7 ഗ്രാമങ്ങള്‍ അവശ്യ വസ്തുക്കള്‍ക്ക് ആശ്രയിക്കുന്നത് ചൈനയെ

7 ഗ്രാമങ്ങള്‍ അവശ്യ വസ്തുക്കള്‍ക്ക് ആശ്രയിക്കുന്നത് ചൈനയെ

പിത്തോറാഗഡ്: ഉത്തരാഖണ്ഡിലെ ദാര്‍ച്ചുലയിലെ ബ്യാസ് താഴ്വരയിലുള്ള 400 കുടുംബങ്ങള്‍ അവശ്യ വസ്തുക്കള്‍ക്കായി ആശ്രയിക്കുന്നത് ചൈനയെ.

അരിയും ഗോതമ്പും ഉപ്പും എണ്ണയും അടക്കമുള്ള വസ്തുക്കള്‍ ഈ ഗ്രാമത്തിലേക്കെത്തുന്നത് നേപ്പാള്‍ വഴി ചൈനയില്‍ നിന്നാണ്. ഒരു കിലോ ഉപ്പ് ലഭിക്കണമെങ്കില്‍ പോലും 70 രൂപയോളം കൊടുക്കേണ്ടതുണ്ട്.

ബുന്ദി, ഗുന്‍ജി, കുടി, നപാല്‍ച്ചു, നഭി, റോംകോഗ്, ഗാര്‍ബ്യാംഗ് എന്നിങ്ങനെ ഏഴ് ഗ്രാമത്തിലുള്ള ജനങ്ങളാണ് ചൈനയെ ആശ്രയിച്ച് ഇന്ത്യന്‍ മണ്ണില്‍ ജീവിക്കുന്നതെന്ന് ദേശീയ മാധ്യമമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

”രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള സുപ്രധാന അതിര്‍ത്തി മേഖലയിലാണ് ഞങ്ങള്‍ താമസിക്കുന്നത്. അതുകൊണ്ട് തന്നെ സ്വന്തം രാജ്യത്ത് അനാഥരെ പോലെ കഴിയേണ്ട ദുരവസ്ഥയാണ് ഞങ്ങള്‍ക്കുള്ളത്”, ഗ്രാമീണര്‍ പറയുന്നു.

പൊതുവിതരണ സംവിധാനത്തിന് കീഴിലുള്ള റേഷന്‍ വിഹിതം കൂട്ടണമെന്ന ഇവരുടെ അപേക്ഷ സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ ചെവിക്കൊണ്ടിട്ടില്ല.

ഈ ഗ്രാമങ്ങളെ മറ്റു ജില്ലകളുമായി ബന്ധിപ്പിക്കുന്ന ലിപുലേഖ് പാസ് വഴിയുള്ള റോഡുകള്‍ അടഞ്ഞു കിടക്കുന്നതിനാല്‍ ഏറെ നാളായി റേഷന്‍ വിഹിതം ഇവിടേക്ക് എത്തിയിരുന്നില്ല. 50 കിലോമീറ്റര്‍ അകലെയുളേള ദാര്‍ചുലയാണ് ഏറ്റവും അടുത്തുള്ള ചന്ത. ഗ്രാമത്തിലേക്കുള്ള വഴി അടഞ്ഞു കിടക്കുന്നതിനാല്‍ ഭക്ഷണസാധനങ്ങള്‍ ഇങ്ങോട്ട് എത്തിക്കുന്നത് വളരെ ദുഷ്‌കരമാണ്. അതുകൊണ്ട് തന്നെ റേഷന്‍ വിഹിതം ഇവിടേക്ക് എത്താന്‍ വളരെയധികം കാലതാമസവും നേരിടുന്നുണ്ട്.

ഭക്ഷണ സാധനങ്ങള്‍ എത്തിച്ചാലും 400 കുടുംബങ്ങള്‍ക്ക് ഇത് തികയില്ല.പൊതു വിതരണ സംവിധാനത്തിന് കീഴില്‍ ഒരു കുടുംബത്തിന് 2 കിലോ അരിയും 5 കിലോ ഗോതമ്പുമാണ് സര്‍ക്കാര്‍ നല്‍കുന്നത്. നേപ്പാളിലെ തിംകാര്‍, ചംഗ്രു ഗ്രാമങ്ങളില്‍ നിന്നാണ് പലപ്പോഴും ഇവര്‍ സാധനങ്ങള്‍ വാങ്ങുന്നത്. ഇവിടേക്ക് സാധനങ്ങള്‍ എത്തുന്നത് ചൈനയില്‍ നിന്നുമാണ്.

ദാര്‍ചൂലയില്‍ നിന്നും സാധനങ്ങള്‍ വാങ്ങുന്നതിലും ലാഭമാണ് നേപ്പാളില്‍ നിന്നും വാങ്ങുന്നതെന്നാണ് ഗ്രാമീണര്‍ പറയുന്നത്. 50 കിലോമീറ്റര്‍ അകലെയുള്ള ദാര്‍ചൂലയില്‍ നിന്നും ഗ്രാമത്തിലേക്ക് സാധനങ്ങള്‍ എത്തിക്കുമ്പോള്‍ ഓരോ കിലോയ്ക്കും ഗതാഗത ചിലവ് 30 മുതല്‍ 40 രൂപ വരെയാണ്. ഇതോടെ 30 രൂപയ്ക്ക് വാങ്ങിയ ഒരു കിലോ ഉപ്പിന് ഗ്രാമത്തിലെത്തുമ്പോഴേക്കും 70 രൂപയായിമാറും.

നജാംഗിനും ലഖാനപൂരിനും ഇടയിലുള്ള റോഡ് കഴിഞ്ഞ വര്‍ഷം ഒലിച്ചു പോയിരുന്നു. സൈന്യത്തിന്റെ നേതൃത്വത്തില്‍ റോഡ് നിര്‍മിക്കുന്നുണ്ട്. എങ്കിലും നിലവില്‍ ഈ വഴി സഞ്ചാര യോഗ്യമല്ല.

Comments

comments

Categories: Current Affairs
Tags: China, India