ബിഎംഡബ്ല്യു എക്‌സ്1 പെട്രോള്‍ വേര്‍ഷന്‍ പുറത്തിറക്കി

ബിഎംഡബ്ല്യു എക്‌സ്1 പെട്രോള്‍ വേര്‍ഷന്‍ പുറത്തിറക്കി

വില 37.50 ലക്ഷം രൂപ

ന്യൂഡെല്‍ഹി : ബിഎംഡബ്ല്യു എക്‌സ്1 എസ്‌യുവിയുടെ പെട്രോള്‍ എന്‍ജിന്‍ വേര്‍ഷന്‍ ഇന്ത്യയില്‍ പുറത്തിറക്കി. ഭാരത് സ്റ്റേജ്-6 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ പാലിക്കുന്നതാണ് എന്‍ജിന്‍. 2020 ഏപ്രില്‍ എന്ന അന്ത്യശാസനത്തിന് വളരെ മുമ്പുതന്നെ ബിഎസ്-6 എന്‍ജിന്‍ നല്‍കി ബിഎംഡബ്ല്യു മാതൃകയായി. ബിഎംഡബ്ല്യു എക്‌സ്1 എസ്‌യുവിയുടെ എക്‌സ്‌ലൈന്‍ ഡിസൈന്‍ വേരിയന്റില്‍ മാത്രമേ പെട്രോള്‍ എന്‍ജിന്‍ (എസ്‌ഡ്രൈവ്20ഐ) ലഭിക്കൂ. അതുകൊണ്ടുതന്നെ കൂടുതല്‍ പ്രായോഗികതയും ആധുനിക സ്‌റ്റൈലിംഗും ഉണ്ടായിരിക്കും. എക്‌സ്1 എസ്‌യുവിയുടെ മറ്റ് വേരിയന്റുകളെപ്പോലെ എക്‌സ്1 പെട്രോള്‍ എന്‍ജിന്‍ വേരിയന്റ് പ്രാദേശികമായി അസംബിള്‍ ചെയ്യുന്നത് ബിഎംഡബ്ല്യു ഗ്രൂപ്പിന്റെ ചെന്നൈ പ്ലാന്റിലാണ്. പ്രീമിയം എസ്‌യുവിയുടെ ബുക്കിംഗ് ഇതോടൊപ്പം ആരംഭിച്ചു.

2.0 ലിറ്റര്‍, 4 സിലിണ്ടര്‍ പെട്രോള്‍ മോട്ടോറാണ് ബിഎംഡബ്ല്യു എക്‌സ്1 എസ്‌ഡ്രൈവ്20ഐ എസ്‌യുവിയില്‍ നല്‍കിയിരിക്കുന്നത്. 189 ബിഎച്ച്പി കരുത്തും 1,350-4,600 ആര്‍പിഎമ്മില്‍ 280 എന്‍എം പരമാവധി ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുംവിധം എന്‍ജിന്‍ ട്യൂണ്‍ ചെയ്തിരിക്കുന്നു. 7 സ്പീഡ് സ്റ്റെപ്‌ട്രോണിക് സ്‌പോര്‍ട് ഓട്ടോമാറ്റിക് ഡുവല്‍ ക്ലച്ച് ട്രാന്‍സ്മിഷന്‍ എന്‍ജിനുമായി ചേര്‍ത്തുവെച്ചു. 0-100 കിലോമീറ്റര്‍/മണിക്കൂര്‍ വേഗം കൈവരിക്കാന്‍ 7.6 സെക്കന്‍ഡ് മതി. 224 കിലോമീറ്റര്‍/മണിക്കൂറാണ് ടോപ് സ്പീഡ്. എക്‌സ്1 പെട്രോള്‍ വേര്‍ഷനില്‍ ഓള്‍ വീല്‍ ഡ്രൈവ് ലഭിക്കില്ല.

ബാഡ്ജ് ഒഴികെ സ്റ്റാന്‍ഡേഡ് മോഡലുമായി മറ്റ് മാറ്റങ്ങളില്ല. ബോള്‍ഡ് കിഡ്‌നി ഗ്രില്‍ മാറ്റ് അലുമിനിയം ഫ്രെയിമില്‍ നിര്‍മ്മിച്ചിരിക്കുന്നു. ക്രോമിയത്തിന്റെ സാന്നിധ്യം ധാരാളം കാണാം. 18 ഇഞ്ച് ‘വൈ’ സ്‌പോക്ക് അലോയ് വീലുകളിലാണ് എസ്‌യുവി വരുന്നത്. പനോരമിക് സണ്‍റൂഫ്, ഓറഞ്ച്-വെളുപ്പ് ആംബിയന്റ് ലൈറ്റിംഗ് ഫീച്ചറുകളും ലഭിച്ചു.

സെര്‍വോട്രോണിക് സ്പീഡ്-സെന്‍സിറ്റീവ് സ്റ്റിയറിംഗ് അസിസ്റ്റന്‍സ് സഹിതം ലെതര്‍ സ്റ്റിയറിംഗ് വീലാണ് മറ്റൊരു പ്രധാന ഫീച്ചര്‍. 16.5 സെമീ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, പാര്‍ക്ക് ഡിസ്റ്റന്‍സ് കണ്‍ട്രോള്‍, ബിഎംഡബ്ല്യു ആപ്പുകള്‍, ബ്ലൂടൂത്ത് & യുഎസ്ബി കണക്റ്റിവിറ്റി തുടങ്ങിയവയാണ് മറ്റ് ഫീച്ചറുകള്‍. ആറ് എയര്‍ബാഗുകള്‍, എബിഎസ്, ബ്രേക്ക് അസിസ്റ്റ്, ഡൈനാമിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍, ഡൈനാമിക് ട്രാക്ഷന്‍ കണ്‍ട്രോള്‍, കോര്‍ണറിംഗ് ബ്രേക്ക് കണ്‍ട്രോള്‍, ഹില്‍ ഡെസന്റ് കണ്‍ട്രോള്‍, സൈഡ് ഇംപാക്റ്റ് പ്രൊട്ടക്ഷന്‍ തുടങ്ങി സുരക്ഷാ ഫീച്ചറുകളുടെ എണ്ണം നീളുകയാണ്. ഓട്ടോ സ്റ്റാര്‍ട്ട്-സ്‌റ്റോപ്പ്, ഇക്കോ പ്രോ മോഡ്, ബ്രേക്ക് എനര്‍ജി റീജനറേഷന്‍ എന്നിവ ഇന്ധനക്ഷമത വര്‍ധിപ്പിക്കും. മെഴ്‌സിഡീസ് ബെന്‍സ് ജിഎല്‍എ, ഔഡി ക്യു3, വോള്‍വോ എസ്‌സി40 എന്നിവയാണ് എതിരാളികള്‍.

Comments

comments

Categories: Auto
Tags: BMW X1