ന് ഏതൊരാള്‍ക്കും മനസിലാക്കാവുന്നതേയുള്ളൂ. കപട സദാചാരങ്ങളുടേയും അന്ധമായ മതവിശ്വാസങ്ങളുടേയും കെട്ടുപാടുകളില്‍ നിന്നും ഇന്ത്യയുടെ ഭാവി തലമുറയെ മോചിപ്പിക്കുന്ന തരത്തിലുള്ളവയായിരുന്നു അവ ഓരോന്നും എന്നതാണ് എടുത്തു പറയേണ്ട സവിശേഷത. വരും തലമുറയെ ഏറെ സ്വാധീനിക്കുന്നതും ചരിത്രത്തിന്റെ ഭാഗമായി ഓര്‍ക്കപ്പെടുന്നതുമായ ഏതാനും വിധികള്‍ ദീപക് മിശ്രയ്ക്ക് തന്റെ വിധിന്യായ പുസ്തകത്തില്‍ എഴുതി ചേര്‍ക്കാനായി. അവയില്‍ പ്രസക്തമായതും എന്നാല്‍ ഏറെ വിവാദം സൃഷ്ടിച്ചതുമായ ചില വിധികള്‍ ഇവിടെ പരിചയപ്പെടാം.

ശബരിമലയില്‍ എല്ലാ പ്രായത്തിലുള്ള സ്ത്രീകള്‍ക്കും പ്രവേശനം

ലിംഗ വേര്‍തിരിവിനുള്ള തിരിച്ചടി എന്നോണമാണ് ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശനം സാധ്യമാക്കി കൊണ്ടുള്ള ദീപക് മിശ്രയുടെ വിധി. കാടും മലയും കടന്ന് വര്‍ഷം തോറും 45-50 ദശലക്ഷം ഭക്തര്‍ വന്നുപോകുന്ന ഈ ക്ഷേത്രത്തില്‍ 10 നും 50 നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിക്കപ്പെട്ടിരുന്നു. സ്ത്രീ സമൂഹത്തിനുള്ള വിലക്കല്ല, മറിച്ച് അവരുടെ ജൈവശാസ്ത്രപരമായ അവസ്ഥയോടു മാത്രമാണ് ഇവിടെ വിലക്ക്. ആര്‍ത്തവത്തെ അശുദ്ധിയായി കണ്ടുള്ള ഈ സ്ത്രീ വിവേചനത്തിന് എതിരെയാണ് ദീപക് മിശ്രയുടെ വിധി. കഴിഞ്ഞ മാസം 28 ന് ദീപക് മിശ്ര അധ്യക്ഷനായി, ജസ്റ്റിസ് ആര്‍ എഫ് നരിമാന്‍, എ എം ഖാന്‍വില്‍ക്കര്‍, ഡി വൈ ചന്ദ്രചുദ്, ഇന്ദു മല്‍ഹോത്ര എന്നിവര്‍ ഉള്‍പ്പെട്ട അഞ്ചംഗ ബെഞ്ചാണ് കേരള ഹൈക്കോടതിയുടെ 27 വര്‍ഷം നീണ്ട വിധി റദ്ദാക്കിക്കൊണ്ട് എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശനം സാധ്യമാക്കിയത്. ഇതിനെതിരെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളും പരമ്പരാഗത മതവിശ്വാസികളും തെരുവിലിറങ്ങി വിവാദത്തിന് തിരി കൊളുത്തിയിരിക്കുകയാണിപ്പോള്‍.

ഒരു വശത്ത് സ്ത്രീകളെ ദേവതയായി ആരാധിക്കുമ്പോള്‍ മറുവശത്ത് അവര്‍ക്ക് എല്ലാ ക്ഷേത്രങ്ങളിലും പ്രവേശിക്കാനുള്ള സ്വാതന്ത്ര്യം നിഷേധിക്കുന്നത് ഇരട്ടത്താപ്പാണെന്ന്് കോടതി ഔദ്യോഗിക പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇത്തരം സമീപനം സ്ത്രീകളെ താഴ്ത്തിക്കെട്ടാനും അപമാനിക്കാനുമുള്ള ശ്രമമാണെന്നും കോടതി നിരീക്ഷിക്കുകയുണ്ടായി.

