അന്താരാഷ്ട്ര കാറോട്ട മല്‍സരം കാണാന്‍ പുതിയ ടൂറിസ്റ്റ് വിസ

അന്താരാഷ്ട്ര കാറോട്ട മല്‍സരം കാണാന്‍ പുതിയ ടൂറിസ്റ്റ് വിസ

14 ദിവസത്തേക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 40,000 പേര്‍ക്ക് വിസ അനുവദിക്കും

റിയാദ്: ഡിസംബറില്‍ സൗദിയില്‍ നടക്കുന്ന അന്തരാഷ്ട്ര കാറോട്ട മല്‍സരം കാണുന്നതിനായി പുതിയ ടൂറിസ്റ്റ് വിസ പുറത്തിറക്കി. തലസ്ഥാന നഗരിയായ റിയാദില്‍ നടക്കുന്ന സൗദിയ അദ് ദിരിയ ഇ പ്രിക്‌സ് വീക്ഷിക്കാന്‍ റേസിംഗ് ആരാധകരായ 40,000 പേര്‍ക്കാണ് വിസ അനുവദിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. 14 ദിവസത്തേക്കാണ് വിസ. ഇതാദ്യമായാണ് മല്‍സരം കാണുന്നതിനും മറ്റുമായി സൗദി പ്രത്യേക ടൂറിസ്റ്റ് വിസ അനുവദിക്കുന്നത്.

ഷെരിക് എന്ന പേരില്‍ അറിയപ്പെടുന്ന പുതിയ വിസ പ്ലാറ്റ്‌ഫോം ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നുള്ള നാല്‍പതിനായിരത്തില്‍ പരം ആളുകള്‍ക്കാണ് അനുവദിക്കുന്നത്. പുതിയ ഓണ്‍ലൈന്‍ വിസ സംവിധാനത്തിലൂടെ തല്‍സമയ സ്‌പോര്‍ട്‌സ്, സംഗീത, സാംസ്‌കാരിക പരിപാടികളിലേക്കുള്ള വാതിലാണ് സൗദിയില്‍ തുറക്കപ്പെടുകയെന്ന് സൗദി ജനറല്‍ സ്‌പോര്‍ട്‌സ് അതോറിറ്റി പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.

അന്താരാഷ്ട്ര കാറോട്ട മല്‍സരത്തിന്റെ സൗദി എഡിഷന്‍ ഡിസംബറിലാണ് നടക്കുക. 640 റിയാലാണ് വിസയ്ക്ക് ആവശ്യമായ തുക. ടിക്കറ്റ് നിരക്ക് 395 റിയാലും. ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് ഓണ്‍ലൈനിലൂടെ വിസയും ലഭ്യമാക്കാനാകും. വിമാന ടിക്കറ്റ് കരസ്ഥമാക്കിയ രേഖകള്‍ ഹാജരാക്കണമെന്നു മാത്രം. സ്റ്റാംപിഗോ മറ്റ് നടപടി ക്രമങ്ങളോ ഇതിനാവശ്യമില്ലെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്രമുഖ ബഹുരാഷ്ട്ര കമ്പനിയായ എബിബിയുമായി സഹകരിച്ച് സൗദി ടൂറിസം വകുപ്പാണ് കാറോട്ട മല്‍സരം സംഘടിപ്പിക്കുന്നത്. സംഗീതവും മറ്റ് ഉല്ലാസ പരിപാടികളും ഉള്‍പ്പെടുത്തി മൂന്ന് ദിവസമായി നടക്കുന്ന മല്‍സര മാമാങ്കത്തിന് ചരിത്ര നഗരമായ അദ് ദിരിയ വേദിയാകും. സൗദി വിഷന്‍ 2030 ഭാഗമായാണ് ഷെരിക് സംവിധാനം നടപ്പാക്കി, വിനോദ പരിപാടികളിലൂടെ എണ്ണയിതര വരുമാനം രാജ്യം ലക്ഷ്യമിട്ടിരിക്കുന്നത്.

Comments

comments

Categories: Arabia
Tags: tourist visa