വിവാഹേതര ബന്ധം കുറ്റകരമല്ല

ഇന്ത്യന്‍ നീതിന്യായ നിയമത്തിലെ 158 വര്‍ഷം പഴക്കമുള്ള ഐപിസി 497ാം വകുപ്പ് റദ്ദാക്കിക്കൊണ്ട് ഭര്‍ത്താവ് ഭാര്യയുടെ ഉടമയല്ലെന്നും വിവാഹേതര ബന്ധം കുറ്റകരമല്ലെന്നും ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് വിധിച്ചിരുന്നു. ഭരണഘടന സ്ത്രീക്കും പുരുഷനും തുല്യത ഉറപ്പു നല്‍കുന്നുണ്ടെന്നും 497ാം വകുപ്പ് വിവേചനപരമാണെന്നും മിശ്ര ഉള്‍പ്പെട്ട ബെഞ്ച് ചൂണ്ടിക്കാട്ടി. വിവാഹേതര ബന്ധത്തില്‍ ഏര്‍പ്പെടുന്ന സ്ത്രീയേയും കുറ്റക്കാരിയാക്കണമെന്ന ഹര്‍ജിയിലായിരുന്നു സുപ്രീംകോടതിയുടെ ചരിത്ര പരമായ ഈ വിധി.

സുപ്രീംകോടതി നടപടികള്‍ക്ക് തല്‍സമയ സംപ്രേഷണാനുമതി

‘സൂര്യപ്രകാശം മികച്ച അണുനാശിനി’ എന്നു വ്യക്തമാക്കിക്കൊണ്ടാണ് കഴിഞ്ഞ മാസം 26 ന് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് കോടതി നടപടികള്‍ക്ക് തല്‍സമയ സംപ്രേഷണാനുമതി നല്‍കിക്കൊണ്ട് ഉത്തരവിറക്കിയത്. നിയന്ത്രണവിധേയമായി സംപ്രേഷണം അനുവദിക്കാനാവശ്യമായ നിയമനിര്‍മാണത്തിന് കേന്ദ്രസര്‍ക്കാരിന് നിര്‍ദേശവും നല്‍കിക്കഴിഞ്ഞു. കോടതിക്കുള്ളില്‍ എന്തു നടക്കുന്ന എന്നറിയാന്‍ പൗരന്‍മാര്‍ക്ക് അവകാശമുണ്ടെന്നായിരുന്നു ഈ വിഷയം സംബന്ധിച്ച് കോടതിയുടെ നിരീക്ഷണം. പീഡനം, ദാമ്പത്യ പ്രശ്‌നങ്ങള്‍ തുടങ്ങിയ കേസുകള്‍ സംപ്രേഷണം ചെയ്യുമ്പോള്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്നും മിശ്ര തന്റെ വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

സ്വവര്‍ഗ ലൈംഗികത ക്രിമിനല്‍ കുറ്റമല്ല

സ്വവര്‍ഗ ലൈംഗികത ക്രിമിനല്‍ കുറ്റമാക്കുന്ന ഐപിസി 377ാം വകുപ്പ് റദ്ദാക്കിക്കൊണ്ടാണ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് ഈ വിധി പുറപ്പെടുവിച്ചത്. ലൈംഗികത മൗലിക അവകാശമാണെന്നും ഏതൊരു വ്യക്തിക്കും പരസ്പര സമ്മതത്തോടെ മറ്റൊരാളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാനുള്ള അവകാശമുണ്ടെന്നും ചൂണ്ടിക്കാട്ടിയ കോടതി 377ാം വകുപ്പ് യുക്തിഹീനവും നീതിക്ക് നിരക്കാത്തതും ഏകപക്ഷീയവുമാണെന്ന് അഭിപ്രായപ്പെട്ടു. എല്‍ജിബിടി സമൂഹം മറ്റുള്ളവര്‍ക്കുള്ള എല്ലാ അവകാശങ്ങളും അനുഭവിക്കാന്‍ യോഗ്യതയുള്ളവരാണെന്നും ദീപക് മിശ്രയുടെ വിധി പ്രസ്താവത്തിലുണ്ട്. കാലത്തിനു യോജിച്ച മാറ്റം 377ാം വകുപ്പില്‍ ഉണ്ടാകേണ്ടതിന്റെ ആവശ്യകതയും വിധി പ്രസ്താവിച്ച ബെഞ്ച് വിശദമാക്കിയിരുന്നു. സ്വവര്‍ഗ ലൈംഗികത ജീവിക്കാനുള്ള അവകാശമെന്നാണ് കോടതി നിരീക്ഷിച്ചത്. രക്ഷിതാക്കളുടേയും സമൂഹത്തിന്റെയും അവഗണനയും സമ്മര്‍ദവുമാണ് എല്‍ജിബിടി സമൂഹം നേരിടുന്ന പ്രധാന വെല്ലുവിളിയെന്നു പറഞ്ഞ കോടതി, ലിംഗവ്യത്യാസമില്ലാതെ ജീവിത പങ്കാളിയെ തെരഞ്ഞെടുക്കാന്‍ ഏതൊരാള്‍ക്കും അവകാശമുണ്ടെന്നും പരാമര്‍ശനം നടത്തി.

ആധാറിന് നിയമസാധുത

ഏകീകൃത തിരിച്ചറിയല്‍ നമ്പറായ ആധാര്‍ ഭരണഘടനാ വിരുദ്ധമല്ലെന്നും ആദായ നികുതി അടയ്ക്കുന്നതിനും പാന്‍ കാര്‍ഡ് അനുവദിക്കുന്നതിനും ആധാര്‍ ആവശ്യമാണെന്നും ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് വിധി പുറപ്പെടുവിച്ചിരുന്നു. 1448 പേജുകള്‍ വരുന്ന വിധി പ്രസ്താവത്തില്‍ ആധാറിലെ വിവരങ്ങള്‍ സുരക്ഷിതമാക്കാന്‍ മതിയായ നടപടിക്രമങ്ങള്‍ നടപ്പാക്കണമെന്ന് സര്‍ക്കാരിനോട് നിര്‍ദേശിക്കുകയും ചെയ്തു.

സ്വകാര്യ കമ്പനികള്‍ക്ക് ആധാര്‍ വിവരങ്ങള്‍ കൈമാറേണ്ടതില്ലെന്ന് എടുത്തു പറഞ്ഞ കോടതി സ്വകാര്യ ബാങ്ക് എക്കൗണ്ട്, ഇ-വാലറ്റ്, സ്‌കൂള്‍ അഡ്മിഷന്‍ എന്നിവയ്ക്ക് ആധാര്‍ വിവരങ്ങള്‍ നല്‍കേണ്ടതില്ലെന്നും വ്യക്തമാക്കിയിരുന്നു. മാതാപിതാക്കളുടെ സമ്മതത്തോടുകൂടി മാത്രം കുട്ടികളെ ആധാറില്‍ ഉള്‍പ്പെടുത്തിയാല്‍ മതിയെന്നു നിര്‍ദേശിച്ച കോടതി രാജ്യത്തെ നിയമ വിരുദ്ധ കുടിയേറ്റക്കാര്‍ക്ക് ആധാര്‍ നല്‍കുന്നത് തടയണമെന്നും ആവശ്യപ്പെട്ടിരുന്നു.

കാവേരി നദീജലതര്‍ക്കം

കാവേരി ‘ ദേശീയ സ്വത്ത് ‘ എന്ന പ്രസ്താവിച്ചുകൊണ്ടാണ് 120 വര്‍ഷമായി കര്‍ണാടകവും തമിഴ്‌നാടും തമ്മില്‍ നിലനിന്ന കാവേരി നദീജല തര്‍ക്കത്തിന് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ പ്രത്യേക ബെഞ്ച്് പരിഹാരം കണ്ടത്. കര്‍ണാടകത്തില്‍ നിന്നും തമിഴ്‌നാടിനും വിട്ടുകൊടുക്കേണ്ടേ ജലത്തിന്റെ അളവ് 192 ടിഎംസിയില്‍ നിന്നും 177.25 ടിഎംസി ആയി വെട്ടിക്കുറയ്ക്കുകയും ചെയ്തു. കാവേരി നദീജല തര്‍ക്ക പരിഹാര ട്രിബ്യൂണലിന്റെ കണ്ടെത്തലുകള്‍ ശരിവെച്ച ദീപക് മിശ്ര കാവേരിയെ തെക്കേ ഇന്ത്യയുടെ ഗംഗ എന്നാണ് വിശേഷിപ്പിച്ചത്. കാവേരി നദി ഒരു സംസ്ഥാനത്തിന്റെ മാത്രം സ്വത്തല്ലെന്നും മറിച്ച് പ്രകൃതിദത്തമായ ജലവിഭവ ഉറവിടമാണെന്നും അദ്ദേഹം പരാമര്‍ശിക്കുകയുണ്ടായി.

നിര്‍ഭയ കേസില്‍ പ്രതികള്‍ക്ക് വധശിക്ഷ

2012 ല്‍ രാജ്യത്തെയാകെ ഞെട്ടിച്ച ഡെല്‍ഹി കൂട്ടബലാത്സംഗ കേസിലെ വിധിപ്രസ്താവനയാണ് ദീപക് മിശ്രയുടെ പേരില്‍ കുറിക്കപ്പെട്ട മറ്റൊരു ചരിത്രവിധി. ഓടുന്ന ബസില്‍ ക്രൂരമായ പീഡനത്തിന് ഇരയായി പിന്നീട് ആശുപത്രിയില്‍ ജീവിതത്തോട് മല്ലിട്ട് ഒടുവില്‍ മരണത്തിന് കീഴടങ്ങിയ നിര്‍ഭയ എന്ന പെണ്‍കുട്ടിയോട് ഇന്ത്യന്‍ നിയമം കാണിച്ച പിന്തുണയായിരുന്നു ആ വിധിപ്രസ്താവന. നിര്‍ഭയ കേസില്‍ ഉള്‍പ്പെട്ട നാലു പ്രതികള്‍ക്കും വധശിക്ഷ ശരിവെച്ചുകൊണ്ട് 2017 മേയ് 5ന് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് പുറത്തിറക്കിയ വിധി രാജ്യമൊന്നാകെ രണ്ടു കൈയും നീട്ടിയാണ് സ്വീകരിച്ചത്. സ്ത്രീയുടെ ശരീരം അവളുടെ ദേവാലയമാണെന്ന ദീപക് മിശ്രയുടെ ചിന്ത വിധിന്യായത്തില്‍ പ്രതിധ്വനിക്കുകയും ചെയ്തിരുന്നു.

അര്‍ധരാത്രിയിലെ സിറ്റിംഗിലൂടെ യാക്കൂബ് മേമന് വധശിക്ഷ ഉറപ്പാക്കി

1992 ലെ സ്‌ഫോടന കേസ് പ്രതിയായ യാക്കൂബ് മേമന്റെ വധശിക്ഷയ്‌ക്കെതിരായ ഹര്‍ജി പരിഗണിച്ചത് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചായിരുന്നു. ശിക്ഷാവിധി നടപ്പിലാക്കേണ്ടതിന്റെ തലേദിവസം അര്‍ധ രാത്രിയില്‍ സിറ്റിംഗ് നടത്തി ഹര്‍ജി പരിഗണിക്കുകയും അതു തള്ളുകയും ചെയ്തു. അതോടെ യാക്കൂബ് മേമന്റെ വധശിക്ഷ ഉറപ്പാക്കിയ വിധിക്കു കാരണമായ ദിപക് മിശ്രയ്ക്കു വധഭീഷണി നേരിടേണ്ടിയും വന്നിരുന്നു. സുപ്രീംകോടതിയുടെ ചരിത്രത്തില്‍ ആദ്യമായിട്ടായിരുന്നു ഇത്തരത്തിലൊരു സിറ്റിംഗ്. പകല്‍സമയം 3.24നായിരുന്നു ഹര്‍ജിയിലെ വാദം കേള്‍ക്കല്‍ നടന്നത്. ദീപക് മിശ്ര, പി സി പന്ത്, അമിതവ റോയ് എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചായിരുന്നു വാദം കേട്ടത്.

മറ്റു സുപ്രധാന വിധികള്‍

* മാനഭംഗ കേസുകളില്‍ ഒത്തുതീര്‍പ്പാക്കുന്നതിന് ഇരയാകുന്ന പെണ്‍കുട്ടിയെ പ്രതിക്ക് വിവാഹം ചെയ്യാനാകില്ല

* ദയാവധത്തിന് അനുമതി

* സിനിമ ഒരു കലയാണെന്നും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുന്നതിനാല്‍ പദ്മാവത് എന്ന സിനിമയക്ക് നിരോധനം ഏര്‍പ്പെടുത്താന്‍ കഴിയില്ലെന്നും ചൂണ്ടിക്കാട്ടി

* ഹാദിയ കേസില്‍ ഹാദിയയെ പങ്കാളിക്കൊപ്പം വിട്ടുകൊണ്ട് ഉത്തരവിറക്കി

* സിനിമാ തിയറ്ററുകളില്‍ ദേശീയ ഗാനം നിര്‍ബന്ധമാക്കി.

* അയോധ്യാ കേസിലെ നിയമപ്രശ്‌നം ഏഴംഗ ഭരണഘടനാ ബെഞ്ചിന് വിടണമെന്ന ആവശ്യം തള്ളി

Comments

comments

Categories: Top Stories
Tags: Deepak misra